ഫാഷിസ്റ്റ്‌ കാലത്ത്‌ ഒന്നും അങ്ങനെ വെറുതെ ഉത്പാദിപ്പിക്കപ്പെടുന്നില്ല.!

Naamoos Peruvalloor
മഹിഷാസുരനെ ആരാധിക്കുന്നത്‌ ദേശദ്രോഹക്കുറ്റമാകുമെങ്കിൽ കേരളത്തിൽ ഓണമാഘോഷിക്കുന്ന മുഴുവൻ മനുഷ്യരും ഓണം ദേശീയോത്സവമെന്ന നിലയിൽ പ്രത്യേകിച്ചും ഔദ്യോഗിക ദേശദ്രോഹികളായിത്തീരില്ലേ എന്നൊക്കെ ചിന്തിച്ച് കൂട്ടുന്നവരുടെ ആശ്വാസത്തിന്നായ്‌ ഒരുകാര്യം സൂചിപ്പിക്കട്ടെ, പ്രജാക്ഷേമതത്പരനായ ഒരു മാതൃകാഭരണാധികാരിയായിരുക്കുമ്പോഴും അസുരനായ മാവേലിയെ ബ്രാഹ്മണനായ വാമനൻ ഒരു ചതിപ്രയോഗത്തിലൂടെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുകയായിരുന്നല്ലോ, സംഗതി ആ നിലക്കും… പിന്നെ, കരുതിപ്പോരുന്ന കണക്കിന്‌ അത്ര നിഷ്കളങ്കമായ ഒരു ദിവസത്തിലല്ല നമ്മുടെ ഓണമെന്ന നിലക്കും ഓണമാഘോഷിക്കുന്ന മലയാളികൾ ‘മനു സ്മൃതി’കൾക്ക്‌ രാജ്യദ്രോഹികളാകില്ല. അതായത്‌, നാമാഘോഷിക്കുന്ന ഓണം യഥാർത്ഥത്തിൽ ‘വാമന ജയന്തി’യാണത്രേ… (കട: എൻമകജെ, അംബികാസുതൻ മങ്ങാട്‌)
സംഗതി ഇവിടെ അതിനേക്കാൾ പ്രസക്തമായ വിഷയം, പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം ഏതാനും സവർണ്ണർക്ക്‌ വീതിച്ച്‌ കൊടുക്കുകയായിരുന്നു എന്നും ഒരു നരേഷനുണ്ടല്ലോ..? അതിന്റെ അടിസ്ഥാനത്തിൽ കേരളം ഞങ്ങളുടെ കുടുംബസ്വത്താണെന്ന് അവരുടെ പിൻഗാമികൾ കേസുകൊടുത്തൊഴിപ്പികുമോന്നാണ്‌ മറ്റുള്ള കേരളീയരെ പേടിപ്പിക്കേണ്ടത്‌. ഓണം ഇനി അങ്ങനെയല്ലെങ്കിൽ തന്നെയും ആഘോഷിക്കാതിരുന്നാൽ തീരുന്നതേ ഒള്ളൂ… അതുപോലാണോ ഇത്‌.!
മുൻപ്‌, ഐതിഹ്യം കുഴിച്ച്‌ കുഴിച്ച്‌ രാമൻ ദോണ്ട്‌ ഇവിടത്തന്നെ എന്ന് വിധിച്ച ബാബരിക്കോടതിയുണ്ടായ നാടാണ്‌ മ്മളെ ആഭാസ ഇന്ത്യ. അതുകൊണ്ട്‌, കുടിയിറക്ക്‌ ഭീഷണി അത്ര നിസ്സാരമല്ല.!
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയി ആയി, ഫാഷിസം പതുക്കെപ്പതുക്കെ രാജ്യമെന്നാൽ ബ്രാഹ്മണികമെന്നും സാംസ്കാരികമായും രാഷ്ട്രീയമായും വിശ്വാസപരമായും അതിനെതിര്‌ നിൽക്കൽ രാജ്യദ്രോഹമെന്നും പണ്ടേ തന്നെ ബ്രാഹ്മണിക്കൽ സാംസ്കാരിക മേൽക്കോയ്മക്ക്‌ കീഴെ ആന്തരികമായി അടിമത്തം പേറുന്ന ഇന്ത്യൻ ജനതക്ക്‌ മേൽ അതിന്റെ ജീവിതത്തിന്റെ സർവ്വതലത്തിലും അക്രമാസക്തമായൊരാധിപത്യം ആഴത്തിലുറപ്പിക്കുകയാണ്‌. ഇത്‌ ഇന്ത്യയെ പൂർവ്വകാല ‘ജാതി അടിമത്തത്തിലേക്കാണ്‌ ഏറെവേഗം കൊണ്ടെത്തിക്കുന്നത്‌. അന്ന് പ്രധാനമായും ജാതിനിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്തലും ബ്രാഹ്മണരെ സേവിക്കലുമായിരുന്നുവത്രേ രാജധർമ്മം. (കട: ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും, പികെ ബാലകൃഷ്ണൻ)
പ്രതിരോധമെന്നത്‌ ഇന്ത്യയുടെ ജനാധിപത്യ ജീവനത്തിന്‌ തന്നെ അത്രമേലത്യാവശ്യമായി വന്നിരിക്കുന്ന ഈ ഘട്ടത്തിൽ, കൂടുതൽ കൂടുതൽ പലമട്ടിലുള്ള വിശ്വാസ വൈവിധ്യങ്ങളെ ബഹുസ്വര വർത്തിത്തത്തിലൂടെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയും സജീവമാക്കി നിറുത്തുകയും ചെയ്യുക എന്നതാണ്‌. ഈ മട്ടിലുള്ള ‘സാംസ്കാരിക പ്രതിരോധം’ രാജ്യത്താകമാനം ഒരു ‘രാഷ്ട്രീയ പരിപാടി’യായി ആവിഷ്കൃതമാകേണ്ടതുണ്ട്‌.
ഇപ്പോൾ, നടക്കുന്നതൊന്നും അങ്ങനെ കേവലാർത്ഥത്തിൽ ചിരിക്കാനുള്ളതോ സ്വാഭാവികമായി ഭയപ്പെടാനുള്ളതോ അല്ല. മറിച്ച്‌ ഓരോ അനക്കത്തിലും ജാഗ്രത്തായിരിക്കാനുള്ള ഓർമ്മപ്പെടുത്തലുകളാണെന്ന് വേണം മനസ്സിലാക്കാൻ.
നിശ്ചയം: ഫാഷിസ്റ്റ്‌ കാലത്ത്‌ ഒന്നും അങ്ങനെ വെറുതെ ഉത്പാദിപ്പിക്കപ്പെടുന്നില്ല.!