ദളിതനായ ഇന്ത്യൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദിന് പുരി ജഗന്നാഥക്ഷേത്രത്തിലേക്കു കടക്കാൻ പറ്റില്ല, അതാണ് ജാതി

0
600

Naamoos Peruvalloor

ശശിധരൻനായർ കമ്മീഷൻ റിപ്പോർട്ടും മുന്നോക്കക്കാരിലെ പിന്നോക്കക്കർക്കുള്ള സംവരണവും

  1. ലക്ഷ്യസമൂഹം

മുന്നോക്കക്കാരിൽ പിന്നോക്കക്കാർ എന്ന വിഭാഗം കേരളത്തിൽ ഉണ്ടോ എന്നും പാർലമെന്റ് പാസാക്കിയ ഭരണഘടനാഭേദഗതിയിലൂടെ നിർദ്ദേശിച്ച ’10 ശതമാനം വരെ’ (up to 10%) യുള്ള സംവരണം കേരളത്തിൽ നടപ്പിലാക്കുന്നത് യുക്തിസഹമാണോ എന്നും മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാവണം എന്നും അന്വേഷിക്കാനാണ് കേരളഗവർമെന്റ് ശ്രീ ശശിധരൻനായർ അധ്യക്ഷനായ ഒരു രണ്ടംഗ കമ്മീഷനെ നിയോഗിക്കുന്നത്. കേരളത്തിലെ മുന്നോക്കക്കാർ എത്ര എന്നും അതിൽ പിന്നോക്കക്കാർ എത്ര എന്നും കണ്ടെത്തുന്നതിൽ കമ്മിറ്റി പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ടു വായിച്ചാൽ മനസ്സിലാവുക. കേരളത്തിലെ മുന്നോക്കജനവിഭാഗം 27.73% ശതമാനമാണെന്നാണ് കമ്മിറ്റിയുടെ നിഗമനം. ഈ നിഗമനത്തിലെത്താൻ കമ്മിറ്റി ആധാരമാക്കിയ രേഖ 1990-ലെ സാമ്പിൾ സർവ്വെ റിപ്പോർട്ടാണ്. അതായത് 30 വർഷം മുമ്പത്തെ രേഖ. 2011-ൽ നടത്തിയ ദേശീയ ജനസംഖ്യാകണക്കെടുപ്പു പോലും ഇക്കാര്യത്തിൽ കമ്മിറ്റി പരിഗണിച്ചിട്ടില്ല. കേരളത്തിലെ ജനസംഖ്യയുമായും മനുഷ്യവിഭവവുമായും ബന്ധപ്പെട്ട ഒരു റിപ്പോർട്ടു തയ്യാറാക്കിയപ്പോൾ കമ്മിറ്റി ഒരിടത്തുമാത്രമാണ് പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ചിരിക്കുന്നത്. കേരളത്തിന്റെ വിസ്തീർണ്ണം, ആകെ ജനസംഖ്യ, സാക്ഷരതാനിരക്ക് എന്നിവ സൂചിപ്പിക്കാൻ മാത്രം. 27. 73 എന്ന ഈ കണക്ക് കൃത്യമല്ല എന്നും കമ്മിറ്റി വിലയിരുത്തുന്നു. അതായത് കമ്മിറ്റിക്കു തന്നെ കേരളത്തിലെ പിന്നോക്ക ജനസംഖ്യ എത്ര എന്ന കാര്യത്തിൽ തീർപ്പില്ല.

1990-ലെ സാമ്പിൾ സർവ്വെ പ്രകാരം കേരളത്തിലെ മുന്നോക്കജനസംഖ്യ 27.73% എന്ന് കണ്ടെത്തിയ കമ്മിറ്റി ഇതിൽ എത്രശതമാനം പിന്നോക്കക്കാരുണ്ടെന്ന് കണ്ടെത്തുന്നത് ‘കേരളത്തിലെ മുന്നോക്കക്കാരിൽ പിന്നോക്കക്കാരുടെ അനുപാതം വളരെക്കൂടുതലാണ്’ എന്ന ഒരു ഒഴുക്കൻ പ്രസ്താവനയിലൂടെയാണ്. ആധാരമായി ഒരു രേഖയുമില്ല. മുന്നോക്കക്കാരിൽ നിലവിൽ സംവരണാനുകൂല്യം ഉള്ളവരെത്ര? ന്യൂനപക്ഷപദവിയുടെയും സാമുദായികസ്ഥാപനങ്ങളുടെയും ആനുകൂല്യം ഈ സമുദായങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു? ഇവരുടെ തൊഴിൽ വിദ്യാഭ്യാസപ്രാതിനിധ്യമെത്ര? തുടങ്ങിയ കാതലായ ചോദ്യങ്ങൾക്ക് കമ്മിറ്റിക്ക് ഉത്തരമില്ല. അങ്ങനെയൊരു ചോദ്യംപോലും കമ്മിറ്റി ഉന്നയിക്കുന്നില്ല.

  1. ദാരിദ്യസ്ഥിതിയുടെ അളവുകോൽ

മുന്നോക്കക്കാരിലെ ദാരിദ്ര്യസ്ഥിതി മനസ്സിലാക്കാനും കമ്മിറ്റി ഒരു ആധികാരികരേഖയും ഉപയോഗിച്ചിട്ടില്ല. കൃത്യമായ ഇടവേളകളിൽ നടത്തുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ടുകൾ ലഭ്യമാണ്. 2017-ലെ സർവ്വെ പ്രകാരം നമ്മുടെ ദാരിദ്ര്യനിരക്ക് 11.3 ആണ്. ഇത് പട്ടികജാതി പട്ടികവർഗ്ഗവിഭാഗങ്ങൾ മുതൽ മുന്നോക്കക്കാർ വരെയുള്ളവരെ ഒന്നിച്ചു കണക്കാക്കിയുള്ളതും 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതുമാണ്. ഇതുവെച്ച് മുന്നോക്കക്കാരിൽ എത്ര പേർക്ക് ദാരിദ്ര്യസ്ഥിതിയുണ്ടാകുമെന്ന് ലളിതമായി കണക്കുകൂട്ടാവുന്നതാണ്.
ആകെ മുന്നോക്കജനസംഖ്യയിൽനിന്ന് സംവരണാനുകൂല്യമുള്ള വിഭാഗങ്ങളെ ഒഴിവാക്കി അതിന്റെ 11.3 ശതമാനം കണക്കാക്കിയാൽ ഇത് കിട്ടും. എന്നാൽ ഒരു ജനസമൂഹത്തിന്റെ പിന്നോക്കാവസ്ഥ കണ്ടെത്താൻ നിയോഗിക്കപ്പെട്ട കമ്മിറ്റി ഈ രേഖ കണ്ടില്ല എന്നത് അത്ഭുതകരമാണ്.

  1. സംവരണത്തോത്

പാർലമെന്റ് പാസാക്കിയ ഭേദഗതിപ്രകാരം 10 ശതമാനം വരെ (up to 10%) സംവരണം ആവാം എന്നാണ് പറയുന്നതെന്ന് ശശിധരൻനായർ കമ്മിറ്റി കൃത്യമായി പറയുന്നുണ്ട്. എന്നിട്ട് ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ പരിശോധിച്ച് 10% സംവരണം ശുപാർശ ചെയ്യുന്നു. എവിടെനിന്നാണ് ഈ പത്തുശതമാനം കിട്ടിയത്? പാർലമെന്റ് നിയമം പാസാക്കുന്നതിനും മുമ്പ് ഇന്ത്യയിൽ കോൺഗ്രസും ബിജെപിയും സിപിഎമ്മും പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഈ പത്തുശതമാനം. എന്താണ് ഇതിന് ആധാരം? കൈവെള്ളയിലെ രേഖയല്ലാതെ ഒന്നും കാണിക്കാനില്ല. കമ്മിറ്റി റിപ്പോർട്ട് തലകുത്തിപ്പിടിച്ചു വായിച്ചാലും ഒരു കണക്കും അടിസ്ഥാനവും കിട്ടില്ല. മുന്നോക്കജനസംഖ്യ സംബന്ധിച്ച കണക്കുകൾ കൃത്യമല്ല എന്ന് കമ്മിറ്റിതന്നെ പറയുന്നുമുണ്ട്. ലക്ഷ്യസമൂഹത്തെ നിർണ്ണയിച്ചെടുക്കാതെ ഇതുവരെ സംവരണംകിട്ടാത്തവർക്ക് ചെറിയ ഒരു ആനുകൂല്യം എന്ന മട്ടിൽ നടപ്പിലാക്കുന്നത് വൻ അട്ടിമറിയാണ്.

  1. മാനദണ്ഡങ്ങൾ

കേരളത്തിലെ വിവിധ മുന്നോക്ക ജാതിസംഘടനകളും വ്യക്തികളും കൊടുത്ത നിവേദനങ്ങളിൽനിന്ന് കമ്മിറ്റി രൂപപ്പെടുത്തിയെടുത്തതാണ് ഇപ്പോൾ കാണുന്ന മാനദണ്ഡങ്ങൾ. കമ്മീഷൻ റിപ്പോർട്ടിൽ കൃത്യമായി അത് എടുത്തുപറഞ്ഞിട്ടുണ്ട്. 12 ലക്ഷം മുതൽ 3 ലക്ഷം വരെയാണ് വിവിധ സംഘടനകൾ ആവശ്യപ്പെട്ടത്. കമ്മീഷൻ കൂലംകുഷമായി പഠിച്ച ഒരു രേഖ 2017,18,19 വർഷങ്ങളിലെ കീം അപേക്ഷകളും അതിലെ മുന്നോക്കവിഭാഗങ്ങളുടെ വരുമാനപരിധിയുമാണ്. അതിൽ നാലു ലക്ഷം എന്ന വരുമാനപരിധി മറികടക്കുന്ന (ഉയർന്ന വരുമാനമുള്ള) മുന്നോക്കവിഭാഗവിദ്യാർത്ഥികളുടെ ശതമാനം ഇപ്രകാരമാണ്.

2017 – 17%
2018 – 14.5%
2019 – 14.25%

എന്നുവെച്ചാൽ വരുമാനക്കാര്യത്തിൽ 83 ശതമാനം മുതൽ 85.75 ശതമാനംവരെ മുന്നോക്കക്കാരെ ഉൾക്കൊള്ളുന്നതാണ് കമ്മിറ്റിയുടെ സാമ്പത്തിക മാനദണ്ഡങ്ങൾ. കേന്ദ്രം നിർദ്ദേശിച്ച മാനദണ്ഡങ്ങളിൽ സുപ്രധാനമായ ഒന്ന് കമ്മിറ്റി വിട്ടുകളഞ്ഞിട്ടുണ്ട്. അത് പാർപ്പിടങ്ങളുടെ വിസ്തീർണ്ണമാണ്. പറഞ്ഞിരിക്കുന്ന ന്യായമെന്താണെന്നോ? വീട് മലയാളിയുടെ ഒരു സ്വപ്നമായതിനാൽ അതു പരിഗണിക്കേണ്ടതില്ലെന്ന്.
പ്രകടമായി പറഞ്ഞില്ലെങ്കിലും കണക്കുകളിലൂടെ കമ്മിറ്റി പറഞ്ഞുവെക്കുന്നത് കേരളത്തിലെ മുന്നോക്കക്കാരിൽ 85% വും പിന്നോക്കക്കാരാണ് എന്നും അവർ സംവരണത്തിന് അർഹതയുള്ളവരാണ് എന്നുമാണ്.

5 ദരിദ്രരെ കണ്ടെത്തുന്നതിനുള്ള സൂചകങ്ങൾ

2011-ലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് (എസ്. ഇ. സി. സി.) എന്നത് ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പുതിയ ഉദ്യമം ആയിരുന്നു. ദാരിദ്ര്യമെന്നതിനെ സംബന്ധിച്ച വിശാലവും ചടുലവുമായ നിർവ്വചനമാണ് എസ്.ഇ.സി.സി നല്കുന്നത്. സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ദാരിദ്ര്യസൂചിക നിര്‍ണ്ണയിച്ചിരിക്കുന്നത് ചുവടെ പറയുന്ന 7 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.
* താല്ക്കാലിക ഭിത്തികളും മേല്‍ക്കൂരയും ഉള്ള ഒറ്റ മുറി മാത്രം
* 16 -നും 59 -നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന ഒരു അംഗവും ഇല്ലാതിരിക്കുക
* 6 -നും 59 -നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന ഒരു പുരുഷഅംഗം ഇല്ലാതിരിക്കുകയും സ്ത്രീ ഗൃഹനാഥയായിട്ടുള്ളതുമായ കുടുംബങ്ങള്‍
* ഭിന്നശേഷിക്കാരായ അംഗവും പ്രായപൂര്‍ത്തിയായ ശാരീരികശേഷിയുള്ള ഒരു അംഗം പോലും ഇല്ലാതിരിക്കുക
* പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
* 25 വയസ്സിനു മുകളില്‍ പ്രായമുള്ള അക്ഷരജ്ഞാനമുള്ള ഒരു അംഗവുമില്ലാത്തത്
* കായികമായ ആകസ്മിക തൊഴിലില്‍നിന്നും വരുമാനത്തിന്റെ മുഖ്യപങ്ക് നേടുന്ന ഭൂരഹിത കുടുംബങ്ങള്‍
ഇനി മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ നോക്കൂ
* നാലു ലക്ഷംവരെ കുടുംബവാർഷികവരുമാനം.(ഹൌസ് പ്ലോട്ടുകളിൽനിന്നുള്ള കാർഷികവരുമാനം, കുടുംബപെൻഷൻ, ക്ഷേമപെൻഷൻ തുടങ്ങിയ വരുമാനങ്ങൾ ഒഴികെ)
* ഗ്രാമപ്രദേശങ്ങളിൽ 2.5 ഏക്കർ, മുനിസിപ്പാലിറ്റി 75 സെന്റ്, നഗരം 50 സെന്റ് വരെ കൃഷിഭൂമിയുള്ളവർ
* മുനിസിപ്പാലിറ്റി, നഗരപ്രദേശം എന്നിവിടങ്ങളിൽ യഥാക്രമം 20-15 സെന്റ് വരെ പുരയിടമുള്ളവർ
* AAY, PHH എന്നീ വിഭാഗം റേഷൻ കാർഡുകളിൽ പേരുള്ളവർ
വീട്,ഫ്ലാറ്റ് എന്നിവയുടെ വിസ്തീർണ്ണം ബാധകമല്ല
ഏതുതരം ജോലി ചെയ്യുന്നവരാണ് എന്നത് പ്രശ്നമല്ല.
നോക്കൂ മുന്നോക്കക്കാരുടെയും പിന്നോക്കക്കാരുടെയും ദാരിദ്ര്യം കണ്ടെത്താൻ രണ്ടുരീതി. ശുചീന്ദ്രം കൈമുക്കും തൂക്കുപരീക്ഷയും പോലെ രണ്ടു നീതി. കീഴാളനും ബ്രാഹ്മണനും കുറ്റം ചെയ്താൽ കീഴാളൻ തിളച്ച എണ്ണയിൽ മുക്കിയ കൈ പൊള്ളാതെ കാണിക്കണം. ബ്രാഹ്മണന് ചെയ്ത കുറ്റം ഓലയിലെഴുതി തൂക്കുമ്പോൾ തൂക്കവ്യത്യാസം വരാതിരുന്നാൽ മതി.
……..
നബി:
ദാരിദ്യം മാറ്റാനുള്ള പദ്ധതിയല്ല സംവരണം എന്നു പറയുന്നത് എന്തുകൊണ്ടാണെന്നോ? ദാരിദ്ര്യസ്ഥിതി എപ്പോൾ വേണമെങ്കിലും മാറാം. പക്ഷേ ജാതികൊണ്ടുണ്ടാകുന്ന സാമൂഹികപിന്നോക്കാവസ്ഥ തേച്ചാലും മാച്ചാലും പോകില്ല. എങ്ങനെയെന്നാൽ ദളിതനായ
ഇന്ത്യൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദിന് പുരി ജഗന്നാഥക്ഷേത്രത്തിലേക്കു കടക്കാൻ പറ്റില്ല.
അതാണ് ജാതി.