എന്റെ ക്വാറന്റൈൻ അനുഭവങ്ങൾ ; ഡോ. ഗംഗ എഴുതുന്നു

118
ഡോക്ടർ ഗംഗ എസ്
പകർച്ചവ്യാധി പടരാതിരിയ്കാൻ രോഗിയെ, രോഗം പകരുന്ന കാലയളവിൽ മറ്റുള്ളവരിൽ നിന്ന് ഒരു നിശ്ചിത കാലം ഒറ്റപ്പെടുത്തി വയ്ക്കുന്നത് ആണല്ലോ ക്വാറന്റൈൻ.
കോളറ, ഡിഫ്തീരിയ,മസൂരി എബോള, യെല്ലോ ഫീവർ, സാർസ്, തുടങ്ങി അപകടകാരികളും മഹാമാരികളും ആയ അസുഖങ്ങൾക്ക് ആണ് ക്വാറന്റൈൻ വേണ്ടത്.
കൊറോണയെ കരുതി വീടുകളിൽ രണ്ടാഴ്ച ക്വാറന്റൈൻ ചെയ്തു കഴിയാൻ അത്ര ബുദ്ധിമുട്ട് ആണോ?
അത്‌ അത്രയെളുപ്പം അല്ല എന്നൊക്കെ കേൾക്കുന്നു. ഭ്രാന്ത് പിടിയ്ക്കും ഒറ്റപ്പെടലിൽ എന്നൊക്കെ.
അത്ര ഒന്നും ഇല്ല ഇക്കാലത്തു. കാരണം മൊബൈൽ ഇന്റർ നെറ്റ് ഉപയോഗിയ്ക്കാമല്ലോ.
പഴയ കാലത്ത് ആയിരുന്നെങ്കിൽ ഒരു ആശയ വിനിമയ സൗകര്യവും ലഭ്യമല്ല. തീർത്തും ഒറ്റപ്പെടും.
ചിലപ്പോൾ മാത്രം തുറന്ന ജനലിലൂടെ ദൂര കാഴ്ചകൾ കാണാം.
വീട്ടിൽ ആണ് ക്വാറന്റൈൻ ചെയ്യുന്നത് എങ്കിൽ വെളിച്ചവും വായുവും കിട്ടുന്ന മുറി ആവണം തിരഞ്ഞെടുക്കേണ്ടത്. അറ്റാച്ഡ് ബാത്റൂം ഉണ്ടാവുന്നത് ആണ് നല്ലത്.
തൊട്ടടുത്തു വീടോ ആൾക്കാരോ ഉണ്ടെങ്കിൽ ജനാല അടച്ചിടേണ്ടി വരും.
ഫ്ലാറ്റുകൾ, ക്വാർട്ടേഴ്‌സുകൾ എന്നിവിടങ്ങളിൽ ക്വാറന്റൈൻ ചെയ്യാൻ ബുദ്ധിമുട്ട് ആണ്.
…….
എന്റെ ക്വാറന്റൈൻ അനുഭവങ്ങൾ
മുകളിൽ സൂചിപ്പിച്ചതല്ലാത്ത ചെറുകിട പകർച്ച വ്യാധികൾ എന്നിലൂടെ പലഘട്ടങ്ങളിൽ ആയി തേരോട്ടം നടത്തിയിട്ടുണ്ട്.
അന്നത്തെക്കാലത്തു വാക്‌സിനേഷൻ എടുത്തിട്ടില്ലാഞ്ഞത് കൊണ്ട് എൽ പി യിൽ പഠിയ്ക്കുമ്പോൾ measles (മണ്ണൻ, പൊങ്ങൻ ) whooping cough(വില്ലൻ ചുമ ), mumps(മുണ്ടി നീര് ), എന്നിവ യൊക്കെ പകർന്നു കിട്ടി.
ചെറിയ കുട്ടി ആയിരുന്നത് കൊണ്ട് എന്നെ ഒറ്റപ്പെടുത്തി വയ്ക്കാൻ പറ്റില്ലായിരുന്നു.
പിന്നെ, 13 വർഷം കഴിഞ്ഞ്, മെഡിസിന് പഠിയ്ക്കുമ്പോൾ ഹോസ്റ്റലിൽ , റൂം മേറ്റിൽ നിന്ന് ചിക്കൻ പോക്സ് പകർന്നു.
ക്വാറന്റൈൻ ആയിട്ട് വീട്ടിൽ ഒരു മുറിയിൽ കഴിഞ്ഞു. മറ്റേമ്മ ഒഴികെ ആരും അങ്ങോട്ട്‌ വരില്ലായിരുന്നു .
രണ്ടാഴ്ച എടുത്തു. ഭേദം ആവാൻ. ആ സമയത്തു വീടിനോട് ചേർന്ന് മുറി ഉണ്ടാക്കാൻ ആയി കുഴിയെടുക്കുന്നുണ്ടായിരുന്നു. സുബൈർ കാക്ക ആയിരുന്നു ആ ജോലി ചെയ്തിരുന്നത്.ഞാൻ ചെന്ന് ദൂരെ ഇരിയ്ക്കും. ആൾക്ക് പേടി ഇല്ലായിരുന്നു. സാക്ഷാൽ മസൂരി വന്നു ആളുടെ മുഖം മുഴുവൻ കുഴികൾ ആയിരുന്നു.
പിന്നെ 8 വർഷം കഴിഞ്ഞ് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് കിട്ടി ബോണസ് ആയി ടൈഫോയ്ഡ്. എനിയ്ക്ക് മാത്രം അല്ല അവിടെ താമസിച്ചിരുന്ന നേഴ്സ്മാർക്ക് മുഴുവൻ ( 6-7 പേര് ) വന്നു. തുടക്കം എന്നിൽ ആയിരുന്നു.
( അതെഴുതാൻ കുറഞ്ഞത് മൂന്ന് പോസ്റ്റ്‌ വേണ്ടി വരും. അത്രയും ദീർഘമായിരുന്നു.)
ഏതാണ്ട് 5 മാസത്തോളം വിവിധ ഇടങ്ങളിൽ ആയി ക്വാറന്റൈൻ ആയിരുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന അസുഖം ആണ് ടൈഫോയ്ഡ് എങ്കിലും വളരെ ശ്രദ്ധിച്ചു, കൂടെ ഉള്ള അമ്മയ്ക്ക്, മറ്റുള്ളവർക്ക് പകരാതിരിയ്ക്കാൻ.
കുറ്റ്യാടി സ്‌ട്രെയിൻ എന്ന ഒരിനം സാൽമൊണല്ല ടൈഫി ബാക്ടീരിയ ആയിരുന്നു. മിക്ക ആന്റിബിയോട്ടിക്ക്കളോടും പ്രതിരോധം നേടിയ ഒന്നായിരുന്നു അത്‌ .
പനികളിലെ രാജാവ് ആണ് ടൈഫോയ്ഡ്.
പിന്നെ 14 വർഷം കഴിഞ്ഞ് ഡെങ്കി പനി. അക്കാലത്തു വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ട്. അതും ക്വാറന്റൈൻ ഒരാഴ്ച. കൊതുക് പരത്തുന്നത് ആണല്ലോ. എന്നാലും കഴിവതും ശ്രദ്ധിച്ചു.
പിന്നെ ഒരു വർഷം കഴിഞ്ഞു ചിക്കൻ ഗുനിയ. അതും ക്വാറന്റൈൻ ഒരാഴ്ച.
ക്വാറന്റൈൻ എനിയ്ക്കു പേടിയോ ബുദ്ധിമുട്ടോ ഉണ്ടാക്കിയിട്ടില്ല.
വായിയ്ക്കാൻ എന്തേലും കിട്ടിയാൽ അത്‌ മതി.
എന്നാലും ഇടയ്ക്ക് പുറത്ത് പോകണം എന്ന് ശക്തമായ തോന്നൽ ഉണ്ടാവും. എന്നാലും പോവില്ല.
എല്ലാം പകരുന്നത് അല്ലേ. അത്കൊണ്ട് മറ്റുള്ളവരുടെ സാമീപ്യം ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
എന്റെ അസുഖങ്ങൾ ചിക്കൻ പോക്സ്, ടൈഫോയ്ഡ്, ഡെങ്കി, ചിക്കൻ ഗുനിയ എന്നിവ മറ്റാർക്കും പകർന്നില്ല എന്നത് തന്ന സന്തോഷവും സമാധാനവും. അത്‌ തന്നെ ആണ് ക്വാറന്റൈൻ കൊണ്ടുള്ള ഗുണവും.
എനിയ്ക്കായി പ്രത്യേകം പാത്രവും ഗ്ലാസും ബെഡ് ഷീറ്റുകളും സോപ്പുകളും തോർത്തും ഉപയോഗിച്ചിരുന്നു. അസുഖം മാറുന്ന വേളയിൽ എല്ലാം കഴുകി തിളപ്പിച്ച്‌ എടുക്കും.
Nb : ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഭയാനകവും ദയനീയവും ഓർമ്മയിൽ നിന്ന് ഒരിയ്ക്കലും പോകാത്തതുമായ ഒറ്റ പ്പെടൽ റാബീസ് ( പേയ് ) വന്ന ഒരു കൊച്ചു കുട്ടിയെ, മെഡിക്കൽ കോളേജിൽ , ദൂരെ ഒരു സെല്ലിൽ (മുറി ) ഇട്ടിരുന്നതാണ്.