ഹിന്ദുത്വ’യാണ് ആധുനിക ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ശത്രു

0
100

Naamoos Peruvalloor

‘കേവല തെരെഞ്ഞെടുപ്പ് ജയം’ സാങ്കേതികാർത്ഥത്തിലുള്ള ഒന്നുമാത്രമാണ്. ഏതവസ്ഥയിലും പ്രയോഗക്ഷമമായിത്തുടരുന്ന ‘ഹിന്ദുത്വ’ നാം കരുതുന്നപോലെ രാഷ്‌ട്രാധികാരത്തിന്മേൽ മാത്രം നിന്നുപോകുന്ന ഒരു പ്രത്യയമല്ല. അതിനെമ്പാടും അനുഭവങ്ങൾ ഇന്ത്യയിലുണ്ട്. ഏറ്റവും കനപ്പെട്ട ഒന്നായിരുന്നു കോണ്ഗ്രസ്സ് അധികാരത്തിലിരിക്കെ, സംഘ് പരിവാർ പൊളിച്ചു നീക്കിയ ബാബറിപ്പള്ളി. ഇപ്പോൾ, ബി.ജെ.പിയെ നിലംതൊടാതെ പറപ്പിച്ച ഒരു തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഏറെക്കുറെ ‘ബി.ജെ.പി മുക്ത ഡൽഹി’യിലാണ് ആസൂത്രിതമായ നിലയിൽ ‘മുസ്ലിം വംശഹത്യ’ നടന്നത്/നടക്കുന്നത്. പിറകിൽ ഒരു A.A.P മന്ത്രിയുടെക്കൂടെ കൈയ്യുണ്ട് എന്ന് ചില വാർത്തകൾ/വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. അത് വാസ്തവമെങ്കിൽ വലിയ ഞെട്ടൽ ഞെട്ടി ഊർജ്ജം പാഴാക്കേണ്ട കാര്യമില്ല. കാരണം, ഹിന്ദുത്വ അങ്ങനെയുംകൂടെയാണ്. ഹിന്ദുത്വയെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ‘മതേതരത്വ’ത്തിന് എപ്പോ സാധിക്കുന്നോ അപ്പോൾമാത്രം പരിഹൃതമാകുന്ന ഒന്നാണത്. അതിന് ഇന്ത്യൻ മതേതരചേരിയുടെ ‘തെരെഞ്ഞെടുപ്പ് ജയ’ത്തിലൂടെ എന്ന ഈയൊരു വിശ്വാസം പുന:പരിശോധിക്കപ്പെടണം. ഇന്ത്യയെ അടിമുടി ബാധിച്ചിരിക്കുന്ന ‘ഹിന്ദുത്വ ആഖ്യാന’ങ്ങളെ തുറന്നുകാട്ടുന്ന സാംസ്കാരിക-സാമൂഹിക-ചാരിത്രിക രാഷ്ട്രീയത്തെ (പാഠങ്ങൾ) സജീവമായി ഉയർത്തിക്കൊണ്ടുവരണം.  നിശ്ചയമായും അത് ഹിന്ദുത്വവിരുദ്ധ മതനിരപേക്ഷതയായിരിക്കും. അതുകൊണ്ടുതന്നെ, അത് എല്ലാത്തരം മത-വിഭാഗീയ ചിന്തകൾക്കും അതിന്റെ രാഷ്ട്രആലോചനകൾക്കും പുറത്തായിരിക്കും. ‘ഭരണഘടന’ എന്ന് വെറുതെ പറയുന്ന ഒന്നല്ല. ‘ആധുനിക ഇന്ത്യ’യുടെ സാധ്യതയും സാധുതയും ഭരണഘടനയും അതിന്റെ നിർമ്മാണചരിത്രവും ആ ചരിത്രനിർമ്മിതിക്ക് കാരണങ്ങളായിത്തീർന്ന സാമൂഹ്യബോധ-വിപ്ലവപ്രവർത്തികളുമായിരുന്നു. അതിനെത്തന്നെ മുൻപോട്ടെടുക്കുന്നതിലൂടെ മാത്രമേ… ‘ആധുനിക ഇന്ത്യ’ക്ക് നിലനിൽപ്പൊള്ളൂ… ഉറപ്പായും അതിനാദ്യം ‘ഹിന്ദുത്വ’യാണ് ആധുനിക ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും നടുവിലത്തേയും ശത്രുവെന്ന തിരിച്ചറിവാണ് വേണ്ടത്.