Najadh Beeran
ഒട്ടുമിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് 1987 ൽ പദ്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച തൂവാനത്തുമ്പികൾ.. മോഹൻലാൽ, സുമലത, പാർവ്വതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..മണ്ണാറത്തൊടി ജയകൃഷ്ണൻ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത ഒരു പിശുക്കനാണ്.. താൻ കണ്ടു മുട്ടുന്നവരെയൊക്കെ വെറുപ്പിക്കുന്ന സ്വഭാവക്കാരനാണ് ജയകൃഷ്ണൻ.. പ്രത്യേകിച്ച് പണമിടപാടുകളിൽ.. മണ്ണാറത്തൊടിയിലുളളവരെ തന്റെ മുത്തശ്ശിയുടെ സപ്തതി ആഘോഷത്തിനു ക്ഷണിക്കാൻ വരികയാണ് രഞ്ജിനിയും രാധയും… ജയകൃഷ്ണനെക്കുറിച്ച് ഒരുപാട് കഥകൾ കേട്ടിട്ടുള്ള രാധക്ക് ഒട്ടും നല്ല അഭിപ്രായമല്ലയുള്ളത്.. ജയകൃഷ്ണന്റെ രീതികൾ തീരെ ഇഷ്ടപ്പെടാത്ത രാധ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു… താനിതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമായാണ് രാധയെ ജയ കൃഷ്ണന് തോന്നിയത്.. രാധയെ ഇഷ്ടമാണെന്ന് പറയാൻ വേണ്ടി അവൾ പഠിക്കുന്ന കോളേജിലെത്തുന്ന ജയകൃഷ്ണന്റെ അഭ്യർത്ഥന രാധ തള്ളിക്കളയുന്നു.. ഇത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുന്ന ജയക്യഷ്ണന്റെ ജീവിതത്തിലേക്ക് ക്ലാറ കടന്നു വരുന്നതോടു കൂടി കഥ വേറെ തലത്തിലെത്തുന്നു.
ജയകൃഷ്ണനായി മോഹൻലാൽ തകർത്താടുകയായിരുന്നു.. രാധയായി പാർവ്വതി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.. സുമലതയുടെ ക്ലാറയും നന്നായിരുന്നു.. പത്മരാജൻ സിനിമകളിലെ ഒരു സ്ഥിരസാന്നിധ്യം പോലെയായി തോന്നാറുള്ള ആളാണ് അശോകൻ… വലിയ അഭിനയശേഷിയുണ്ടെന്ന് അവകാശപ്പെടാനാവില്ലെങ്കിലും അശോകനായി എഴുതപ്പെട്ട ചില കഥാപാത്രങ്ങളുണ്ട്.. അതിൽ ഒന്നാണ് റിഷി.. റിഷിയുടെ ഭാവങ്ങൾ ഇന്ന് പല ട്രോളുകളിലെ സ്ഥിര സാന്നിധ്യമാണ്.പത്മരാജൻ എന്ന സംവിധായകനെക്കാളും എന്നും ഇഷ്ടം അദ്ദേഹത്തിലെ എഴുത്തുകാരനെയാണ്.. ഇവിടെയും അത് ആവർത്തിക്കുന്നു.. ആസ്വാദ്യകരമാണ് സംഭാഷണങ്ങൾ.. സിനിമയുടെ ജീവൻ എന്നു തോന്നിയത് അതിലെ പശ്ചാത്തല സംഗീതമാണ്.. ജോൺസൺ മാഷ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.. സിനിമ കണ്ടു കഴിഞ്ഞാലും കാതിൽ മുഴങ്ങുന്നനത് ഈ സംഗീതമാണ്.. എന്തിന് തുവാനത്തുമ്പികൾ എന്ന സിനിമയെക്കുറിച്ചാലോചിക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ജോൺസൺ മാഷിന്റെ സംഗീതമാണ്.സിനിമയിൽ ആകെയുള്ളത് രണ്ടു ഗാനങ്ങളാണ്.. രണ്ടും ഗംഭീരമാണ്.. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജീ രവീന്ദ്രനാഥാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.. അധികമൊന്നും കേട്ടിട്ടില്ലാത്ത പേരാണ്.. എന്തുകൊണ്ടാണെന്ന് ഒരു പിടുത്തവുമില്ല..
ജയകൃഷ്ണനും റിഷിയുമായുള്ള സംഭാഷണങ്ങളൊക്കെ ഏറെ ഇഷ്ടപ്പെട്ടതാണ്.. “മ്മക്കൊരോ നാരങ്ങ വെള്ളം കാച്ചിയാലോ” എന്നത് സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമായി മാറുകയായിരുന്നു.അത് പോലെയൊന്നാണ് ക്ലാറ.. തൂവാനത്തുമ്പികൾ എന്ന് പറയുമ്പോൾ ക്ലാറയെക്കുറിച്ച് വാതൊരാതെ സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്.. എന്നാൽ അതിനു മാത്രം എന്താണ് ക്ലാറയിലുള്ളത്. ഇപ്രാവശ്യം കണ്ടിട്ടും ഒന്നും തോന്നിയില്ല… നല്ലൊരു ജീവിതം മുന്നിൽ ഉള്ളപ്പോൾ അതിനെ തട്ടി തെറുപ്പിച്ച് ദേഹേച്ചക്ക് വഴങ്ങാൻ വേണ്ടി നാടു വിടുന്നതോ വീണ്ടും തിരിച്ചു വന്നു ആ സ്നേഹത്തെ പുല്കാൻ ശ്രമിക്കുന്നതും അതും വെറുമൊരു നേരം പോക്കായിട്ട്..ജയകൃഷ്ണൻ രാധയെ ഇഷ്ടപ്പെടുന്നത് കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന അവളുടെ പ്രകൃതം കണ്ടിട്ടാണ്.. അതേ ജയകൃഷ്ണൻ രാധ തന്നെ ഇഷ്ടമല്ല എന്നു പറയുമ്പോൾ തളർന്നു പോവുന്നു.. സത്യത്തിൽ ജയൻ പ്രതീക്ഷിക്കേണ്ട ഒന്നായിരുന്നില്ലേ അത്.പിന്നെ ജഗതിയുടെ രാവുണ്ണി എന്ന കഥാപാത്രം സിനിമയിൽ ഒരു അനാവശ്യമായിത്തോന്നി.ഞാൻ കണ്ട പത്മരാജൻ സിനിമകളുടെ ഒരു ലിസ്റ്റ് ഇടുകയാണെങ്കിൽ ഏറ്റവും താഴെയായിരിക്കും തുവാനത്തുമ്പികൾ..കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ..