മകൾ ഇനിയുള്ള കാലം ജീവിക്കാനുള്ള വീടും കണ്ടു മനസിലാക്കേണ്ടത് മാതാവിന്റെ കടമയാണ്

117

✍️നജീബ് മൂടാടി

നമ്മുടെ നാട്ടിൽ പെണ്ണുകാണാൻ പോവുമ്പോൾ തന്നെ പയ്യന്റെ കൂടെ മാതാവും പെങ്ങളുമൊക്കെ പോകുന്നത് സാധാരണയാണ്. ഇതിനും പുറമെ കല്യാണം ഉറച്ചു കഴിഞ്ഞാൽ പയ്യന്റെ ബന്ധുക്കളായ സ്ത്രീകളുടെ ഒരു പട തന്നെ പെണ്ണിന്റെ വീട്ടിൽ പോകുന്നതും അവർക്കായി ഗംഭീര ഫുഡ് ഒക്കെ ഒരുക്കുന്നതും ഇപ്പോൾ നാട്ടുനടപ്പാണ്. എന്നാൽ പെണ്ണിന്റെ പിതാവും പുരുഷന്മാരായ ബന്ധുക്കളും അല്ലാതെ പയ്യന്റെ വീടും ചുറ്റുപാടും കാണാൻ പെണ്ണിന്റെ മാതാവിന് പോലും പലയിടങ്ങളിലും അവസരമില്ല. പയ്യന്റെ വീട്ടിൽ വെച്ചു നടക്കുന്ന നിശ്ചയിക്കൽ ചടങ്ങിൽ പോലും പെണ്ണിന്റെ കൂട്ടരായ ആണുങ്ങളല്ലാതെ പെണ്ണുങ്ങളെ കാണാറില്ല.

സ്വന്തം മകൾ കയറിച്ചെല്ലാനുള്ള വീടും ചുറ്റുപാടും മിക്കവാറും പെൺകുട്ടികളുടെയും മാതാവ് ആദ്യമായി കാണുന്നത് തന്നെ വിവാഹവും കഴിഞ്ഞുള്ള സൽക്കാരത്തിനൊക്കെ ആയിരിക്കും. ആഗ്രഹമുണ്ടെങ്കിലും നാട്ടുനടപ്പില്ലാത്തത് കൊണ്ട് മിക്ക സ്ത്രീകളും ഈ മോഹം പുറത്തു പറയാതിരിക്കുകയാണ്.

മകൾ ഇനിയുള്ള കാലം ജീവിക്കാനുള്ള വീട് കാണുക എന്നത് മാത്രമല്ല, ഒരു വീടും പരിസരവും കണ്ടാൽ അവിടെയുള്ള സൗകര്യങ്ങൾ അറിയാനും താമസക്കാരെ കുറിച്ചു സൂക്ഷ്മമായി മനസ്സിലാക്കാനും സ്ത്രീകളെ പോലെ പുരുഷന്മാർക്ക് സാധിക്കില്ല. സിറ്റിംഗ് റൂമിനും ഡൈനിങ് റൂമിനും അപ്പുറം അടുക്കളയടക്കം മകൾ പെരുമാറേണ്ട ഇടങ്ങളിൽ ആണുങ്ങൾ കയറി ചെല്ലാറുമില്ല. എത്രയൊക്കെ പുരോഗമിച്ചിട്ടും,പെൺകുട്ടിയെ എന്തെങ്കിലും കൊടുത്ത് ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചാൽ ഭാരമൊഴിഞ്ഞു എന്ന് ചിന്തിച്ച മനുഷ്യരുടെ കാലത്തുണ്ടായിരുന്ന നാട്ടുനടപ്പുകളിൽ നിന്ന് മോചിതരാവാൻ നമുക്കിപ്പോഴും സാധിച്ചിട്ടില്ല.

മറ്റുള്ള നാടുകളിൽ ഇതിന് മാറ്റമുണ്ടോ എന്നറിയില്ല. എന്റെ നാട്ടിലൊക്കെ ഏറെക്കുറെ പൊതുവെയുള്ള സ്ഥിതി ഇപ്പോഴും ഇങ്ങനെയൊക്കെയാണ്. മകളുടെ ഭാവി ജീവിതത്തെ കുറിച്ച് ഉത്കണ്ഠയുള്ള വിവേകമുള്ള മാതാക്കളും ജീവിത പങ്കാളിയോട് പരിഗണനയുമുള്ള അവരുടെ ഭർത്താക്കന്മാരും അങ്ങനെയുള്ള സന്ദർശനം സന്തോഷമായി കരുതുന്ന പയ്യന്റെ വീട്ടുകാരും ഇതിന് അപവാദമായി അപൂർവ്വമായി ഉണ്ടെങ്കിലും ബഹുഭൂരിപക്ഷവും പഴയപോലെ തുടരുന്നു.

തന്റെ മകളെ കുറിച്ച് നന്നായി അറിയുക മാതാവിനാണ്. അതുകൊണ്ട് തന്നെ അവൾ ഇനിയങ്ങോട്ട് ജീവിക്കാനുള്ള വീടും പരിസരവും അവിടെയുള്ള അംഗങ്ങളെയും പഠിക്കാനും മനസ്സിലാക്കാനും അവരെ പോലെ പുരുഷന്മാർക്ക് സാധിക്കില്ല. വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് ഇങ്ങനെ ഒരു സൗഹൃദ സന്ദർശനത്തിനെങ്കിലും അവസരമുണ്ടാക്കിയൽ പല പെൺകുട്ടികളും പിന്നീട് കണ്ണീര് കുടിക്കേണ്ടി വരില്ല. ഇപ്പോഴും ഇതുപോലെ തുടരുന്നവരോടാണ്.