Travel
നഫ്സി നഫ്സി നഫ്സി യാ..
പാത്തുമ്മയുടെ ആട് ആരുടെതാണ് ?
ചോദ്യം ചുണ്ടില്‍ നിന്ന് ചാടും മുമ്പേ ചിലരൊക്കെ കൈപൊക്കി. എല്ലാവരുടെയും ഉത്തരം ഒന്ന് തന്നെ.
– വൈക്കം മുഹമ്മദ് ബഷീറിന്റെ.
ഉത്തരം തെറ്റായിരുന്നു.
117 total views

ആകാശക്കണ്ണാടി നോക്കി മുഖംമിനുക്കുന്ന മലനിരകള്‍. തണുപ്പകറ്റാനെന്നോണം വെയില് കായുന്ന ചെറുകുന്നുകള്‍. പച്ചപ്പുറങ്ങുന്ന തെരുവോരങ്ങള്‍. പ്രസാദശബളിമ ഓളംവെട്ടുന്ന പൂന്തോപ്പുകള്‍. തീരെ പ്രതീക്ഷിക്കാതെ പറന്നിറങ്ങുന്ന മഴക്കിളികള്‍. കുളിരോലുന്ന നട്ടുച്ച. മഞ്ഞ് പെയ്തിറങ്ങുന്ന മലമുനമ്പ്. കനല്‍മലയുടെ നെറുകയില്‍ നിന്ന് യന്ത്ര നൂലിലൂടെ കല്‍മുത്തശ്ശിയുടെ കാല്ച്ചുവട്ടിലേക്ക് ചില്ലുപേടകത്തില്‍ ഒരു ആഘോഷയാത്ര.
ബസ്സ് പുറപ്പെടാറായി. ഒന്ന് രണ്ടു കുടുംബങ്ങള്‍കൂടി എത്താനുണ്ട്. മുപ്പത്തഞ്ചോളം സ്ത്രീ പുരുഷന്മാര്. പത്തു പന്ത്രണ്ടു കുട്ടികള്‍. ഭക്ഷണം പാകംചെയ്തു കൊണ്ട് പോകുകയാണ്. ഏതെങ്കിലും ഒരു പാര്‍ക്കില്‍ ഒന്നിച്ചിരുന്നു കഴിക്കാം. അങ്ങനെയാവുമ്പോള്‍ ഹോട്ടലുകള്‍ തേടി അലയേണ്ട.
നേരം വെളുക്കും മുമ്പേ എല്ലാം റെഡി. പ്രാതലിന് ഉപ്പുമാവ്. ഉച്ചയ്ക്ക് നെയ്ച്ചോറും ഇറച്ചിക്കറിയും. മൂന്ന് നാല് ഫ്ലാസ്ക്കുകളില്‍ തിളച്ച വെള്ളം. വലിയ ബോട്ടിലുകളില്‍ കുടിവെള്ളം. വേനല്‍ക്കാലം അതിന്റെ സര്‍വവിധ ഐശ്വര്യങ്ങളുമായി പൂത്തുനില്ക്കുന്ന സമയമാണ്. എത്ര വെള്ളം ഉണ്ടായാലും മതിയാവില്ല.
ആവിപൊന്തുന്ന നെയ്ചോറിന്റെയും ഇറച്ചിക്കറിയുടെയും വലിയ ചെമ്പുകള്‍ ബസ്സിന്റെ അടിപ്പള്ളയിലേക്ക്. ഒരു ചെറിയകുടുംബത്തിനു അല്ലലില്ലാതെ ജീവിക്കാന്‍ മാത്രം വിശാലമാണ് അവിടം!
ഉറക്കച്ചടവ് വിട്ടുമാറാത്ത വിജനമായ റോഡിലൂടെ ഞങ്ങളുടെ ബസ് ഒഴുകിത്തുടങ്ങി. വെള്ളിയാഴ്ച ആയതു കൊണ്ട് നാടും നാട്ടാരും ഉണരാന്‍ അല്പം വൈകും.
അലി അല്‍ഹമദാനിയാണ് െ്രെഡവര്‍. പുറമേ കറുപ്പനാണെങ്കിലും അകമേ വെളുപ്പനാണ് കക്ഷിയെന്നു തോന്നുന്നു. െ്രെഡവര്‍ക്ക് ക്ഷമ കുറച്ചൊന്നും പോര. പ്രത്യേകിച്ച് മലയാളികളെ നയിച്ച് കൊണ്ട് പോകാന്‍. ക്ഷമയുടെ നെല്ലിപ്പടിയല്ല നെല്ലിയാമ്പതി തന്നെ ഒരു പക്ഷെ അവര്‍ കാണിച്ചു കൊടുത്തെന്നിരിക്കും…!
വണ്‍ ഡേ ടൂറാണ്. ഉല്ലാസയാത്ര എന്ന് പറയാമെങ്കിലും ഉല്ലാസ ബസ് യാത്ര എന്ന വിശേഷണമാവും ഈ യാത്രയ്ക്ക് ചേരുക. കൂടുതല്‍ സമയം ബസ്സില്‍ തന്നെ ആവും. അതുകൊണ്ട് ഇതൊരു സല്ലാപ യാത്രയാക്കാം എന്നാണ് പ്ലാന്‍. ചില്ലറ പൊടിക്കൈകളും ചില നമ്പരുകളും കയ്യിലുണ്ട്. ‘കയ്യിലിരുപ്പ്’ മോശമല്ല എന്നര്‍ത്ഥം. ഈ യാത്രയില്‍ ഒരു സൌകര്യമുണ്ട്. ഏതു നമ്പരും ഇറക്കാം. ആരും ഇറങ്ങി ഓടില്ല. കുത്തിയിരുന്ന് സഹിച്ചോളും.
ഷൌക്കത്തും ഹക്കീമും സഹായ സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയും ആയി കൂടെത്തന്നെയുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയാണ് ആദ്യത്തെ പരിപാടി. സീറ്റുകള്‍ക്കിടയിലെ നടവഴിയില്‍ സ്കൂള്‍ അസ്സംബ്ലിയിലെന്നപോലെ കുട്ടികളെ ലൈനാക്കി നിര്‍ത്തി, ഉയരക്രമം അനുസരിച്ച്.
രണ്ടു വരി കവിത ചൊല്ലാമെന്നു വെച്ചു. ഒരു കുട്ടിക്കവിത.
കട്ടിലിന്റെ ചോട്ടിലൊരു കൂട്ടം മൂട്ട
മൂട്ടകളുടെ മൂട്ടില് ഒരു കൊട്ട മുട്ട
ഇത് അതിവേഗത്തില്‍ നാലഞ്ചു വട്ടം ചൊല്ലണം. ടംഗ്ട്വിസ്റ്റ് മത്സരം. വിജയികളെ കാത്തിരിക്കുന്നത് അടിപൊളി സമ്മാനങ്ങള്‍. ഞാന്‍ പ്രഖ്യാപിച്ചു.
പലപ്രാവശ്യം കുട്ടികള്‍ക്ക് ഉച്ചത്തില്‍ ചൊല്ലിക്കൊടുത്തു. അവര്‍ ഏറ്റു ചൊല്ലി. പലവുരു ആവര്‍ത്തിച്ചിട്ടൊടുവില്‍ ചോദിച്ചു:
ഇനീ ഇങ്ങനെ വേഗത്തില്‍ ആര് പറയും?
എല്ലാവരും കൈപൊക്കി. മൂന്നു വയസ്സുകാരനായ ഒരു കൊച്ചുമിടുക്കനടക്കം. കൈപൊക്കാന്‍ ചെലവൊന്നും ഇല്ലല്ലോ.
കൈ പൊക്കിയവരെയൊക്കെ ഷൌക്കത്തും ഹക്കീമും മൈക്കിനു അടുത്തേക്ക് പൊക്കി. ഓരോരുത്തരും ചൊല്ലി, കൊട്ടയിലും മുട്ടയിലും മൂട്ടയിലും തട്ടി എട്ടു നിലയില്‍ പൊട്ടി. ബസ്സിലാകെ ചിരിയുടെ അമിട്ട് പൊട്ടി. ഒടുവില്‍ അധികം പൊക്കമില്ലെങ്കിലും നല്ല ഊക്കു കാട്ടി മുന്നോട്ടു വന്ന ആദില്‍ സിനാന് എന്ന രസികന്‍ കുട്ടി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.
ഹൈസ്പീഡിലാണ് അവന് ചെല്ലുന്നത്. ഒരു വട്ടമല്ല നാലഞ്ചു വട്ടം. ‘ഞാനിതൊക്കെ എത്ര കണ്ടതാ’ എന്ന ഭാവം. ബസ്സിലപ്പോള്‍ കയ്യടിയുടെ തൃശൂര്‍പൂരം.
പകല്‍ മൂത്തു പഴുത്തു വരികയാണ്. വിശപ്പ് മെല്ലെ തലപൊക്കി ത്തുടങ്ങിയിട്ടുണ്ട്. പ്രാഥമിക സൌകര്യങ്ങള്‍ ഒക്കെയുള്ള ഒരിടത്ത് ബസ്സ് നിര്‍ത്താന്‍ െ്രെഡവര്‍ക്ക് നിര്‍ദേശം നല്കി. അധികം വൈകാതെ ഒരു പെട്രോള്‍ പമ്പിനു സമീപം ബസ് നിര്‍ത്തി.
വഴിയോരത്തെ മരത്തണലുകളില് ഇരുന്ന് പ്രാതല്‍.
വീണ്ടും ബസ്സിലേക്ക്. അടുത്ത ഇരകള്‍ കുടുംബിനികള്‍ ആവട്ടെ. മനസ്സില്‍ കരുതി. മത്സരങ്ങള്‍ തുടരുകയാണെന്ന അറിയിപ്പ് കൊടുത്തു. ഒരു ‘ലേഡീസ് ഒണ്‍ലി’ മത്സരം.
ഒരു കുസൃതിചോദ്യമാണ്. എല്ലാ മഹിളാമണികളും കാതുകൂര്‍പ്പിച്ചു.
‘തിന്നാന്‍ പറ്റുന്ന പെണ് വിരല്‍’ ഏതാണ് ?
പെണ്ണിന്റെ വിരല്‍ തിന്നുകയോ?
ചോദ്യമെറിഞ്ഞു കുടുംബിനികളെ ശ്രദ്ധിക്കുമ്പോള്‍ ചിലരൊക്കെ കണ്ണ് തുറിപ്പിച്ചു പരസ്പരം നോക്കുന്നു. ചിലര്‍ തല ചൊറിയുന്നു. ചില കൌശലക്കാരികള്‍ ഭര്‍ത്താവിനോട് ചോദിച്ചു
കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ഒരു കൈ മെല്ലെ പൊങ്ങിവരുന്നത് കണ്ടു. അവള് ജസ്ന ഉത്തരം കൃത്യമായി പറഞ്ഞു:
– ലേഡീസ് ഫിംഗര്‍ (വെണ്ടക്ക )!!
കയ്യടി..
പിനീട് മറ്റൊരു ചോദ്യം കൂടി എടുത്തിട്ടു, കുസൃതി തന്നെ
– പാത്തുമ്മയുടെ ആട് ആരുടെതാണ് ?
ചോദ്യം ചുണ്ടില്‍ നിന്ന് ചാടും മുമ്പേ ചിലരൊക്കെ കൈപൊക്കി. എല്ലാവരുടെയും ഉത്തരം ഒന്ന് തന്നെ.
– വൈക്കം മുഹമ്മദ് ബഷീറിന്റെ.
ഉത്തരം തെറ്റായിരുന്നു. ചോദ്യം കുസൃതി ആയതു കൊണ്ട്. ഏറ്റവും ഒടുവില്‍ ഒരു സഹോദരി കൈ പൊക്കി. അവര്‍ ഉത്തരം പറഞ്ഞു:
– പാത്തുമ്മയുടെ.
ശരിയുത്തരം.
ഞാന്‍ അവരുടെ പേര് ചോദിച്ചു:
– പാത്തുമ്മ
വീണ്ടും ബസില്‍ കൂട്ടച്ചിരി, കയ്യടി..
അടുത്തത് നാവു വഴങ്ങുമോ എന്നാ പരിപാടിയായിരുന്നു. ഒരു കവിത തന്നെയാവട്ടെ എന്ന് കരുതി.
മഴയിലഴുകി
വഴുതും വഴിയിലൂ –
ടിഴയും പുഴുവിനും
വഴിയുമഴക്
പലരും തെറ്റിച്ചു; ചിലര്‍ പാതിവഴിക്ക് നിര്‍ത്തി പോയി. ഒടുവില്‍ സ്മിത രാജന് വളരെ കൂളായി ചൊല്ലി കയ്യടി വാങ്ങി. പിന്നെയും മത്സരങ്ങള്‍. കലാപരിപാടികള്‍. ക്വിസ് പോഗ്രാമുകള്‍..
ഏകദേശം പന്ത്രണ്ട് മണിയായിക്കാണും. ഞങ്ങളുടെ ബസ്സ് ആകാശക്കവിളില്‍ മിനാര ചുംബനം നടത്തി തലയുയര്‍ത്തി നില്ക്കുന്ന തായിഫ് സിറ്റിയിലെ പ്രശസ്തമായ ഇബ്നു അബ്ബാസ് പള്ളിയുടെ ഓരം ചേര്‍ന്ന് നിന്നു. വൃത്തിയും വിശാലതയുമുള്ള പള്ളി. ഇതൊന്നുമില്ലാത്ത ടോയ് ലെറ്റ്.
ജുമുഅ കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. സിറ്റിയില്‍ നിന്ന് ഒന്നൊന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു ഗാര്ഡന് ആണ് അടുത്ത ലക്ഷ്യം. അവിടെ വെച്ചാണ് ഉച്ചഭക്ഷണം.
ഭക്ഷണശേഷം കുട്ടികള്‍ക്കായി പ്രത്യേകം കളികളും പ്ലാന്‍ ചെയ്തിട്ടുണ്ട്. ബലൂണ്‍ പ്ലക്കിംഗ്, കസേരക്കളി തുടങ്ങിയ മത്സരങ്ങള്‍. ഇവ നേരത്തെ തന്നെ ശീലിക്കുന്നത് നല്ലതാണ്. ഭാവിയില്‍ ആവശ്യം വരും. ആരാന്റെത് പൊട്ടിച്ചു തന്റേതു സംരക്ഷിക്കുക. പരിശീലനം വേണ്ട കാര്യം തന്നെ…!
കസേരക്കളിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ആ വിശിഷ്ട വസ്തുവിന് വേണ്ടി മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് കയ്യും കണക്കും സയന്‍സുമുണ്ടോ? അതും കഴിയുന്നതും നേരത്തെ ശീലിക്കുന്നത് നല്ലത് തന്നെ!
ബസ്സിളകി. കുട്ടികള്‍ കരയാന്‍തുടങ്ങിയിട്ടുണ്ട്. വിശന്നു തുടങ്ങിക്കാണും. അല്പ ദൂരം ഓടി മനോഹരമായ ഒരു ഉദ്യാനത്തിനരികെ ബസ്സ് നിന്നു. പതുപതുത്ത പുല്പ്പുതപ്പു പുതച്ചു കണ്ണും പൂട്ടിയുറങ്ങുന്ന മലര്‍വാടിയില്‍ തണല്‍ പന്തലുകള്‍ ഒരുക്കി സുന്ദരിമരങ്ങള്‍ സന്ദര്‍ശകരെ മാടിവിളിക്കുന്നു. കുളിര്‍വിശറിയുമായി കല്യാണപന്തലിലെ കാരണവരെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന കുസൃതിക്കാറ്റ്. കുട്ടികളെ വാത്സല്യത്തോടെ അരികിലേക്ക് വിളിക്കുന്ന കളിയൂഞ്ഞാലുകള്‍. തിരക്ക് കുറവാണ്. സന്ദര്‍ശകര്‍ എത്തിത്തുടങ്ങുന്നേയുള്ളൂ.
ഷൌക്കത്തും ഹക്കീമും സജീവമായി. യാത്രക്കാരിലെ സഹായ മനസ്ഥിതിയുള്ള രണ്ടുമൂന്നു ചെറുപ്പക്കാരും അവരോടൊപ്പം കൂടി. നെയ്ച്ചോറും കറിയും ഗാര്‍ഡനിലെ ഒരു പ്രത്യേക ഭാഗത്തേക്ക്.
ചെമ്പിന്റെ മൂടി തുറന്ന പാടെ കൊതിയൂറും ഗന്ധം പുറത്തുചാടി. ഇറച്ചിക്കറിച്ചെമ്പ് ഇറക്കിവെക്കുമ്പോള്‍ ആരുടെയോ കയ്യൊന്നു വഴുതി. കുറച്ചു പുറത്തേക്കു തൂവി. കറിച്ചെമ്പില്‍ പാറിക്കളിക്കുന്ന ഒരു തരം നനുത്തവെളുത്ത പാട ഞങ്ങളെ ചെറുതായൊന്നു അലോസരപ്പെടുത്തി. മുതിര്‍ന്ന ഒരാളുടെ മൊയ്തീന് ഹാജിയുടെ ‘അത് നെയ്പ്പാടയാണ് ‘ എന്ന സാക്ഷ്യപത്രത്തിന്റെ ബലത്തില്‍ ഞങ്ങള്‍ വിളമ്പിത്തുടങ്ങി.
സ്ത്രീകളും കുട്ടികളും നന്നായി കഴിച്ചു. രണ്ടും മൂന്നും വട്ടം ചോറും കറിയും ആവശ്യപ്പെട്ടു വരുന്നവരെയും കണ്ടു. ഭക്ഷണം എല്ലാവര്ക്കും നന്നേ പിടിച്ചെന്നു സംഘാടകരായ ഞങ്ങള്‍ ആശ്വസിച്ചു. ഒടുവിലാണ് ഞങ്ങള്‍ കഴിക്കാനിരുന്നത്. അപ്പോഴേക്കും കറിയൊക്കെ തീര്‍ന്നിരുന്നു. അത് നന്നായി എന്ന് പിന്നീടാണ് മനസ്സിലായത്…!
നല്ല ഭക്ഷണം; കറി സൂപ്പര്‍. കമന്റ് വന്നുതുടങ്ങി.
പിന്നീട് ബലൂണ്‍ പ്ലക്കിംഗ്, കസേരക്കളി എന്നിവ അരങ്ങേറി. കാഴ്ചക്കാര്‍ പെരുകി. വിദേശികളും സ്വദേശികളും കുട്ടികളും രക്ഷിതാക്കളും പുതിയ കളി കണ്ടു ചുറ്റും കൂടി. കളി വല്ലാതെ തലയ്ക്കു പിടിക്കുകയും കളിയുടെ ട്രിക്ക് മനസ്സിലാകുകയും ചെയ്തപ്പോള്‍ സിറിയക്കാരി ജൌഹറക്കും സുഡാന്‍കാരനായ നഈമിനും മറ്റു കുട്ടികള്‍ക്കും മത്സരിച്ചേ തീരൂ .
ഒടുവില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം ഒരു മത്സരം തന്നെ നടത്തി. എട്ടോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. ഏറെ സ്മാര്‍ട്ട് ആയ ജൌഹറക്ക് ഒന്നാം സ്ഥാനവും നഈം രണ്ടാം സ്ഥാനവും നേടി. നൂറയെന്ന ഈജിപ്തുകാരിക്കുട്ടിക്കു മൂന്നാം സ്ഥാനം. സമ്മാനങ്ങള്‍ അവര്‍ക്കും കൊടുത്തു.
അങ്ങനെ ലോകചരിത്രത്തില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര കസേരക്കളി സംഘടിപ്പിച്ച ക്രെഡിറ്റ് ഞങ്ങള്‍ക്ക് സ്വന്തമായി !!
കളി നിര്‍ത്തി എല്ലാവരോടും ബസ്സില്‍ കേറാന്‍ നിര്‍ദേശം നല്കി. യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. അല്‍ഹദയിലെ റോപ് വേ ആണ് അടുത്ത ലക്ഷ്യം. ഒരു മണിക്കൂറോളം ഓടണം ഹദയില്‍ എത്താന്‍.
എല്ലാവരും ബസ്സില്‍ കേറുന്നതിനിടെ തീരെ പ്രതീക്ഷിക്കാതെ മഴ പെയ്തു. തകര്‍പ്പന്‍ മഴ. കുട്ടികളും സ്ത്രീകളും നനഞ്ഞു കുതിര്‍ന്നു ബസ്സിലേ ക്കോടിക്കേറി. ചിലര്‍ മഴ ആസ്വദിച്ചു, നിന്ന് കൊണ്ടു..!
ഹദയിലേക്കുള്ള യാത്രയില്‍ റോഡ് അരികിലൂടെ വെള്ളം കുത്തിയൊലി ച്ചൊഴുകുന്നതും ബസ്സിന്റെ വലിയ ചില്ലുകളില്‍ മഴത്തുള്ളികള്‍ വീണു പൊട്ടിച്ചിതറുന്നതും ഇമ്പമുള്ള കാഴ്ചയായിരുന്നു. കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴക്കാഴ്ച്ചകളിലേക്ക് ഒരു നിമിഷം മനസ്സ് പറന്നു പോയി.
ഹദയില്‍ എത്തുമ്പോള്‍ മഴ ശമിച്ചിരുന്നു. നന്നേ തെളിഞ്ഞ അന്തരീക്ഷം.
കല്ലുമലയുടെ ഉച്ചിയില്‍ നിന്ന് തായിഫിന്റെ കാല്ച്ചുവട്ടിലേക്ക് ചില്ലുവാഹനത്തിലൂടെയുള്ള യാത്ര രസകരമായിരുന്നു. താഴെ വളഞ്ഞു പുളഞ്ഞു പോകുന്ന ചുരം. ഒഴുകിയിറങ്ങുന്ന വാഹനങ്ങളുടെ വിദൂരദൃശ്യം. വാനരക്കൂട്ടങ്ങളുടെ കൌതുകക്കാഴ്ചകള്‍. ഇടുങ്ങിയ ഊടുവഴികള്‍ തീര്‍ത്ത് മലമുകളിലേക്ക് കുത്തനെ കേറിപ്പോവുന്ന നടപ്പാതകള്‍. സ്കൂള്‍ മുറ്റത്ത് നിന്ന് ഇരമ്പിപ്പാറുന്ന വിമാനങ്ങളെ നോക്കി നില്ക്കുന്ന കുട്ടികളുടെ കൌതുകത്തോടെ ഞങ്ങളെ തന്നെ നോക്കി നില്ക്കുന്ന മുള്‍ച്ചെടിക്കൂട്ടങ്ങള്‍.
എട്ടു പേര്‍ക്ക് അഭിമുഖമായി ഇരിക്കാവുന്ന ചില്ല് പേടകം. ഓട്ടോമാറ്റിക് സിസ്റ്റം. വാതിലുകള്‍ അടയുന്നതും തുറയുന്നതും പ്രത്യേക പോയന്റില്‍ എത്തുമ്പോള്‍ മാത്രം.
താഴെ ജലക്രീഡകള്‍ക്കായി വാട്ടര്‍ തീം പാര്‍ക്ക്.
കുടുംബത്തോടൊപ്പം മലമ്പുഴ ഡാമിന് മീതെയുള്ള ഉണങ്ങിയ റോപ് വേ യാത്ര അന്നേരം ഓര്‍മ്മയിലെത്തി. അത് റോപ് വേ അല്ല ‘റേപ് വേ ‘ ആണെന്ന ഒരു ട്വിസ്റ്റ് തമാശ അപ്പോള്‍ മനസ്സില്‍ കിടന്നു വീര്‍പ്പുമുട്ടി.
ഹദയില്‍ നിന്ന് ബസ്സ് വീണ്ടും ഒഴുകിത്തുടങ്ങി. അടുത്ത ലക്ഷ്യം മൃഗശാലയാണ്. മരുഭൂമിയിലെ മൃഗസങ്കേതം. ആനയെയും സിംഹത്തെയും കുരങ്ങിനെയും ഒന്നും ജീവനോടെ കാണാന്‍ കഴിയാത്ത ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഈ മൃഗശാല നല്ല അനുഭവം തന്നെ. മൂന്നുകാലുള്ള ഒട്ടകം, ആറു കാലുള്ള പശു, എല്ലാവര്ക്കും തുമ്പിക്കൈ ഉയര്‍ത്തി സലാം പറയുന്ന ആന തുടങ്ങിയ ചില വിചിത്ര കാഴ്ചകളുമുണ്ട്.
സമയമുണ്ടെങ്കില്‍ തായിഫിന്റെ മൂര്ധാവ് എന്ന് പറയാവുന്ന ശഫാ കുന്നിലേക്ക് പോകണം. ഇങ്ങനെ വരുന്ന മിക്ക യാത്രകളിലും അങ്ങോട്ട് പോകാറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് അനേകം അടി ഉയരത്തില്‍ കുത്തനെ കിടക്കുന്ന പ്രദേശം. കുളിരിന്റെ കളിത്തൊട്ടില്‍. കോടമഞ്ഞിറങ്ങി കണ്ണ് മൂടുന്നയിടം. താഴ്വാരങ്ങളില് നിറയെ മുന്തിരിപ്പാടങ്ങള്‍. കുന്നുംപുറങ്ങളില്‍ സമൃദ്ധമായി കായ്ക്കുന്ന ബര്‍ശൂമിപ്പഴങ്ങള്‍. മുള്ളുകള്‍ക്കുള്ളിലെ മധുരക്കനി.
അവധിക്കാലങ്ങളില്‍ അറബികള്‍ കുടുംബസമേതം ഇങ്ങോട്ടാണ് വരിക. കൃത്രിമ അടുപ്പുകള്‍ ഉണ്ടാക്കി ഇറച്ചി ചുട്ടു തിന്നും ഒട്ടകപ്പാല് കുടിച്ചും ഹുക്ക ആഞ്ഞു വലിച്ചും വലിയ ജവനകളില്‍ പൊതിനയിലയിട്ട സുലൈമാനി മൊത്തിയും ദിവസങ്ങളോളം ഇവിടെയവര്‍ തമ്പടിക്കും.
മൃഗശാലയില്‍ എത്തുമ്പോഴേക്കും സമയം വൈകിയിരുന്നു. നാളെ പ്രവൃത്തി ദിവസം ആണ്. വല്ലാതെ വൈകിക്കൂടാ. ശഫ തല്ക്കാലം മാറ്റി വെക്കേണ്ടി വരും.
മുക്കാല്‍ മണിക്കൂറിനകം എല്ലാവരും തിരിച്ചെത്തണം എന്ന നിര്‍ദേശം നല്‍കിയാണ് മൃഗശാലയിലേക്ക് ആളുകളെ വിട്ടത്. സമയം ആറരയോടടുക്കുന്നു.
മൃഗശാലയില്‍ നിന്ന് തരിച്ചു വന്ന യാത്രക്കാരെല്ലാം തളര്‍ന്നിരിക്കുന്നു എന്ന് അവരുടെ മുഖഭാവത്തില്‍ നിന്ന് മനസിലായി. എല്ലാ മുഖങ്ങളിലും ‘ഇനി തിരിച്ചു പോകാം’ എന്ന് എഴുതി വെച്ച പോലെ.
തായിഫിനു മീതെ ഇരുട്ട് അടയിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ പുറപ്പെട്ടാല്‍ പതിനൊന്നു മണിക്കെങ്കിലും ജിദ്ദയില്‍ എത്താം. യാത്രക്കാരൊക്കെ നിറഞ്ഞ സംതൃപ്തിയില്‍ ആയിരുന്നു.
ബസ്സ് ജിദ്ദ ലക്ഷ്യം വെച്ച് ഓടിത്തുടങ്ങി. ഏതോ ഒരു അറബിപ്പാട്ട് മൂളി സിഗരറ്റ് ആഞ്ഞുവലിച്ച് ഒരു ശുഭയാത്രയിലേക്കുള്ള ആക്സിലേറ്ററില്‍ അമര്‍ത്തിച്ചവിട്ടി അലി ഹമദാനി ഡ്രൈവിംഗ് ആസ്വദിക്കുകയാണ്.
തൊട്ടരികെയുള്ള സീറ്റില്‍ അയാളോട് സംസാരിച്ചു കൊണ്ട് ഞാനിരുന്നു. രാത്രി യാത്രകളില്‍ ഇത് അനിവാര്യമാണ്. ബസ്സിനകത്ത് എല്ലാവരും ഉറക്കിലൂടെ ഊളിയിടുമ്പോള്‍ ഡ്രൈവറുടെ കണ്ണുകള്‍ ഒന്ന് പാളിയാല്‍..
തായിഫിന്റെ അതിര്‍ത്തിയും കഴിഞ്ഞ് ഞങ്ങളുടെ ബസ്സ് കുതിച്ചു പായുകയാണ്. ഏകദേശം ഒരു മണിക്കൂറോളം ഓടിയിട്ടുണ്ടാകും.
ഇടയ്ക്കെപ്പോഴോ പിറകില്‍ നിന്ന് ചില അടക്കിപ്പിടിച്ച സംസാരം കേട്ടു. അത് കൂടിക്കൂടി വരുന്നു. അന്നേരം ഒരാള്‍ എന്റെ കാതില്‍ വന്നു മെല്ലെ പറഞ്ഞു!
ഡ്രൈവറോട് വണ്ടി ഒന്ന് സൈഡ് ആക്കാന്‍ പറയണം
– എന്ത് പറ്റി ?
– ഭാര്യക്ക് വയറിനു എന്തോ അസ്വസ്ഥത .
കുറച്ചു കൂടി കഴിഞ്ഞിട്ട് പോരെ?
മനസ്സില്ലാമനസ്സോടെ അയാള്‍ തരിച്ചു പോയി. ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല. അയാള്‍ വീണ്ടും വന്നു. ഇനി കഴിയില്ല. നിര്‍ത്തിയെ പറ്റൂ.
ഞാന്‍ ഡ്രൈവറോട് താഴ്മയോടെ പറഞ്ഞു:
യാ അലീ. അല്ലാഹ് ഖല്ലീക് ബില്ലാ സവ്വിസ്സയ്യാ അലജന്ബ്
( അലീ പ്ലീസ് വണ്ടി ഒന്ന് സൈഡ് ആക്കൂ )
‘എശ്ഫി മുശ്കില’ ?
( എന്താണ് പ്രശ്നം ?)
‘ഹുര്‍മ ഹഖു ബതന്‍ ഫീ മുശ്കില
( ഇദ്ദേഹത്തിന്റെ ഭാര്യക്ക് വയറിനെന്തോ പ്രശ്നമുണ്ട് )
അയാള്‍ വിജനമായ ഒരു സ്ഥലത്ത് ബസ്സ് നിര്‍ത്തി. ഡോര്‍ തുറന്നപാടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഇറങ്ങി ഓടുന്നതാണ് പിന്നീട് കാണുന്നത്!!
എന്റെ മനസ്സിലൂടെ ഒരു മിന്നല്പിണര് കടന്നു പോയി.
ഒന്നും മനസ്സിലാവാതെ മിഴിച്ചു നില്ക്കുമ്പോള് ഷൌക്കത്തും ഹക്കീമും വന്നു പറഞ്ഞു:
‘പലര്‍ക്കും വയറിനു പ്രശ്നമുണ്ട് ‘
എന്റെ ഉള്ളില്‍ തീയാളി.
ഇറങ്ങിപ്പോയവര്‍ തിരിച്ചു വരും മുമ്പ് മറ്റുള്ളവര്‍ ഇറങ്ങി ഓടുന്നു. ഭദ്രമായി അടച്ചു കുറ്റിയിട്ടു തികച്ചും സ്വകാര്യമായി നിര്‍വഹിക്കേണ്ടുന്ന കാര്യം യാതൊരു പരിസരബോധവുമില്ലാതെ വരിവരിയായി ഇരുന്നു സാധിക്കുകയാണ്. ആണ് പെണ് വിത്യാസം ഇല്ലാതെ!!
ഭാര്യമാരെ ശ്രദ്ധിക്കാന്‍ ഭര്ത്താക്കന്മാര്ക്കോ മക്കളെ നോക്കാന്‍ രക്ഷിതാക്കള്‍ക്കോ കഴിയാതെ എല്ലാവരും ‘നഫ്സി നഫ്സി നഫ്സി യാ’ (സ്വന്തംകാര്യം സിന്ദാബാദ്..) എന്ന് ആശങ്കപ്പെട്ടു ഇരുട്ടിലേക്ക് ഓടി മറയുന്നു.
ശക്തനും ബുദ്ധിമാനും എല്ലാം തികഞ്ഞവനും എന്ന് അഭിമാനിക്കുന്ന മനുഷ്യന്റെ നിസ്സഹായത നേരില്‍ കണ്ട ഞങ്ങള്‍ ഇനി എന്ത് ചെയ്യുമെന്നറിയാതെ അന്തിച്ചു നിന്നു.
ഓടാനിനിയുമുണ്ട് ഒരുപാട് ദൂരം. വഴിയിലൊന്നും ആശുപത്രികള്‍ കാണില്ല. മാത്രവുമല്ല ഇതെങ്ങാനും അധികൃതര്‍ അറിഞ്ഞാല്‍ പിന്നത്തെ പുകിലൊന്നും പറയുകയും വേണ്ട. ഞങ്ങള്‍ക്കുള്ളില്‍ ആധി പെരുത്തു.
‘ആ കറിയാണ് പറ്റിച്ചത്. എനിക്ക് അപ്പോഴേ സംശയം ഉണ്ടായിരുന്നു. ബസ്സിനകത്തെ ചൂടും പുറത്തെ ചൂടും കാരണം കറി ‘പിരിഞ്ഞു’ പോയതാണ്. ആ വെളുത്ത പാട അതിന്റെ ലക്ഷണം ആയിരുന്നു…’
ഷൌക്കത്ത് അത് പറയുമ്പോള്‍ ഒരാള്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടു. അത് മറ്റാരുമായിരുന്നില്ല മൊയ്തീന് ഹാജി !, നെയ്പാടയാണെന്ന് കണ്ടു പിടിച്ച ‘മഹാനായ’ ‘ഭക്ഷണശാസ്ത്ര വിദഗ്ധന്‍’ !!
നിമിഷനേരം കൊണ്ട് ബസ്സ് ശൂന്യമായി. ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ സീറ്റുകളിലും നടവഴിയിലും ഫുട് ബോര്‍ഡിലുമൊക്കെ നിയന്ത്രണം വിട്ട നിസ്സഹായതയുടെ ശേഷിപ്പുകള്‍ ..
ഇടയ്ക്കു ആരോ പറയുന്നത് കേട്ടു. അല്പമകലെ ഒരു പെട്രോള്‍പമ്പ് ഉണ്ട്. ബാത്ത് റൂമുകളും. എല്ലാവരും ജാഥയായി അങ്ങോട്ട് നീങ്ങി. ഞങ്ങള്‍ ബസ്സിനടിയിലുണ്ടായിരുന്ന വലിയ ഒന്ന് രണ്ടു ബക്കറ്റുകളില്‍ വെള്ളം കൊണ്ട് വന്നു വിശദമായ ‘സേവനവാരം ‘ തന്നെ നടത്തി.
രണ്ടുമണിക്കൂര്‍ നേരത്തെ കൊടിയപ്രയാസത്തിനും ചെറിയ ഒരു ആശ്വാസത്തിനും ശേഷം ബസ്സ് മെല്ലെ ഓടിത്തുടങ്ങി. യാത്രക്കിടെ മിക്ക പെട്രോള്‍പമ്പുകള്‍ക്കരികിലും ബസ് നിര്‍ത്തി.
കുറച്ചു മുന്നോട്ടോടിയും ഇടയ്ക്കിടെ നിര്‍ത്തിയും പുലര്‍ച്ചെ മൂന്നര മണിക്ക് ഞങ്ങള്‍ ജിദ്ദയില്‍ എത്തുമ്പോള്‍ യാത്രക്കാരെല്ലാം തളര്‍ന്ന വശരായിരുന്നു.
ഇന്നും ഈ യാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമുയരും.
‘തടികേടാകാതെ’ ഞങ്ങള്‍ മൂന്നു പേര് എങ്ങനെ രക്ഷപ്പെട്ടു ?!
118 total views, 1 views today