“ചാന്നാർ ലഹളയും തിരുവനന്ത പുരം രാജാക്കന്മാരുടെ സവർണസ്നേഹവും “

0
390

Najas Naju

“ചാന്നാർ ലഹളയും തിരുവനന്ത പുരം രാജാക്കന്മാരുടെ സവർണസ്നേഹവും ”

കേരളത്തിന്റെ ചരിത്രത്തിലെ ലജ്ജാവഹമായ ഏടുകളാണ് ചാന്നാര്‍ ലഹള എന്ന പേരില്‍ ബ്ലൌസ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി കൃസ്ത്യാന്‍ സ്ത്രീകള്‍ നടത്തിയ അരനൂറ്റാണ്ടോളം നീണ്ടുനിന്ന ഐതിഹാസിക സമരം. തിരുവനന്തപുരത്തെ രാജഭരണത്തിന്റെ നെറികെട്ട മൂല്യബോധത്തിന്റേയും,
സംസ്കാര ശൂന്യതയുടേയും നീചത്വത്തിന്റെ തെളിവുകൂടിയാണ് നായര്‍ പട്ടാളവും നായര്‍ ജന്മികളും സംഘടിതമായി നടത്തിവന്ന സ്ത്രീകളുടെ ബ്ലൌസ് വലിച്ചുകീറുന്ന മഹനീയ യുദ്ധം!

നീചരായ ഗുണ്ടകള്‍ക്കുപോലും ലജ്ജ തോന്നുന്ന ആ ശൂദ്രയുദ്ധത്തെ നയിച്ച തിരുവിതാംകൂറിലെ രാജഭരണത്തിനെതിരെ അശരണരായസ്ത്രീകള്‍ ചെറുത്തുനിന്ന ഉജ്ജ്വല ചരിത്രമാണ് ചാന്നാര്‍ ലഹള.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്.

മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു.
നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ.

ഹിന്ദുമതത്തിലെ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.

അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, ചാന്നാർ, പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല.

സാമൂഹികമായി അതൃപ്തരായിക്കഴിഞ്ഞ ചാന്നാന്മാരുടെ ഇടയിലേക്കു പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്തുമത മിഷണറിമാർ പ്രവർത്തനത്തിനെത്തി. ചാന്നാന്മാരെ ഉന്നതവിദ്യാഭ്യാസത്തിനും പിന്നീടു മതപരിവർത്തനത്തിനും മിഷണറിമാർ പ്രേരിപ്പിച്ചു. പാശ്ചാത്യ ഭരണാധികാരികളുടെ പിന്തുണയും മിഷണറിമാർക്കുണ്ടായിരുന്നു.

സാമൂഹികമായ അഭിവൃദ്ധി സ്വപ്നംകണ്ട് നാടാർ സമുദായത്തിലെ ഒരു വിഭാഗം ക്രിസ്തുമതത്തിലേക്ക് വളരെപ്പെട്ടെന്നു പരിവർത്തനം ചെയ്തു.
ഇവരുടെ വസ്ത്രധാരണത്തിലും ജീവിത രീതികളിലും മിഷണറിമാർ പരിഷ്കാരങ്ങൾ വരുത്തി.
സവർണ്ണരുടെ ശാസനകൾ ലംഘിച്ച് മാറുമറച്ചു നടക്കുവാൻ നാടാർ സ്ത്രീകളെ ആഹ്വാനം ചെയ്തു.
കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള വടക്കാങ്കുളം എന്ന സ്ഥലത്ത് 1680-ൽ ജസ്യൂട്ട് വൈദികർ ആദ്യമായി ഒരു നാടാർ സ്ത്രീയെ റൌക്ക(ജാക്കറ്റ്) ധരിപ്പിച്ചു. വസ്ത്രധാരണത്തിൽ മാന്യത കൈവരുമെന്നു വന്നതോടെ ക്രിസ്തുമതത്തിലേക്കുള്ള ഒഴുക്കു വർദ്ധിച്ചു.
മതപരിവർത്തനം ചെയ്താൽ സവർണ്ണ ഹിന്ദുക്കളുടെ കല്പനകളിൽ നിന്നും ഒഴിവാകാം എന്നതായിരുന്നു നാടാർ സമുദായാംഗങ്ങളെ ക്രിസ്തുമതത്തിലേക്കു ചെല്ലാൻ പ്രേരിപ്പിച്ച പ്രധാന ഘടകം.

പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ നെയ്യാറ്റിൻകര, കാട്ടാക്കട, തിരുനെൽ‌വേലി, പാറശാല തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകാമായി മതപരിവർത്തനം നടന്നു. 1685-ൽ വടക്കാങ്കുളത്ത് കത്തോലിക്കാ ദേവാലയം സ്ഥാപിതമായി.
ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി.
1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്.

ക്രിസ്തുമതം സ്വീകരിച്ച നാടാർ സ്ത്രീകൾ മേൽ‌വസ്ത്രം ധരിച്ചും ഹിന്ദുമതത്തിൽപ്പെട്ടവർ മേൽ‌വസ്ത്രമില്ലാതെയും നടന്നു.

റൌക്കയും(ജാക്കറ്റ്) അതിനും‌മീതേ മേൽ‌മുണ്ടുമായിരു‍ന്നു സവർണ്ണ സ്ത്രീകളുടെ വേഷം.
മിഷണറിമാർ ഇതേ രീതിയിൽത്തന്നെ മതപരിവർത്തനം നടത്തിയവരെയും വസ്ത്രം ധരിപ്പിച്ചു.

മേൽശീല ധരിച്ച സാറ എന്ന നാടാർ ക്രിസ്ത്യൻ സ്ത്രീക്കെതിരെ പേഷ്കാർ ശങ്കുണ്ണിമേനോൻ ചില നടപടികളെടുക്കാൻ ശ്രമിച്ചത് അതിന് വിത്തുപാകി.
പൂതത്താൻ കുട്ടി – ഇശക്കി എന്നീ ചാന്നാർ ദമ്പതിമാർ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറു മറയ്ക്കുന്നവേഷം ധരിച്ച് യജമാനനായ മാടൻപിള്ളയോട് തർക്കം തുടങ്ങിയതോടെ കലാപം മുളപൊട്ടി.
ക്രിസ്ത്യൻ നാടാർ സ്ത്രീകളുടെ നടപടി ഹിന്ദുമതത്തിലെ സവർണ്ണരെ പ്രകോപിതരാക്കി. മേൽ‌വസ്ത്രം ധരിച്ച സ്ത്രീകൾക്കെതിരെ അവർ ആക്രമണമഴിച്ചുവിട്ടു. മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം. !!

ലഹള വ്യാപകമായതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രശ്നത്തിലിടപെട്ടു. 1812-ൽ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺ‌റോ ക്രിസ്ത്യൻ നാടാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതരം വസ്ത്രംധരിക്കാൻ അനുമതി നൽകി.
മിസിസ് റീഡ്, മിസിസ് കോൾട്ട് എന്നിവർ കുറിയ കൈകൾ ഉള്ള ജാക്കറ്റ് തുന്നി ധരിക്കാനും അതിനുമേൽ ഒരു രണ്ടാംമുണ്ടിടാനും നാടാർ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു.

1822-ൽ അത്തരം വേഷം ധരിച്ച് കൽക്കുളം ചന്തയിൽവന്ന നാടാർ സ്ത്രീകളുടെ കുപ്പായം ചില സവർണർ വലിച്ചുകീറി. അതേവർഷം തന്നെ പത്മനാഭപുരത്തുവച്ച് മാറുമറച്ചു നടന്ന ഒരു സംഘം നാടാർ സ്ത്രീകളെയും അവരുടെയൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും നായർ സമുദായാംഗങ്ങളായ ഏതാനും പേർ തല്ലിച്ചതയ്ക്കുകയും സമീപത്തുണ്ടായിരുന്ന ക്രിസ്തുമത ദേവാലയം തീവച്ചു നശിപ്പിക്കുകയും ചെയ്തു.
ഈ സംഭവത്തോടെ പ്രത്യാക്രമണവും വ്യാപകമായുണ്ടായി. ലഹള തിരുവതാം‌കൂറിന്റെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അന്നത്തെ ദിവാൻ വെങ്കിട്ടറാവു ഇതിനനുകൂലമായ നിലപാടെടുത്തു.

എന്നാൽ മിഷണറിയായ റീഡ് ഇതിനെതിരെ കോടതിയെ സമീപിച്ചു. വിധി നാടാർ സ്ത്രീകൾക്ക് അനുകൂലമായി.

കോടതിവിധി ധിക്കരിച്ച് ദിവാൻ വെങ്കിട്ടറാവു നാടാർ സ്ത്രീകൾ മാറു മറച്ചുകൂടാ എന്നൊരു കല്പന ഇറക്കി.
എന്നാൽ മദിരാശി ഗവർണർ സർ ചാൾസ് ട്രവലിയൻ ദിവാന് എതിരായിരുന്നു.
നാടാർമാരുടെ സഹായിയായ റീഡിന്റെ വീട് സവർണ ഹിന്ദുക്കൾ വളഞ്ഞു. ഉദയഗിരിക്കോട്ടയിൽനിന്നും പട്ടാളമെത്തി റീഡിനെ മോചിപ്പിച്ചു.

1828-ൽ റവന്യൂ ഇൻസ്പെക്ടർ ശങ്കുപ്പിള്ള സവർണർക്കു നേതൃത്വം നല്കി. നാടാർ കുട്ടികളെ സ്കൂളിൽ നിന്നും തുരത്തുകയും നാടാർ സ്ത്രീകളുടെ ബ്ളൌസ് വലിച്ചുകീറുകയും ചെയ്തു. റൌക്കയ്ക്കുമുകളിൽ മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് രണ്ടാം ഘട്ടത്തിൽ സമരം നടന്നത്.
1859-ൽ കുപ്പായവും മേൽമുണ്ടും ധരിച്ച നാടാർ സ്ത്രീകളെ സവർണർ ആക്രമിച്ചു. 1859 ജനു. 4-ന് വൈദ്യലിംഗംപിള്ള എന്ന സവർണന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ അക്രമം നടന്നു.

നെയ്യാറ്റിൻകര ചന്തയിൽ ഒരു നാടാർ സ്ത്രീയുടെ ബ്ളൗസ് കീറിയ നായർ പ്രമാണിയെ കോടതി ശിക്ഷിച്ചു. നിസ്സാരമായ പിഴയാണ് ശിക്ഷ. അയാൾ കുറ്റം ആവർത്തിച്ചു. രണ്ടാംമുണ്ട് ധരിച്ചാൽ റൗക്കകൂടി കീറുക എന്നതായി പരിപാടി.

കോട്ടാറിൽ ലഹള വ്യാപകമായി. 1859 ജനു. 7-ന് കുമാരപുരത്ത് ലഹള രൂക്ഷമായി. അവിടെ നാടാർ സ്ത്രീകളെ നഗ്നരാക്കി വഴി നടത്തി. ചെമ്പൻവിളയിൽ ലഹളയ്ക്ക് താണുമുത്തുപിള്ള എന്ന സവർണൻ നേതൃത്വം നല്കി. മൈലാടി, ആറാലുംമൂട്, തിട്ടവിള, ആണ്ടിത്തോപ്പ് എന്നിവിടങ്ങളിലും സമരം രൂക്ഷമായി.

കളിയിക്കാവിളയിൽ സ്ത്രീകൾ പള്ളിയിൽ അഭയംതേടിയപ്പോൾ സവർണർ പള്ളി കത്തിച്ചു. പാറശ്ശാലയിൽ ഒരു പൊലീസ് സർജന്റ് ആണ് ലഹളയ്ക്ക് നേതൃത്വം നല്കിയത്. കോട്ടാറിൽ ചിന്ന നാടാരുടെ നേതൃത്വത്തിൽ സംഘടിച്ച് സവർണരെ നേരിട്ടു.
ദക്ഷിണ തിരുവിതാംകൂറിലാകമാനം വ്യാപിച്ച ഈ സമരം സവർണ ഹിന്ദുക്കളെ രോഷാകുലരാക്കിത്തീർത്തു. അവർ കൂട്ടംചേർന്ന് നാടാർ സമുദായത്തിലെ സ്ത്രീപുരുഷന്മാരെ കാണുന്നിടത്തുവച്ച് ഉപദ്രവിക്കുവാൻ തുടങ്ങി.
1858 ഡി. 27-ന് രാത്രി മേക്കാട് എന്ന സ്ഥലത്തെ കുരിശുപള്ളി തീവച്ചുനശിപ്പിച്ചു. 30-ന് ചന്തയിൽവച്ച് ഒരു സംഘട്ടനമുണ്ടായി. അന്നേദിവസം രാത്രിതന്നെ നാഗർകോവിലിലെ കുരിശുപള്ളിയും റസിഡൻസി ബംഗ്ലാവും അഗ്നിക്കിരയായി. 11 മുതൽ 16 വരെ രണ്ടുകുരിശുപള്ളികളും രണ്ട് മിഷൻ പള്ളിക്കൂടങ്ങളും തീവച്ചു. ഈ ലഹളയിൽ പങ്കുകൊള്ളുന്നതിനായി തിരുനെൽവേലി, മധുര മുതലായ സ്ഥലങ്ങളിൽനിന്നും അനവധി നാടാർ യുവജനങ്ങൾ വന്നിരുന്നു.

പദ്മനാഭപുരത്ത് എത്തിയ ദിവാൻജിയെ സമീപിച്ച നാടാർ, ശൂദ്രർ, ലബ്ബമാർ മുതലായവർ തമ്മിൽത്തമ്മിൽ കുറ്റാരോപണം നടത്തി. അതിനെത്തുടർന്ന് ഗവൺമെന്റിൽ നിന്നും ഒരു വിളംബരം പ്രസിദ്ധംചെയ്തു. അതിനാൽ അല്പദിവസം സമരം ശമിച്ചിരുന്നു.
എന്നാൽ കോട്ടാറിൽ സമരം നടന്ന ഉടനെ സൈന്യത്തെ ബലപ്പെടുത്തണമെന്നും ഒരു സംഘം നായർ പട്ടാളത്തെ അയച്ചു തരണമെന്നും ഡെപ്യൂട്ടി പേഷ്കാർ ശങ്കുണ്ണി മേനോൻ ആവശ്യപ്പെട്ടതിൻപ്രകാരം സൈന്യത്തെയും നായർ പട്ടാളത്തെയും ലഹളസ്ഥലങ്ങളിലേക്ക് നിയോഗിച്ചു.
അവർ ചുറ്റിനടന്ന് സമരത്തലവന്മാരെ പിടിച്ച് വിചാരണ ചെയ്ത് ശിക്ഷിച്ചു.

മദ്രാസ്‌ ഗവർണർ ലോർഡ്‌ ഹാരിസ്‌ ശക്തിയേറിയ ഭാഷയിൽ തിരുവിതാംകൂർ റസിഡന്റ് ജനറൽ കല്ലന് എഴുതി.

“സത്യവും നീതിയും മാത്രമല്ല മനുഷ്യസാധാരണമായ സർവ മനോവൃത്തികളും ഈ സംഗതിയിൽ നമ്മുടെ വശത്താണ്. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ നാം ഗൌരവപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ പരിഷ്കൃതലോകം മുഴുവൻ നമ്മെ പുച്ഛിക്കും… …
അതുകൊണ്ട് 1829ലെ തിരുവിതാംകൂർ രാജകീയ വിളംബരത്തിൽ അടങ്ങിയിരിക്കുന്ന ശാസനങ്ങൾ ഇക്കാലത്തിനോ, പരിഷ്കൃതാശയനായ ഒരു രാജാവിനോ യോജിച്ചതല്ലെന്ന്‌ രാജാവിനെ അറിയിക്കേണ്ടത് നിങ്ങളുടെ ചുമതലയാകുന്നു…”

ഇതിന്റെ അടിസ്ഥാനത്തിൽ 1859 ജൂല. 26-ന് (കൊ.വ. 1034) ഉത്രം തിരുനാൾ ഇപ്രകാരം വിളംബരം പുറപ്പെടുവിച്ചു.

“ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു.”

ഇതിനുശേഷം നാടാർ സ്ത്രീകളും ബ്ളൗസ് ധരിക്കാം, എന്നാൽ അത് സവർണരുടേതുപോലെയാകരുത് എന്നും എല്ലാ നാടാർ സ്ത്രീകൾക്കും മേൽമുണ്ടാവാം എന്നുമുള്ള സ്ഥിതി വന്നു.ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ മദ്രാസ് ഗവർണരായ സർ ചാൾസ് ടി. വില്യമിന്റെ അടുത്തുമെത്തി.
ഉയർന്ന ജാതിക്കാരെ അനുകരിക്കരുത് എന്ന വ്യവസ്ഥ ഗവർണ്ണർക്ക് ഇഷ്ടമായില്ല.
അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിനെ അതികഠിനമായി ശാസിച്ച് റസിഡന്റിന് ഒരു കത്തയച്ചു. മാത്രമല്ല, അന്ന് മദ്രാസിൽ ചെന്നിരുന്ന അസിസ്റ്റന്റ് റസിഡന്റ് മേജർ ഡ്രൂറിയേയും അദ്ദേഹം ശാസിച്ചു. ബ്രിട്ടീഷ് അധികാരികളുടെ നിർബന്ധത്തിനു വഴങ്ങി തിരുവിതാംകൂർ മഹാരാജാവിനു ഈ വ്യവസ്ഥയും ഒടുവിൽ പിൻവലിക്കേണ്ടിവന്നതോടെ ചാന്നാർ സ്ത്രീകളുടെ മൂന്നുപതിറ്റാണ്ടിലേറെ നീണ്ട അവകാശസമരം ആത്യന്തിക വിജയം നേടി.

മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം.