എന്റെ ഭാര്യയുടെ ആരാധകര്‍ – കഥ

0
4486

 

അലാറത്തിന്റെ ഭീഷണസ്വരമില്ലാതെ യഥേഷ്ടം കിടന്നുറങ്ങാനുള്ളതാണ് ഞായറാഴ്ച പ്രഭാതങ്ങള്‍. എട്ടു മണി കഴിയുമ്പോള്‍ നെറ്റിയില്‍ ചൂടുള്ള ചുണ്ടുകള്‍ മെല്ലെ അമരും. കാച്ചിയ വെളിച്ചെണ്ണയുടേയും തുളസിയിലയുടേയും നേര്‍ത്ത സുഗന്ധവും പരക്കും. മതി, എഴുന്നേല്‍ക്ക് എന്നു പറയുന്നതിന്റെ മറ്റൊരു വിധം. അവയുടെ ഉടമയെ വരിഞ്ഞു മുറുക്കാന്‍ കൈകള്‍ ഉയരുമ്പോഴേയ്ക്കും ആള്‍ തന്ത്രപൂര്‍വ്വം പിന്‍വാങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. ആ ചൂടും പരിമളവുമോര്‍ത്തുകൊണ്ട് ഏതാനും മിനിറ്റു കൂടി ആലസ്യത്തില്‍…

എഴുന്നേറ്റു ചെല്ലുമ്പോള്‍ ചുടുചായ കാത്തിരിപ്പുണ്ടാകും. ശാരി പത്രം മേശപ്പുറത്തു വിടര്‍ത്തിയിട്ടു വായിയ്ക്കുന്നുണ്ടാകും. നെറ്റിയില്‍ ചന്ദനക്കുറി, മുടിയില്‍ തുളസിക്കതിര്‍. അവള്‍ വായിയ്ക്കുന്നതു കണ്ടും കേട്ടും ചായ പതുക്കെപ്പതുക്കെ കുടിയ്ക്കും. അവളെ നോക്കി വെറുതേയങ്ങനെ സുഖമായി ഇരിയ്ക്കാന്‍ പറ്റുന്നത് ഞായറാഴ്ച മാത്രം. മറ്റു ദിവസങ്ങളില്‍ ഓട്ടം തന്നെ, ഓട്ടം.

‘പാല്‍ വന്നില്ല.’ ഒരു ഞായറാഴ്ച അതിരാവിലെ കാതില്‍ സ്വകാര്യം കേട്ടു. വിരളമായി മാത്രം പാല്‍ വരാതിരിയ്ക്കാറുണ്ട്. എഴുന്നേറ്റു വരുമ്പോള്‍ പാലൊഴിച്ച ചായ കുടിയ്ക്കുന്ന പതിവു തെറ്റാതിരിയ്ക്കണമെങ്കില്‍ എഴുന്നേറ്റു പോയി മില്‍മപ്പാല്‍ വാങ്ങിക്കൊണ്ടു വരൂ എന്നര്‍ത്ഥം. റോഡു വരെപ്പോയാല്‍ മില്‍മപ്പാല്‍ കിട്ടും. ഏതാനും മിനിറ്റു നടക്കണം. വൈകിയാല്‍ പാക്കറ്റുകള്‍ തീര്‍ന്നു പോകും.

അങ്ങനെ നേരിയൊരു ഉറക്കച്ചടവോടെ നടന്നു പോകുമ്പോള്‍ എതിരേ ഒരു വലിയമ്മ വരുന്നു. വെളുത്ത ചട്ടയും മുണ്ടും. കാതില്‍ മേല്‍ക്കാ മോതിരം. പഞ്ഞി പോലെ നരച്ചു വെളുത്ത മുടി. എന്നെക്കണ്ടയുടനെ വലിയമ്മ ചോദിച്ചു, ‘ശാരി മോളെന്ത്യേടാ?’

കുറച്ചപ്പുറത്തുള്ള സെന്റ് ജോര്‍ജ്ജ് പള്ളിയിലേയ്ക്കുള്ള ഒരെളുപ്പവഴി ഞങ്ങളുടെ വീടിന്നടുത്തു കൂടിയാണ്. കുളിച്ചൊരുങ്ങിയ, ശുഭ്രവസ്ത്രധാരിണികളായ, ശാരിയുടെ ഭാഷയില്‍ ‘ഐശ്വര്യമുള്ള’ ഇത്തരം വലിയമ്മമാരെ രാവിലേ തന്നെ കാണുന്നത് സുഖമുള്ളൊരു കാര്യമാണ് എങ്കിലും ശാരിയെപ്പറ്റി വാത്സല്യത്തോടെ മോള് എന്നു പരാമര്‍ശിയ്ക്കുകയും അതേ ശ്വാസത്തില്‍ തന്നെ എന്നെ എടാ എന്നു വിളിയ്ക്കാതിരിയ്ക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു.

സത്യം പറയാമല്ലോ, എന്നെ ആരെങ്കിലും എടാ എന്നു വിളിയ്ക്കുന്നത് എനിയ്ക്കു തീരെ രുചിയ്ക്കാറില്ല. പണ്ടൊരിക്കല്‍ അമ്മ സഹികെട്ട് ‘എടാ, ഇവിടെ വാ’ എന്നുത്തരവിട്ടപ്പോള്‍ അടിയില്‍ നിന്നു രക്ഷപ്പെടാനുള്ള ഓട്ടം നിര്‍ത്തി ഞാന്‍ ധീരതയോടെ തിരിഞ്ഞു നിന്ന് ‘എന്നെ എടാന്നു വിളിയ്ക്കണ്ടാ’ എന്നു പ്രതിഷേധിച്ചിട്ടുള്ളതാണ്. എടാ എന്ന വിളി എനിയ്ക്കുണ്ടാക്കിയ അഭിമാനക്ഷതം കണ്ട് അമ്മയന്നു ചിരിച്ചുപോയിരുന്നു. അന്ന് അമ്മയോടു തോന്നിയ പ്രതിഷേധം തന്നെ ഇന്ന് ഈ വലിയമ്മയോടും തോന്നി. അത്ര രാവിലെ, ഉറങ്ങിയെഴുന്നേറ്റ വേഷത്തില്‍, ചുളിഞ്ഞ ഷര്‍ട്ടു ധരിച്ച്, ലുങ്കി മടക്കിക്കുത്തി, പാക്കറ്റു പാല്‍ വാങ്ങാനുള്ള തുണിസ്സഞ്ചിയുമായി റോഡുവരെപ്പോകുമ്പോള്‍ ശാരിയെങ്ങനെയാ എന്റെ കൂടെ വരിക വലിയമ്മേ, എന്നു ചോദിയ്ക്കാന്‍ തോന്നിയതായിരുന്നെങ്കിലും ചോദിച്ചില്ല. പകരം, ‘പണിത്തിരക്കിലാണ്’ എന്നു പറഞ്ഞു.

ഉടനെ വന്നു വലിയമ്മയുടെ പ്രതികരണം, ‘ശാരിമോള്‍ക്ക് എപ്പഴും പണീണ്ടാകും. പാവം ഒറ്റയ്ക്കല്ലേ വീടു കൊണ്ടു നടക്കണത്!’

ദാ, ഈ വലിയമ്മയെക്കൊണ്ടു തോറ്റു. ഈ ‘വീടു കൊണ്ടു നടക്കുന്നു’ എന്ന പ്രയോഗമാണ് എന്നെ ചൊടിപ്പിയ്ക്കുന്നത്. വീട്ടു പണികള്‍ ശാരി തനിച്ചു ചെയ്യുന്നുവെന്നു മാത്രമല്ല, ഞാനവള്‍ക്ക് യാതൊരു സഹായവും ചെയ്യുന്നില്ല എന്ന (ദു)സ്സൂചനയും അതിലുണ്ട്. അതിലാണ് എനിയ്ക്കു പരാതി. ശാരി വീടു തനിയേ കൊണ്ടു നടക്കുന്നുണ്ടെങ്കില്‍ ബാങ്കിലെ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റ് ഞാന്‍ തനിയേ കൊണ്ടു നടക്കുന്നെന്ന് എനിയ്ക്കും പറയാം. ശാരിയുടെ പണിയെപ്പറ്റി മാത്രമേ വലിയമ്മയ്ക്കറിയൂ. ഞാന്‍ ചെയ്യുന്ന പണികളെപ്പറ്റി വലിയമ്മയ്ക്ക് ഒന്നുമറിയില്ല. ദിവസേന കാലത്തേ തന്നെ ഞാന്‍ തിരക്കിട്ടു പോകുന്നതു കാണുന്നുണ്ടാകും എന്നല്ലാതെ എന്റെ തൊഴിലെന്താണെന്ന് വലിയമ്മയ്ക്കറിയില്ലല്ലോ.

‘ട്രീസാമ്മയ്ക്ക് തൊണ്ടവേദന. ഒരു മുയല്‍ച്ചെവിയനൊന്നു പറിച്ചു വച്ചേയ്ക്കാന്‍ നീ ശാരിമോളോടൊന്നു പറയണേടാ. പള്ളീക്കഴിഞ്ഞു വരുമ്പ ഞാന്‍ കേറണ്ണ്ട്,’ വലിയമ്മ നിര്‍ദ്ദേശം തന്നു.

ഓ, ഈ വലിയമ്മ ശാരിയുടെ സംഘത്തില്‍ പെട്ടതാണ്. ഇപ്പഴോര്‍ക്കുന്നു. മുയല്‍ച്ചെവിയന്നും പനിക്കൂര്‍ക്കയ്ക്കും കയ്യുണ്യത്തിന്നും മറ്റുമായി ശാരിയെ ഇടയ്ക്കിടെ സന്ദര്‍ശിയ്ക്കാറുള്ളവരുടെ കൂട്ടത്തില്‍ ഈ വലിയമ്മയും ഉണ്ടായിരിയ്ക്കണം. ശാരി എല്ലാവര്‍ക്കും വേണ്ടതൊക്കെ പറിച്ചു കൊടുക്കാറുമുണ്ട്. ട്രീസാമ്മ വലിയമ്മയുടെ മകളോ മരുമകളോ പേരക്കിടാവോ മറ്റോ ആയിരിയ്ക്കണം.

ഞങ്ങളുടെ നാട്ടില്‍ ആകെക്കൂടി ഒറ്റയൊരു ചെറിയ ആശുപത്രി മാത്രമാണുള്ളത്. ഒരു മെഡിക്കല്‍ സ്‌റ്റോറും. പക്ഷേ, അവയ്‌ക്കൊക്കെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നവയാണ് ശാരിയുടെ മുയല്‍ച്ചെവിയനും, പനിക്കൂര്‍ക്കയും കയ്യുണ്യവും, അവയ്‌ക്കൊക്കെപ്പുറമേ ഗൃഹവൈദ്യത്തിന്റെ പഴയൊരു പുസ്തകവും. ജലദോഷം, തൊണ്ടവേദന, പനി, ഇതൊക്കെ വന്നാല്‍ വലിയമ്മമാരുള്‍പ്പെടെ പലരും നേരേ ശാരിയുടെ അടുത്തേയ്ക്കാണു വരിക. അവളുടെ വക ഒരു ചികിത്സയാണ് ആദ്യപടി. ‘നിന്റെ ചികിത്സ പിഴച്ചാല്‍ ഇവരൊക്കെ തിരിച്ചു വന്നു നിന്നെ ചീത്ത പറയും’ എന്നു ഞാനവള്‍ക്കു താക്കീതു നല്‍കാറുണ്ടെങ്കിലും എന്റെ മിയ്ക്ക താക്കീതുകള്‍ക്കുമെന്ന പോലെ ഈ താക്കീതിനും അവള്‍ യാതൊരു പ്രാധാന്യവും കല്‍പ്പിയ്ക്കാറില്ല. ഞങ്ങളുടെ ഭാഗ്യം കൊണ്ടോ എന്തോ, ഇതുവരെ ആരും ചീത്ത പറയാന്‍ വന്നിട്ടുമില്ല.

കുറച്ചു നാള്‍ മുന്‍പ് ഒരു ദിവസം മറ്റൊരു വലിയമ്മ വന്നു ‘ശാരി മോളേ’ എന്നു വിളിയ്ക്കുന്നതു കേട്ടു ഞാന്‍ വാതില്‍ തുറന്നപ്പോള്‍, ‘ഇത്തിരി കയ്യുണ്യത്തിനാ. ശാരി മോളില്ലേ?’ എന്നു വലിയമ്മ ചോദിച്ചു. ശാരി തെക്കേലോ പടിഞ്ഞാറേലോ ഒന്നു പോയതായിരിയ്ക്കും. ‘വലിയമ്മ പറിച്ചെടുത്തൊ’ എന്നു പറഞ്ഞു ഞാന്‍ ദയാപുരസ്സരം വലിയമ്മയെ അധികാരപ്പെടുത്തി. ‘എടാ, എനിയ്ക്കു കണ്ണു പിടിയ്ക്കൂല്ല. ശാരിമോളാണ് പറിച്ചു തരാറ്. നീയൊന്നു പറിച്ചു താ.’

പറമ്പില്‍ ഒരിടത്ത് ശാരി കൃഷി ചെയ്തതും അല്ലാത്തതുമായ കുറേയേറെ ചെടികള്‍ ചെറിയൊരു സൈലന്റ് വാലി പോലെ കാടു പിടിച്ചു നില്‍ക്കുന്നു. അതിനുള്ളില്‍ കയ്യുണ്യമുണ്ടായിരിയ്ക്കണം. പക്ഷേ ഇപ്പറഞ്ഞ വസ്തു ഏതാണെന്ന് എനിയ്ക്കറിയില്ല. എന്റെ അജ്ഞതയെപ്പറ്റി വലിയമ്മയോടു പറയാനെനിയ്ക്കു മടിയുമാണ്. കയ്യുണ്യത്തിനു പകരം പറിച്ചു കൊടുക്കുന്നതു മറ്റെന്തെങ്കിലുമായിപ്പോയാല്‍ വെളുക്കാന്‍ തേച്ചതു പാണ്ടാകും. അതുകൊണ്ട് അജ്ഞത വെളിപ്പെടുത്തുന്നതാണു നന്നെന്നു തോന്നി. അതു കേട്ടയുടനെ വലിയമ്മ മടങ്ങിപ്പോയി. ഉള്ളിലെന്നോടൊരു നീരസം തോന്നിയിരിയ്ക്കണം. അതു പുറത്തു കാണിച്ചില്ലെങ്കിലും.

കയ്യുണ്യം പറിയ്ക്കാനറിയില്ലെങ്കിലും എനിയ്ക്കു മറ്റു പല കാര്യങ്ങളും ചെയ്യാനറിയാം.

റിസര്‍വ്വു ബാങ്ക് ഇയ്യിടെ അവരുടെ ചില പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. അതേത്തുടര്‍ന്ന് ഞാന്‍ ജോലി ചെയ്യുന്ന ബാങ്കും ചില പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ തീരുമാനിച്ചു. ഏതെല്ലാം നിരക്കുകള്‍ എത്രത്തോളം വര്‍ദ്ധിപ്പിയ്ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചതു ഞാനായിരുന്നു. ഭാഗ്യവശാല്‍ എന്റെ ശുപാര്‍ശകളില്‍ മിയ്ക്കവയും ബാങ്കിന്റെ ചെയര്‍മാന്‍ വരെയുള്ളവര്‍ അംഗീകരിയ്ക്കുകയും ചെയ്തു. അത്തരം പല കാര്യങ്ങളിലും എനിയ്ക്ക് കുറച്ചെങ്കിലും വിവരമുണ്ടെന്നത് ചെയര്‍മാന്‍ വരെയുള്ള അതികായര്‍ പോലും അംഗീകരിച്ചു കഴിഞ്ഞിട്ടുള്ള കാര്യമാണ്.

പക്ഷേ, സാമ്പത്തികകാര്യങ്ങളെപ്പറ്റി ഞാന്‍ പറയുന്നതു ഞങ്ങളുടെ ചെയര്‍മാന്‍ മാത്രമല്ല, സാക്ഷാല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ തന്നെ അംഗീകരിച്ചാല്‍പ്പോലും, കയ്യുണ്യം എന്നു പറയുന്ന ഔഷധച്ചെടി പറിച്ചു കൊടുക്കാന്‍ എനിയ്ക്കു കഴിയുന്നില്ലെങ്കില്‍ ഈ വലിയമ്മയും അതുപോലുള്ള മറ്റു വലിയമ്മമാരും അമ്മൂമ്മമാരും വിചാരിയ്ക്കാന്‍ പോകുന്നത് ‘ആ ശാരീടെ ചെക്കന് ഒരു ചുക്കുമറിയില്ല’ എന്നായിരിയ്ക്കും.

ഞാന്‍ വീട്ടുജോലിയില്‍ ശാരിയെ സഹായിയ്ക്കാറില്ല എന്നുള്ള ചില വലിയമ്മമാരുടെ ദുസ്സൂചന കണക്കിലെടുത്ത്, ആ പേരുദോഷം മാറ്റാനായി ഒരു ഞായറാഴ്ച ഞാന്‍ മമ്മട്ടിയെടുത്ത് പുരയിടത്തില്‍ അവിടവിടെയുള്ള പച്ചിലക്കാടുകള്‍ വെട്ടിത്തെളിയ്ക്കാനൊരുങ്ങി. അപ്പോഴേയ്ക്കും ശാരി ഓടിയെത്തി എന്നെ തടഞ്ഞു. അതു വെറും കാടല്ല, അതിന്നുള്ളില്‍ പല ഔഷധസസ്യങ്ങളുമുണ്ടത്രേ. ഞാന്‍ നിരാശനായി. നല്ലൊരു കാര്യം ചെയ്യാമെന്നു വിചാരിച്ചതായിരുന്നു. എങ്കിലും ശാരി ഓടിയെത്തിയതു നന്നായി എന്നു തന്നെ വേണം പറയാന്‍. കാരണം, കയ്യുണ്യവും പനിക്കൂര്‍ക്കയും മുയല്‍ച്ചെവിയനും മറ്റും ഞാന്‍ വെട്ടി നശിപ്പിച്ചു കളഞ്ഞിരുന്നെങ്കില്‍ അവ തേടിയെത്തുന്ന അയല്‍ക്കാരുടെ മുന്‍പില്‍ ഞാനൊരു വില്ലന്‍ കഥാപാത്രമായിത്തീര്‍ന്നേനെ!

വലിയമ്മമാരും അമ്മൂമ്മമാരും മാത്രമല്ല, ശാരിയുടെ ‘അസ്മാദികള്‍’. മറ്റു പ്രായക്കാരുമുണ്ട്. ഒരിയ്ക്കലൊരു ശനിയാഴ്ച പതിവിനു വിരുദ്ധമായി ആപ്പീസില്‍ നിന്നു നേരത്തെ വന്നപ്പോള്‍ തൊട്ടടുത്ത സ്‌കൂള്‍ വിട്ടു വരുന്ന ചില പെണ്‍കിടാങ്ങള്‍ മുന്‍പേ പോകുന്നുണ്ടായിരുന്നു. പിന്നില്‍ എന്നെക്കണ്ട് അവര്‍ കാത്തുനിന്നു. ഞാന്‍ ചോദിച്ചു, ‘എന്താ, ഇന്നു ശനിയാഴ്ചയും ക്ലാസ്സുണ്ടായോ?’

‘ഇപ്പ ശനിയാഴ്‌ചേമൊക്കെ ക്ലാസ്സുണ്ട്.’ അവര്‍ പരസ്പരം ഒന്നു നോക്കിയ ശേഷം എന്നോടു ചോദിച്ചു, ‘ശാരിച്ചേച്ചീണ്ടാ വീട്ടില്?’

‘ഉണ്ടാവണം. ഞാനിപ്പോ വരുന്നേയുള്ളു. എന്താ കാര്യം?’

‘മാങ്ങ ആയിട്ടുണ്ടാവ്വോ?’

ഓഹോ, അപ്പോള്‍ അതാണു കാര്യം. വീടിന്റെ തൊട്ടു പടിഞ്ഞാറു വശത്ത് പൊക്കം കുറഞ്ഞൊരു മാവുണ്ട്. ഒന്നരയാള്‍പ്പൊക്കമേയുള്ളു. മാങ്ങയുണ്ടാകുന്ന സീസണില്‍ അതില്‍ നിറയെ മാങ്ങയുണ്ടാകും. ചില മാങ്ങകള്‍ നിലത്തു മുട്ടാറായിരിയ്ക്കും. അതുകൊണ്ട് നിലം മുട്ടെ മാങ്ങയുണ്ടാകാറുണ്ട് എന്നു വേണം പറയാന്‍.

അതു കൂടാതെ വടക്കേ മുറ്റത്ത് രണ്ടു വലിയ മാവുകളുണ്ട്. ഉയരമുള്ള മാവുകള്‍. രണ്ടിലും മാങ്ങയുണ്ടാകും. ഉയരക്കൂടുതല്‍ കൊണ്ട് താനേ വീഴുന്ന മാങ്ങകള്‍ മാത്രമേ കിട്ടുകയുള്ളു. താഴെ വീഴുന്ന മാങ്ങകളില്‍ നല്ലവ ശാരി പെറുക്കി കഴുകി സൂക്ഷിച്ചു വയ്ക്കും. കുട്ടികളും പലപ്പോഴും മുതിര്‍ന്നവരും മാങ്ങയ്ക്കായി വന്നു കൊണ്ടിരിയ്ക്കും. മിയ്ക്കപ്പോഴും ശാരിയുടെ പക്കല്‍ മാങ്ങ സ്‌റ്റോക്കുണ്ടാകും, വരുന്നവര്‍ക്കു മാങ്ങ കിട്ടുകയും ചെയ്യും.

നിലംപറ്റെ മാങ്ങയുള്ള മാവിന്റെ ചുവട്ടിലെത്തുന്ന കുട്ടികള്‍ മാങ്ങകള്‍ നിലം മുട്ടെ തൂങ്ങിക്കിടക്കുന്നതു കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു മഞ്ഞളിച്ച പോലെയാകും. എവിടുന്നൊക്കെ മാങ്ങ പൊട്ടിച്ചു തുടങ്ങണമെന്ന് അവര്‍ക്കു തന്നെ നിശ്ചയമുണ്ടാവില്ല. പകച്ചു നില്‍ക്കുന്ന അവരെ ശാരി സഹായിയ്ക്കും. കൈ നിറയെ മാങ്ങകളുമായി അവര്‍ മടങ്ങുമ്പോള്‍ അവരുടെ മുഖത്തെ പുഞ്ചിരിയുടെ തെളിച്ചം പച്ചമാങ്ങ തൊടുക പോലും ചെയ്യാത്ത ഞാന്‍ പോലും കണ്ടു തിരിച്ചറിയാറുണ്ട്. ‘ശാരിച്ചേച്ചീടെ മാവൊന്നു കാണണം!’ ശാരിയുടെ കുട്ടിസുഹൃത്തുക്കള്‍ പറഞ്ഞു കേള്‍ക്കാറുള്ളതാണത്.

പച്ചമാങ്ങയ്ക്കായി വരുന്ന കുട്ടികളെ അത്രയധികമൊന്നും പ്രോത്സാഹിപ്പിയ്‌ക്കേണ്ട എന്നു ഞാന്‍ ശാരിയോടു പറയാറുണ്ട്. തോന്നുമ്പോഴൊക്കെ അവര്‍ കയറിവന്ന് കോലാഹലത്തോടെ മാങ്ങ പൊട്ടിയ്ക്കാന്‍ തുടങ്ങിയാല്‍ അവളുടെ തന്നെ സ്വൈരം മുഴുവന്‍ നഷ്ടപ്പെടില്ലേ? എന്റെ മുന്നറിയിപ്പുകള്‍ കൊണ്ടൊന്നും മാങ്ങ പൊട്ടിയ്ക്കാനായുള്ള കുട്ടികളുടെ വരവില്‍ കുറവു വരാറില്ല. അതു നിര്‍ബ്ബാധം തുടരാറാണു പതിവ്. മാത്രമല്ല, ഇടയ്ക്കിടെ ശാരിയുടെ വക സല്‍ക്കാരവും അവര്‍ക്കു ലഭിയ്ക്കാറുണ്ട്. ഒരു സോസറില്‍ ഉപ്പും മുളകും വെളിച്ചെണ്ണയില്‍ ചാലിച്ചു കൊടുക്കും. പച്ചമാങ്ങ അതില്‍ മുക്കി ചിലര്‍ തിന്നുന്നതു കാണുമ്പോള്‍ ഇവര്‍ കോഴിക്കോടനലുവയാണോ തിന്നുന്നത് എന്നു പോലും തോന്നിപ്പോകും!

ആ പൊക്കം കുറഞ്ഞ മാവിന് ചെറിയൊരു ചരിത്രവുമുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞയുടനെ ശാരിയുടെ ചെറിയമ്മാവന്റെ വീട്ടില്‍ വിരുന്നു ചെന്നപ്പോള്‍ അവിടുത്തെ മുറ്റത്തുണ്ടായിരുന്നു, ഇതുപോലെ തന്നെ കൈയ്യെത്തിച്ചു പൊട്ടിയ്ക്കാവുന്ന മാങ്ങകള്‍ തൂങ്ങിക്കിടക്കുന്ന, പൊക്കം കുറഞ്ഞ ഒരു മാവ്. അതില്‍ നിന്നുള്ള മാമ്പഴം അമ്മാവന്‍ പഴുപ്പിയ്ക്കാന്‍ വച്ചിരുന്നു. അമ്മാവന്‍ തന്നെ ശ്രദ്ധയോടെ മാമ്പഴം ചെത്തി മുറിച്ചു ഞങ്ങള്‍ക്കു തന്നു. പോരുമ്പോള്‍ ഒരു സഞ്ചി നിറയെ മാമ്പഴവും തന്നയച്ചു. അവയില്‍ ചിലതു ശാരി നട്ടു പിടിപ്പിച്ചു. അത്തരത്തിലുണ്ടായതാണ് ഈ മാവ്.

മാവിന്മേല്‍ മാങ്ങ ഉണ്ടായിട്ടുണ്ടോ എന്നു സ്‌കൂള്‍ കുട്ടികള്‍ ചോദിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി കൊടുക്കാന്‍ എനിയ്ക്കു പറ്റിയില്ല. ഒന്നാമത് പച്ചമാങ്ങ എനിയ്ക്കിഷ്ടമല്ല. അതുകൊണ്ട് മാങ്ങ ഉണ്ടായാല്‍ത്തന്നെയും അതു കണ്ടു ഞാനാസ്വദിയ്ക്കാറില്ല. ശ്രദ്ധിയ്ക്കാറില്ല എന്നതാണു വാസ്തവം. മാത്രമല്ല, ആ മാവിന്റെ ചോട്ടില്‍ക്കൂടി നടക്കുമ്പോള്‍ മാങ്ങകള്‍ കണ്ണിലും മൂക്കിലും മറ്റും മുട്ടാതെ നോക്കുന്നത് ശ്രമകരമായൊരു ജോലിയായാണ് എനിയ്ക്കു തോന്നാറ്.

‘വന്നു നോക്കിന്‍,’ ഞാന്‍ ആ കുട്ടികളോടു പറഞ്ഞു. സ്വന്തം വീടിനോടു ചേര്‍ന്നുള്ള മാവ്. അതും ഈ പരിസരത്തുള്ളവര്‍ക്കൊക്കെ സുപരിചിതമായ മാവ്. ‘ശാരിച്ചേച്ചിടെ മാവ്’. അതില്‍ മാങ്ങയുണ്ടായിട്ടുണ്ടോ എന്നു ഞാനറിയാത്തത് ഒരു നാണക്കേടാണ് എന്നു തോന്നി. ഇനി അക്കാര്യം ശരിയ്ക്ക് അറിഞ്ഞു വയ്ക്കണം എന്നു ഞാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ‘ശാരിച്ചേച്ചീടെ കേശുച്ചേട്ടന് ഒരു ചുക്കുമറിയില്ല’ എന്നായിരിയ്ക്കും ഈ കുട്ടികള്‍ പോലും പറഞ്ഞു നടക്കാന്‍ പോകുന്നത്. അഖിലേന്ത്യാ തലത്തില്‍ ശാഖകളുള്ള ഒരു സ്വകാര്യബാങ്കിന്റെ പലിശനിരക്കുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന മഹദ്വ്യക്തി ഞാനാണ് എന്നു പറഞ്ഞാലൊന്നും ഇവിടങ്ങളില്‍ വിലപ്പോവില്ല. വീട്ടില്‍ മാങ്ങയുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് റെഡിയുത്തരമാണ് ഇവര്‍ക്കാവശ്യം.

അതുകൊണ്ടു തന്നെ ശാരിയുമൊരുമിച്ചു ഞാന്‍ പുറത്തേയ്ക്കിറങ്ങിയാല്‍ കുട്ടികളും വലിയമ്മമാരും അമ്മൂമ്മമാരുമടങ്ങിയൊരു ‘പുരുഷാരം’ എന്നെ അവഗണിച്ചുകൊണ്ട് അവളെ പൊതിയും. എന്നിട്ടെന്താണ് അവര്‍ അവളോട് ആവേശപൂര്‍വ്വം സംസാരിയ്ക്കുന്നത്? ആ സംവാദങ്ങളുടെ സാമ്പിളുകളിതാ. ‘മോളേ, വീട്ടിലെ ചെക്കനെ പറഞ്ഞു വിടാം, ആരിവേപ്പിന്റെ ഇല ഒരു മൂന്നെണ്ണം പറിച്ചു കൊടുക്കണേ. രാവിലേ തന്നെ തിന്നണംന്ന് വൈദ്യരു പറഞ്ഞിട്ടുണ്ട്.’ മറ്റൊന്ന്: ‘വീട്ടുകാരന്റെ ചൊമ മാറണില്ല, ചേച്ചീ. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും കൂടി ചേര്‍ത്തു കൊടുക്കാന്‍ പറഞ്ഞിട്ട്ണ്ട്. ആടലോടകം ചേച്ചിടെ വീട്ടില്ണ്ട്ന്ന് ആരോ പറേണ്ണ്ടായി. ഞാന്‍ വരട്ടേ ചേച്ചീ, രണ്ടെല മതി.’ വിഷുവിനു മുന്‍പാണെങ്കില്‍, വിശേഷമായി: മിയ്ക്കവര്‍ക്കും കൊന്നപ്പൂ വേണം. ശാരി മുറ്റത്തു നട്ട കൊന്നച്ചെടി പൂത്തു പരിലസിച്ചു നില്‍ക്കുന്നത് അകലെ നിന്നു പോലും കാണാം. വരുന്നവര്‍ക്കൊക്കെ പൂക്കളുള്ള ചെറു കൊമ്പുകള്‍ തോണ്ടിയിട്ടു കൊടുക്കുന്ന ഡ്യൂട്ടി എന്റേതാണ്. അടുപ്പിച്ചടുപ്പിച്ചു തോണ്ടിയിട്ടു കൊടുക്കേണ്ടി വരുമ്പോള്‍ അവള്‍ പുറത്തൊന്നു സ്പര്‍ശിയ്ക്കും, ‘സാരല്യാട്ടോ’ എന്ന മട്ടില്‍.

ഓണക്കാലത്താണു കൂടുതല്‍ തിരക്ക് അഥവാ ശല്യം. പുരയിടത്തില്‍ മുക്കൂറ്റിപ്പൂവും തുമ്പപ്പൂവും സമൃദ്ധം. അതൊക്കെ കൊണ്ടു പൊക്കോട്ടെ. സാരമില്ല. മുറ്റത്തിന്റെ അരികില്‍ ചെത്തിച്ചെടികളുണ്ട്, ചെത്തിപ്പൂക്കളും കൊണ്ടുപൊക്കോട്ടെ, വിഷമമില്ല. പക്ഷേ, മുന്‍വശത്തൊരു ചെമ്പരത്തിച്ചെടിയുണ്ട്, പിങ്കു നിറമുള്ള പൂക്കളുള്ള ചെമ്പരത്തിച്ചെടി. വാതില്‍ തുറക്കുമ്പോള്‍ മിയ്ക്കപ്പോഴും സ്വാഗതം ചെയ്യുന്നത് പിങ്ക് നിറത്തിലുള്ള, വിടര്‍ന്നു നില്‍ക്കുന്ന ചെമ്പരത്തിപ്പൂവായിരിയ്ക്കും. അതിന്റെ നിറവും അഴകും കാരണം അതില്‍ നിന്നു കണ്ണെടുക്കാന്‍ കഴിയാതെ ഞാന്‍ നോക്കിനിന്നു പോകാറുണ്ട്. റോസൊന്നും അതിന്റെ അടുത്തുപോലും വരില്ലെന്നാണ് എന്റെ പക്ഷം. ചെമ്പരത്തിച്ചെടികള്‍ അവിടവിടെ വേറെയുമുണ്ടെങ്കിലും അവയിലൊന്നും ഇത്തരം പിങ്ക് നിറത്തിലുള്ള പൂക്കളില്ല. പൂ പെറുക്കാന്‍ വരുന്നവര്‍ ഒടുവില്‍ ഈ പിങ്ക് ചെമ്പരത്തിമേലും നിര്‍ദ്ദയം കൈവയ്ക്കുമ്പോള്‍ എന്റെ മട്ടു മാറും. അതവള്‍ക്കറിയാം. ‘കൊണ്ടൊക്കോട്ടെ, പാവങ്ങളല്ലേ’ എന്ന മട്ടില്‍ അവളെന്നെ നോക്കും. ഈ നോട്ടങ്ങള്‍ ആപത്കാരികളാണ്, നിരായുധീകരണത്തിനു പറ്റിയ ആയുധങ്ങളാണ്. ‘ഇവിടുത്തെ മഹാരാജാവു തിരുമനസ്സിനു കണികാണാനായി വേഗം പിങ്ക് പൂവുണ്ടാക്കൂ’ എന്ന നിര്‍ദ്ദേശത്തോടെയായിരിയ്ക്കണം, ചാണകമടങ്ങുന്ന സ്‌പെഷ്യല്‍ ആഹാരം അന്നു തന്നെ അവള്‍ ചെമ്പരത്തിച്ചെടിയ്ക്ക് കൊടുക്കുകയും എന്നിട്ട് ‘പോരേ?’ എന്ന മട്ടില്‍ എന്റെ നേരേ നോക്കുകയും ചെയ്യും. എന്താ പോരേ!

പൊതുവേ ഇന്നാട്ടിലെ ജനത്തിന് എന്നോടൊരു പരിഹാസമുണ്ട് എന്നെനിയ്ക്കു ചിലപ്പോഴൊക്കെ തോന്നാറുണ്ട്. എങ്കിലും ഞാന്‍ ശാരിയുടെ ഭര്‍ത്താവാണെന്ന് മിയ്ക്കവര്‍ക്കും അറിയാം. ഒഴിവു ദിവസങ്ങളില്‍ ശാരിയും ഞാനും കൂടി പരിസരപ്രദേശങ്ങളിലൊക്കെ പലപല കാര്യങ്ങള്‍ക്കായി ചുറ്റിക്കറങ്ങാറുള്ളത് അവരൊക്കെ കാണുന്നതാണ്. പക്ഷേ, ഞാന്‍ ശാരിയുടെ ഭര്‍ത്താവാണ് എന്നംഗീകരിയ്ക്കാത്ത രണ്ടു ജീവികള്‍ ഞങ്ങളുടെ തൊട്ടയല്‍പക്കത്തു തന്നെയുണ്ട്: മണിക്കുട്ടിയും അമ്മിണിയും.

ചെറു കൊമ്പുകളുള്ള, കറുത്തു വലിയ ഒരു സുന്ദരിപ്പശുവാണ് മണിക്കുട്ടി. കറുത്തൊരു ഭീകരജീവിയായി മാത്രമേ ഞാനതിനെ കണക്കാക്കിയിരുന്നുള്ളു. പക്ഷേ, മണിക്കുട്ടിയുടെ മുഖത്തു നിന്നു കണ്ണെടുക്കാന്‍ തോന്നുകയില്ല എന്നു ശാരി ഇടയ്ക്കിടെ പറയാറുണ്ട്. അവള്‍ കാണുന്ന അഴകൊന്നും അതിന്റെ മുഖത്ത് എനിയ്ക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല.

മറ്റേത് അമ്മിണി. ഒരു പുള്ളിപ്പശു. അമ്മിണിയ്ക്ക് കുറേക്കൂടി വലിയ കൊമ്പുകളുണ്ട്. മാരകമായ കൊമ്പുകള്‍. മണിക്കുട്ടിയും അമ്മിണിയും കൊച്ചൗസോച്ചേട്ടന്റെ പശുക്കളാണ്. സമൃദ്ധമായ പുല്ലെവിടെയുണ്ടോ, അവിടെയൊക്കെ കൊച്ചൗസോച്ചേട്ടന്‍ അവരെ കൊണ്ടുവന്നു കെട്ടാറുണ്ട്. അക്കൂട്ടത്തില്‍ ഇടയ്ക്ക് ഞങ്ങള്‍ നടന്നു പോകുന്ന വഴിയ്ക്കരികിലും കെട്ടാറുണ്ട്. അതാണു കുഴപ്പം. എന്നെക്കണ്ടാല്‍ ശാരിയുടെ നോട്ടത്തില്‍ സുന്ദരിയായ മണിക്കുട്ടിയ്ക്കും അത്രതന്നെ സുന്ദരിയല്ലാത്ത അമ്മിണിയ്ക്കും സൗന്ദര്യഭേദമെന്യെ, ഒരേപോലെ, ഹാലിളകും. അവര്‍ കൊമ്പു കുലുക്കിക്കൊണ്ട് എന്റെ നേരേ ഓടി വരും. അതു കാണുമ്പോഴേയ്ക്കും എന്റെ പകുതി പ്രാണന്‍ പോകും. ഞനോട്ടം പിടിയ്ക്കും!

അതു മാത്രമോ, എന്റെ പാച്ചില്‍ കണ്ട് ശാരി, എന്റെ ധര്‍മ്മദാരങ്ങള്‍, സകല പതിഭക്തിയും കാറ്റില്‍പ്പറത്തി കുടുകുടായെന്നു ചിരിയ്ക്കും. ആപദ്ഭീതി മാത്രമായിരുന്നെങ്കില്‍ സാരമില്ലായിരുന്നു. അഭിമാനക്ഷതവും ഉണ്ടാകുന്നതാണ് അസഹനീയം!

ഒരു ദിവസം ഞാനും ശാരിയും കൂടി നടന്നു പോകുമ്പോള്‍ മണിക്കുട്ടി ഇരച്ചു വന്നു. അവള്‍ വരുന്നതു കണ്ട പാടെ ഞാനോടി. പത്‌നിയെ രക്ഷിയ്ക്കാന്‍ ചുമതലപ്പെട്ട ഞാന്‍ അത്തരത്തില്‍ ഒരു ഭീരുവെപ്പോലെ ഓടാന്‍ പാടില്ലാത്തതാണ്. എന്നിട്ടും ഭര്‍ത്താവിന്റെ കടമകളൊക്കെ മറന്നു ഞാനോടി. സുരക്ഷിതമായ ഒരു സ്ഥാനത്തെത്തിയ ശേഷമാണ് ഞാന്‍ ഭാര്യയെപ്പറ്റി ചിന്തിച്ചത്. അപ്പോള്‍ കണ്ട കാഴ്ച എന്നെ ആശ്ചര്യസ്തബ്ധനാക്കി.

രൗദ്രഭാവത്തില്‍ ഇരച്ചു വന്നിരുന്ന മണിക്കുട്ടി ഒരു പൂച്ചക്കുട്ടിയെപ്പോലെ ശാരിയുടെ അടുത്തു നില്‍ക്കുന്നു. ശാരിഅതിന്റെ നെറ്റിയിലും കഴുത്തിലും തലോടുന്നു. ആ തലോടല്‍ അനുഭവിയ്ക്കാന്‍ വേണ്ടിയാകണം, അല്‍പ്പമകലെ അമ്മിണി കയറു പൊട്ടിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ഞാന്‍ ശ്വാസമടക്കിപ്പിടിച്ചു. ശാരി അതിന്റേയും അടുത്തു ചെന്ന്, മാരകക്കൊമ്പുകളുള്ള ആ നെറ്റിയില്‍ തലോടിക്കൊടുത്തു. അമ്മിണി അനങ്ങാതെ നിന്നു വാത്സല്യം നുകര്‍ന്നു. അര മൈലകലെ, സുരക്ഷിതസ്ഥാനത്തു നിന്നുകൊണ്ട് അസൂയയോടെ ആ രംഗം മുഴുവനും വീക്ഷിച്ചുകൊണ്ടിരിയ്‌ക്കെ, എനിയ്ക്ക് ഈര്‍ഷ്യ തോന്നി. ഈ മാരണങ്ങളെ വഴിയില്‍ത്തന്നെ കൊണ്ടുവന്നു കെട്ടിയേ തീരുവോ, കൊച്ചൗസോച്ചേട്ടന്!

എന്നെ കാണുമ്പോഴൊക്കെ മുജ്ജന്മശത്രുക്കളെപ്പോലെ കൊമ്പു കുലുക്കി ഓടിയെത്തുന്ന ഈ ഭീകരജീവികളെ ശാരിയെങ്ങനെ മയക്കിയെടുത്തുവെന്നു ഞാനതിശയിച്ചു. ഒരിയ്ക്കല്‍ പനിപിടിച്ച്, ഒരാഴ്ചയോളം വീട്ടിലിരിയ്‌ക്കേണ്ടി വന്നപ്പോഴാണ് ഞാനാ രഹസ്യം മനസ്സിലാക്കിയത്.

ഉച്ചയൂണു കഴിഞ്ഞ്, ഒന്നു മയങ്ങിയ ശേഷം, നാലുമണിയോടെ അവള്‍ മുറ്റത്തേയ്ക്കിറങ്ങുന്നു. തുടര്‍ന്നുള്ളരണ്ടു മൂന്നു മണിക്കൂര്‍ അവള്‍ക്ക് തിരക്കുള്ള സമയമാണ്. ഓരോരോ കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്തുകൊണ്ടങ്ങനെ നടക്കും. അതു കണ്ടുകൊണ്ടിരിയ്ക്കുന്നത് സുഖമുള്ളൊരു കാര്യമാണ്. പനിയ്ക്കിടയില്‍ ആ സുഖം നുകര്‍ന്നു കൊണ്ടിരിയ്ക്കുമ്പോഴാണ്, അവളെ നോക്കിക്കൊണ്ടിരിയ്ക്കുന്നത് ഞാന്‍ മാത്രമല്ലെന്നു മനസ്സിലായത്. കൊച്ചൗസോച്ചേട്ടന്റെ പറമ്പില്‍ നില്‍ക്കുന്ന മണിക്കുട്ടിയും അമ്മിണിയും ശീമക്കൊന്ന കൊണ്ടുള്ള വേലിയ്ക്കിടയിലൂടെ ശാരിയെത്തന്നെ ഉറ്റു നോക്കിക്കൊണ്ടു നില്‍ക്കുന്നു! ശിരസ്സനക്കുക പോലും ചെയ്യാതെ സ്റ്റാച്യൂ ആയ പോലെ നോക്കിയങ്ങനെ നില്‍പ്പാണ്. ഇവരെന്തായിരിയ്ക്കാം ഇവളെത്തന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കിക്കൊണ്ടു നില്‍ക്കുന്നത്?

‘രണ്ടാള്‍ക്കാര് നിന്നെത്തന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടു നില്‍ക്കണ്ണ്ട്,’ ഞാന്‍ പറഞ്ഞു.

‘നിയ്ക്കറിയാം,’ അവരെ നോക്കാതെ തന്നെ അവള്‍ പറഞ്ഞു. ‘ഇന്നവര്‍ക്ക് ഒന്നും കൊടുക്കാനില്ലാതായിപ്പോയി.’ ശാരി വിഷാദത്തോടെ പറഞ്ഞു.

അവരുടെ വിശിഷ്ടഭോജ്യവസ്തുക്കള്‍ എന്തൊക്കെയെന്നതേക്കുറിച്ച് ഒരേകദേശരൂപം അന്നെനിയ്ക്കു കിട്ടി. വീണു കിട്ടാറുള്ള കവുങ്ങിന്റെ ഓല തണങ്ങ് അവരുടെ ഇഷ്ടഭോജ്യവസ്തുവാണ്. പ്രത്യേകിച്ചും അതിന്റെ പാള. ഒരോല വീണു കിട്ടിയാല്‍ ശാരി അതിന്റെ നല്ല ഭാഗം മാത്രം എടുത്ത്, ചെറു കഷ്ണങ്ങളാക്കി മുറിച്ച് രണ്ടുപേര്‍ക്കും സമമായി കൊടുക്കുന്നു. അന്നേരത്തെ വിശപ്പിന്റെ ഗുരുതരാവസ്ഥയനുസരിച്ച്, ഓലയും കുറേയൊക്കെ അവര്‍ തിന്നും.

വീട്ടിലെ കാടിവെള്ളമാണ് അവര്‍ക്കുള്ള മെന്യുവിലെ മറ്റൊരിനം. കാടിവെള്ളം സ്ഥിരമായി അവര്‍ക്കുള്ളതാണ്. പിന്നെ ശീമക്കൊന്നയിലകളും ഇളം കമ്പുകളും. വേനലായതുകൊണ്ട് കമ്പുകള്‍ ഉണങ്ങിയിരിയ്ക്കുന്നു. പാളകള്‍ ഒന്നും അന്ന് അതേവരെ വീണു കിട്ടിയിരുന്നില്ല. അന്നു രാവിലെ ദോശയും ഉച്ചയ്ക്ക് ചപ്പാത്തിയും ആയിരുന്നതു കൊണ്ട് അരി കഴുകുകയുണ്ടായില്ല, കാടിവെള്ളവും ഉണ്ടായില്ല

പ്രായമേറെച്ചെന്നെങ്കിലും കൊച്ചൗസോച്ചേട്ടന്‍ എന്തെങ്കിലുമൊക്കെ പണികള്‍ക്കായി ദിവസേന കാലത്തേ തന്നെ പോകും. കൊച്ചൗസോച്ചേട്ടന്റെ ഭാര്യ മേരിച്ചേടത്തിയ്ക്ക് ആരോഗ്യക്കുറവു മൂലം പശുക്കളെ പരിചരിയ്ക്കാന്‍ സാധിയ്ക്കാറില്ല. അവരുടെ മകന്‍ വര്‍ഗ്ഗീസിന്റെ ഭാര്യ ലില്ലി രാവിലേ പണിയ്ക്കു പോയാല്‍ ഉച്ച കഴിഞ്ഞ ശേഷമേ തിരികെ വരൂ. അതിന്നിടയില്‍ കൊച്ചൗസോച്ചേട്ടനു വന്നു നോക്കാന്‍ പറ്റിയാല്‍ മാത്രം മണിക്കുട്ടിയ്ക്കും അമ്മിണിയ്ക്കും എന്തെങ്കിലുമൊക്കെ കിട്ടും. അല്ലാത്ത ദിവസങ്ങളില്‍ ശാരി കൊടുക്കുന്ന വിഭവങ്ങളും വെള്ളവും മാത്രമാണ് അവര്‍ക്കു കിട്ടുക. വര്‍ഗ്ഗീസ് നാട്ടിലില്ല.

ശാരി അവരുടെ നേരെയൊന്നു നോക്കിപ്പോയാല്‍ അവരുടന്‍ എഴുന്നേറ്റു നില്‍ക്കും. അവര്‍ക്കെന്തോ തിന്നാന്‍ കിട്ടാന്‍ പോകുന്നതിന്റെ സിഗ്‌നലാണ് അവളുടെ നോട്ടം. അതവര്‍ക്ക് അസ്സലായറിയാം.

‘ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊന്ന് കൊടുത്താ മതി. അവര്‍ക്ക് സന്തോഷാകും.’ ശാരി പറഞ്ഞു. ഒരു ദിവസം അവളെന്നെക്കൊണ്ട് പാളക്കഷ്ണങ്ങള്‍ രണ്ടുപേര്‍ക്കും കൊടുപ്പിയ്ക്കുകയും ചെയ്തു. എന്നെക്കണ്ടാല്‍ അവര്‍ക്കു ഹാലിളകുന്ന സ്ഥിതി നിന്നുവെന്ന തോന്നലുണ്ടായെങ്കിലും അത്ര പെട്ടെന്ന് ആ ഭീകരജീവികള്‍ക്കു കീഴ്‌പ്പെടുന്നത് ഒരഭിമാനപ്രശ്‌നമായിത്തോന്നി. മാത്രമല്ല, ഏതു നിമിഷമാണ് അവ മൃഗങ്ങളുടെ തനിസ്വഭാവം കാണിയ്ക്കുന്നതെന്നറിയില്ലല്ലോ. അതുകൊണ്ട് ‘നീ അവരുടെ അടുത്തേയ്ക്ക് അധികമങ്ങനെ പോകണ്ടാ’ എന്നു പറഞ്ഞു ഞാന്‍ ശാരിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.

എന്റെ ഉപദേശം അവള്‍ ഒരിയ്ക്കലെങ്കിലും പരിഗണിച്ചതായി ഇതുവരെ തോന്നിയിട്ടില്ല.

അങ്ങനെയിരിയ്‌ക്കെ ഒരു ലീവു ദിവസം സദാസമയവും അകത്തുതന്നെ ചടഞ്ഞു കൂടിയിരിയ്ക്കുന്ന എന്നെ ശാരി പുറത്തേയ്ക്കു വിളിച്ചു വരുത്തി. കുളത്തിനരികിലെ പ്ലാവിന്‍ ചുവട്ടില്‍ നീളമുള്ളൊരു തോട്ടിയുമായി അവള്‍ നില്‍ക്കുന്നു. പ്ലാവിലൊരു ചക്കയുണ്ടായിട്ടുണ്ട്. അതിടണം.

ഞാന്‍ ശ്രമിച്ചു നോക്കി. ഉയരം പോര. ‘ആ സ്റ്റൂളെടുത്തു കൊണ്ടു വരിന്‍.’ അവള്‍ നിര്‍ദ്ദേശിച്ചു.

സ്റ്റൂളിന്മേല്‍ കയറി നിന്നു കൊണ്ടെത്തിച്ചപ്പോള്‍ തോട്ടി ചക്കയിലേയ്‌ക്കെത്തി. സമനിരപ്പല്ലാത്തതുകൊണ്ട് സ്റ്റൂള്‍ ആടുമ്പോഴൊക്കെ അതോടൊപ്പം ഞാനും ആടിയെങ്കിലും ശാരിയെന്നെ മുറുക്കിപ്പിടിച്ച് അപകടസാദ്ധ്യത ഒഴിവാക്കി.

‘ചക്കയെങ്ങാന്‍ തലയില്‍ വീഴുമോ? ഇതെവിടെയാ വീഴുന്നതെന്ന് എങ്ങനെയറിയാം?’ എന്റെ ആശങ്കകളെയെല്ലാം അവള്‍ തള്ളിക്കളഞ്ഞു. അവളുടെ സംവിധാനത്തിന്‍ കീഴില്‍ തോണ്ടലുകള്‍ നടത്തിയപ്പോള്‍ ചക്ക താഴെയെത്തി.

‘ഇതാരാ തിന്നുക!’ ഞാന്‍ അതിശയിച്ചു.

‘ഇതു വറുക്കണം.’

‘വറുത്ത സാധനങ്ങള്‍ തിന്നാതിരിയ്ക്കുകയാണു നല്ലത്.’ ഞാന്‍ മുന്നറിയിപ്പു നല്‍കി.

‘ടെസ്സിയ്ക്കും റെന്നിയ്ക്കും കഴിഞ്ഞകൊല്ലം ചക്ക വറുത്തതു നന്നായി ഇഷ്ടപ്പെട്ടു. ഇത്തവണേം അവര്‍ക്കു കൊടുക്കണം.’ കൊച്ചൗസോച്ചേട്ടന്റെ പേരക്കുട്ടികളാണ് ടെസ്സിയും റെന്നിയും.

എനിയ്ക്കു ചക്ക മുറിയ്ക്കാനറിയില്ല. തന്നെയുമല്ല, ചക്കവിളഞ്ഞീന്‍ എന്ന സാധനവുമായി കെട്ടുപിണഞ്ഞ ചരിത്രമാണ് എനിയ്ക്കുള്ളത്. ആ ചക്ക അവള്‍ തന്നെ വെട്ടിമുറിച്ച് അതു മുഴുവനും വറുത്തു. വലിയൊരു കുപ്പി നിറയെ ചക്ക വറുത്തതു കൊണ്ടുപോയി ലില്ലിയെ ഏല്‍പ്പിച്ചു. ലില്ലിയ്ക്ക് ആശ്വാസമായി. ‘ശാരിച്ചേച്ചി ഇതു കൊണ്ടെത്തന്നതു കൊണ്ടു ഞാന്‍ രക്ഷപ്പെട്ടു. ഒന്നൂല്ലേ എന്നു ചോദിച്ചുംകൊണ്ടാ ഇവിടുത്തെപ്പിള്ളേര് സ്‌കൂളീന്നു വരണത്. ഇതു കാണുമ്പോ അവര്‍ക്ക് വല്യേ സന്തോഷാവും,’ ലില്ലി കൃതജ്ഞതയോടെ ശാരിയോടു പറഞ്ഞു.

ചക്ക വറുത്തതു വെറുതേ ആയില്ല. ലില്ലി നിര്‍ദ്ദേശിച്ചതു കൊണ്ടാകണം, ടെസ്സിയും റെന്നിയും സ്‌കൂളില്‍ നിന്നു വന്നയുടനെ ചക്ക വറുത്തതും ചവച്ചുകൊണ്ടോടിവന്ന് ശാരിയോട് ‘ശാരിച്ചേച്ചീ, താങ്ക് യൂ’ എന്നു രണ്ടുപേരും പറഞ്ഞുംകൊണ്ട് തിരിച്ചോടിപ്പോയി. ബാക്കിയുള്ള ചക്ക വറുത്തത് അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകളിലേയ്ക്കും പോയി.

കടച്ചക്കയുണ്ടാകുന്ന സീസണില്‍ കടച്ചക്കയും, മാങ്ങാ സീസണില്‍ മാങ്ങയും അതേപോലെ അയല്പക്കങ്ങളില്‍ എത്തുന്നു. കടച്ചക്കയും ചിലപ്പോഴൊക്കെ വറുത്തായിരിയ്ക്കും അയല്പക്കങ്ങളിലേയ്ക്കു ചെല്ലുന്നത്. മാങ്ങ ഉപ്പിലിട്ട രൂപത്തിലും.

‘എന്റെ ശാരീ, നീ വെറുതേ കൂലിയില്ലാപ്പണിയെടുക്കല്ലേ,’ ഞാനവളെ ഗുണദോഷിയ്ക്കും. ‘പാടുപെട്ട് ഇത്തരം വിതരണങ്ങള്‍ നടത്തിയിട്ടെന്തു കാര്യം! അല്പം കഴിയുമ്പോള്‍ ആളുകള്‍ അതൊക്കെ മറക്കും. നീ പെട്ട ഈ പാടൊക്കെ വെറുതെയാകും.’ അതാരു കേള്‍ക്കാന്‍?

ഒരു ദിവസം ഒരു ടൂറു കഴിഞ്ഞ് നോട്ടീസു കൂടാതെ ഉച്ചയ്ക്കൂണിനു ഞാന്‍ വീട്ടിലെത്തി. നേരിയൊരു മന്ദഹാസത്തോടെ ശാരി വാതില്‍ തുറന്നു. അകത്തേയ്ക്കു കടന്ന ഞാന്‍ കണ്ടത് ഒരു വനിത വാഴയിലയില്‍ ഊണു കഴിയ്ക്കുന്നതാണ്. വനിത എന്നെക്കണ്ട പാടെ ചിരിച്ചു. തളര്‍ന്ന ചിരി. ശിരസ്സിലെ മുടി കൊഴിഞ്ഞു പോയിരിയ്ക്കുന്നു. കുഴിഞ്ഞ കണ്ണുകള്‍. കറുത്ത കണ്‍തടങ്ങള്‍, ഇരുണ്ട മുഖം. അവിടവിടെ എല്ലുന്തിയ ശരീരം.

ലൂസി! തെക്കേലെ സേവിയുടെ ഭാര്യ.

പല തവണ കീമോ തെറാപ്പി നടത്തിയതോടെ ലൂസി കണ്ടാലറിയാത്ത വിധം മാറിപ്പോയെന്ന് ശാരി നേരത്തേപറഞ്ഞിരുന്നു. അവള്‍ ഇടയ്ക്കിടെ ലൂസിയെ ചെന്നു കാണാറുണ്ടായിരുന്നു. പക്ഷേ ലൂസി ഇത്രത്തോളം മാറിപ്പോയിട്ടുണ്ടാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. സേവി അവളെ കല്യാണം കഴിച്ചു കൊണ്ടുവരുമ്പോള്‍ അവള്‍ക്കെന്തൊരു ചുറുചുറുക്കായിരുന്നു!

‘കേശുച്ചേട്ടാ, ശാരിച്ചേച്ചിടെ ചോറാണ് കുറച്ചു നാളായി ഞാന്‍ കഴിയ്ക്കുന്നത്,’ ലൂസി പറഞ്ഞു. തളര്‍ന്ന സ്വരം.ലൂസിയുടെ സ്വരം തന്നെ മാറിപ്പോയിരിയ്ക്കുന്നു. ചൊടി മുഴുവന്‍ ചോര്‍ന്നു പോയിരിയ്ക്കുന്നു. കാന്‍സര്‍ ദയവില്ലാത്ത രോഗം തന്നെ. കാന്‍സര്‍ തൊട്ടടുത്ത വീടു വരെ എത്തിയിരിയ്ക്കുന്നുവെന്ന് ആദ്യമായി കേട്ട സമയം എന്റെ ഉള്ളൊന്നു കിടുങ്ങിയിരുന്നു.

‘എരൂളി കുറച്ചു കൂടി ഒഴിയ്ക്കട്ടേ ലൂസീ?’ ശാരി എരൂളിയും തവിയുമെടുത്തു റെഡിയായിക്കൊണ്ടു ചോദിച്ചു. അത്ഭുതം! ലൂസി ഒഴിയ്ക്കാന്‍ പറഞ്ഞു.

‘ശാരീ, ലൂസി കഴിയ്ക്കണ മരുന്നുകള്‍ക്കു വിരുദ്ധമാകുമോ നമ്മുടെ കറികള്‍…’ ഒറ്റ നോട്ടം കൊണ്ട് ശാരിയെന്നെ നിശ്ശബ്ദനാക്കി. നോട്ടങ്ങളിലൂടെ ഇത്ര വ്യക്തമായി ആശയവിനിമയം ചെയ്യാന്‍ കഴിവുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല!

‘മരുന്നൊന്നും ഞാനിനി കഴിയ്ക്കണില്ല, കേശുച്ചേട്ടാ. ഒക്കെ നിര്‍ത്തി.’ എരൂളി ഒഴിച്ച ചോറു കഴിയ്ക്കുന്നതിന്നിടെ ലൂസി പറഞ്ഞു. ‘ശാരിച്ചേച്ചിടെ ഊണാ ഇനി ഞാന്‍ കഴിയ്ക്കണത്…അവസാനം വരേം…’

ശാരി ലൂസിയുടെ പുറത്തു തലോടി. ശിരസ്സ് നെഞ്ചോടു ചേര്‍ത്തു.

ഞാന്‍ നിര്‍ന്നിമേഷനായി നോക്കിയിരുന്നു.

ഊണു കഴിഞ്ഞ ശേഷം ലൂസിയെ ശാരി വെയില്‍ കൊള്ളിയ്ക്കാതെ കുട ചൂടിച്ച് പയ്യെ വീട്ടില്‍ കൊണ്ടു ചെന്നാക്കി.

ശാരി തിരിച്ചു വന്നപ്പോള്‍ ഞാനക്കാര്യം വീണ്ടുമെടുത്തിട്ടു. കാന്‍സര്‍ രോഗമുള്ള ലൂസിയ്ക്ക് കൊടുക്കുന്ന ആഹാരങ്ങളത്രയും ഡോക്ടരുടെ നിര്‍ദ്ദേശം അനുസരിച്ചുള്ളവ കൂടിയായിരിയ്ക്കണം. അല്ലെങ്കില്‍ ഒരു പക്ഷേ അവ ലൂസിയ്ക്ക് ദോഷം ചെയ്‌തേക്കാം, ഞാന്‍ മുന്നറിയിപ്പു നല്‍കി.

”വായ്ക്കു രുചിയുള്ള ഭക്ഷണം കഴിച്ച കാലം മറന്നു, ശാരിച്ചേച്ചീ’ എന്നു പറഞ്ഞു ചേട്ടാ. പാവം ഇഷ്ടപ്പെട്ടതൊക്കെ കഴിയ്ക്കട്ടെ.’

ലൂസിയുടെ അമ്മ ലൂസിയുടെ ചെറുപ്രായത്തില്‍ത്തന്നെ മരിച്ചു പോയിരുന്നു. സേവി ലൂസിയെ വിവാഹം ചെയ്തു കൊണ്ടുവന്ന കാലം മുതല്‍ ശാരി ലൂസിയ്‌ക്കൊരു ചേച്ചിയായിരുന്നു.

അവര്‍ക്കൊരു കുഞ്ഞുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ആ ആറുവയസ്സുകാരന്‍ കുഞ്ഞ് സേവിയുടെ വീട്ടില്‍ വിരുന്നു പോയിരിയ്‌ക്കെ പുഴയില്‍ വീണു മുങ്ങി മരിച്ചു. വാസ്തവത്തില്‍ അന്നു മുതല്‍ക്കു തന്നെ ലൂസിയുടെ ദിനങ്ങള്‍ തുടങ്ങിക്കാണണം. കഷ്ടകാലത്തിന്റെ തുടക്കം അതായിരുന്നു.

സേവി ദിവസേന ജോലിയ്ക്കു പോകുന്നു. വീട്ടുജോലിയില്‍ സഹായിയ്ക്കാനായി പ്രായമേറിയ ഒരു ചേടത്തിയെ സേവി ഏര്‍പ്പാടാക്കിയിട്ടുണ്ട്. എങ്കിലും ആ ചേടത്തിയുടെ ഭക്ഷണം കഴിയ്ക്കാന്‍ ലൂസിയ്ക്ക് രുചി തോന്നിയിരുന്നില്ല. ഭക്ഷണം സ്വയം പാചകം ചെയ്തു കഴിയ്ക്കാനുള്ള ശേഷിയുമുണ്ടായിരുന്നില്ല.

ശാരി ലൂസിയെ കാണാന്‍ പതിവായി ചെല്ലുമായിരുന്നു. ചെല്ലുമ്പോഴൊക്കെ ലൂസിയ്ക്കിഷ്ടമുള്ള എന്തെങ്കിലും കൊണ്ടു ചെല്ലും. ഒരു ദിവസം അവള്‍ ലൂസിയെ ഉച്ചയ്ക്കൂണു കഴിയ്ക്കാന്‍ ക്ഷണിച്ചു. പൊതുവില്‍ അവശയായിരുന്നെങ്കിലും ലൂസി ക്ഷണം ഉടന്‍ സ്വീകരിച്ചു.

ഏകദേശം രണ്ടാഴ്ചയോളം ശാരി ലൂസിയ്ക്ക് ചോറു വിളമ്പിക്കൊടുത്തു കാണണം. സാമ്പാറും അവിയലുംതോരനും ചമ്മന്തിയും ലൂസി രുചിയോടെ കഴിച്ചു. ശാരിയുടെ ആഹാരം മൂലമാണ്, എനിയ്ക്കു സംശയമില്ല, ഒന്നു രണ്ടാഴ്ച കൊണ്ട് ലൂസിയ്ക്ക് അല്‍പ്പം ഉത്സാഹം തിരിച്ചു കിട്ടിയത്. പഴയ ചിരിയും തമാശും ചെറിയ തോതിലെങ്കിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സേവിയ്ക്കും ആശ്വാസമായി. ഉണങ്ങിക്കരിഞ്ഞു പോയിരുന്ന പ്രതീക്ഷയുടെ നാമ്പുകള്‍ പതുക്കെ തളിര്‍ത്തു തല നീട്ടി.

അങ്ങനെയിരിയ്‌ക്കെ, പെട്ടെന്നൊരു ദിവസം രാത്രി ലൂസിയുടെ രോഗം മൂര്‍ച്ഛിച്ചു. സേവി അതിരാവിലേ തന്നെ ലൂസിയെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി അഡ്മിറ്റു ചെയ്തു.

അന്നു ഞാനോഫീസില്‍ നിന്നു പോരും മുന്‍പേ ശാരിയുടെ ഫോണ്‍ വന്നു. ‘ചേട്ടാ, നാളെ ലൂസിയെ കാണാന്‍ പോണം. ചേട്ടന്‍ ലീവെടുക്കണം.’ ‘ചേട്ടന്‍ ലീവെടുക്കണം’ എന്നവള്‍ അത്രയും തറപ്പിച്ച് അതിനു മുന്‍പു പറഞ്ഞ ഓര്‍മ്മയില്ല.

നാല്‍പ്പതു കിലോമീറ്ററോളം അകലെയാണ് ലൂസി കിടക്കുന്ന ആശുപത്രി. ഞാന്‍ ലീവെടുത്തു.

പിറ്റേന്നു രാവിലേ തന്നെ ഞങ്ങള്‍ ആശുപത്രിയിലെത്തി. ലൂസി മരുന്നുകളുടെ മയക്കത്തിലായിരുന്നു. ശാരി ലൂസിയുടെ അടുത്തു കാത്തിരുന്നു. ഞാന്‍ പുറത്തു നിന്നു. പുറത്തു പോയിരുന്ന സേവി അല്‍പ്പം കഴിഞ്ഞപ്പോള്‍ വന്നു. എന്നെ കണ്ട പാടെ സേവി കരഞ്ഞു. ‘അധികം നാളില്ല ചേട്ടാ. ഡോക്ടറു പറഞ്ഞു.’ ഞാന്‍ സഹതാപത്തോടെ സേവിയുടെ തോളത്തു കൈ വച്ചു.

കുറേനേരം കഴിഞ്ഞപ്പോള്‍ ലൂസി കണ്ണു തുറന്നു. ശാരിയെ കണ്ട പാടെ അവള്‍ ശാരിയുടെ കരം ഗ്രഹിച്ചുകൊണ്ട്എന്തോ പറഞ്ഞു. അവള്‍ പറയുന്നതു കേള്‍ക്കാന്‍ ശാരി കാത് ലൂസിയുടെ ചുണ്ടോടടുപ്പിച്ചു. ലൂസി പറഞ്ഞത് ആവര്‍ത്തിച്ചു കാണണം. അവള്‍ പറഞ്ഞതു കേട്ടയുടനെ ശാരി എന്നെ നോക്കി. ഞാന്‍ ശാരിയുടെ അടുത്തേയ്ക്കുചെന്നു. ശാരിയുടെ കൈ ലൂസി മുറുക്കിപ്പിടിച്ചിരുന്നു.

‘ചേച്ചി കൂടെത്തന്നെ നിന്നോളാം.’ ശാരി ലൂസിയുടെ ചെവിയില്‍ പതിയെ പറഞ്ഞു. ലൂസി കണ്ണടച്ചു.

ഞാന്‍ ഉടന്‍ വീട്ടിലേയ്ക്കു തിരികെച്ചെന്ന് ശാരിയ്ക്ക് അത്യാവശ്യമുള്ള വസ്ത്രങ്ങളും വസ്തുക്കളുമായി വീണ്ടും ആശുപത്രിയിലേയ്ക്കു ചെന്നു. തൊട്ടടുത്ത മുറി കൂടി ആശുപത്രിക്കാര്‍ ഞങ്ങള്‍ക്ക് ദയാപുരസ്സരം തന്നു.

ഞാന്‍ ഒരാഴ്ചത്തേയ്ക്കു ലീവു ചോദിച്ചു. ‘ഐ ഡോണ്ട് അണ്ടര്‍സ്റ്റാന്റ്. ദ പേഷ്യന്റ് ഈസ് നോട് റിലേറ്റഡ് റ്റു യു. ദെന്‍ വൈ ഷുഡ് യു ബോദര്‍?’ എന്റെ ഡീജീഎം ചോദിച്ചു. ചോദ്യം ന്യായം.

‘ആ കുട്ടി എന്റെ മിസ്സിസ്സിനെ സ്വന്തം ചേച്ചിയായി കണക്കാക്കുന്നു. ഹെര്‍ എന്‍ഡ് ഈസ് ഫിയേര്‍ഡ് റ്റു ബി നിയര്‍.’ ഞാന്‍ വിശദീകരിച്ചു.

ഡിപ്പാര്‍ട്ടുമെന്റു കൊണ്ടുനടക്കാന്‍ പറ്റിയ ഒരാളെ പെട്ടെന്നെവിടുന്നു കിട്ടും? പക്ഷേ വൈമനസ്യത്തോടെയാണെങ്കിലും ലീവു കിട്ടി.

ശാരിയുടെ അമ്മയെ വിളിച്ചറിയിച്ചു. അമ്മയ്ക്കത് എന്തുകൊണ്ടോ തീരെ ഇഷ്ടപ്പെട്ടില്ല. ‘തോന്നിയതൊക്കെച്ചെയ്യാന്‍ അവളും അവളുടെ താളത്തിനൊത്തു തുള്ളാന്‍ നീയ്യും.’ ശാരിയുടെ ചേച്ചി, വിലാസിനിച്ചേച്ചി,ഉടന്‍ ബെങ്കളൂരില്‍ നിന്നു വിളിച്ചു. ‘അവളങ്ങനെ വല്ലവര്‍ക്കും കൂട്ടു നില്‍ക്കണതെന്തിന്? നീയെന്തിനതു സമ്മതിച്ചു?’ ‘ഒന്നില്ലെങ്കില്‍ നാട്ടുകാരെയെങ്കിലും ഭയപ്പെടണ്ടേ?’ എന്നായി ഭവാനി, ശാരിയുടെ അനുജത്തി.

എനിയ്ക്കും അവരുടെ അഭിപ്രായങ്ങളോടു നേരിയൊരു യോജിപ്പില്ലാഞ്ഞല്ല. നാട്ടുകാര്‍ക്കു വേണ്ടി ശാരി ഇങ്ങനെയൊക്കെ സ്വയം കഷ്ടപ്പാടനുഭവിയ്‌ക്കേണ്ട യാതൊരു കാര്യവുമില്ല. അതും മനുഷ്യര്‍ ചെന്നെത്താന്‍ ഭയപ്പെടുന്ന കാന്‍സര്‍ രോഗാസ്പത്രിയില്‍. ഇങ്ങനെ കഷ്ടപ്പെട്ടാല്‍ ഒടുവില്‍ ശാരിയ്ക്കു തന്നെ സുഖമില്ലാതായാലോ? ഞാനാ ചിന്തയില്‍ നടുങ്ങി.

പക്ഷേ, ശാരിയുടെ മുന്‍പില്‍ കര്‍ക്കശ നിലപാടുകളെടുക്കുക അസാദ്ധ്യമാണ്.

കോളേജ് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിയ്ക്കുന്ന ഞങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്കും ലൂസിയുടെ കഷ്ടപ്പാടുകളറിഞ്ഞു വിഷാദമുണ്ടായി. അവര്‍ക്ക് ലൂസിയെ നന്നായറിയാമായിരുന്നു.

ബോധം തെളിഞ്ഞ അപൂര്‍വ്വം ചില സമയങ്ങളിലൊക്കെ ശാരി ലൂസിയ്ക്ക് തീരെക്കുറഞ്ഞ തോതിലെങ്കിലും ആഹാരം വാരിക്കൊടുത്തു. കുടിയ്ക്കാന്‍ വെള്ളം സ്പൂണില്‍ വായിലൊഴിച്ചു കൊടുത്തു. ഛര്‍ദ്ദിച്ചപ്പോള്‍ അതൊക്കെ തുടച്ചു മാറ്റി, പുറം തടവിക്കൊടുത്തു.

ആശ്വാസം തോന്നിയ നിമിഷങ്ങളില്‍ ലൂസി നന്ദിയോടെ ശാരിയെ നോക്കി, ശാരിയുടെ കൈയില്‍ മുറുകെപ്പിടിച്ചു. ശാരിയുടെ സാന്നിദ്ധ്യം ലൂസിയ്ക്ക് ആശ്വാസം നല്‍കിയിരുന്നു കാണണം. മുന്‍കാലങ്ങളിലും അതങ്ങനെ തന്നെയായിരുന്നു. ലൂസിയുടെ കുഞ്ഞു മരിച്ചപ്പോഴും, സേവിയുടെ ആദ്യത്തെ ജോലി നഷ്ടപ്പെട്ടപ്പോഴും സേവിയുടെ വീട്ടുകാര്‍ ഇടഞ്ഞപ്പോഴുമൊക്കെ ലൂസി ശാരിയില്‍ ആശ്വാസം കണ്ടെത്തിയിരുന്നു.

ലൂസിയ്ക്ക് ബോധം തെളിഞ്ഞ സന്ദര്‍ഭങ്ങളില്‍ ശാരി ഇടയ്ക്കിടെ സേവിയെ വിളിച്ച് ലൂസിയുടെ അടുത്തിരുത്തി സ്വയം പുറത്തിറങ്ങി നിന്നു കൊടുത്തു. ദമ്പതികള്‍ ഇടയ്ക്കിടെ ഒന്നിച്ചിരിയ്ക്കട്ടെ.

സേവി, പാവം, കരഞ്ഞു കൊണ്ടിരുന്നു.

ലൂസിയെ കാണാന്‍ ദിവസേന ഒരുപാടു പേര്‍ വന്നു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആ ദീപം പൊലിഞ്ഞു.

പിറ്റേദിവസം സേവിയുടെ വീട്ടില്‍ വച്ചു നടന്ന അന്ത്യോപചാരച്ചടങ്ങില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ഗേയ്റ്റിനു പുറത്ത്, ആള്‍ക്കൂട്ടത്തിന്നിടയില്‍, മതിലിന്നോടു ചേര്‍ന്ന്, വെള്ളപ്പുതപ്പണിഞ്ഞു കിടന്ന മൃതദേഹത്തിലേയ്ക്കു നോക്കാന്‍ ധൈര്യപ്പെടാതെ ശാരിയും അവളോടൊപ്പം ഞാനും നിന്നു. ലൂസിയെപ്പറ്റി ഒട്ടേറെ സ്മരണകള്‍ അവളുടെ മനസ്സിലുയര്‍ന്നു കാണണം.

മൃതദേഹം സെമിത്തേരിയിലേയ്‌ക്കെടുക്കും മുന്‍പ് വികാരിയച്ചന്‍ ലൂസിയെപ്പറ്റി ഹൃദയസ്പര്‍ശിയായ ചില കാര്യങ്ങള്‍ പറഞ്ഞത് പലരുടേയും കണ്ണു നനയിച്ചു. തന്റെ ചെറുപ്രസംഗം അച്ചന്‍ അവസാനിപ്പിച്ചത് ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു: ‘നമ്മുടെ ഈ അരുമപ്പുത്രിയുടെ അന്ത്യദിനങ്ങളില്‍ അവളെ സ്വന്തം അനിയത്തിയെന്ന പോലെ കരുണയോടെ ശുശ്രൂഷിച്ച, ശാരിച്ചേച്ചിയെന്ന കേശു ഭാര്യ ശാരദയെ താന്‍ ഏതു ലോകത്തിരുന്നായാലും എക്കാലവും സ്‌നേഹത്തോടും കൃതജ്ഞതയോടും സ്മരിയ്ക്കുമെന്നും, താന്‍ മരിച്ചുപോയാലും ശാരദയെതന്റെ മൂത്ത സഹോദരിയായി കണക്കാക്കിക്കൊള്ളണമെന്നും ലൂസി സ്വഭര്‍ത്താവായ സേവിയറോട് ചരമത്തിനു മുന്‍പുള്ള ദിനങ്ങളിലൊന്നില്‍ പറയുകയുണ്ടായി. ലൂസിയുടെ അന്ത്യദിനങ്ങളില്‍ അവള്‍ക്ക് സ്‌നേഹവും സാന്ത്വനവും ധൈര്യവും നല്‍കിയ കേശു ഭാര്യ ശാരദയോട് ലൂസിയെ സ്‌നേഹിച്ച നാമെല്ലാവരും കടപ്പെട്ടിരിയ്ക്കുന്നു…’

അതു വരെ ദുഃഖം മുഴുവനും അടക്കിപ്പിടിച്ചു നിന്നിരുന്ന ശാരി എന്റെ തോളില്‍ തല ചായ്ച്ച് വിങ്ങിക്കരഞ്ഞു.

മൃതദേഹവും വഹിച്ചുകൊണ്ടു പുറപ്പെട്ട വിലാപയാത്രയുടെ മുന്നില്‍ നടന്ന വികാരിയച്ചന്‍ ഗേയ്റ്റു കടന്നയുടനെഞങ്ങളുടെ അടുത്തേയ്ക്കു വന്ന് കൈകൂപ്പിക്കൊണ്ടു ഞങ്ങളോടു പറഞ്ഞു, ‘കരുണാമയനായ സര്‍വ്വശക്തന്റെ അനുഗ്രഹം കരുണാമയരായ നിങ്ങളോടൊപ്പം എപ്പോഴുമുണ്ടാകട്ടെ.’

ശാരി കണ്ണുനീരൊഴുക്കിക്കൊണ്ട് കൈകൂപ്പി നിന്നു. വികാരിയച്ചനെ അനുഗമിച്ചവര്‍ ഓരോരുത്തരായി ശാരിയുടെ നേരേ കൈകൂപ്പിയ ശേഷം നടന്നു പോയി.

ബബബബബബബബബബബബബബബബബബബബബബബബബബബബബബബബബബബ

(ഈ കഥ തികച്ചും സാങ്കല്‍പികമാണ്.)