N P Ashley
പൗരന്മാരെ കാണികളാക്കി മാറ്റുന്നു എന്ന നിരീക്ഷണത്തിനു ഉദാഹരണം പറയാറ് കളി കാണുന്നത് ഉപയോഗിച്ചാണ്.
രണ്ടു സുഹൃത്തുക്കൾ ഒരു ബ്രസീൽ അർജന്റീന മത്സരം കാണാൻ പോവുന്നു എന്നിരിക്കട്ടെ. ഒരാൾ ബ്രസീൽ ഫാനും മറ്റെയാൾ അർജന്റീന ഫാനും. കളി തുടങ്ങിയാൽ തീരുന്നതു വരെ രണ്ടു പേർക്കും ഒരു ബന്ധവും ഉണ്ടാവില്ല. ഒരാളുടെ സന്തോഷം മറ്റേയാളുടെ സങ്കടം ആയിരിക്കും. അടുത്തിരിക്കുന്ന, മുമ്പ് പരിചയമേ ഇല്ലാത്ത ആൾ ബ്രസീൽ ഫാൻ ആണ് എന്നതുകൊണ്ട് മാത്രം ബ്രസീൽ ഫാനായ ആളുടെ സുഹൃത്തായി മാറുന്നു. മധ്യത്തിലുള്ള കളി എന്ന കാഴ്‌ച കളി നടക്കുന്ന സമയം ആളുകൾ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്നു. അതിനു മുൻപും പിൻപും ഉള്ള ഓർമകളെയോ സ്വപ്നങ്ങളെയോ മറന്നു മൈതാനമധ്യത്തിലെ ദൃശ്യത്തിന്റെ എതിർ-അനുകൂലം ഭാഗങ്ങളിൽ ആളുകൾ നിലയുറപ്പിക്കുന്നു. അവരുടെ മനസ്സിനെ ആ ദൃശ്യം എന്ന ചിഹ്നം, ആ സമയം തടവറയിലാക്കുന്നു.
ഇതാണ് ഭൂരിപക്ഷതാവാദത്തിന്റെയും അടിസ്ഥാനം എന്നതാണ് വാദം. തങ്ങളുടെ മൂർത്തമായ ജീവിതസാഹചര്യങ്ങളെ മറന്നു ഭൂരിപക്ഷതാവാദിയായ വ്യക്തിത്വപരിവേഷത്തിനു എതിരായും അനുകൂലമായും രണ്ടു ക്യാമ്പുകൾ നിർമ്മിക്കപ്പെടുന്നു-അവർ അതൊരു ലോകക്രമം ആയി മാറ്റുന്നു. അങ്ങിനെ ഓരോരുത്തരെയും സ്വന്തം പശ്ചാത്തലത്തിൽ നിന്ന് അടർത്തിയെടുത്തു ചിഹ്നങ്ങളുടെ ലോകത്തു കൊണ്ട് പോയി വെക്കുന്നു എന്നത് കൊണ്ടാണ് ഫാസിസത്തിന്റെ ലോകക്രമം അടിസ്ഥാനപരമായി അധാര്മികമാണ് എന്ന് പറയുന്നത്. “ഫാസിസം രാഷ്ട്രീയത്തിന്റെ അടയാളവൽക്കരണമാണ്” എന്ന് വാൾട്ടർ ബെന്യാമിൻ.
എല്ലാ അന്യാപദേശകഥകളെയും (allegory) പോലെ, ഇത് കളി എന്താണ് എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണയിലാണ് നിർമിച്ചിട്ടുള്ളത്. ആ ധാരണയെ നിന്ന നില്പിൽ തിരുത്തിക്കളയുന്ന ഒരു മനോഹരമായ നിമിഷമായിരുന്നു മെസ്സിയും നെയ്മറും ചെയ്ത ആലിംഗനം (ഇങ്ങോട്ടു ഞങ്ങൾ ആലിംഗനത്തിനു “പിടിച്ചു ഉമ്മ കൂട്ടുക” എന്നാണു പറയുക. അതാണ് കണ്ടപ്പോൾ തോന്നിയതും).
അന്നോളം ഉറപ്പിച്ച വൈരുധ്യത്തിന്റെ എല്ലാ ചർച്ചകളെയും, തങ്ങൾക്കു ചുറ്റും കെട്ടിപ്പൊക്കിയ എല്ലാ ഭാരങ്ങളെയും ഒരമർത്തിയുള്ള ആലിംഗനത്തിൽ അവർ അലിയിച്ചു കളയുന്നതായി തോന്നി. സ്വാതന്ത്ര്യത്തിന്റെ, ആശ്വാസത്തിന്റെ, ആഹ്ലാദത്തിന്റെ ഏതൊക്കെ ലോകങ്ങളിലേക്കാണ് അവർ ഫുട്ബാളിനെ കൊണ്ട് പോയിക്കളഞ്ഞത്…
കോറോണയാൽ അനിശ്ചിതമായിരിക്കുന്ന മനുഷ്യവംശത്തിലെ കോടാനുകോടി മനുഷ്യർക്ക് സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ കൂസലില്ലാത്തതും കരുതലുള്ളതുമായ ആ ഉമ്മ കൂട്ടൽ ആവശ്യമുണ്ടായിരുന്നു. ആ ഊഷ്മളത രാജ്യഭേദമന്യേ, വംശഭേദമന്യേ, ആൺപെൺ ഭേദമന്യേ അവർ അനുഭവിച്ചു എന്ന് ഞാൻ വിചാരിക്കുന്നു. “ജീവിതത്തിന്റെ മഹാനദിയിൽ കുമളിച്ചു പൊന്തുന്ന മരണങ്ങൾ” എന്നൊരു വരി ഓർമയിലുണ്ട്. അതുപോലെ മനുഷ്യശരീരത്തിന്റെ വൈദഗ്ധ്യം കൊണ്ടു എന്തൊക്കെ ചെയ്യാമെന്ന് കാണിച്ചു തന്ന നിങ്ങൾ തന്നെ, അത് കൊണ്ട് എന്തൊക്കെ കൊടുക്കാമെന്നും ഇതാ കാണിച്ചു തന്നിരിക്കുന്നു- മനുഷ്യന്റെ ഏറ്റവും വലിയ സാധ്യത നിസ്സഹായതയുടെ ലോകത്തും തൽക്ഷണം രചിക്കാവുന്ന ഇത്തരം കവിതകൾ തന്നെ…മെസ്സി, നെയ്മർ നിങ്ങൾ നഷ്ടപ്പെടുത്തിയത് ഒരു ഉദാഹരണത്തെതന്നെയാണ്…❤