ജീവിതത്തിന്റെ് ചില നേര്‍ക്കാഴ്ചകള്‍
‘എനിക്കു ജീവിക്കണമെന്നില്ല. എനിക്കു മരിച്ചാല്‍ മതി.’ സുദൃഢമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ നിശ്ശബ്ദനായി. ഒരു നിമിഷ നേരത്തേക്ക് എന്താണ് പറയേണ്ടത് എന്നു നിശ്ചയമില്ലാത്ത അവസ്ഥയിലായി.
117 total views

‘എനിക്കു ജീവിക്കണമെന്നില്ല. എനിക്കു മരിച്ചാല്‍ മതി.’ സുദൃഢമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ നിശ്ശബ്ദനായി. ഒരു നിമിഷ നേരത്തേക്ക് എന്താണ് പറയേണ്ടത് എന്നു നിശ്ചയമില്ലാത്ത അവസ്ഥയിലായി. നഗരത്തിലെ ആശുപത്രിയില്‍ ഐ.സി.യു വില്‍ കിടക്കുന്ന അദ്ദേഹത്തെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. മകന്റെ ഭാര്യയുടെ ബന്ധുവും ഞാനും കൂടിയാണ് ആ മുറിയിലേക്ക് കയറിയത്. ഒരു മിനുറ്റ് കൊണ്ട് ബന്ധുവിനെ പറഞ്ഞുവിട്ട് അദ്ദേഹം എന്നോടു അടുത്തിരിക്കാന്‍ പറഞ്ഞു.ബെഡ്ഡിനോട് ചേര്‍ന്ന് കസേരയിട്ടു ഇരുന്ന എന്റെ കൈകള്‍ ഗുരുനാഥന് കൂട്ടിപ്പിടിച്ചു.എന്തൊക്കെയാണ് ഞങ്ങളുടെ മനസ്സിലൂടെ കടന്നു പോയത്?
ഹൈസ്കൂളില്‍ രണ്ടുവര്‍ഷം ഞാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നു.അദ്ധ്യാപകനെന്ന നിലയില്‍ എനിക്കു അദ്ദേഹത്തോട് പ്രത്യേകിച്ചു ആദരവൊന്നും തോന്നിയിരുന്നില്ല. സാമൂഹ്യപാഠമായിരുന്നു വിഷയം.ആഴ്ച്ചയില്‍ മൂന്നു പീരിയഡ്. അതും പലപ്പോഴും സ്കൂള്‍ വിടാറാകുന്ന സമയങ്ങളില്‍. ഇന്നത്തെപ്പോലെ, കുട്ടികളെ ചുറ്റുമുള്ള പരിതസ്ഥിതിയിലേക്കും സാമൂഹ്യ ചുറ്റുപാടുകളിലേക്കും കൊണ്ടെത്തിക്കുന്ന ഒരു പാഠ്യ പദ്ധതിയായിരുന്നില്ല അന്നുണ്ടായിരുന്നത്. ചരിത്രം, പൊതുവേ യുദ്ധങ്ങളുടെയും കീഴടക്കലുകളുടെയും കഥയായിരുന്നു. പിന്നെ കുറച്ചു ഭൂമിയുടെയും മണ്ണിന്റെയും പാഠങ്ങളും. ആവറേജ് വിദ്യാര്‍ത്ഥിക്ക് തനിയെ വായിച്ചു പഠിക്കാവുന്നതെ ഉള്ളൂ.അത് അദ്ധ്യാപകര്‍ക്കും ബോദ്ധ്യമുണ്ട്.സ്വാഭാവികമായും സാമൂഹ്യപാഠ ക്ലാസ്സുകള്‍ വഴിപാടായി.
ക്ലാസ്സ് മുറിക്ക് പുറത്തു വിദ്യാര്‍ത്ഥികളുടെ ആരാധനാപാത്രമായിരുന്നു അദ്ദേഹം.നല്ലൊരു വോളീബാള്‍ പ്ലയര്‍.നല്ല സംഘാടകന്‍.ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞതുപോലെ വര്‍ഗ്ഗീസ് സാറിന്റെ കയ്യൊപ്പ് പതിയാത്തതൊന്നും സ്കൂളിലില്ല.കുട്ടികള്‍ക്ക് നല്ലൊരു സുഹൃത്ത്.നാട്ടുകാര്‍ക്ക് ഏത് പൊതുക്കാര്യത്തിനും മുന്നിട്ടിറങ്ങുവാന്‍ വിശ്വസ്ഥനായ ഒരു ചെറുപ്പക്കാരന്. ക്ലാസ് മുറിക്കു പുറത്തുള്ള വര്‍ഗ്ഗീസ് സാറിനോട് എനിക്കും ആരാധനയായിരുന്നു.
നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങളുടെ നാട്ടില്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ചത്.അതുവരെ അഞ്ചും ആറും കിലോമീറ്റര്‍ നടന്നാണ് എന്റെ നാട്ടിലെ കുട്ടികള്‍ പഠിച്ചിരുന്നത്.നാട്ടുകാരുടെ കൈ മെയ് മറന്നുള്ള സഹകരണത്തില്‍, പുതിയ വിദ്യാലയത്തിന് സ്ഥലമായി, കെട്ടിടമായി. യു.പി.സ്കൂളില്‍ നിന്നു അകന്നു അങ്ങാടിയില്‍ തന്നെ പുതിയ ഹൈസ്കൂള്‍ ആരംഭിച്ചു.പുതിയ ഹെഡ്മാസ്റ്റര് ആയി വര്‍ഗ്ഗീസ് സാര്‍ ചാര്‍ജ്ജെടുത്തു. അദ്ദേഹത്തിന് റിട്ടയര്‍ ചെയ്യാന്‍ രണ്ടു വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ.പഴയ വോളിബോള്‍ കളിക്കാരന് എന്തൊക്കെയോ ശാരീരിക വിഷമതകളില്‍ പെട്ട് ഉഴലുന്നതു പോലെ തോന്നി. ആ മുഖത്ത് സ്ഥായിയായ ഒരു ക്ഷീണം നിഴല്‍ പരത്തിയത് പോലെ. വല്ലപ്പോഴും കാണുമ്പോള്‍ കൈമാറുന്ന പുഞ്ചിരിയിലും രണ്ടു വാക്കിലും ഞങ്ങളുടെ സൌഹൃദം ഒതുങ്ങി.
അദ്ദേഹത്തിന്റെ സന്തോഷകരമല്ലാത്ത ദാമ്പത്യത്തെ കുറിച്ചുള്ള കഥകള്‍ ഞാനും കേട്ടിരുന്നു.ദാമ്പത്യം പലപ്പോഴും ഒരു ചൂതുകളിയാണ്. വിജയിച്ചാല്‍ അതിനു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല. പരാജയം ജീവിതം തന്നെ തകര്‍ത്തുകളയും.കാലം തെറ്റി വരുന്ന വിവാഹങ്ങള്‍ക്ക് ഊഷ്മളത കുറയുന്നത് സ്വാഭാവികം മാത്രം.എന്തൊക്കെയോ കുടുംബ പ്രശ്നങ്ങളില്‍ കുരുങ്ങി മുപ്പതുകളുടെ അവസാനമാണ് വര്‍ഗ്ഗീസ് സാര്‍ വിവാഹിതനായത്. ടീച്ചര്‍ക്കും അടുത്ത പ്രായമുണ്ടായിരുന്നു.ചിരിക്കാനറിയാത്ത ഒരു സ്ത്രീയായിരുന്നു അവര്‍. കഷ്ടപ്പെട്ടു സ്വൊരുക്കൂട്ടിയ നാണയങ്ങളുടെ ബലത്തില്‍ സ്വന്തം കുടുംബം കരയ്ക്കെത്തിച്ചതിനു ശേഷമാണ് സഹപ്രവര്‍ത്തകരുടെ നിര്‍ബ്ബന്ധത്തിന് അവര്‍ വഴങ്ങിയത്. ഒരാള്‍ എന്തിനും ഏതിനും മുന്‍പന്തിയില്‍ നില്ക്കുന്ന ബഹിര്മുഖന്. തന്നോടുതന്നെ സംസാരിച്ചും കലഹിച്ചും കഴിയുന്ന പങ്കാളി.വിരുദ്ധ സ്വഭാവമുള്ളവര്‍ ചിലപ്പോള്‍ നല്ല പങ്കാളികളാവാറുണ്ട്.പക്ഷേ വര്‍ഗ്ഗീസ് സാറിന് ആ ഭാഗ്യമുണ്ടായില്ല.
ഇതിനിടെ സാര്‍ പെന്ഷന് പറ്റി പിരിയണ്ട സമയമായി. സ്വാഭാവികമായും ഹെഡ്മാസ്റ്റര്‍ക്ക് നല്ലൊരു യാത്രയയപ്പ് കൊടുക്കണം.സ്കൂളിലോ മറ്റോ നടത്തുന്ന ഒരു പൊതുയോഗവും ആശംസകളും ഒക്കെയാണ് ചടങ്ങ്.ഇതിനെക്കുറിച്ച് ആലോചിക്കാന്‍ ലോക്കല്‍ മാനേജരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു യോഗം നടന്നു.വര്‍ഗ്ഗീസ് സാറിന് ഉചിതമായ യാത്രയയപ്പ് നല്‍കാനും ഒരു ലക്ഷം രൂപയുടെ പണക്കിഴി നല്‍കാനും മാനേജരുടെ നേതൃത്വത്തില്‍ തീരുമാനമായി. പൊതുജനങ്ങളില്‍ നിന്നു ഫണ്ട് പിരിക്കാന്‍ ഒരു കമ്മിറ്റിയെയും തിരഞ്ഞെടുത്തു.എനിക്കു കമ്മിറ്റിയോട് സഹകരിക്കാന്‍ തോന്നിയില്ല. വര്‍ഗ്ഗീസ് സാറിന് നല്ലൊരു യാത്രയയപ്പ് കൊടുക്കുന്നതില്‍ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം അത് അര്‍ഹിക്കുന്നു.പക്ഷേ ഞങ്ങളുടെ സ്കൂളില്‍ രണ്ടുവര്‍ഷം മാത്രം ജോലി ചെയ്ത സാറിന് 1986ല്‍ ഒരുലക്ഷം രൂപ സാധാരണക്കാരായ നാട്ടുകാരില്‍ നിന്നു പിരിച്ചു കൊടുക്കാനുള്ള ചിലരുടെ ശ്രമം അസാധാരണമായി എനിക്കു തോന്നി. കാരണമുണ്ട്.
രണ്ടു വര്‍ഷം മുമ്പു വേറൊരു അദ്ധ്യാപകന് പെന്ഷന് പറ്റിയിരുന്നു.രാഘവന് സാര്‍.ഞങ്ങളുടെ യു.പി.സ്കൂളില്‍ 1950ല്‍ ചേര്‍ന്നതാണ് അദ്ദേഹം.മുപ്പത്തിനാലുവര്ഷത്തെ അദ്ധ്യാപനത്തിന് ശേഷം വിരമിക്കുമ്പോള്‍ നിസ്വനായിരുന്നു രാഘവന് സാര്‍. മക്കളൊന്നും കര പറ്റിയില്ല.പത്തു സെന്റില്‍ ഒരു ചെറു വീട്ടിലായിരുന്നു താമസം.രണ്ടു മക്കളും ഭാര്യയും ഇടയ്ക്കൊക്കെ കൂലിപ്പണി ചെയ്താണ് ആ കുടുംബം കഴിഞ്ഞിരുന്നത്.ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ക്കെല്ലാം അക്ഷര വെളിച്ചം കാണിച്ചു കൊടുത്ത അദ്ദേഹത്തിന്റെ മക്കള്‍ അഞ്ചിലും ആറിലും വെച്ചു പഠിപ്പു നിര്‍ത്തി. ഇനിയൊരു മകന് പോളിയോ വന്നു നേരാം വണ്ണം നടക്കാന്‍ കഴിയാത്തയാള്‍.
മൂന്നാം ക്ലാസ്സില്‍ എന്റെ അദ്ധ്യാപകനായിരുന്നു രാഘവന് സാര്‍. പഠിക്കാതെ വന്നാല്‍, കുസൃതി കാണിച്ചാല്‍ നല്ല പെട വെച്ചു തരും.കുട്ടികളെ അടിച്ചു പഠിപ്പിക്കണം എന്നതാണു അന്നത്തെ രീതി. തങ്ങളുടെ മക്കളെ രാഘവന് സാറിന്റെ ക്ലാസ്സിലിരുത്തണം എന്നാണ് മാതാപിതാക്കള്‍ പറയുക.വൈകുന്നേരം സാറല്‍പ്പം മിനുങ്ങും.പുറത്തു പ്രശ്നമൊന്നുമില്ല. പക്ഷേ വീട്ടിനകത്ത് ചില തട്ടലും മുട്ടലും കേള്‍ക്കും.രാഘവന് സാറിന്റെ യാത്രയയപ്പിനെ കുറിച്ചു ഹെഡ് മിസ്ട്രെസ്സ് ലോക്കല്‍ മാനേജരോടു സംസാരിച്ചു.ആദ്യകാലത്തെ അദ്ധ്യാപകനാണ്.ഒരു പൊതുസമ്മേളനം വിളിച്ച് ഉചിതമായ യാത്രയയപ്പ് നല്‍കാം.കുട്ടികളോടും രക്ഷകര്‍ത്താക്കളോടും പറഞ്ഞു ഒരു പിരിവെടുത്ത് ചെറിയ സമ്മാനവും നല്‍കാം.ഹെഡ് മിസ്ട്രെസ്സിന്റെ ന്യായവാദങ്ങളൊന്നും പുതിയ ലോക്കല്‍ മാനേജരുടെ അടുത്ത് ചിലവായില്ല.ആ കള്ളുകുടിയന് പിരിഞ്ഞു പോകട്ടെ,അത്രയും ആശ്വാസം എന്നായിരുന്നു അയാളുടെ നിലപാട്.സാറിന് പണ്ടേ ചെവി അല്‍പ്പം പുറകിലാണ്.അയാള്‍ പോകുന്നതോടെ കുട്ടികളുടെ പീഡനം അവസാനിക്കും എന്നുവരെ മാനേജര്‍ പറഞ്ഞു വെച്ചു.
പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെ രാഘവന് സാര്‍ പെന്‍ഷനായി.എന്തൊക്കെയോ അസ്സുഖങ്ങളുണ്ടായിരുന്ന അദ്ദേഹം ഒരു വര്‍ഷത്തിനകം കിടപ്പിലാകുകയും ചെയ്തു.
മുപ്പത്തിനാല് വര്‍ഷം ജോലി ചെയ്ത് പടി ഇറങ്ങിപ്പോയ ഒരദ്ധ്യാപകന് മാന്യമായ യാത്രയയപ്പ് പോലും നിഷേധിച്ച മാനേജര്‍ രണ്ടു വര്‍ഷം ഞങ്ങളുടെ നാട്ടില്‍ ഹെഡ് മാസ്റ്റര്‍ ആയി ജോലി ചെയ്ത വര്‍ഗ്ഗീസ് സാറിന് ഒരു ലക്ഷത്തിന്റെ കിഴി നല്കാന് നടത്തുന്ന ശ്രമം എന്നെ വേദനിപ്പിച്ചു.പലരോടും സംസാരിച്ചപ്പോള്‍ എന്നെപ്പോലെ ചിന്തിക്കുന്ന ധാരാളം പേരുണ്ടെന്നും മനസ്സിലായി. രാഘവന് സാറിനെ ഉചിതമായി ആദരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഒരു യോഗം വിളിച്ചു.രാഘവന് സാറിന് വേണ്ടി ചെറിയ ഒരു തുക കണ്ടെത്താന്‍ ആ യോഗം തീരുമാനിച്ചു.ലക്ഷവും കോടിയുമൊന്നും വേണ്ട,നാട്ടുകാര്‍ക്ക് അദ്ദേഹത്തോടുള്ള ആദരവ് വ്യക്തമാക്കാന്‍ ഒരു പൊതു സമ്മേളനം. നാട്ടുകാരുടെ വക ഒരു ചെറിയ സമ്മാനവും. അതേ ലക്ഷ്യമായുണ്ടായിരുന്നുള്ളൂ.
ഞങ്ങളുടെ നാട്ടിലെ വീടുകള്‍ കയറി ഇറങ്ങി ഒരു പിരിവ് നടത്തി.എല്ലാവരും നന്നായി സഹകരിച്ചു.നാലു ദിവസം കൊണ്ട് ഞങ്ങളൊരു തുകയുണ്ടാക്കി.പൊതുസമ്മേളനത്തിന് തിയ്യതി നിശ്ചയിച്ചു.പക്ഷേ അത് നടന്നില്ല. സമ്മേളനത്തിന് ഒരാഴ്ച മുമ്പു സാര്‍ ഈ ലോകത്ത് നിന്നു യാത്രയായി.ചടങ്ങുകള്‍ എല്ലാം വേണ്ടവിധത്തില്‍ നടത്തി. ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചു അതിന്റെ പലിശ സാറിന്റെ സുഖമില്ലാത്ത മകന് കിട്ടാനുള്ള നടപടികളും എടുത്തു.
ഈ പ്രവര്‍ത്തി കൊണ്ട് ഒരു ഫലമുണ്ടായി.മാനേജര്‍ കണ്ടാല്‍ മിണ്ടാതായി. മാനേജരും സംഘവും വാടകവണ്ടികളില് നടന്നു നന്നായി പിരിച്ചു.ധാരാളം പൈസായും കിട്ടി.പക്ഷേ പിരിവിന്റെ സിംഹ ഭാഗവും യാത്രക്കും മറ്റ് ചിലവുകള്‍ക്കുമായി തീര്‍ന്ന് പോയി. അവസാനം യാത്രയയപ്പ് മീറ്റിങ്ങില്‍ തുക പറയാത്ത കവര്‍ കൈമാറി സമ്മാനവും കൊടുത്തു. ഈ സംഭവം എന്റെ മനസ്സില്‍ വല്ലാത്ത നീറ്റലുണ്ടാക്കി. എന്റെ നീക്കം തനിക്കെതിരെ ആയിരുന്നു എന്നു വര്‍ഗ്ഗീസ് സാര്‍ തെറ്റിദ്ധരിക്കുമോ എന്നായിരുന്നു ഭയം.ഞങ്ങള്‍ തമ്മില്‍ സംസാരിക്കാനും പറ്റിയില്ല.ഞാന്‍ നാട് വിട്ടു നിലമ്പൂരിലും പിന്നീട് കോഴിക്കോട്ടും താമസമായി.പതിനാല് വര്‍ഷത്തിന് ശേഷം സാര്‍ കോഴിക്കോടുള്ള ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടക്കുന്നു എന്ന വിവരമറിഞ്ഞു ചെല്ലുമ്പോള്‍ മനസ്സ് മുഴുവന്‍ ആശങ്കയായിരുന്നു. അദ്ദേഹമെന്നെ എങ്ങിനെ പരിഗണിക്കും? താല്‍പ്പര്യക്കുറവ് കാണിക്കുമോ?
ഗുരുനാഥന്റെ പെരുമാറ്റം അങ്ങേ അറ്റം ഊഷ്മളത നിറഞ്ഞതായിരുന്നു. ഞങ്ങള്‍ കുടുംബ കാര്യങ്ങള്‍ സംസാരിച്ചു. താല്‍പ്പര്യം ഇല്ലാതിരുന്നിട്ടും മകന്റെ വിവാഹം നടത്തിക്കൊടുത്ത കാര്യം അദ്ദേഹം പറഞ്ഞു. വീട്ടിലെ ഒറ്റപ്പെടലിനെക്കുറിച്ച് സൂചിപ്പിച്ചു. എനിക്കു അദ്ദേഹത്തെ വെറുതെ ആശ്വസിപ്പിക്കാനെ കഴിയുമായിരുന്നുള്ളൂ. സാറിന്റെതു ഗുരുതരമായ അവസ്ഥയല്ലെന്നും എറണാകുളത്ത് നല്ല ചികില്‍സയുണ്ടെന്നും ഞാന്‍ പറഞ്ഞു.പെട്ടെന്നു അദ്ദേഹം വിങ്ങിപ്പൊട്ടി. ‘എനിക്കു ജീവിക്കണമെന്നില്ല.എനിക്കു മരിച്ചാല്‍ മതി.’ എന്റെ കണ്ണും നിറഞ്ഞു.അസന്തുഷമായ ജീവിതം എത്രയും വേഗം അവസാനിച്ചു കാണാന്‍ കാത്തിരിക്കുന്ന ഗുരുനാഥന്റെ കയ്യില്‍ ബലമായി പിടിച്ച് ഒന്നും ഉരിയാടാനാവാതെ നിസ്സഹായനായി ഞാനിരുന്നു.
118 total views, 1 views today
