ടെർമിനേറ്ററിലെ തോക്കൊരു സാധാരണ തോക്കല്ല

417

N S Arun Kumar എഴുതുന്നു 

ടെർമിനേറ്റർ സിനിമയിൽ സൈബോർഗ് ആയി വരുന്ന അർനോൾഡ് ഉപയോഗിക്കുന്ന ഒരു ഗൺ ഉണ്ട്. ബാറിന്റെ ഉടമയിൽനിന്നും പിടിച്ചു വാങ്ങുന്ന ഗൺ.

ഇത് നമ്മളെ സംബന്ധിച്ചിടത്തോളം “ഏതോ ഒരു തോക്ക്” ആണെങ്കിലും അമേരിക്കക്കാർക്ക് അങ്ങനെയല്ല. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ‘റിപീറ്റിങ് ആന്റ് ലിവർ-ആക്ഷൻ ഷോട്ട്ഗൺ’ ആയിരുന്നു അത്.

അമേരിക്കൻ സിവിൽ വാറിൽ ഉപയോഗിക്കപ്പെട്ടതിലൂടെയാണ് ഈ ഗൺ ചരിത്രത്തിൽ സ്ഥാനം നേടുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്ത് റഷ്യൻ ആർമിയും ഇതേ ഗൺ ആണുപയോഗിച്ചത്. അതേ! അത്രയും പഴക്കമുള്ള സാധനമാണ്!

1887-ൽ ആദ്യം നിർമ്മിക്കപ്പെടുകയും 1920-ൽ നിർമ്മാണം നിറുത്തുകയും ചെയ്ത ഈ ഗൺ നിർമ്മിച്ചത് അമേരിക്കൻ കമ്പനിയായ ‘വിൻചെസ്റ്റർ റിപ്പീറ്റിങ് ആംസ് കമ്പനി’ (Winchester Repeating Arms Company) ആയിരുന്നു. പേര് ‘വിൻചെസ്റ്റർ 1887’ (Winchester 1887).

അമേരിക്കൻ ഗൺ ഡിസൈനർ ആയിരുന്ന ജോൺ ബ്രൗണിങ് (John Browning) ആയിരുന്നു അത് ഡിസൈൻ ചെയ്തത്. ‘പമ്പ് ആക്ഷൻ’ ഗൺ ആയി ചെയ്യാം എന്നായിരുന്നത്രേ ബ്രൗണിങ് ആദ്യം പറഞ്ഞത്. അതായത്, ഗണിന്റെ ‘റീകോയിൽ’ (Recoil) കൊണ്ടുതന്നെ സ്വയം അടുത്ത വെടിയുണ്ട ലോഡ് ആവുന്ന ‘സെൽഫ് ലോഡിങ്’ ടൈപ്പ്. പക്ഷേ, കമ്പനി ‘ലിവർ ലോഡിങ്’ടൈപ്പ് മതിയെന്നു പറഞ്ഞു. കാരണം, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ‘പമ്പ് ലോഡിങ് ഗൺ’ കൈവശം വെയ്ക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

അഞ്ച് ഷോട്ടുകൾ പോവുന്നതും ആറാമൊതൊരുണ്ട ശേഷിക്കുന്നതുമായ തോക്കാണ് ബ്രൗണിങ് നിർമ്മിച്ചത്. പുകവരുന്നതരം വെടിമരുന്ന് അഥവാ ‘കരിമരുന്ന് (Black Powder) ആയിരുന്നു ഉപയോഗിച്ചത്. ഇതിന് ശക്തി കുറവായിരുന്നുവെങ്കിലും വെടിശബ്ദം കൂടുതലായിരുന്നു. വെളുത്ത പുകയും വരും- കാരണം, ഗന്ധകം അഥവാ സൾഫർ, ചാർക്കോൾ, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയുടെ മിശ്രിതം ആയിരുന്നു ഉള്ളിൽ.

ഗണ്ണിന് മൂന്നര കിലോഗ്രാമിലധികം (3.6 kg) ഭാരമുണ്ടായിരുന്നു. (ഇതാണ് അർനോൾഡ് കൈകൊണ്ട് കറക്കി വെടിവെയ്ക്കുന്നതെന്നോർക്കുക!) ലോഡിങ് ലിവർ സാധാരണയായി വലിക്കുകയാണ് വേണ്ടത്. ട്രിഗറിനു മുമ്പിലായി, ഒരു ട്രിഗർ-ഗാർഡ് പോലെയാണ് അതിന്റെ സ്ഥാനം.

വിൻചെസ്റ്റർ 1887-ന്റെ ട്രിഗർഗാർഡ് വലിയ ഒരു വളയം പോലെയായിരുന്നു. അതുകൊണ്ട് ഒരു റിവോൾവർ പോലെ അത് കറക്കി ഉപയോഗിക്കാമായിരുന്നു. സിനിമയിൽ കാണിക്കുന്ന Winchester 1887-ന്റെ ബാരൽ മുറിച്ചതാണ്. അങ്ങനെ ചെയ്യുന്നവരുണ്ടായിരുന്നു. അല്ലെങ്കിൽ ആകെ നീളം ഒരു മീറ്ററോളം ഉണ്ടായിരുന്നു. ഓർക്കുക: ഇതൊരു പിസ്റ്റൾ അല്ല, റൈഫിൾ ആയിരുന്നു, മിലിട്ടറി ഗ്രേഡിലുള്ള.

Winchester 1887 ഇപ്പോൾ വാങ്ങാൻ കിട്ടില്ല. പക്ഷേ, അതിന്റെ ‘അനുകരണങ്ങൾ’ (exact replicas) മറ്റ് കമ്പനികളുടേതായി പുറത്തു വരുന്നുണ്ട്.

ലോകമെമ്പാടുമായി റൈഫിളുകൾ ‘സെൽഫ് ലോഡിങി(പമ്പ് ലോഡിങ്)ലേക്കു നീങ്ങുകയും ‘പുകരഹിതവെടിമരുന്ന്'(Potassium carbonate, Potassium sulfate, Potassium sulfite) ഉപയോഗിക്കുന്ന ഹെവി-റീകോയിൽ ടൈപ്പിലേക്ക് (പുകരഹിതവെടിമരുന്നിന്റെ ഒരു പരിഷ്കൃത രൂപമാണ് മിസൈലുകളിലും റോക്കറ്റുകളിലും ഉപയോഗിക്കുന്നത്) മാറുകയും ചെയ്തതോടെയാണ് ‘ലിവർലോഡിങ് ടൈപ്പ്’ ആയ W-1887-ന്റെ കാലം അവസാനിച്ചത്.

അതുതന്നെയാണ്, ടെർമിനേറ്റർ സിനിമയിൽ ഈ തോക്ക് സൃഷ്ടിക്കുന്ന ‘മെറ്റഫറും’: ടെർമിനേറ്റർ ആയി വരുന്ന ‘അർനോൾഡ്’ വെറും പ്രാകൃതമായ ഒരു സൈബോർഗ് ആണ്. അതിന്റെ അഡ്വാൻസ്ഡ് ഫോമുകൾ വരാനുണ്ട്. അതെന്തായിരുന്നുവെന്ന് പടം സീരീസ് മുഴുവൻ കണ്ടവർക്ക് അറിയാമല്ലോ!!