Sanjeev S Menon
” ലുക്ക് ഹിയർ മിസ്റ്റർ ലൂക്ക് ” MRC ക്രിസ്റ്റഫർ ലൂക്കിനോട് സംസാരിക്കുമ്പോൾ അഭിസംബോധന ചെയ്യുന്നതാണ് ഈ ഡയലോഗ്. ഇതു പോലെ ശ്രദ്ധിച്ചാൽ കുഞ്ഞുകുഞ്ഞു തമാശകൾ വേറെയും കേൾക്കാം. തീയ്യറ്ററിൽ കൂട്ടച്ചിരിയായിരുന്നതിനാൽ പല ഡയലോഗുകളും കേൾക്കാൻ കഴിഞ്ഞില്ല. ഗൗരവമുള്ള സംഭാഷണങ്ങളിൽ പോലും അല്പം ഹാസ്യം കയറി വരുന്ന ഒരു ചെറിയ മുഴുനീള ഹാസ്യ ചിത്രം എന്നു പറയാം’ നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം’.
ജാതക പ്രകാരം മരണം വരെ സംഭവിച്ചേക്കാവുന്ന സമയമാണ്, അതു കൊണ്ട് പുറത്തെവിടെയും കുഞ്ഞിക്കുട്ടനെ വിടരുതെന്നാണ് പണിക്കർ പറഞ്ഞിരിക്കുന്നത്.തമ്പുരാനാണെങ്കിൽ ആകെയുള്ള സന്തതിയും. ആവശ്യത്തിലധികം സ്വത്തും പണവുമുണ്ട്.30 വയസു വരെ അപകടങ്ങളൊന്നും ഉണ്ടാകാതെ നോക്കണം. അതിനായി രണ്ടു ‘പണ്ഡിതൻമാരെ’ കാര്യസ്ഥൻ ഏർപ്പാടാക്കുന്നു. ചെറിയ രാമൻ നായരും വലിയ രാമൻ നായരും. ആ വരവു തന്നെ ഒരു രസമാണ്.വീട്ടിലിരുന്ന് സമനില തെറ്റിയ കുഞ്ഞിക്കുട്ടന്റെയടുത്തു തന്നെയാണ് ആദ്യം ചെന്നുപെടുന്നത്.ആരെയാണ് സംരക്ഷിക്കേണ്ടതെന്നു വ്യക്തതയില്ലാത്ത ചെറുതും വലുതും കുഞ്ഞിക്കുട്ടനോട് കാര്യം അവതരിപ്പിക്കുന്നു. തനിക്കുള്ള പാരകളാണ് വന്നതെന്നു മനസിലാക്കിയ കുഞ്ഞിക്കുട്ടൻ അമ്മാവനെ ചൂണ്ടിക്കാട്ടി പുള്ളിയെയാണ് നോക്കേണ്ടതെന്നു പറയുന്നു. ഇതൊന്നുമറിയാതെ വെറുതെയിരുന്ന അമ്മാവനെ വെറുതെ ചെന്ന് ഉരുട്ടിപ്പിടിക്കുന്നു. അവിടെ നിന്ന് ചെറിയ രാമൻ നായരും വലിയ രാമൻ നായരും കൂടി കുറേ നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കുന്നു.
നാട്ടിൻ പുറത്തുകാരനായ കുഞ്ഞുക്കുട്ടന് നഗരം കാണണമെന്ന് അടങ്ങാത്ത മോഹമാണ്.അച്ഛനും അമ്മയും പുറത്തേക്കു വിടില്ല. ആകെ പോകുന്നത് അമ്പലത്തിലേക്ക്.ആ പോക്കിലാണെങ്കിൽ ചെറുതും വലുതും ഇടംവലം കൂടെയുണ്ടാകും. പഴയ ചങ്ങാതിയായ രാമചന്ദ്രനിൽ നിന്ന് നഗരത്തിന്റെ വർണ്ണപ്പകിട്ട് കേട്ടറിഞ്ഞ കുഞ്ഞിക്കുട്ടൻ വീട്ടിൽ നിന്ന് പണവും മോഷ്ടിച്ച് രാമചന്ദ്രനൊപ്പം നഗരം കാണാൻ പുറപ്പെടുന്നു.നഗരത്തിലെത്തുന്ന ശുദ്ധനായ കുഞ്ഞുക്കുട്ടൻ പലപ്പോഴും നഗരത്തിലെ ചതിയിൽ പെടുന്നു. ഉണ്ടായിരുന്ന കാശും നഷ്ടപ്പെടുന്നു. നാട്ടിൽ വന്ന് നഗരത്തിലെ ബഡായി പറയുന്ന രാമചന്ദ്രൻ ചെട്ടിയാർക്ക് കൊടുക്കാനുള്ള കാശിനു വേണ്ടി നെട്ടോട്ടമോടുന്ന ദാരിദ്ര്യവാസിയാണെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നു. ഭക്ഷണത്തിനു പോലും വകയില്ലാതെ രണ്ടു പേരും അലഞ്ഞു തിരിയുന്നു. അല്പസ്വല്പം തരികിടകൾ കൈമുതലായുള്ള രാമചന്ദ്രന് ശുദ്ധനായ കുഞ്ഞിക്കുട്ടൻ തലവേദനയാകുന്നു. ഇതിനിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത മുഹൂർത്തങ്ങൾ അവരെ കുടുക്കുകളിൽ ചാടിക്കുന്നു. മകനെ അന്വേഷിച്ച് അച്ഛനും പണിക്കരും ചെറുതും വലുതും നഗരത്തിലെത്തുന്നു. രസകരമായ പല മുഹൂർത്തങ്ങളും തുടർന്നു വരുന്നു. അവസാനത്തെ കൂട്ടപ്പൊരിച്ചിലൊക്കെ രസമാണ്.
ഈ ചിത്രത്തിൽ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ, ചെറിയ രാമൻനായരായ മാമുക്കോയയും വലിയ രാമൻനായരായ പപ്പുവും പിന്നെ, ബാംഗ്ലൂരിൽ നിന്ന് കിഡ്നാപ്പിനായി നാട്ടിലെത്തുന്ന ക്രിസ്റ്റഫർ ലൂക്ക് ആയി സുരേഷ് ഗോപി ,സങ്കടം കേട്ടാൽ കരഞ്ഞു പോകുന്ന പോലീസ് ഇൻസ്പെക്ടറായ അബു ഹസനായി ജഗതി, വട്ടിപ്പലിശക്കാരനും റൗഡിയുമായ കോയമ്പത്തൂരുകാരൻ ചെട്ടിയാരായി വന്ന ബാലൻ കെ നായരുമാണ്.തമ്പുരാനായി നെടുമുടി വേണു വേഷമിട്ടു.രാമചന്ദ്രന്റെ റോൾ ചെയ്തത് ജയറാം ആണ്. തിലകൻ, സുകുമാരി, സുപർണ, ജനാർദ്ദനൻ, എം.എസ്. തൃപ്പൂണിത്തുറ, ഇന്നസെന്റ്, സിദ്ദീഖ്, സന്തോഷ്, കൊല്ലം അജിത്ത് തുടങ്ങിയവരൊക്കെ അണിനിരന്നിട്ടുണ്ട്.
1990 ൽ റിലീസായ ഈ ചിത്രം സംവിധാനം ചെയ്തത് വിജി തമ്പിയാണ്.അദ്ദേഹവും ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. രഞ്ജിത്തിന്റേതാണ് കഥ. നിർമ്മാണം ജെ.പീറ്റർ.പ്രതീക്ഷ പിക്ചേഴ്സ് നീയ്യറ്ററുകളിൽ എത്തിച്ചു.രവീന്ദ്രൻ മാഷിന്റെ “അനന്തമാം അഗാധമാം സജീവ സാഗരം…. അതീവ സുന്ദരം” എന്ന മനോഹരഗാനം ഈ ചിത്രത്തിലാണ്. ടെൻഷനുള്ള സമയത്ത് വെറുതെ ഒന്ന് കണ്ട് കുറച്ച് ചിരിക്കാൻ പറ്റിയ ഒരു കൊച്ചു ചിത്രം’ നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം’. “ഒന്നു നില്ക്കണേ, ഈ പഴുത്ത ചക്ക കിട്ടുന്ന സ്ഥലം ഏതാ? എനിക്ക് പള്ളിയിലേക്കുള്ള വഴി മാത്രമേ അറിയൂ കുഞ്ഞേ “