എൻ. സന്തോഷ് കുമാർ
കുറച്ചു കാലമായി പുസ്തകങ്ങൾ വായിക്കുന്ന മക്കളുള്ള അച്ഛനമ്മമാരെ അലട്ടുന്ന പ്രശ്നമാണ് അലന്റെയും താഹയുടേയും അറസ്റ്റും UAPA ചുമത്തലും . പുസ്തകങ്ങൾ വായിക്കുകയും ചിന്തിക്കുകയും തങ്ങൾ വരക്കുന്ന വരയ്ക്കപ്പറം കടക്കുകയു ചെയ്താൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അണികൾക്ക് നൽകുന്ന ശക്തമായ താക്കീത്താണത്. ചെറുപ്പക്കാരെ ആകർഷിക്കുന്ന ഒന്നും തന്നെ മാവോവാദികളിൽ ഇല്ലതന്നെ. പണക്കാരുടേയും അധികാര ദല്ലാളരുടേയും വോട്ട് ബാങ്കുകളുടെയും പിന്നാലെ നേതാക്കൾ നടക്കുമ്പോൾ ബദലുകൾ തേടി, വിഭാഗീയ പ്രവർത്തനം നടത്തുന്ന നേതാവിന് പിന്നിൽ ചേക്കേറിയ അണികളുടെ ഒരു സമൂഹത്തെ വി.എസ്സിന്റെ പിന്നിൽ കണ്ടു. വി.എസിനെ നിശ്ശബ്ദനാക്കിയതോടെ പാർട്ടിയ്ക്കകത്ത് ബദലുകൾ അന്വേഷിക്കുന്നവർ പാർട്ടിക്കു പുറത്ത് ബദലുകൾ തേടും എന്ന വിഷയം ഉയർന്നു വന്നു. അത് അത്യന്തം അപകടകരവും പാർട്ടിയുടെ അടിവേര് മാന്തുന്നതുമാണെന്ന് നേതാക്കൾക്കറിയാം. ഇതിനെ നേരിടാൻ തങ്ങൾ അനുഭവിക്കുന്ന സുഖാസക്തികളും അധികാര ലാവണങ്ങളും ഉപേക്ഷിച്ച് സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ വിശ്വാസം നേടുകയുമാണ് സാധാരണഗതിയിൽ പാർട്ടി നേതൃത്വം ചെയ്യേണ്ടത്. എന്നാൽ ചെറുപ്രായത്തിൽത്തന്നെ വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്ന് പാർട്ടിയുടെ അധികാരകേന്ദ്രങ്ങളിലെത്തിയ ഈ നേതാക്കൾ അത്തരം ത്യാഗങ്ങൾക്കൊന്നും തയ്യാറല്ല. (പലപ്പോഴും താഗികളും ആദർശ വാദികളുമായ മുതിർന്ന നേതാക്കളെ ഒഴിവാക്കാനുള്ള കോടാലി ക ളായായിരുന്നു ഇവർ വളർന്നതുതന്നെ.) പകരം കണ്ടുപിടിച്ച എളുപ്പവഴിയാണ് മറ്റൊരു തരത്തിൽ ചിന്തിക്കുന്ന ചിലരെ കൈകാര്യം ചെയ്ത്, ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് അണികളെ നിലക്കുനിർത്തുക എന്നത്. മാവോയിസ്റ്റാവുക എന്നത് ശുദ്ധ അസംബന്ധമാണെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഇടതു പക്ഷം നിലനിന്നുകാണാൻ താത്പര്യവുമുണ്ട്. പോലീസും സി.പിഎം നേതൃത്വവും പറയുന്നതു പോലെഎന്തെങ്കിലും ബന്ധങ്ങൾ അലനും താഹയ്ക്കും ഉണ്ടെങ്കിൽ അവരെ തിരുത്തിയെടുക്കേണ്ട രാഷ്ടീയ പ്രക്രിയ, രാഷ്ട്രീയ വിദ്യാഭ്യാസം നൽകിക്കൊണ്ട് നിർവ്വഹിക്കുയായിരുന്നു പാർട്ടി ചെയ്യേണ്ടിയിരുന്നത്. ബർധ്വൻ പാർട്ടി കോൺഗ്രസ്സിൽ സുന്ദരയ്യയ്ക്ക് വിപ്ലവം പോരെന്നു പറഞ്ഞ് നാഗി റെഡ്ഡിക്ക് ,സംസ്ഥാന കമ്മറ്റിയുടെ വിപ്പ് ലംഘിച്ച് വോട്ടു ചെയ്തവരെ പാർട്ടി പുറത്താക്കിയിട്ടില്ല. പാർട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി 1968 ൽ വയനാട്ടിൽ തോക്കുപയോഗിച്ച് സായുധ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചവരെയും പാർട്ടി പുറത്താക്കിയിട്ടില്ല. 1967- 69 ലെ ഇ.എം. എസ് ഗവൺമെന്റ് പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചിട്ടുമില്ല. നക്സലിസത്തോട് താത്പര്യം കാണിച്ച പലരേയും അന്നത്തെ പാർട്ടി നേതൃത്വം ‘തെറ്റ് തിരുത്തിച്ച്’ പാർട്ടിയോടൊപ്പം നിർത്തി സംരക്ഷിക്കുകയാണ് ചെയ്തത്. എം.വി രാഘവനു വേണ്ടി രഹസ്യയോഗങ്ങൾ ചേർന്നവരെപ്പോലും പാർട്ടി നിലനിർത്തിയിട്ടുണ്ട്. അന്നത്തെ പാർട്ടി നേതൃത്വത്തിന്റെ ദയാദാക്ഷിണ്യങ്ങളിൽ വളർന്ന നേതാക്കൾ തങ്ങൾക്ക് ലഭിച്ച മര്യാദകൾ തീരെ പാലിക്കാതെ , നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തീരെ ന്യായീകരിക്കത്തക്കതല്ല. പുസ്തകങ്ങൾ വായിക്കുയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന മക്കളുള്ള പല അച്ഛൻമാരും അവരുടെ ഉത്കണ്ഠകൾ ഈ പ്രശ്നത്തിനു ശേഷം പലപ്പോഴായി പങ്കുവെക്കുകയുണ്ടായി. അവരൊക്കെ സ്വാഭാവികമായും സി.പി.എമ്മിനോട് ചേർന്ന് നിൽക്കുന്നവർ തന്നെയാണ്. അറിവിനെ, ജ്ഞാനത്തെ ഭയക്കുന്ന ഒരു നേതൃത്വം, സത്യത്തിൽ തങ്ങളുടെ പദവികളും സുഖാസക്തികളും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത അധികാര വ്യവസ്ഥയെ മാത്രമാണ് മുന്നോട്ടു വെക്കുന്നത്. പോലീസിനെക്കൊണ്ട് വേട്ടയാടിച്ച് യു.എ.പി.എ പോലുള്ള,പാർട്ടി അംഗീകരിക്കുക പോലും ചെയ്യാത്ത കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച് ഭയത്തിന്റേയും ഭീഷണിയുടെയും അന്തരീക്ഷം ഉണ്ടാക്കി വേട്ടയാടുന്നതിനു പകരം അത്തരക്കാരെ, തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിയെടുക്കുകയാണ് ചെയ്യേണ്ടത്. ഞങ്ങളൊക്കെ ജീവിച്ച ജീവിതം തന്നെ തെറ്റായിരുന്നവോ എന്ന് അലന്റെ അമ്മയെ പാേലെ പുസ്തകം വായിക്കുന്ന മക്കളുള്ള ഓരോ അച്ഛനും അമ്മയും ചോദിക്കുകയാണ്. പാർട്ടിയാണവരെ വായിക്കാൻ പഠിപ്പിച്ചത്. അല്ലെങ്കിൽ വായനയാണവരെ പാർട്ടിയിലെത്തിച്ചത്. നേതാക്കൾ ഒരു തിരുത്തും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല കാരണം തങ്ങളുടെ പദവികൾ നിലനിർത്തുകയും പുതിയവ തേടുകയും ചെയ്യുന്നതിനിടയിൽ, തങ്ങളെ നിലനിർത്തുന്നവരോടൊഴികെ – മറ്റാരോടും ഒരു തരത്തിലുമുള്ള അറ്റാച്ച്മെന്റും – ഹൃദയബന്ധവും ആത്മബന്ധവും ദയയും ഒന്നും കാണിക്കാത്തവരാണ് അവർ. അതു കൊണ്ടുതന്നെ ഒരു തരത്തിലുള്ള നീതിയും പ്രതീക്ഷിക്കാനും വയ്യ. ഒരു പക്ഷേ, ഈ പോസ്റ്റിട്ടതിന് ഞാൻ പോലും വേട്ടയാടപ്പെടാമെന്നു മാത്രം. അതിൽ ഭയപ്പെടുന്നുമില്ല
(16.2.2020)
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.