ചിന്തകളും വായനയും എഴുത്തുമെല്ലാം മാറാരോഗം ആക്കി തീർക്കുന്ന ഭീകര കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്

198

നദി

ഇന്നലെ കോഴിക്കോട്ടെ അടുത്ത ഒരു സുഹൃത്തിന്റെ മെസേജ് കണ്ടാണ് അലൻ അറസ്റ്റിൽ ആയ വിവരം അറിയുന്നത്.. ഖത്തറിലെ വർത്തമാനകാല ജീവിത ദുരിതക്കഴത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കൊന്നും ഇല്ലാത്തതിനാൽ വാർത്തകളൊന്നും ശ്രദ്ധിക്കാറെ ഇല്ല. അലന്റെ ചെറുപ്പ കാലം മുതലേ അലനെ എനിക്കറിയാം. ചെറുപ്പം എന്ന് പറഞ്ഞാൽ അവനിപ്പോഴും പത്തൊൻപത് വയസേ ആയിട്ടുള്ളൂ എന്നോർക്കണം.കോഴിക്കോട് നടക്കാറുള്ള കുട്ടികളുടെ സാഹിത്യ, നാടക ക്യാമ്പുകളിലും ബാലസംഘം പരിപാടികളിലും എല്ലാം അലൻ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്.സി.പി.എം രാഷ്ട്രീയത്തിന് പുറമെ സമകാലീന രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ എത്രത്തോളം സൂക്ഷ്മമായി അലൻ ശ്രദ്ധിക്കുന്നു എന്നത് അവന്റെ ഫേസ്ബുക്കിൽ നിന്ന് വ്യക്തമാണ്.

Image result for alan and thahaഎന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്? അലനും താഹയും ചെയ്ത തെറ്റ് എന്താണ്? ഏറെ കാല്പനികമായ ചോദ്യമാണ് എന്നറിയാം. അന്നു മുതൽ എന്നോടു പലരും ഞാൻ തന്നെ സ്വന്തം മനസാക്ഷിയോടും ചോദിച്ചു മടുത്ത ചോദ്യം. ചിന്തകളും വായനയും എഴുത്തുമെല്ലാം മാറാരോഗം ആക്കി തീർക്കുന്ന ഭീകര കാലത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നതിനാൽ തന്നെ ചോദ്യം നാലായി ചുരുട്ടി മാറ്റിവെക്കുന്നതായിരിക്കും നല്ലത്.

ഇന്നലെ സജിത ചേച്ചിയുടെ പോസ്റ്റ് കണ്ടപ്പോൾ വാട്സാപ്പിൽ ചേച്ചീ നദിയാണ് എന്ന് മാത്രം ഒരു മെസേജ് അയച്ചിരുന്നു, ഇത്തരമൊരു കൂനാംകുരുക്കിൽ നിന്നും രക്ഷപ്പെട്ടു വന്ന എന്റെ മെസേജ് അവർക്കൊരു ധൈര്യം നൽകുമെന്ന തോന്നലായിരുന്നു കാരണം.. ചേച്ചി മാസങ്ങൾക്കു ശേഷമുള്ള എന്റെ ഒരു മെസേജ് കണ്ട് എല്ലാം ഓർത്തെടുത്തു സമാധാനിച്ചിട്ടുണ്ടായേക്കാം.അലനെക്കാൾ എന്നെ അലട്ടുന്നത് താഹ എന്ന എനിക്കറിയാത്ത ആ മാധ്യമ വിദ്യാർത്ഥി ആണ്.അലന് വലിയ രീതിയിലുള്ള സാമൂഹ്യ പിന്തുണ ഉണ്ട്. കോഴിക്കോട് സിപിഐഎമ്മിന്റെ ആദ്യ കാല പ്രവർത്തകരിൽ പ്രമുഖ ആയിരുന്ന സഖാവ് സാവിത്രി ടീച്ചറുടെ കൊച്ചുമകൻ ആണ് അലൻ. കോഴിക്കോട് ഭാഗങ്ങളിൽ സജീവമായി രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഷുഹൈബ്ക്കയും സബിത ചേച്ചിയുമാണ് അലന്റെ മാതാപിതാക്കൾ. വലിയമ്മ സജിത മഠത്തിൽ നാടക സിനിമ മേഖലകളിൽ പ്രശ്‌സത.

Image result for alan and thahaവിഷയം വലിയ ചർച്ചകൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല.താഹ മാത്രമായിരുന്നു ഈ കുരുക്കിൽ പെട്ടതെങ്കിലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ.എത്ര ഭീകരമായിരുന്നേനെ.റെയ്ഡിനിടെ താഹയെകൊണ്ട് പോലീസ് നിർബന്ധിച്ചു മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് മാതാവ് പറയുന്നത്. ശേഷം വാ പൊത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്രേ.

ഈ കാലം…

ഇന്നലെ ചില വീടുകളിലെയെങ്കിലും ചെറുപ്പക്കാരോട് സൂക്ഷിക്കണമെന്നും അധികം വൈകാതെ വീട്ടിൽ വരണമെന്നും അനാവശ്യ കൂട്ടുകെട്ടുകളിലും സമരങ്ങളിലും ഒന്നും പങ്കെടുക്കരുതെന്നും മാതാപിതാക്കൾ പലയാവർത്തി പറഞ്ഞു കാണില്ലേ, അവരുടെ വേവലാതികളെല്ലാം കൊണ്ട് കുട്ടികളുടെ മുറി മുഴുവൻ പരിശോധിച്ച് നാളെ ഇതെന്റെ കുട്ടിക്കും വന്നേക്കും എന്നോർത്ത് ഉറങ്ങാതെ കിടന്നു കാണില്ലേ..
ഇത് തന്നെയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്. ഓരോ അറസ്റ്റിനും ചാപ്പകുത്തലിനും അനന്തരം അവർ തന്നെ വിജയിക്കുന്നു.പുസ്തകങ്ങൾക്കിടയിൽ ജീവിക്കുന്ന ചെങ്കൊടി വീട്ടിൽ സൂക്ഷിക്കുന്ന പുതിയ ചിന്താധാരകളെ പഠിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകൾ നടത്തുന്ന യുവാക്കളെ ഒറ്റപ്പെട്ട തുരുത്തുകളാക്കുന്ന ഭരണകൂട ഭീകരത വീണ്ടും തുടരുന്നത് കാണുമ്പോൾ പേടി കൂടുന്നു..

സത്യം.. എനിക്കീ പോലീസിനെ പേടിയാണ്. പല വേഷത്തിലും രൂപത്തിലും ചോദ്യം ചെയ്യാൻ വന്ന പോലീസുകാർ ഉറങ്ങാൻ സമ്മതിക്കാതിരുന്ന ആ രാത്രി എന്നെ വീണ്ടും വല്ലാതെ വേദനിപ്പിക്കുന്നു.
എത്ര ദിവസം വേണമെങ്കിലും ഉറങ്ങാതിരിക്കാൻ കഴിയും എന്നൊക്കെ ആവേശപൂർവ്വം സംസാരിക്കാമെങ്കിലും ശാരീരിക മർദ്ദനത്തെക്കാൾ ഉറക്കം നഷ്ടപ്പെടുത്തുന്ന പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങൾ ഏറ്റെടുക്കാൻ കഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് ഭീകരം. തൂക്കാൻ കൊണ്ടുവന്ന കുരുക്കിന്റെ അളവ് മാറിപ്പോയാൽ കുരുക്കിനൊത്ത തല കണ്ടെത്തുന്ന പോലീസ് രാജ്യത്തിലാണ് നമ്മളിന്ന്. പേടിച്ചേ മതിയാകു.എന്നെ അരാഷ്ട്രീയ വാദി ആക്കിയാലും കുഴപ്പമില്ല.

ഭരണകൂടത്തിന്റെ ഓരോ ചികിത്‌സയും കഴിഞ്ഞു പുറത്തിറങ്ങുന്നവരിൽ ഭൂരിഭാഗത്തിന്റെയും തലച്ചോറിനുള്ളിൽ പുകമറവുകൾ മാത്രമായിരിക്കും ബാക്കി.അത്രയേറെ മടുപ്പും നിരാശയും തോന്നിപ്പോകും. തുടക്കത്തിൽ നാനാതുറകളിലും നിന്ന് ഉണ്ടാകുന്ന പിന്തുണകളിൽ ആശ്വാസം തോന്നുമെങ്കിലും പിന്നീടുള്ള ഒറ്റപ്പെടൽ, ഓട്ടപ്പാച്ചിൽ.ഒന്നര രണ്ടു വർഷക്കാലമാണ് ഞാൻ അലഞ്ഞു തിരിഞ്ഞത്. മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല.ഇന്നും ഉണങ്ങാത്ത നോവുമായി ജീവിക്കുമ്പോൾ പോലീസിനെ പേടിയില്ല എന്ന് പറയാൻ എനിക്കാവില്ല.പ്രതികരിക്കാനും പ്രതിഷേധിക്കാനും ധൈര്യമുള്ള സുഹൃത്തുക്കൾ മുന്നോട്ടു വരണം.യു എ പി എ എന്ന് ഭീകര നിയമം റദ്ദ് ചെയ്യണം.എല്ലാവരും എഴുതണം.

ബ്രഹ്ത് തന്റെ The anxieties of the régime കൃതിയിൽ ചോദിക്കുന്നുണ്ട്, ” എന്തുകൊണ്ടാണ് അവർ തുറന്ന ഒരു വാക്കിനെ ഭയക്കുന്നത്? എന്തുകൊണ്ടാണ് സർവ്വസന്നാഹങ്ങളുമുള്ള അവർ ഒരു സാധാരണ മനുഷ്യന്റെ പോലും സ്വതന്ത്രമായ വാക്കുകളെ ഭയക്കുന്നത് ? കാരണം, അവർക്കറിയാം പട്ടാളങ്ങൾക്ക് മറിച്ചിടാൻ കഴിയാത്ത അസ്സിറിയൻ കോട്ടകൾ അതിനകത്ത് സ്വതന്ത്ര്യമായ ഒരൊറ്റ വാക്കിന്റെ ഉച്ചാരണത്തിലൂടെ തകർന്നുപൊടിയായ കഥകൾ.. “