Najmunnisa Pearl
ഇന്നലെ ആർ എസ് എസുകാർ വിളിച്ച മുദ്രാവാക്യങ്ങൾ കുറ്റ്യാടിയുടെ ഉള്ള് അറിഞ്ഞു തന്നെയാണ്, വിളിച്ചവർക്കറിയാം കുറ്റ്യാടിയുടെ സാഹോദര്യഭാവം. ഇന്ന് വരേയ്ക്കും കുറ്റ്യാടിയുടെ ചരിത്രത്തിൽ മതമൈത്രിക്ക് വിരുദ്ധമായൊരു നീക്കവും ഉണ്ടായതായി കാണാൻകഴിയില്ല.വർഗീയ ചേരിതിരിവുകളോ കാലുഷ്യങ്ങളോ ഉണ്ടായിട്ടില്ല.
ഒരു നാട്ടിലെ സ്വസ്ഥമായജീവിതം ആ നാട്ടിലെ ഭൂമിവിലയിൽ അറിയാൻകഴിയുംഎന്ന് പറയാറുണ്ട് .സമാധാനത്തോടെ കച്ചവടസ്ഥാപനങ്ങളും സൈര്യ ജീവിതവും ഉറപ്പുതരുന്നൊരു അന്തരീക്ഷമായതിനാലാണ് കോഴിക്കോട്ടങ്ങാടി കഴിഞ്ഞാൽ മറ്റു പ്രദേശങ്ങളെക്കാളും ഈ പ്രദേശത്തിന് ആവശ്യക്കാർ കൂടുതൽ ഉണ്ടാവുന്നത്.
അങ്ങാടിക്ക് അകത്ത് തന്നെയായിരുന്നു ഞങ്ങളുടെ വീട്. വയനാടിന്റെ ചുരമിറങ്ങിയാൽ എത്തിപ്പെടുന്ന വയലും പുഴയും ഉള്ള കുറ്റ്യാടി. മൊദാക്കര കുന്നിന്റെ മുകളിൽ ഒരു സർക്കാർ ഹൈസ്‌കൂളും അങ്ങാടിയിലുള്ള എൽപി യുപി സ്‌കൂളും. വലിയൊരു ജുമാഅത്ത് പള്ളിയും അതിന്റെ അടുത്തായി ഒരു ഇസ്ലാമിയകോളേജും.കുറ്റ്യാടിപ്പുഴയുടെ കരയിൽ പാച്ചാൽ എന്നൊരു മനോഹരമായ തുരുത്തുണ്ട്. അതിന്റെ കരയിൽ വലിയൊരു കാവും. അവിടെയാണ് നാടോൽ ശ്രീ മുത്തപ്പൻ ക്ഷേത്രം.
ജനുവരി ഒന്നുമുതൽ അമ്പലത്തിൽ തിറമഹോത്സവം ആരംഭിക്കും, ആ നാട്ടിന്റെ ഉല്സവമായി തീരുന്ന തിറയോടനുബന്ധിച്ചു കന്നുകാലിച്ചന്തയും ഉത്സവചന്തയും പൊടിപൊടിക്കും.
അമ്പലത്തിൽ തിറകഴിയുന്ന ദിവസം അയ്യപ്പൻ വിളക്ക്. ഘോഷയാത്രയാണ്. അതിന്റെ തിളക്കവും വർണ്ണവും കാണാൻ മണിക്കൂറുകളോളം വീട്ടിന്റെ മുന്നിൽ കാത്ത് നിൽക്കുന്ന ഓർമ്മകൾ കുറ്റ്യാടിയുടെ സഹവർത്തിത്തത്തിന്റെ ചരിത്രവും വർത്തമാനവും കൂടിയാണ്.
ഇന്നും നാട്ടിൽ നിന്നും കൊടുത്തയക്കുന്ന ഉത്സവത്തിന്റെ കോള്(ട്രീറ്റ് ) പൊരിയും ഹലുവയും വറുത്തകായയും പ്രവാസികളായ ഞങ്ങൾക്ക് ഗൃഹാതുരത്വമൂറുന്ന ഓർമ്മകളാണ്.
പുലർച്ചെ കതിന (പൂവെടി )പൊട്ടുന്നതോടെ ചന്തയും ഉത്സവവും കഴിയുന്നു.അതോടെയാണ് വളക്കാരത്തികളുടെയും കുറത്തികളുടെയും വീട്ടിന്റെ ബയ്യാപ്പുറങ്ങളിലേക്കുള്ള(വർക്കേരിയ) വരവ്. ചുവപ്പും കറുപ്പും നിറമുള്ള സ്വർണ്ണക്കൊത്തോടുകൂടിയ കുപ്പിവളകൾ എല്ലാരുടെയും കൈകളിൽ നിന്നും കിലുങ്ങാൻതുടങ്ങും.
കൈകാണിച്ചാട്ടെ എന്നുപറഞ്ഞു എന്റെ കുഞ്ഞിക്കൈ കൈക്കലാക്കി പ്രത്യേകതാളത്തിൽ കുറത്തിയുടെ വമ്പൻ പ്രവചനങ്ങൾ കേട്ട് അന്തംവിട്ടിരിക്കും.സ്കൂളിൽ അത്തപ്പൂട്ട് തുടങ്ങിയാൽ
ഓണപ്പൊട്ടന്റെ മണികിലുക്കം കാതോർത്ത്, ചില്ലറത്തുട്ടുകൾ പെറുക്കികൂട്ടി ഗേറ്റിലേക്ക് ഓടിക്കൂടും. ആടയാഭരണങ്ങൾ അണിഞ്ഞു മേലാസകലം മഞ്ഞച്ചായം പൂശി ചുവന്ന വേഷം കെട്ടി ഞങ്ങളുടെ മുന്നിൽ നിൽക്കുന്ന ഓണത്തപ്പൻ ഫാന്റസിയുടെ ഒരു തലത്തിലേക്ക്‌ എത്തിക്കുന്ന ഒരു അത്ഭുതക്കാഴ്ചയായിരുന്നു ഓണത്തിന് പത്ത് ദിവസവും ഞങ്ങൾ പൂപറിക്കാൻ വയലുകളും പറമ്പുകളും തെണ്ടി നടക്കും. തുമ്പയും മുക്കുറ്റിയും കൃഷ്ണമുടിയും ചെട്ടിയും ചെക്കിയും ചെമ്പരത്തിയും തേടിയുള്ള നടപ്പ്.
ഉള്ള കലാബോധമൊക്കെ പുറത്തേക്കെടുത്ത് പത്ത്നാളും ഞങ്ങൾ കുട്ടികൾ പൂക്കളമൊരുക്കി.
പത്താം നാൾ പൂവേപൊലി പാടി വയലിനരികിലൂടെ ഒഴുകുന്ന ആണിച്ചാൽ എന്ന് വിളിക്കുന്ന കുഞ്ഞ് തോടുകളിൽ ഒഴുക്കിവിട്ട് കർമ്മംപൂർത്തിയാക്കി അവധിക്കാലത്ത്നിന്നും വീണ്ടും സ്‌കൂളിലേക്ക് പോയിത്തുടങ്ങും.
പാറുവേടത്തിയുടെയും കണാരേട്ടന്റെയും വീട്ടിൽ നിന്നും ശർക്കര പ്രഥമനും സാമ്പാറും കിട്ടിയാലും ഓണത്തിന്റെ മധുരവും രുചിയും ഞങ്ങളുടെകരളിലും നാവിലും പൂർണമാവുന്നില്ല.
ശർക്കരയും തേങ്ങയും അരിവറുത്തതും ഉരലിൽ ഇടിച്ചുചേർത്തുണ്ടാക്കുന്ന “ഉണ്ട” സ്നേഹബോംബുകളായി ഇലയിൽ പൊതിഞ്ഞു എത്തുന്നതോടു കൂടി ഓണക്കാലം കഴിയുന്നു.
ഓണവും വിഷുവും പോലെ നോമ്പും പെരുന്നാളും എല്ലാവരുടേതും ആണ്.
അങ്ങാടിയിൽ ഉള്ള എല്ലാർക്കും മുസ്ലിം വീടുകളിൽ അന്ന് ആടുബിരിയാണിയും അനുബന്ധങ്ങളും ഒരുക്കി വമ്പൻ പെരുനാൾകോള് ഉണ്ടാകും.
ഞങ്ങളുടെ ഉടമസ്ഥതയിൽ പണ്ട് ടൗണിൽ വർക് ഷോപ്പ് ഉണ്ടായിരുന്നു. ആയുധപൂജയുടെ അന്ന് പൂജകഴിഞ്ഞാൽ വീട്ടിലേക്ക് കരിമ്പ് നുറുക്കിയതുംമലരും കൊണ്ട് വരും
ആർത്തിയോടെ അടിപിടി കൂടി ഞങ്ങളെല്ലാം അത് മൊത്തം അകത്താക്കും.
ദീപാവലിയാണ് മധുരവുമായി ഇനി സമാഗതാമാവുന്ന ഉത്സവം. കടകളിലെ പറ്റ് ക്ലിയർ ചെയ്യാനുള്ള നാളായി എന്നോർമ്മപ്പെടുത്തലോടുകൂടി പ്രത്യേക രുചിയിലും നിറത്തിലും തിളക്കത്തിലും മൊഞ്ചുള്ള പെട്ടിയിൽ പേരറിയാത്ത മധുരപലഹാരങ്ങൾ എത്തിത്തുടങ്ങും.
കുറെ ആളുകൾ നിറഞ്ഞ ഒരു പ്രത്യേകഘടനയിലുള്ള പശ്ചാത്തലത്തിലായിരുന്നു ഞങ്ങളുടെ വീട്. ധാരാളം ആളുകൾ നിറഞ്ഞൊരു വീട്. കലണ്ടറിലെ എല്ലാ ആഘോഷങ്ങളും കുറ്റ്യാടിയിലെ എല്ലാവീട്ടിലെന്നപോലെ ഞങ്ങളുടെ വീട്ടിലും ആഘോഷിച്ചുപോന്നു.
ദൂരദർശനിൽ ഞായറാഴ്ച മഹാഭാരതം രാമായണം സീരിയലുകൾ കാണാൻ രാവിലെ മദ്രസ കഴിഞ്ഞ് ഓടികിതച്ചു വന്ന് കൂട്ടത്തോടെ ഇരുന്നു കാണുന്ന ഓർമ്മ ഇന്ന് ഉണ്ണിഗണപതിയുടെ സീരിയൽ കാത്തിരിക്കുന്ന ഉമ്മയെ കാണുമ്പോൾ ഓർമ്മവരുന്നു.
ഇതൊക്കെയാണ് കുറ്റ്യാടി… വേറെ മികവുകൾ ഒന്നും ഇല്ലെങ്കിലും ഇങ്ങനെഉള്ള ഒരു മുഹബ്ബത്ത് നിറഞ്ഞ നാടാണ് കുറ്റ്യാടി.
അതറിഞ്ഞുകൊണ്ടാണ് അവർ അത്ര ധൈര്യത്തിൽ അമ്മാതിരി മുദ്രാവാക്യങ്ങൾ വിളിച്ചുപറഞ്ഞോണ്ടു പോയത്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.