N S Arun Kumar

നന്നായി ചായ തയ്യാറാക്കാൻ കഴിയുന്ന ഒരു യുവതിയുടെ കഥ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. അലക്കിയലക്കി പൊടിഞ്ഞുപോവാറായ സാരിയുമുടുത്ത് അവൾ ലൈബ്രറിയിൽ പോയി. അച്ഛന്റെ നാമമാത്രമായ പെൻഷൻ കാത്തിരുന്നു. ‘സ്വാതന്ത്ര്യസമരസേനാനിയുടെ മകൾ’ എന്നാണ് കഥയുടെ പേര്.

N S Arun Kumar
N S Arun Kumar

അതവിടെ നിൽക്കട്ടെ. അന്ന് ആ കഥാപാത്രം ഉപയോഗിച്ചിരുന്ന തേയില ഏതായിരുന്നു കാണണം? തീർച്ചയായും അത് ബ്രൂക്ക് ബോൺഡ് ആയിരുന്നേനെ. കാരണം, ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രചാരമുള്ളതുമായ തേയില ബ്രൂക്ക് ബോൺഡ് ആയിരുന്നു.

1845-ൽ ഇംഗ്ളണ്ടിലെ ലകാൻഷെയറിൽ ജനിച്ച ആർതർ ബ്രൂക്ക് (Arthur Brooke) ആയിരുന്നു Brooke Bond കമ്പനി തുടങ്ങിയത്. 1869-ൽ, മാഞ്ചെസ്റ്ററിലായിരുന്നു ആദ്യത്തെ ടീ ഷോപ്പ്. ഉപഭോക്താക്കളുമായുള്ള സുദൃഢമായ ആത്മബന്ധം എന്നതിന്റെ സൂചകമായാണ് ആദ്യകാല പരസ്യങ്ങളിൽ Bond എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് അത് കമ്പനിയുടെ പേരുമായി ചേരുകയായിരുന്നു.

1903-ലാണ് ബ്രൂക്ക് ബോൺഡ് ഇന്ത്യയിലെത്തുന്നത്. ആസ്സാമിലും ഡാർജിലിങിലും ത്രിപുരയിലുമാണ് അന്ന് ബ്രിട്ടീഷുകാർ തേയിലക്കൃഷി നടത്തിയിരുന്നത്. ബ്രഹ്മപുത്രാനദിയുടെ വടക്കൻ തീരത്തിൽ, മൺസൂൺ മഴ കൊണ്ടുണ്ടാകുന്ന വെള്ളപ്പൊക്കത്താലുള്ള എക്കൽമണ്ണും സൂര്യതാപവും തണുപ്പും തേയിലയ്ക്ക് അത്യുത്തമമായിരുന്നു. അവിടുത്തെ തേയില ചൂടുവെള്ളത്തിൽ ചുകചുകാ ചുവക്കുന്നതായിരുന്നു. അങ്ങനെ അത് ബ്രാൻഡായി: ‘Red Label’. ബ്രൂക്ക് ബോൺഡ് ഈ പേരിലാണ് ഇന്ത്യയിൽ തേയില വിറ്റത്.

ഇന്ന് പശ്ചിമബംഗാളിലെ ഒരു
മുനിസിപ്പാലിറ്റിയായ Koch Behar-ലും മേഘാലയയിലുമായിരുന്നു മറ്റ് തേയിലത്തോട്ടങ്ങൾ. പക്ഷേ, ആസ്സാമിലേയും ഡാർജിലിങിലേയും തേയില പ്രത്യേക ലേബലിൽ തന്നെ കിട്ടുമായിരുന്നു, അതായിരുന്നു Brooke Bond Tajmahal.

അതിനിടെ തേയിലയുടെ പ്രചാരം വർദ്ധിപ്പിക്കാനായി ബ്രൂക്ക് ബോൺഡ് കമ്പനി ഒരു ഉപായം കണ്ടെത്തി. ‘ടീ കാർഡുകൾ’. ചെറിയ പാക്കറ്റ് തേയില ക്കുള്ളിൽ ഒരു സചിത്ര കാർഡ് ഉണ്ടാവും. 1950 മുതൽ 80-കൾ വരെ, ലോകത്തിലെ ബ്രിട്ടീഷ് കോളനികളിലെ കുട്ടികൾ ഈ കാർഡുകൾ ആവേശത്തോടെ ശേഖരിച്ചു.

വെറും തീപ്പെട്ടിപ്പടങ്ങളുമായിരുന്നില്ല ഈ ടീകാർഡുകൾ. അവയിലെ ചിത്രങ്ങൾ വരയ്ക്കാൻ പ്രശസ്തരായ ചിത്രകാരന്മാരേയാണ് ബ്രൂക്ക് ബോൺഡ് കരാറിലെടുത്തത്. അതിലൊരാളായിരുന്നു പിൽക്കാലത്ത് ബ്രിട്ടീഷ് റോയൽ സൊസൈറ്റി വരെയെത്തിയ Charles Tunnicliffe (1901-1979). ഇദ്ദേഹം വരച്ച പക്ഷികളുടെ ചിത്രങ്ങൾ അതിന്റെ വിശദാംശങ്ങളിലൂടെ ശാസ്ത്രജ്ഞരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു! പാവം! ഒരു ചെരുപ്പുകുത്തിയുടെ മകനായിരുന്നു. അല്ലെങ്കിൽ..

ഇന്ത്യാ വിഭജനത്തിനു ശേഷം പാകിസ്ഥാനും വേണ്ടി ബ്രൂക്ക് ബോൺഡ് പ്രത്യേകം തേയില ഇറക്കുമതി ചെയ്തു. കെനിയയിൽ നിന്നുമുള്ള ആ തേയില, Brooke Bond Supreme എന്ന പേരിലാണ് വിറ്റത്. ഇന്നും പാകിസ്ഥാൻകാരുടെ ഏറ്റവും പ്രിയപ്പെട്ട ചായ ബ്രൂക്ക് ബോൺഡ് സുപ്രീമാണ്.

1984-ൽ ബ്രൂക്ക് ബോൺഡിനെ യൂണിലീവർ എന്ന കമ്പനി വാങ്ങി. അവർ റെഡ്ലേബലിനെ ചുരുട്ടിക്കെട്ടിയിട്ട് ‘Yellow Label’ തുടങ്ങി. അതിന്റെ കീഴിൽ പുതിയൊരു ബ്രാൻഡും: ലിപ്ടൺ (Lipton). ഇപ്പോൾ Lipton Taaza-യുടെ കാലമാണ്. അതുകുടിക്കുന്ന നമ്മളുൾപ്പെടുന്ന പുതുതലമുറ ഈ പഴംകഥയൊന്നും അറിയുന്നുണ്ടാവില്ല!!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.