ഇങ്ങനെയും ചില രാഷ്ട്രീയക്കാരുണ്ട്…

666

നജിം കൊച്ചുകലുങ്ക് (Najim Kochukalunk)എഴുതുന്നു

ഇങ്ങനെയും ചില രാഷ്ട്രീയക്കാരുണ്ട്…

രണ്ടോ മൂന്നോ മാസം മുമ്പാണ്്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഒരു സമാജ്വാദി പാര്‍ട്ടി എം.എല്‍.എ എഴുന്നേറ്റ് നിന്ന് പൊട്ടിക്കരഞ്ഞു. യാത്രക്കിടയില്‍ ഒരു കടയില്‍ വെച്ച് തന്‍െറ പത്ത് ലക്ഷം രൂപ കളവു പോയെന്ന ആവലാതി ഉന്നയിക്കുകയായിരുന്നു അയാള്‍. ആകെയുള്ള സമ്പാദ്യമാണെന്നും അത് തിരിച്ചുകിട്ടിയില്ളെങ്കില്‍ ജീവിതം വഴിമുട്ടുമെന്നും പറഞ്ഞ് ഹൃദയം പൊട്ടി നിലവിളിച്ച് അയ്യാള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

വാര്‍ത്ത വായിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്്. വെറും 10 ലക്ഷം രൂപക്ക് വേണ്ടി ഒരു എം.എല്‍.എ, അതും പ്രബലപ്പെട്ട ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ പൊട്ടിക്കരയുമോ? വെറുതെ കാലൊന്ന് മാറാന്‍ എം.എല്‍.എമാര്‍ക്ക് 20ഉം അമ്പതും കോടികള്‍ വിലയിടുന്ന കാലമാണിത്. ഓരോ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ രണ്ടും മൂന്നും കോടിയാണ് ഓഫര്‍ ചെയ്യപ്പെടുന്നത്. വീട്ടില്‍ കല്യാണമോ വീട് കൂടലോ ഉണ്ടായാല്‍ എത്തുന്ന ‘സമ്മാന’ങ്ങള്‍ വേറെയും. മുഖ്യമന്ത്രിയാകാന്‍ ഒരാള്‍ സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും ചുമ്മാ പോക്കറ്റ് മണി കൊടുത്തത് 1800 കോടിയാണ്.

അപ്പോഴാണ് വെറും പത്ത് ലക്ഷം രൂപ കളവുപോയതിന് ജീവിതം തന്നെ അവസാനിപ്പിച്ചുകളയുമെന്ന് എം.എല്‍.എയുടെ അലമുറ. പത്ത് ലക്ഷം രൂപയൊക്കെ വലിയ തുകയായി കാണുന്ന ജനപ്രതിനിധിയെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ഇതൊക്കെ കൊണ്ട് തന്നെ അത്ഭുതപ്പെടാതിരിക്കാനാവില്ല. രാഷ്ട്രീയക്കാരെ കുറിച്ച് പൊതുവിലുറച്ചുപോയ ധാരണയാണത്. എം.എല്‍.എയൊ എം.പിയൊ മന്ത്രിയോ ഒക്കെ ആയാല്‍ പിന്നെ അയാളും അയാളുടെ കുടുംബവും അഞ്ച് തലമുറയും രക്ഷപ്പെട്ടു എന്നാണല്ളോ വെപ്പ്.

സീറ്റുറപ്പിക്കാനും ഇലക്ഷന്‍ പ്രചാരണത്തിനും സര്‍ക്കാര്‍ രൂപീകരണത്തിനുമൊക്കെ ശതകോടികളിട്ട് അമ്മാനമാടുന്ന രാഷ്ട്രീയക്കാരുടെ ഇടയില്‍ എന്നാല്‍ ആ എം.എല്‍.എയെ പോലുള്ള ചില ‘സാധുക്കളു’മുണ്ടെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ച വാര്‍ത്ത ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. അത് ചുവടെ.

എ.എം ആരിഫിന്‍െറ അനുജന്‍ അന്‍വാസ്
എ.എം ആരിഫിന്‍െറ അനുജന്‍ അന്‍വാസ്

ആലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന്‍െറ അനുജന്‍ അന്‍വാസ് റിയാദിലുണ്ട്. ജ്യേഷ്ഠന്‍െറ ഇലക്ഷന്‍ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ കുറച്ചുദിവസം മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു. എല്ലാം കേട്ടു, വാര്‍ത്തയാക്കാനുള്ളത് കുറിച്ചെടുത്തുകഴിഞ്ഞപ്പോള്‍ കുശലം എന്ന നിലയില്‍ ചോദിച്ചു.
‘നാട്ടില്‍ പോകുന്നില്ളേ? ഇലക്ഷന്‍ പ്രവര്‍ത്തനത്തില്‍ ജ്യേഷ്ഠനെ സഹായിക്കാമല്ളോ, വോട്ടും ചെയ്യാം.’
അന്‍വാസ് ചിരിച്ചു. പക്ഷേ ആ ചിരിയില്‍ ഒരു നൊമ്പരം നിഴലിട്ടതുപോലെ തോന്നി.
‘സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞയുടനെ ജ്യേഷ്ഠനെ വിളിച്ചു. കയറി വാടാ എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് അറിയില്ലല്ളോ ഇവിടുത്തെ അവസ്ഥ. വിമാനടിക്കറ്റിന് പണമില്ല. മാത്രമല്ല ഒരാഴ്ച കഴിയുമ്പോള്‍ ഇഖാമയുടെ കാലാവധി കഴിയും. സ്പോണ്‍സര്‍ ഇനിയത് പുതുക്കി തരാനിടയില്ല. അങ്ങനെയാണെങ്കില്‍ നിത്യമായി നാട്ടില്‍ കൂടാം. എന്നാല്‍ അങ്ങനെ പോയി നില്‍ക്കാന്‍ വേണ്ടതൊന്നും ആയിട്ടുമില്ല. 20 വര്‍ഷം ഇവിടെ പ്രവാസിയായി അധ്വാനിച്ചിട്ടും.’
ആ മുഖത്തിപ്പോള്‍ വല്ലാത്തൊരു വിഷാദ ഛായ. അത് കണ്ടിട്ട് പുതുമയൊന്നും തോന്നിയില്ല. ഇവിടെ കാണുന്ന ഓരോ പ്രവാസിയുടെയും മുഖത്ത് അതേ നിഴല്‍പകര്‍ച്ച ഇപ്പോള്‍ പതിവാണ്. പ്രവാസത്തിന്‍െറ നിലനില്‍പിനെയും ഭാവിയെയും കുറിച്ചുള്ള ഒടുങ്ങാത്ത ആശങ്കകളുടെ വല്ലാത്ത ഇരുട്ടുകള്‍.
എങ്കിലും ആശ്വസിപ്പിക്കാനായി പറഞ്ഞു:
‘ഇനി നാട്ടില്‍ പോയാലും പ്രശ്നമൊന്നുമില്ലല്ളോ. ജ്യേഷ്ഠന്‍ എം.എല്‍.എ അല്ളേ? ജയിച്ചാല്‍ എം.പിയുമാകും. ഒരു ജീവിതമാര്‍ഗം ഒപ്പിച്ചുതരാനാണോ പ്രയാസം?’
പെട്ടെന്ന് അദ്ദേഹം നിവര്‍ന്നിരുന്നു.
‘ഹേയ് അതുണ്ടാവില്ല. അത് പാടില്ല. ഇനി ജ്യേഷ്ഠന്‍ ആഗ്രഹിച്ചാലും ഞങ്ങളത് സമ്മതിക്കില്ല. നാട്ടുകാര്‍ക്ക് ജ്യേഷ്ഠനെ കൊണ്ട് ഗുണമുണ്ട്. എന്നാല്‍ കുടുംബത്തിന് അത് വേണ്ട. ഇമേജിന് കോട്ടമുണ്ടാക്കാന്‍ ഞങ്ങളായിട്ട് വഴിയുണ്ടാക്കില്ല. അങ്ങനെയെങ്കില്‍ എന്നെക്കാള്‍ സഹായം വേണ്ടത് ഇളയ അനുജനാണ്. ഒരു സ്ഥിര ജോലിയായിട്ടില്ല. മത്സ്യഫെഡ്ഡില്‍ ദിവസക്കുലിക്ക് പോവുകയാണ്. തുച്ഛവരുമാനം. അതുകൊണ്ട് നിത്യജീവിതം മുന്നോട്ട് നയിക്കാന്‍ അവന്‍ പ്രയാസപ്പെടുകയാണ്. എന്നിട്ടും ഞങ്ങള്‍ അദ്ദേഹത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം ചെയ്യാന്‍ തയ്യാറായാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ല. ഒരു കാര്യം കൂടി പറയട്ടെ. എം.എല്‍.എയുടെ കാറിന്‍െറയും വീടിന്‍െറയും ലോണ്‍ പോലും അടഞ്ഞുപോകുന്നത് ഹോമിയോ ഡോക്ടറായ ഭാര്യയുടെ വരുമാനത്തില്‍ നിന്നാണ്.’

സ്വജനപക്ഷപാതത്തിന്‍െറയോ അഴിമതിയുടെയോ നേരിയ പോറല്‍ പോലും വീഴാതെ ഒരു പൊതുപ്രവര്‍ത്തകന്‍െറ ജീവിതത്തെ സംശുദ്ധിയോടെ പരിപാലിക്കാന്‍ അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളെടുക്കുന്ന കരുതലിന്‍െറയും സഹിക്കുന്ന ത്യാഗത്തിന്‍െറയും സംതൃപ്തി ആ മുഖത്തപ്പോള്‍ വിടര്‍ന്ന ചിരിയായി നിറഞ്ഞുനില്‍ക്കുന്നത് കണ്ടു.

ഇതിപ്പോള്‍ ഒരു ആരിഫില്‍ തുടങ്ങി ആരിഫില്‍ അവസാനിക്കുന്ന ലിസ്റ്റല്ല. എല്ലാ പാര്‍ട്ടിയിലും ഇതുപോലുള്ള ജനപ്രതിനിധികളുണ്ടാവും. അറിഞ്ഞ ഒന്നിനെ കുറിച്ച് എഴുതിയന്നേയുള്ളൂ.

കഴിഞ്ഞദിവസം വഴിയില്‍ വെച്ച് അന്‍വാസിനെ വീണ്ടും കണ്ടിരുന്നു.
എന്തായി ഇഖാമയുടെ കാര്യമെന്ന് ചോദിച്ചപ്പോള്‍ സന്തോഷമുള്ള മറുപടി:
കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ, സ്പോണ്‍സറുടെ മനസ് മാറി, പുതുക്കി തന്നു.