ജന്തുലോകത്തെ അന്ധവിശ്വാസങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

‘ആൺമയിൽ പെൺമയിലിന്റെ അടുത്തേക്ക് ഇണ ചേരാൻ പോകാറില്ല. ഇണ ചേരാൻ തോന്നുമ്പോൾ അവ കരയും. ആ കണ്ണീർ കുടിച്ചാണ് പെൺമയിലുകൾ ഗർഭിണികളാകുന്നത്. അതിനാൽത്തന്നെ ബ്രഹ്മചാരികളുമാണ് ആൺമയിലുകൾ…’ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജ് മഹേഷ് ചന്ദ് ശർമയുടെ വാക്കുകൾ നെറ്റ്‌ലോകം ‍ട്രോളുകളാൽ ആഘോഷമാക്കി.പശു ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും നേരത്തേ പ്രചാരണങ്ങളുണ്ടായി. പക്ഷേ മറ്റെല്ലാ ജന്തുക്കളെയും പോലെ പശുവും ഓക്സിജൻ സ്വീകരിച്ച് കാർബൺഡൈ ഓക്സൈഡ് പുറത്തുവിടുന്നുവെന്നത് പരമമായ സത്യം.

മയിലുകളിൽ നിന്നു തുടങ്ങാം. എവിടേക്കെങ്കിലും യാത്ര പോകാനിറങ്ങിയാൽ മയിലിനെ കണ്ടാൽ ഐശ്വര്യമാണെന്നാണ് ഇന്ത്യയിൽ പലയിടത്തെയും വിശ്വാസം. അതേസമയം മയിൽപ്പീലി ദു:ശ്ശകുനമാണെ ന്നാണ് പാശ്ചാത്യ ലോകത്തെ വിശ്വാസം. പീലിക്കു നടുവിലുള്ളത് ‘ചെകുത്താന്റെ കണ്ണ്’ ആണെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. പീലി വീട്ടിലിരുന്നാൽ കഷ്ടപ്പാടാകുമെന്നും സ്ത്രീകളുടെ കല്യാണം നടക്കില്ലെന്നും വരെ വിശ്വാസമുണ്ട്. മയിൽപ്പീലി കൊണ്ടുള്ള സിനിമാസെറ്റിട്ടാൽ അത് തകർന്നുവീഴുമെന്ന് ഭയന്ന് അഭിനയിക്കാൻ തയാറാകാത്ത നടീനടന്മാർ വരെയുണ്ട്. പക്ഷേ ഇന്ത്യയിൽ പീലിക്ക് നടുവിലെ കണ്ണ് ഐശ്വര്യപ്രതീകമാണ്. പീലി വീട്ടിൽ സൂക്ഷിച്ചാൽ അപകടങ്ങൾക്കു നേരെ ഒരു ‘മൂന്നാം കണ്ണ്’ എപ്പോഴുമുണ്ടാകു മെന്ന് പലരും വിശ്വസിക്കുന്നു. മയിൽപ്പീലി പുസ്തകത്താളുകൾക്കിടയിൽ വച്ചാൽ പ്രസവിക്കുമെന്ന് വിശ്വസിക്കാത്തവരും കുറവല്ലല്ലോ!

കാണ്ടാമൃഗത്തിന്റെ കൊമ്പ് ഉണക്കിപ്പൊടി ച്ചത് മദ്യത്തിൽ ചേർത്തു കഴിച്ചാൽ കരളിനു നല്ലതെന്നാണ് വിശ്വാസം. എത്ര കുടിച്ചാലും പിന്നെ കരളിന് യാതൊരു കുഴപ്പവും വരില്ലത്രേ! മദ്യപിച്ചതിന്റെ ഹാങ് ഓവർ മാറി ‘എനർജറ്റിക്’ ആകാനും കാണ്ടാമൃഗക്കൊമ്പ് പൊടി മികച്ച ഔഷധമാണെന്നും പ്രചാരണമുണ്ട്. പക്ഷേ മനുഷ്യ ശരീരത്തിലെ മുടിയിലും, നഖത്തിലു മെല്ലാം അടങ്ങിയിട്ടുള്ള കെരാറ്റിൻ എന്ന നിർമാണഘടകമാണ് ആ കൊമ്പിനു പിന്നിലും. അതായത് രോമങ്ങൾ കാലക്രമേണ കൂടിച്ചേർന്നാണ് കൊമ്പായത്.

ചെറിയ ഈനാംപേച്ചിയുടെ ശൽക്കങ്ങൾ പൊടിച്ചു കഴിച്ചാൽ മുലപ്പാൽ വർധിക്കുമെന്നാ ണ് ചൈനീസ് നാട്ടുവൈദ്യം! കൂടാതെ ആസ്ത്‌മയ്ക്കും, കാൻസറിനും വരെ ഫലപ്രദമാണത്രേ ഇത്. ഏതോ ഒരു കോടീശ്വര ന്റെ കാൻസർ ഇതുവഴി മാറിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെയാണ് ഈനാംപേച്ചിയുടെ കഷ്ടകാലവും തുടങ്ങിയത്. പക്ഷേ ഇന്നേവരെ ഈ ശൽക്കങ്ങളുടെ ഔഷധഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ലോകത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള ‘കാട്ടുമരുന്നി’ലൊന്നാണ് കടുവയുടെ എല്ല്. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിനും, പ്രോട്ടീനും മുറിവ് ഉണക്കാനും പൊള്ളല്‍ പെട്ടെന്ന് ഭേദമാക്കാനും സാധിക്കുമെന്നാണ് പ്രചാരണം. സന്ധിവേദന, ക്ഷീണം, തലവേദന, നടുവേദന, കാലുവേദന എന്തിനേറെ വയറിളക്കത്തിനു വരെ കടുവയുടെ എല്ലിൻ പൊടി കഴിച്ചാൽ മതിയെന്നും വിശ്വാസം. അല്ല, വെറും അന്ധവിശ്വാസം! കടുവയുടെ ലിംഗം കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് ലൈംഗികോ ത്തേജനത്തിനു സഹായിക്കുമെന്നത് മറ്റൊരു നുണ.

എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ കറുത്ത പൂച്ച കുറുകെച്ചാടിയാൽ ദു:ശ്ശകുനമാണെ ന്നാണു പലരുടെയും വിശ്വാസം. പണ്ടുകാലത്ത് രാത്രിയിൽ കാടുകൾ വഴി കാളവണ്ടികളിലാണ് ചരക്കുകള്‍ കൊണ്ടുപോയിരുന്നത്. മാർജാര വർഗത്തിൽപ്പെട്ട കടുവയുടെയും, പുലിയുടെയു മെല്ലാം കണ്ണുകൾ രാത്രിയിൽ തിളങ്ങും. കാട്ടിൽ ഇതു കാണുന്ന കാളകൾ പിന്നെ മുന്നോട്ടു നീങ്ങില്ല.നേരംവെളുത്തിട്ടേ യാത്ര തുടരാനാകൂ. യാത്ര മുടക്കിയെന്ന നിലയിലാണ് ഈ മൃഗങ്ങളെ കച്ചവടക്കാർ കണ്ടിരുന്നത്; അതായത് ദു:ശ്ശകുനങ്ങൾ. കാലമേറെ കഴിഞ്ഞു. കാടുവഴിയുള്ള യാത്ര നിലച്ചു. പക്ഷേ മാർജാരന്മാരുമായുള്ള ദു:ശ്ശകുന ബന്ധം മാത്രം നാം വിട്ടില്ല. പുലിയെയും, കടുവയെയുമൊക്കെ കിട്ടാതായതോടെ നാം പൂച്ചയെ അതിലേക്ക് വലിച്ചിഴച്ചു. കറുത്ത പൂച്ചയാണെങ്കിൽ ദു:ശ്ശകുനം കൂടുമെന്നു വരെയായി!

ആനയുടെ കാൽ വെട്ടിയെടുത്ത് കിട്ടുന്ന നഖത്തോടു കൂടിയ കഷ്ണമെടുത്ത് അരച്ച് പുരട്ടിയാൽ ഹെർണിയ രോഗം ഭേദമാകുമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ആനക്കൊ മ്പെടുത്ത് ബാക്കി വരുന്ന ഭാഗങ്ങൾക്കു കൂടി വില കിട്ടാൻ കാട്ടുകൊള്ളക്കാർ കൊണ്ടുവന്ന തന്ത്രമാണിത്. ഹെർണിയക്ക് ഇതും പുരട്ടി നടന്നാൽ രോഗം മൂർച്ഛിച്ച് മരണം വരെ സംഭവിക്കും!

പാമ്പ് പാൽകുടിക്കുമെന്നത് വേറൊരു വിശ്വാസം. കുടിക്കുമെന്നതിനെക്കാളും കുടിപ്പിക്കും എന്നു പറയുന്നതാണു സത്യം. ശീതരക്തമുള്ള ഉരഗമാണ് പാമ്പ്. അതും മാംസഭോജി. പാൽ കഴിച്ചാൽ ദഹിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പക്ഷേ നാഗപഞ്ചമി പോലുള്ള വിശേഷദിവസങ്ങളിൽ പാമ്പുകൾ ‘മടമടാ’ പാലു കുടിക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് പാമ്പാട്ടികളുടെ തന്ത്രമാണ്. 30–45 ദിവസം വരെ അധികം വെള്ളം കുടിക്കാൻ കൊടുക്കാതെ വളർത്തിയാണ് ഇവയ്ക്ക് മുന്നിൽ പാലു വയ്ക്കുന്നത്. ഏതു പാമ്പും കുടിച്ചു പോകും!

പാമ്പിനെ ചവിട്ടിയാലോ തല്ലിയാലോ അത് 12 വർഷം വരെ ഓർത്തിരിക്കും.തക്കംപാർത്തി രുന്ന് പ്രതികാരം ചെയ്യും. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല, ഈ പ്രചാരണത്തിന്.

പാമ്പാട്ടിയുടെ മകുടിയുടെ പാട്ട് കേട്ടാണ് പാമ്പ് തലയാട്ടുന്നത്: അല്ല, മകുടി തനിക്കു നേരെ ഉയർത്തുമ്പോൾ തന്നെ ആക്രമിക്കാൻ വരുന്ന എന്തോ ആയാണ് പാമ്പിനു തോന്നുക. പ്രത്യാക്രമണത്തിനു വേണ്ടി പാമ്പ് നടത്തുന്ന ‘പൊസിഷനിങ്’ ആണ് പാമ്പാട്ടമായി തോന്നുന്നത്. പാമ്പിന് ചെവി കേൾക്കില്ല.

‌ പാമ്പിന്റെ വിഷം തലയിലുറച്ച് മാണിക്യമായി മാറാറുണ്ട്. ഇന്നേവരെ ഒരാളു പോലും കണ്ടിട്ടില്ല അത്. അത്തരത്തിൽ നാഗമാണിക്യമാണെന്ന് അവകാശപ്പെട്ടു വരുന്ന ഒട്ടേറെപ്പേരുണ്ട്. തട്ടിപ്പുകാരാണെന്ന് ഉറപ്പിച്ചേക്കുക

ചുവപ്പുനിറം കണ്ടാൽ കാളയ്ക്ക് വിറളി പിടിക്കുമെന്നു പറയുന്നത് വെറുതെയാണ്. വർണാന്ധതയുള്ള മൃഗമാണ് കാള. കാളപ്പോരിനിടെ തുണിയുടെ ചലനം കാരണമാണ് അതിന് വിറളി പിടിക്കുന്നത്. ചോരപ്പാട് തിരിച്ചറിയാതിരിക്കാനാണ് പരമ്പരാഗതമായി ചുവന്ന തുണി ഉപയോഗിക്കുന്നതെന്നതാണു സത്യം.

വയറുവേദന വരുമ്പോൾ നായ്ക്കൾ പുല്ലു തിന്നും: വെറുതെ പറയുന്നതാണ്. മിക്ക നായ്ക്കളും പുല്ലു തിന്നും, അവയ്ക്ക് അതിഷ്ടമായതു കൊണ്ടാണ് അല്ലാതെ വയറുവേദനിച്ചിട്ടല്ല.

മനുഷ്യർ സ്പർശിച്ച കിളിക്കുഞ്ഞുങ്ങളെ അമ്മക്കിളി തിരിച്ചെടുക്കില്ലെന്നാണൊരു വിശ്വാസം. പക്ഷേ അത്രയും ശക്തമായി മണം പിടിക്കാനുള്ള കഴിവൊന്നും പക്ഷികൾക്കില്ലെ ന്നതാണു സത്യം.

കരിങ്കുരങ്ങിന്റെ ഇറച്ചി വില്ലൻചുമ മാറ്റുമെന്ന പ്രചാരണം കാരണം ഇപ്പോഴും അവയ്ക്ക് ഇരിക്കപ്പൊറുതിയില്ല. കരിങ്കുരങ്ങ് രസായനം എന്ന പ്രയോഗം വരെയുണ്ടായി. പക്ഷേ ഒരു ഔഷധഗുണവുമില്ല കരിങ്കുരങ്ങിന്. കരടിയെ കൊന്നെടുത്ത നെയ് തേച്ചാൽ താടി വളരുമെന്നു പറയുന്നതു പോലൊരു മുട്ടൻ നുണ മാത്രം.ഇത്തരത്തിൽ ഇല്ലാത്ത ഗുണങ്ങളുടെ പേരിൽ ഒട്ടേറെ മൃഗങ്ങളാണ് വേട്ടയാടപ്പെടുന്നത്. ലോകത്ത് ഇന്ന് വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഏതാണ്ട് 95 ശതമാനവും ഇത്തരത്തിൽ അന്ധവിശ്വാസത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നവയാണ്.

You May Also Like

ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചശേഷം പാചകം ചെയ്താൽ തീ പിടിക്കുമോ ?

ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചശേഷം പാചകം ചെയ്താൽ തീ പിടിക്കുമോ ? അറിവ് തേടുന്ന പാവം പ്രവാസി…

എന്താണ് സൂര്യന്റെ കൊറോണ ?

സൗരോപരിതലത്തേക്കാൾ ചൂട് ഈ ഭാഗത്ത് കാണപ്പെടുന്നു.ഭൂമിയുടെ പത്തുലക്ഷത്തിലധികം മടങ്ങ് വലുപ്പമുള്ളതാണ് സൂര്യൻ

മനോഹാരിത കാഴ്ച്ചയിൽ മാത്രമേ ഉള്ളൂ, ലോകത്തെ ഏറ്റവും അപകടകരമായ എയർപോർട്ട്

Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് ) ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന മനോഹരമായ എയർപ്പോർട്ട്. ഭൂട്ടാനിലെ…

സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ തന്‍റെ കൊടിയടയാളമായി ഉപയോഗിച്ചതിനാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പൗരാണിക അടയാളമാണ് സ്വസ്തിക

ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയിൽ പവിത്രമായ ഒരു ചിഹ്നമാണ് സ്വസ്തിക. പുരാതന മതത്തിന്റെ പ്രതീകമാണ് ഇത്