എന്റെ അമ്മയ്ക്കുവേണ്ടി യോഗ്യനായ ഒരു ജീവിതപങ്കാളിയെത്തേടുകയാണ് ഞാൻ- ഗൗരവ് ആധികാരിയെന്ന എൻജിനിയറുടെ പോസ്റ്റ്

160

“എന്റെ അമ്മയ്ക്കുവേണ്ടി യോഗ്യനായ ഒരു ജീവിതപങ്കാളിയെത്തേടുകയാണ് ഞാൻ”- അമ്മയ്ക്ക് യോഗ്യനായ ജീവിതപങ്കാളിയെത്തേടി മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് !

” എന്റെ അമ്മയുടെ പേര് ഡോള അധികാരി എന്നാണ്. എന്റെ അച്ഛൻ 5 വർഷം മുൻപ് മരിച്ചുപോയി. ജോലി സംബന്ധമായി ഞാൻ മിക്കപ്പോഴും വീടിനുപുറത്തായിരിക്കും. അതിനാൽ അമ്മ ഒറ്റയ്ക്കാണ് വീട്ടിൽ കഴിയുന്നത്. അമ്മയ്ക്ക് പുസ്തകവായനയും പാട്ടുകളുമാണ് ഹോബി. എന്റെ അമ്മയ്ക്കുവേണ്ടി യോഗ്യനായ ഒരു ജീവിതപങ്കാളിയെത്തേടുകയാണ് ഞാൻ.

പുസ്തകങ്ങൾക്കും പാട്ടുകൾക്കും ഒരു ജീവിതപങ്കാളിയുടെ സ്ഥാനം നേടാനാകില്ലല്ലോ? ഒറ്റപ്പെട്ടു ജീവിക്കുന്നതിലും എത്രയോ ഭേദമാണ് മെച്ചപ്പെട്ട ഒരു നല്ല ജീവിതം. വരുംകാലങ്ങളിൽ ഞാൻ കൂടുതൽ തിരക്കുകളിലേക്ക് മാറിയേക്കാം. വിവാഹം ,കുട്ടികൾ,കുടുംബം. അപ്പോൾ എന്റെ അമ്മ ? അതാണ് ചിന്ത. പണവും സമ്പത്തുമൊന്നുമല്ല ഞാൻ നോക്കുന്നതെങ്കിലും എന്റെ അമ്മയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വ്യക്തി സ്വന്തം നിലയിൽ അമ്മയെ സംരക്ഷിക്കാൻ കഴിവുള്ളയാളായിരിക്കണം.

ഈ വിഷയത്തിൽ എന്നെ പരിഹസിക്കുന്നവരുണ്ടാകാം, എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞേക്കാം.അതൊന്നും എനിക്ക് വിഷയമല്ല. അമ്മയുടെ സന്തോഷം, കരുതൽ, ഒപ്പം അമ്മയ്ക്ക് ഇനിയുള്ള ജീവിതയാത്രയിൽ യോഗ്യനായ ഒരു കൂട്ടുകാരന്റെ അനിവാര്യത. അത് മാത്രമാണ് എന്റെ ലക്‌ഷ്യം – ഗൗരവ് അധികാരി.” ( ബംഗാളി ഭാഷയിലുള്ളയിലുള്ള പോസ്റ്റിന്റെ മലയാളം പരിഭാഷയാണിത്.)

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ഫ്രഞ്ച് കോളനിയിലെ ചന്ദൻ നഗറിൽ ഗൗരവ് അധികാരിയെന്ന 26 കാരൻ എഞ്ചിനീയറാണ് തന്റെ അമ്മ, ഡോള അധികാരിക്ക് (50) വേണ്ടി അനുയോജ്യനായ വരനെത്തേടി സമൂഹമാധ്യമത്തിൽ പരസ്യം നൽകിയിരിക്കുന്നത്.

ഈ പോസ്റ്റിനുശേഷം ധാരാളം വിവാഹാലോചനകൾ വരുന്നുണ്ട്. ഡോക്ടർമാർ,മറൈൻ എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി ബിസിനസുകാർ വരെ മുന്നോട്ടുവന്നിരിക്കുന്നു.ഇനിയും ആളുകൾ വരുമെന്നാണ് പ്രതീക്ഷ. അമ്മയുടെ ഇഷ്ടാനിഷ്ടവും,ആഗ്രഹവും ഒത്തിണങ്ങിയ യോഗ്യനായ ഒരാളെ കണ്ടെത്തുന്ന ദുഷ്‌കരമായ ശ്രമമാണ് മകൻ ഗൗരവ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ബംഗാളിൽ വിധവാവിവാഹം അത്ര പോപ്പുലറല്ല. വിധവകൾ സമൂഹത്തിൽ അഭിശപ്തമായി കാണുന്ന സംസ്കാരം ഇന്നും അവിടെ പലയിടത്തും നിലവിലുണ്ട്. അതുകൊണ്ടുതന്നെ വിധവകളെ വിവാഹം കഴിക്കാൻ മുന്നോട്ടുവരുന്നവരും വിരളമാണ്.

വിമർശനങ്ങൾ ഗൗരവിനെ ബാധിക്കുന്നില്ല. നാട്ടുകാരുടെ പരിഹാസവും അടക്കംപറച്ചിലും അയാൾ പൂർണ്ണമായും അവഗണിച്ചാണ് മുന്നോട്ടുനീങ്ങുന്നത്. ഗൗരവിന്റെ വളരെ വേറിട്ട ഈ ധീരമായ നിലപാടിന് നിരവധി പുരോഗമന സാമൂഹിക സംഘടനകളുടെ പിന്തുണയും ലഭ്യമാണ്.