മാന്യമായി ജീവിക്കുന്ന സ്ത്രീകളെ കുറിച്ച് അപവാദം പറഞ്ഞു രസിക്കുന്ന ചില നികൃഷ്ട ജന്മങ്ങൾ

64

✍️നജീബ് മൂടാടി

എന്തിനാ ചക്കരേ

“ഓള് മഹാ പോക്ക് കേസാണ് കേട്ടോ….മ്മള് കാണുന്ന പോലെ ഒന്നും അല്ല……ഓൾടെ എടപാടൊക്കെ അറിഞ്ഞാൽ നിങ്ങൾ വിശ്വസിക്കൂല… ”

മാന്യമായി ജീവിക്കുന്ന സ്ത്രീകളെ കുറിച്ച് ഇങ്ങനെ അപവാദം പറഞ്ഞു രസിക്കുന്ന ചില നികൃഷ്ട ജന്മങ്ങൾ എല്ലാ നാട്ടിലും ഉണ്ടാകും. ആരോടാണ് ചിരിക്കുന്നത് ആരോടാണ് വർത്തമാനം പറയുന്നത് ആരാണ് വീട്ടിൽ വരുന്നത് എങ്ങോട്ടാണ് പോകുന്നത് ഇതൊക്കെ ഊഹിച്ചുണ്ടാക്കി പറഞ്ഞു രസിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഇക്കൂട്ടരിൽ ആണും പെണ്ണുമുണ്ട്. പലരുടെയും അസൂയയോ കൊതിക്കെറുവോ മുഖമടച്ചു ആട്ട് കിട്ടിയതിന്റെ ജാള്യതയോ ഒക്കെ തീർക്കുന്നതാണ് ഇങ്ങനെ എന്നത് അവർക്ക് മാത്രം അറിയുന്ന രഹസ്യം. ദുഷിക്കപ്പെടുന്ന കക്ഷിയാണെങ്കിൽ പാവം ഇതൊന്നും അറിയുകയും ഇല്ല.

ഇതേ മനോവൈകൃതം ഉള്ളവർക്ക് യാതൊരു പഞ്ഞവും ഇല്ലാത്ത ഇടമാണ് ഫേസ്‌ബുക്ക്. അത്യാവശ്യം തന്റേടത്തോടെ എഴുതുന്ന പെണ്ണുങ്ങളൊക്കെയും പലരുടെയും കണ്ണിൽ മഹാമോശം ആണ്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നാൽ, ഏതെങ്കിലും കമന്റിൽ എതിരഭിപ്രായം പറഞ്ഞാൽ, മെസേജ് മൈൻഡ് ചെയ്യാതിരുന്നാൽ ഇതൊക്കെ മതി ചിലർക്ക് ഫേസ്‌ബുക്കിൽ ഒരു പെണ്ണിനെ കുറിച്ച് കഥകൾ മെനയാൻ. ഇനി ആരുടെയെങ്കിലും വാളിൽ സ്ഥിരമായി കമന്റ് ചെയ്താലോ ആരോടെങ്കിലും ഒരാളെ കുറിച്ച് നല്ലത് പറഞ്ഞാലോ അയാൾ കാമുകനോ ‘ഒളിസേവ’ക്കാരനോ ഒക്കെയായി ഇവരുടെ കണ്ണിൽ. ‘മര്യാദാ പുരുഷോത്തമന്മാരും’ ‘ശീലാവതിയുടെ നേർപെങ്ങന്മാരും’ ആയ ഈ സദാചാര കാവൽക്കാരുടെ ദുഷിപ്പ് കാരണം ഫേസ്‌ബുക്ക് തന്നെ ഉപേക്ഷിച്ചു പോയവരും വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും ബാധിച്ചവരും തീരെ ഇല്ലാതെയല്ല.

സ്ത്രീകളെ കുറിച്ച് ഇത്തരം കഥകൾ പറഞ്ഞു പരത്തുന്നതിൽ സ്ത്രീകളും ഒട്ടും മോശമല്ല എന്നതാണ് കൗതുകം. തങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും പുരുഷന്മാരെ അവർക്ക് ‘പിടിക്കാത്ത’ സ്ത്രീകളുടെ വാളിൽ കണ്ടാൽ ഉടനെ ‘പെങ്ങൾ’ ഇൻബോക്സിൽ വരികയായി. അവരെ പരിചയമുണ്ടോ ചാറ്റുണ്ടോ എന്നൊക്കെ അന്വേഷിച്ചു കഴിഞ്ഞാൽ പിന്നെ ഒഴുക്കൻ മട്ടിൽ ഉപദേശമാണ്. “വല്ലാതെ ലോഗ്യത്തിന് നിക്കണ്ട കേട്ടോ…ഓളത്ര ശരിയല്ല. കെട്ട്യോൻ ഒഴിവാക്കി എന്നോ ഒഴിവാക്കാൻ വെച്ചു എന്നൊക്കെ കേട്ടു. ചാറ്റനൊന്നും പോകണ്ട. പിന്നെ പലർക്കും കാശ് കൊടുക്കാനുണ്ടത്രേ ..ഓളുടെ വാളിൽ വല്ലാതെ കളിക്കുന്ന ആണുങ്ങളിൽ പലരുമായും ഓൾക്ക് എന്തൊക്കെയോ ഇടപാടുണ്ട്. എഴുത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല ഈ ലൈക്കും കമന്റും ഒന്നും.. പിന്നെ ഞാനിങ്ങനെ പറഞ്ഞു എന്നൊന്നും ഓളോട് പറയാൻ നിക്കണ്ട കേട്ടോ. നിങ്ങള് കുടുംബവും കുട്ടികളും ഒക്കെയായി കഴിയുന്ന ഒരാളാന്ന് അറിയുന്നോണ്ട് പറഞ്ഞൂന്നെ ഉള്ളൂ”
‘പെങ്ങളുടെ’ ഈ ആത്മാർഥ ഉപദേശം കേൾക്കുന്നതോടെ പല ആങ്ങളമാരും വഴിയിൽ കണ്ടാൽ പോലും ലോഗ്യം പറയാത്ത നല്ല കുട്ടിയാവും. വെറുതെ ഉള്ള ‘ദുഷ്‌പേര് ചീത്തയാക്കണ്ട’ല്ലോ!
സ്ത്രീകളെ കുറിച്ചു മാത്രമല്ല, ഫേസ്‌ബുക്കിൽ അത്യാവശ്യം നന്നായി എഴുതുകയോ വരക്കുകയോ പാടുകയോ സാമൂഹ്യ/ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയോ ഒക്കെ ചെയ്യുന്ന ആണുങ്ങളെ കുറിച്ചും ഇതേ പോലെ കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിൽ നിർവൃതി കണ്ടെത്തുന്ന ആണും പെണ്ണും അടങ്ങിയ ഒരു കോക്കസ് തന്നെ ഇവിടെയുണ്ട്. ഫ്രണ്ട് ലിസ്റ്റിൽ ധാരാളം വനിതകൾ ഉള്ള, പോസ്റ്റിന് കീഴെ സ്ത്രീകളുടെ കമന്റുകൾ എമ്പാടും വരുന്ന പ്രൊഫൈലുകൾ ഒക്കെ ഇവരുടെ ഉള്ളിൽ ഉണ്ടാക്കുന്ന എടങ്ങേറ് ചില്ലറയല്ല.

ഫ്രണ്ട് ലിസ്റ്റിലെ ഏതെങ്കിലും ഒരു പെണ്ണ് ആരുടെയെങ്കിലും വാളിൽ സ്ഥിരമായി കമന്റ് ചെയ്തു കാണുമ്പോഴേക്ക് ഇവർക്ക് അസ്വസ്ഥത തുടങ്ങുന്നു. ഉടനെ ‘പെങ്ങളോടുള്ള’ കരുതലുമായി ആങ്ങള അവളുടെ ഇൻബോക്സിലേക്ക് ചെല്ലുകയായി.
“നിന്നെ കുറെ ദിവസായി അങ്ങേരുടെ വാളിൽ കാണുന്നല്ലോ.. അയാളെ അറിയുമോ… ചാറ്റുണ്ടോ”
“ഇടക്ക് വല്ലപ്പോഴും… എന്തേ ബ്രോ”
” സൂക്ഷിക്കണം. അയാള് ആള് ശരിയല്ല… അങ്ങേരിൽ നിന്ന് പല സ്ത്രീകൾക്കും മോശമായ അനുഭവം ഉണ്ട്”
“ഏയ്… എന്നോട് ഏറ്റവും മാന്യമായണല്ലോ ഇതുവരെ പെരുമാറിയിട്ടുള്ളൂ …അങ്ങനെ മോശമായൊന്നും..”
“അതൊക്കെ അയാളുടെ തന്ത്രമാ… നീ ഒരു ശുദ്ധഗതിക്കാരി ആയതോണ്ട് അറിയില്ല.. സൂക്ഷിച്ചോ…. ”
“അല്ല ബ്രോ… നിങ്ങളോട് ആരാണ് അയാളെ കുറിച്ച് ഇങ്ങനെ പറഞ്ഞത്”
“അതൊന്നും ചോദിക്കണ്ട.. ഒരാളല്ല.. ഒന്നിലധികം സ്ത്രീകൾ പറഞ്ഞിട്ടുണ്ട്.. ഇപ്പൊ തന്നെ നിന്നെ അയാളുടെ വാളിൽ കണ്ടപ്പോ എന്റെ ഫ്രണ്ടായ ഒരു സ്ത്രീയാ നിന്നോട് ഇതൊന്ന് സൂചിപ്പിക്കാൻ പറഞ്ഞത്.. ..ഞാൻ പറയാനുള്ളത് പറഞ്ഞു. പിന്നെ ഒരു കാര്യം അയാളുടെ വാളിൽ കമന്റ് ചെയ്യുന്ന പെണ്ണുങ്ങളെ പറ്റി പൊതുവെ നല്ല അഭിപ്രായം അല്ല.. എന്തിനാ വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കുന്നത്”

ആകെ ആശയക്കുഴപ്പത്തിൽ ആവുന്ന പല സ്ത്രീകളും ആ വഴിക്ക് പോകുന്നത് തന്നെ അതോടെ അത് നിർത്തുന്നു എന്ന് മാത്രമല്ല. കെട്ട്യോനോ സ്വന്തക്കാരോ കണ്ടിട്ട് ഇനിയൊരു പൊല്ലാപ്പ് വേണ്ടല്ലോ. ഇങ്ങനെ കള്ളക്കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അടിസ്ഥാന പ്രശ്നം അസൂയയാണ്. ഞാനൊക്കെ ഇവിടെ നിത്യം പ്രൊഫൈൽ ഫോട്ടോ മാറ്റിയിട്ടും ചാഞ്ഞും ചരിഞ്ഞും മല കയറിയും ഒക്കെ ഫോട്ടോ എമ്പാടും ഇട്ടിട്ടും ഒരൊറ്റ എണ്ണം തിരിഞ്ഞു നോക്കാതെ ലവന്റെ/ലവളുടെ എഴുത്തോ വരയോ പാട്ടോ കാണുമ്പോ ചാടി വീഴുക ആണല്ലോ എന്ന കുശുമ്പ്. ഇവർക്ക് കൂട്ടായി ഒരേ തൂവൽ പക്ഷികളായ കുറേയെണ്ണവും ഉണ്ടാവും. സ്വയം സൽഗുണ സമ്പന്നർ ആണെന്ന് ഭാവിച്ചും മറ്റുള്ളവരെ പുച്ഛിച്ചും ദുഷിച്ചും എന്നാൽ ഇന്ബോക്സിലൂടെയും അതിനപ്പുറവും സകല വൃത്തികേടും കാണിച്ചും മുഖം മൂടിയിട്ടു നടക്കുന്ന, ആണും പെണ്ണും തമ്മിൽ ആകെ ഒരു ഇടപാട് മാത്രമേ ഉള്ളൂ എന്ന് ചിന്തിക്കുന്ന ആ ഒരു ഏർപ്പാടിന്‌ പഴുത് നോക്കി fb യിൽ നിരങ്ങുന്ന ഇവർ അങ്ങനെ ചിന്തിക്കുന്നതിൽ അത്ഭുതമില്ല
ഇവരിൽ അധികപേരും കേവലം ഒരു fb idക്ക് അപ്പുറം സ്വന്തമായി യാതൊരു വിലയും നിലയും ഉള്ളവരല്ല. പക്ഷെ ഇവർ ദുഷിക്കുന്നവർക്ക് ഈ fb മാത്രമല്ല ലോകം എന്നും, അവർക്കും ഒരു കുടുംബവും സാമൂഹ്യ ബന്ധങ്ങളും ഉണ്ടെന്നും ഇവർ ചിന്തിക്കുന്നില്ല. ജീവിതപങ്കാളിയും സഹോദരങ്ങളും മക്കളും ഒക്കെ ഉള്ളവരെ കുറിച്ച് ഇത്തരം അപവാദങ്ങൾ പ്രചരിപ്പിച്ചു രസിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് ഇവർ ഓർക്കുന്നേയില്ല.

ഇവിടെ സജീവമായി തിളങ്ങി നിൽക്കുന്ന ആണും പെണ്ണും എല്ലാവരും മഹാന്മാരാണെന്നോ എഴുത്തിൽ കാണുന്ന വ്യക്തിത്വം തന്നെയാണ് ജീവിതത്തിൽ എന്നോ അഭിപ്രായമില്ല. അങ്ങനെ അല്ലാത്തവർ ഉണ്ടാകാം. പക്ഷെ വ്യക്തമായ തെളിവില്ലാതെ
ഊഹാപോഹവും കെട്ടുകഥയും വിശ്വസിച്ച് ഒരാളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിന് എന്ത് ന്യായമാണുള്ളത്. ഉപദേശിയോട് ചുരുങ്ങിയത് സ്ക്രീൻഷോട്ടോ വോയ്സ് ക്ലിപ്പോ എങ്കിലും തെളിവായി ചോദിച്ചു നോക്കൂ അപ്പൊ കാണാം ഉരുണ്ടുകളിക്കുന്നത്.
പെണ്ണിന്റെ ഇൻബോക്സിൽ ചെന്ന് മോശമായി സംസാരിച്ചവരുടെ സ്‌ക്രീൻഷോട്ടുകൾ ഇട്ടുള്ള വിപ്ലവങ്ങൾ എല്ലാം പൂർണ്ണ സത്യങ്ങൾ അല്ല എന്നപോലെ, തങ്ങളുടെ ഉദ്ദേശത്തിന് കിട്ടാത്ത, മറ്റേതെങ്കിലും പെണ്ണിനോട് സൗഹൃദമായി ഇടപെടുന്ന ആണിനോടുള്ള വിദ്വേഷം തീർക്കാൻ കള്ളക്കഥകൾ മെനയുന്ന സ്ത്രീകളും, ഒരേ സമയം പലരുടെ ഇഷ്ടക്കാരായി മികച്ച അഭിനയം കാഴ്ചവെക്കുന്ന സ്ത്രീകളും ഇവിടെയുണ്ട്. പറഞ്ഞത് പെണ്ണായത് കൊണ്ട് എല്ലാം കണ്ണുമടച്ചു വിശ്വസിച്ചു അവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സകല പെങ്ങന്മാർക്കും മുന്നറിയിപ്പ് കൊടുക്കാൻ ഇറങ്ങുന്നവർ ഒരു പുനരാലോചന എപ്പോഴും നടത്തിയാൽ സ്വന്തം മാനം പോകാതെ കാക്കാം എന്നു ചുരുക്കം.

ജീവിതത്തിൽ ഒരു പരിചയവും ഇല്ലാത്തവരെ കുറിച്ച് ഊഹാപോഹം വെച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുകയും പിന്നീട് അറിഞ്ഞതൊക്കെ തെറ്റായിരുന്നു എന്നു തിരിച്ചറിയുകയും ചെയ്യുമ്പോൾ ഇത്തിരി മനഃസാക്ഷി ഉള്ളവർ വല്ലാതെ ഖേദിക്കേണ്ടി വരും.
എഴുത്തുകൊണ്ടോ വര കൊണ്ടോ പാട്ടുകൊണ്ടോ മറ്റ്‌ ഏതെങ്കിലും കാരണത്താലോ ഫേസ്‌ബുക്കിൽ കൊണ്ടാടപ്പെടുന്നവരെ കുശുമ്പും വിദ്വേഷവും കൊണ്ട് ഇല്ലാതാക്കിക്കളയാം എന്ന് ചിന്തിക്കുന്ന കൂപമണ്ഡൂകങ്ങൾ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. ഫേസ്‌ബുക്കിൽ വന്നത് കൊണ്ടല്ല ഒരാളും എഴുത്തുകാരനോ കലാകാരനോ ആയത്. പ്രതിഭയും കാലങ്ങളായുള്ള പരിശീലനവും സാധനയും കൊണ്ടൊക്കെ സ്വായത്തമായ കഴിവ് കൊണ്ടാണ് അവർ ആദരിക്കപ്പെടുന്നത്.

ഇവിടം അത് പ്രകാശിപ്പിക്കാനും കൂടുതൽ ആളുകളിലേക്ക് എത്താനും കാരണമാകുന്നു എന്നേയുള്ളൂ. ഇതിലേറെ ആദരവും അംഗീകാരവും ലഭിക്കാനുള്ള ഇടം അവർക്ക് പുറത്തുണ്ട്. മാത്രമല്ല അങ്ങനെ ഉള്ളവർക്ക് പ്രണയത്തിനോ അതുനുമപ്പുറത്തോ ഉള്ളതിനൊന്നും ഇങ്ങനെ ഇൻബോക്സിൽ ഇടിച്ചു കേറിച്ചെന്നു ഒലിപ്പിക്കേണ്ട അവശ്യമൊന്നും ഇല്ല. ആ ഏർപ്പാടിൽ കമ്പം ഇല്ലാത്തത് കൊണ്ടും, അതിലേറെ കുടുംബത്തെ സ്നേഹിക്കുന്നത് കൊണ്ടും അന്തസ്സും സംസ്കാരവും മാന്യതയും ഉള്ളത് കൊണ്ടും ആണ് പലരും അതിനൊന്നും നിക്കാത്തത്.ഇൻബോക്സ് ഏർപ്പാടല്ലാതെ വേറൊന്നിനും കൊള്ളാത്ത ഈ സദാചാര വീരന്മാർക്ക് അത് വല്ലതും സങ്കൽപ്പിക്കാൻ കഴിയുമോ.

അത്യാവശ്യം എഴുതുന്നവരുടെ വാളിൽ പോയി കമന്റ് ചെയ്യുന്ന പെണ്ണുങ്ങൾക്കൊക്കെ റിക്വസ്റ്റയച്ചും ഇൻബോക്സിൽ ഇടിച്ചു കയറിയും നാലുവരി പൈങ്കിളി പ്രണയവും എഴുതി വാളിലിട്ടും 24 മണിക്കൂറുംഈ ഇട്ടാവട്ടത്തിൽ കഴിഞ്ഞു കൂടുന്നവർക്ക് വേറെ ഒന്നും ചിന്തിക്കാൻ ഇല്ലാത്തത് കൊണ്ട് ‘പാഷാണം ഷാജി’യുടെ പരിപാടിയുമായി ഇങ്ങനെ തുടരാം. ഒരു ‘മനോസുഖം’ അത്ര തന്നെ.
ജീവിതത്തിൽ ഒരു പരിചയവും ഇല്ലാത്തവരെ കുറിച്ചു പോലും അപവാദം പറഞ്ഞു രസിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അവനവന്റെ നിലവാരം വെച്ചു മറ്റുള്ളവരെ അളക്കുന്ന സദാചാരത്തിന്റെ ഹോൾസെയിൽ ഡീലർമാരോട് വിനയപൂർവ്വം ചോദിച്ചോട്ടെ.
എന്തിനാ ചക്കരേ വ്യക്തിപരമായും സമൂഹ്യപരമായും ഒരുപാട് നന്മകൾക്ക് പറ്റിയ ഇടമായ ഈ ഫേസ്ബുക്കിനെയും സ്വന്തം മനസ്സിന്റെ സെപ്റ്റിക് ടാങ്ക് നിലവാരത്തിലേക്ക് താഴ്ത്തു