നഖക്ഷതങ്ങൾ എന്ന ഹിന്ദു സിനിമ

ജോണി എം എൽ

എം ടി വാസുദേവൻ നായർ എഴുതി, ഹരിഹരൻ സംവിധാനം നിർവഹിച്ച് 1986 -ൽ വിഷു റിലീസ് എന്ന നിലയിൽ ഇറങ്ങിയ സിനിമയാണ് നഖക്ഷതങ്ങൾ. അതെ വർഷം വിഷു റിലീസ് ആയി വന്ന ഫാസിൽ സംവിധാനം ചെയ്ത ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രവും ഏകദേശം നഖക്ഷതങ്ങൾക്ക് സമാനമായ ഒരു കഥാതന്തു ആണ് പിന്തുടർന്നിരിക്കുന്നത്. കൗമാരപ്രായക്കാരിൽ ലൈംഗികമായ തിരിച്ചറിവ് ഉണരുന്നതാണ് രണ്ടിലും പ്രമേയം എങ്കിലും അങ്ങനെയല്ല ആ സിനിമകൾ കാണപ്പെട്ടതും വായിക്കപ്പെട്ടതും. വളരെ പരിമിതമായ സമൂഹങ്ങളിൽ വളരുന്ന ആണും പെണ്ണും അവരുടെ ലൈംഗികചോദനകളെ ആധിഭൗതികമാക്കാനും വിമലീകരിക്കാനും സൗന്ദര്യവൽക്കരിക്കാനും സമൂഹത്തിന്റെ പ്രേരണയാൽ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അക്കാലത്തെ ലൈംഗികാഭിലാഷങ്ങളെല്ലാം ദ്വയാർത്ഥ പ്രയോഗമുള്ള സംഭാഷണങ്ങളിലും ലൈംഗികമായ അടരുകൾ ഒളിച്ചിരിക്കുന്ന സാഹിത്യഗുണമുള്ള ഗാനങ്ങളിലും ഒതുക്കി പ്രകടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്രുവിയൻ ആദർശങ്ങൾ ക്രമേണ തകരാൻ തുടങ്ങുന്ന അറുപതുകളിൽ ഉണ്ടായ സിനിമകൾ എല്ലാം തന്നെ ഇത്തരത്തിൽ ലൈംഗികതയുടെ അടരുകൾ ഒളിപ്പിച്ചു വെച്ചവയാണ്. ദേശനിർമ്മിതി എന്ന ബൃഹത്തായ ആശയം പിൻവാങ്ങുന്നതോടെ ആ ഇടത്തിലേക്ക് സ്വതന്ത്രപൗരന്റെ കാമനകളും അവനും/ അവളും സമൂഹവും സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ശരീരങ്ങളും മനസ്സുകളും തമ്മിലുള്ള സംഘർഷങ്ങൾ തുടങ്ങുന്നത് കാണുന്നു. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ മുഖ്യധാരാ മലയാള സിനിമകളിലൊക്കെ ഈ പ്രമേയം കാണാവുന്നതാണ്.

എൺപതുകൾ ആകുമ്പോൾ ഈ ലൈംഗികമായ പ്രശ്നങ്ങൾ ഏറെക്കുറെ പഴഞ്ചൻ ആയിക്കഴിഞ്ഞിരുന്നു. കാരണം മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്കുള്ള സംക്രമണം ഏറെക്കുറെ പൂർത്തീകരിക്കപ്പെടുകയും കുടുംബം എന്നതിന് കുറേക്കൂടി കെട്ടുറപ്പുണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഈ ആഖ്യാനങ്ങളുടെയും സാമൂഹികമായ വ്യവഹാരങ്ങളുടെയും ഒക്കെ ഉള്ളിൽ സ്ത്രീയുടെ അവസ്ഥ നിയതമല്ലാത്ത രൂപത്തിലാണ് കാണപ്പെടുന്നത്. അത് എൺപതുകളിലേയ്ക്കും തുടർന്നുള്ള ദശകങ്ങളിലേയ്ക്കും സംഭവിക്കുന്നത് കാണാം. ഉദാഹരണത്തിന് 1971 -ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ലൈൻ ബസ് എന്ന സിനിമ എടുക്കാം. തൊഴിലാളിയായ മധുവിന്റെ സഹായത്തോടെ കോളേജിൽ പഠിക്കുന്ന ജയഭാരതി (ഇവരെ കഥാപാത്രങ്ങളായി കാണുക) കോളേജ് റോമിയോയും സമ്പന്നനുമായ ഉമ്മറിന്റെ സമീപനങ്ങളിൽ നിന്ന് സ്വയം രക്ഷിച്ചു നിൽക്കുകയും തന്റെ പ്രണയവിശ്വസ്തത മധുവിനോട് ആവർത്തിച്ചു പറയുകയും ചെയ്യുന്നു. സവിശേഷ സാഹചര്യങ്ങളിൽ ജയഭാരതി ഉമ്മറിന്റെ ഓഫീസിൽ ജോലി ചെയ്യുകയും ഒരു ദിവസം അയാൾ അവളെ കബളിപ്പിച്ചു ബലാൽസംഗം ചെയ്യുകയും ചെയ്യുന്നു. താൻ ബലാൽസംഗം ചെയ്യപ്പെട്ടു എന്നറിഞ്ഞ ജയഭാരതിയുടെ കഥാപത്രം ആദ്യം ഉമ്മറിനോട് ചോദിക്കുന്നത്, ചേട്ടൻ എന്നെ വിവാഹം കഴിക്കുമോ എന്നാണ്. അങ്ങനെ ചെയ്യാം എന്ന് പറയുന്നതോടെ അവൾ സന്തോഷത്തോടെ അയാളുമൊത്ത് ഷോപ്പിങ്ങിനും മറ്റും പോവുകയും അഞ്ചു ദിവസത്തോളം ഭാര്യാഭർത്താക്കന്മാരായി ഹോട്ടലിൽ കഴിയുകയും ചെയ്യുന്നു. അപ്പോൾ മധു വരികയും ഒരു ഏറ്റുമുട്ടലിൽ ഉമ്മർ കൊല്ലപ്പെടുകയും ചെയ്യുന്നു. ജയിലിലേയ്ക്ക് പോകാൻ തയാറെടുക്കുന്ന മധു, ജയഭാരതിയുടെ കാത്തിരിക്കാൻ പറയുകയും അവൾ അത് അനുസരിക്കുകയും ചെയ്യുന്നു. ഇതേ അവസ്ഥയാണ് ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് (1998) എന്ന സിനിമയിൽ മറ്റൊരു തരത്തിൽ ആവർത്തിക്കപ്പെടുന്നത്. മോഹൻലാലിനെയോ മമ്മൂട്ടിയെയോ വേണ്ടെന്നു വെക്കാനോ തന്നിഷ്ടത്തിലേയ്ക്ക് പോകാനോ കഴിയാത്ത ജൂഹി ചൗള അവതരിപ്പിക്കുന്ന കഥാപാത്രം കേരളത്തിന്റെ രണ്ടു ഇടങ്ങളിൽ ഓരോ നായകകഥാപാത്രത്തിന്റെ സ്വന്തമാക്കാൻ വിധിക്കപ്പെടുകയാണ്. എന്നാൽ നഖക്ഷതങ്ങളിലും എന്നെന്നും കണ്ണേട്ടനിലും പെൺകുട്ടികൾക്ക് ഇത്തരമൊരു വിധി ഇല്ല. എങ്കിലും അവർ പുരുഷകേന്ദ്രിതമായ വ്യവസ്ഥയുടെ പുറത്തുമല്ല.

പുരുഷകേന്ദ്രിതമായ ഒരു സമൂഹത്തിനുള്ളിൽ സ്ത്രീകാമനകൾ പൊട്ടിപ്പുറപ്പെട്ടാൽ എന്തായിരിക്കാം സംഭവിക്കുന്നത്, പ്രത്യേകിച്ചും സ്ത്രീകാമനകൾ എന്നത് കൗമാരക്കാരുടേത് ആകുമ്പോൾ? അതിനെ നിയന്ത്രിക്കുന്നതിനായി തികച്ചും പാരമ്പര്യാധിഷ്ഠിതവും മതബോധപരവുമായ ഒരു പരിസരം ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ബോധത്തിനുള്ളിൽ മാത്രമാണ് ഈ കാമനകളെ നിയന്ത്രിക്കാൻ കഴിയുന്നത്. പക്ഷെ ഈ രീതിയിൽ അല്ല നഖക്ഷതങ്ങൾ വായിക്കപ്പെട്ടത്. മലയാളത്തിൽ ഉണ്ടായ ക്ളീൻ സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ വിലയിരുത്തുന്നത്. കാരണം ആത്യന്തികമായ ദുരന്തത്തിലൂടെ പാരമ്പര്യത്തിന്റെ തുടർച്ചകൾ യാതൊരു ഇടർച്ചയും കൂടാതെ മുന്നോട്ട് നയിക്കാൻ ഈ സിനിമയുടെ വ്യവഹാരത്തിന് കഴിയുന്നു. അതിനായി എം ടി വാസുദേവൻ നായർ തെരഞ്ഞെടുത്തിരിക്കുന്നത് ഒരു ഹിന്ദു കഥ തന്നെയാണ്. എം ടി യുടെ കഥകളിൽ പൊതുവെ കാണുന്ന നായർത്തറവാടുകളുടെ തകർച്ച എന്ന പശ്ചാത്തലം ഈ സിനിമയിലും അല്പം പോലും വ്യത്യാസം ഇല്ലാതെ തുടരുന്നുണ്ട്. അതെ സമയം ഈ തകർച്ചയുടെ ഉത്തരവാദിത്തത്തെ സമൂഹത്തിന്റെ ചുമലിൽ ഏൽപ്പിച്ചു കൊടുക്കുക എന്ന കൃത്യമായ സവർണ്ണ തന്ത്രവും എം ടി ഈ സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. രണ്ടു രീതികളിലാണ് അത് ഈ സിനിമയിൽ അത് നടപ്പാക്കപ്പെടുന്നത്: ഒന്ന്, തകർന്ന നമ്പൂതിരി-നായർ തറവാടുകളെയും അവിടെയുള്ള മനുഷ്യരെയും തികച്ചും സാത്വികരായും, ആരോ ചെയ്ത ചില ‘ദുഷ്പ്രവർത്തികൾ’ കാരണം അധികാരനഷ്ടം നേരിട്ട് ദുർബലരായവരായും കാണിക്കുന്ന തന്ത്രം. രണ്ടാമത്തേത്, സമൂഹത്തിലെ ഉത്പാദന ബന്ധങ്ങളിൽ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്ന മനുഷ്യരെ മൊത്തത്തിൽ ആഖ്യാനത്തിൽ നിന്ന് തുടച്ചു മാറ്റിക്കളയുന്ന അല്ലെങ്കിൽ അദൃശ്യരാക്കി നിർത്തുന്ന തന്ത്രം.

ഈ രണ്ടു തന്ത്രങ്ങളിലൂടെ സവർണ്ണ പുരുഷാധികാരത്തെ പുനരുത്പാദിപ്പിക്കാം എന്നത് കൂടാതെ കൗമാര സ്ത്രീലൈംഗികാഭിലാഷങ്ങളെ തീക്ഷ്ണമായി നിയന്ത്രിക്കാനും കഴിയുന്നു. നഖക്ഷതങ്ങൾ ഒരു ഹിന്ദു സിനിമയാണ് എന്ന് പറയാനുള്ള കാരണം അതാണ്. ഹിന്ദു മതത്തിനുള്ളിൽ പുനരുത്പാദിപ്പിക്കപ്പെടുന്ന പുരുഷാധികാരവും സ്ത്രീനിയന്ത്രണവും ഹിന്ദു സദാചാരബോധത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ സൗന്ദര്യാത്മകമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്ന് നഖക്ഷതങ്ങൾ കാണിച്ചു തരുന്നു. എൺപതുകളുടെ മധ്യത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ദിരാഗാന്ധിയുടെ വധമാണ് അതിൽ പ്രധാനം. രാജീവ് ഗാന്ധി പുതിയ പ്രധാനമന്ത്രിയാകുന്നു. എന്തൊക്കെയോ പ്രതീക്ഷകൾ ചെറുപ്പക്കാർക്കിടയിൽ ഉണ്ടാകുന്നു. ഇന്ത്യയ്ക്ക് ഒരു യുവപ്രധാനമന്ത്രി എന്നത് തന്നെ പുതിയൊരു ആശയമായി വരുന്നു. ഇത് നഖക്ഷതങ്ങളിൽ ഒരു ഇൻട്രാ ടെക്സ്ച്വൽ റഫറൻസ് ആയി വരുന്നുണ്ട്. രാജീവ് ഗാന്ധിയോട് പറഞ്ഞു ഒരു അവാർഡ് സംഘടിപ്പിക്കണം എന്ന് വളരെ കാഷ്വൽ ആയി വിനീത്, സലീമാ, മോനിഷ എന്നിങ്ങനെ മൂന്നു കൗമാരപ്രായക്കാരുടെ സംസാരത്തിനിടയിൽ പറഞ്ഞു പോകുന്നുണ്ട്. അതായത് അക്കാലത്തുണ്ടായ കൗമാരപ്രായ ചിത്രങ്ങൾ (കൂടെവിടെ, കാണാമറയത്ത്, ഇടനാഴിയിൽ ഒരു കാലൊച്ച, ആരണ്യകം) എല്ലാം തന്നെ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായ ഒരു ഉണർവിന്റെ ഭാഗമായി ഉണ്ടായതാണെന്ന് വേണം കരുതാൻ. പക്ഷെ ആ ചിത്രങ്ങളിൽ ഏറെയും സവർണ്ണ ഹിന്ദു പശ്ചാത്തലത്തിൽ മാത്രം നടക്കുന്നു എന്നതാണ് അത്തരം സിനിമകളെയെല്ലാം പ്രശ്നവൽക്കരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് നഖക്ഷതങ്ങൾ.

നഖക്ഷതങ്ങൾ തുടങ്ങുന്നത് തന്നെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കൊടിമരത്തിൽ നിന്നാണ്. പിന്നെ അങ്ങോട്ട് ഹൈന്ദവാചാരങ്ങളുടെ ഒരു തുടർച്ചയാണ്. അത് സിനിമയുടെ അന്ത്യം വരെ ആഖ്യാനത്തെ വിടാതെ പിടികൂടുന്നുമുണ്ട്. കവിയൂർ പൊന്നമ്മയും അവരുടെ വാല്യക്കാരിയായ മോനിഷയും ഗുരുവായൂരിൽ പതിനാലു ദിവസത്തെ ഭജനായിരിക്കാൻ വരുന്നു. ഇടയ്ക്കൊരു ദിവസം തിലകനും വിനീതും (രാമു/രാമൻ) ഇരുപത്തിയൊന്ന് ദിവസത്തെ ഭജനയ്ക്ക് വരുന്നു. ഈ കൗമാരക്കാർ കണ്ടു മുട്ടുന്നു. തിലകനും വിനീതും ഗുരുവായൂരിലേക്ക് വരുമ്പോൾത്തന്നെ പോറ്റിഹോട്ടൽ, ക്ഷേത്രക്കുളം തുടങ്ങി വളരെ സവർണ്ണമായ ഒരു അന്തരീക്ഷസൃഷ്ടി ഒട്ടും വിട്ടുപോകാതെ നടക്കുന്നുണ്ട്. കൗമാരക്കാരുടെ പ്രണയം തളിർക്കുന്നത് രാമു എഴുതിയ ഒരു കവിത മാതൃഭൂമിയിൽ വരുന്നതോടെയാണ്. ഓ എൻ വി എഴുതിയ ആ കവിത നിറയെ ഹിന്ദു പരിസരമാണ്- മഞ്ഞൾ പ്രസാദം, മഞ്ഞക്കുറി മുണ്ട്, ഒരു നുള്ളു കുങ്കുമം തൊട്ടടുത്തു തുടങ്ങി മുഴുവനും ഗുരുവായൂരും കൃഷ്ണ ഭക്തിയും നിറഞ്ഞു നിൽക്കുന്ന ബിംബങ്ങൾ. വെറുതെ സ്ത്രീവർണ്ണന പോരാ, കീർത്തനവും സ്ത്രോത്രവും ഒക്കെ എഴുതണം എന്ന് വല്യമ്മയുടെ വക ഉപദേശം. അതിൽ പ്രധാനം മേല്പത്തൂരിന് അനുഗ്രഹം കൊടുത്ത കാര്യം (പൂന്താനത്തെ മനഃപൂർവം പരാമർശിക്കാത്തതാണോ), ഭക്തകവി പി ഗുരുവായൂരിൽ വരാറുള്ള കാര്യം. അതായത് സാഹിത്യത്തെ കൃത്യമായി ഒരു സവർണ്ണ-സ്തോത്ര-കീർത്തന പദ്ധതിയിലേക്ക് ചുരുക്കുന്ന കർത്തവ്യം സിനിമ നിർവ്വഹിക്കുന്നു.

രാമുവും ഗൗരിയും സ്ഥലം കാണാൻ പോകുന്നത് ഒരു പഴയ അമ്പലത്തിലേക്കാണ്. അവിടെ വെച്ചാണ് അവർക്ക് രണ്ടു പേർക്കും ഹോർമോൺ റഷ് ഉണ്ടാകുന്നു എന്നുള്ള സൂചനയായി ലൈംഗിക പരാമർശമുള്ള ശില്പങ്ങളെ എടുത്തെടുത്തു കാണിക്കുന്നത്. എന്നാൽ വളരെ നിയന്ത്രണം പാലിച്ചു കൊണ്ട് പതിനഞ്ചു വയസ്സുകാരിയായ ഗൗരി നതാംഗിയും നത നേത്രയുമായി ആ ലൈംഗികാഭിലാഷത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. മറ്റൊരവസരത്തിൽ, പിരിയുന്നതിന്റെ തലേ ദിവസം അവർ രാത്രി പൊളിഞ്ഞ കെട്ടിടത്തിനടുത്തു വെച്ച് പരസ്പരം കാണുന്നു. അവിടെ വെച്ച് ഒരു ആലിംഗനത്തിനും ചുംബനത്തിനും മുതിരുന്ന രാമുവിനെ ഗൗരി പിന്തിരിപ്പിക്കുകയും അവന്റെ കൈയിൽ ആഴത്തിൽ നഖപ്പാടുണ്ടാക്കുകയും ചെയ്യുന്നു. കൈ വേദനിക്കുമ്പോഴൊക്കെ എന്നെ ഓർക്കും എന്നാണ് ഗൗരി പറയുന്നത്. ഇത് കാമസൂത്രത്തിൽ നിന്ന് നേരിട്ടെടുത്ത ഒരു കാര്യമാണ്. ഉത്പലപത്രം എന്നാണ് കാമസൂത്രത്തിൽ നഖക്ഷതങ്ങളെ സൂചിപ്പിക്കാനായി പറയുന്നത്. കാമിനിയുടെ ശരീരത്തിൽ മൃദുവായി കടിക്കുകയോ നഖം കൊണ്ട് മുലക്കണ്ണുകൾക്ക് ചുറ്റും ആഴത്തിൽ അടയാളം ഇടുകയോ ഒക്കെ ചെയ്യുന്നത് കാമുകർക്ക് പരസ്പരം ഓർക്കാൻ സഹായകമാകുന്നു എന്ന് വാത്സ്യായനൻ തന്നെ എഴുതി വെച്ചിട്ടുണ്ട്. നഖക്ഷതങ്ങൾ എന്ന വളരെ നിരുപദ്രവമായ ഒരു പേര് എങ്ങനെയാണ് കാമസൂത്രം വരെ നീങ്ങുന്നത് എന്ന് നമുക്കിവിടെ മനസ്സിലാകും.
കാമസൂത്രത്തെക്കുറിച്ചും അർത്ഥശാസ്ത്രത്തെക്കുറിച്ചും വിശദമായ പഠനം നടത്തിയിട്ടുള്ള വെണ്ടി ഡോണിഗർ എന്ന ചരിത്രകാരി തന്റെ ‘ബിയോണ്ട് ധർമ്മ’ എന്ന പുസ്തകത്തിൽ പറയുന്നത് അർത്ഥശാസ്ത്രം തന്നെയാണ് കാമശാസ്ത്രം എന്നും അത് എഴുതിയവർ ഒരേ ആശയത്തിന്റെ തുടർച്ചയെത്തന്നെയാണ് സൂചിപ്പിക്കുന്നതും എന്നതാണ്.

അർത്ഥശാസ്ത്രത്തിൽ കൗടില്യൻ പറയുന്ന സാമൂഹികബന്ധങ്ങൾ തന്നെയാണ് വാൽസ്യായന വിരചിതം എന്ന് കണക്കാക്കപ്പെടുന്ന കാമസൂത്രത്തിൽ ആവർത്തിക്കുന്നതും ഉറപ്പിക്കുന്നതും. അവ തമ്മിൽ രണ്ടോളം നൂറ്റാണ്ടുകളുടെ വ്യത്യാസം ഉണ്ടെങ്കിലും ഹൈന്ദവമായ ഒരു ആശയപരിസരം തന്നെയാണ് പ്രത്യയശാസ്ത്രമെന്ന നിലയിൽ ഈ രണ്ടു ഗ്രന്ഥങ്ങളിലും പ്രവർത്തിക്കുന്നതെന്നും പറയുന്നു. അപ്പോൾ നഖക്ഷതങ്ങൾ മുന്നോട്ട് വെയ്ക്കുന്ന വളരെ ഒതുക്കിപ്പിടിച്ച കാമശാസ്ത്രപരമായ ആശയങ്ങൾ അതിന്റെ സാമ്പത്തിക പൂർവ്വഭാഗത്തേയും പരാമർശസ്ഥാനത്തേയ്ക്ക് കൊണ്ട് വരുന്നു. തികച്ചും ഫ്യൂഡൽ എന്ന് പറയാവുന്ന ഒരു സാമ്പത്തിക പരിസരം ആണത്. നഖക്ഷതങ്ങൾ അനുഭവതലത്തിലും പ്രയോഗതലത്തിലും സിനിമയുടെ ആഖ്യാനത്തിൽ സാധൂകരിക്കപ്പെടുമെങ്കിൽ തീർച്ചയായും അതിന്റെ പൂർവസൂരിയായ സാമ്പത്തികശാസ്ത്രവും സാധൂകരിക്കപ്പെടും.

നഖക്ഷതങ്ങളിലെ സാമ്പത്തികപരിസരത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ നമുക്കിത് മനസ്സിലാകും. തകർന്നൊരു നായർ തറവാട്ടിലെ കാരണവരാണ് എപ്പോഴും കുപിതനായ തിലകൻ. തന്നിൽ നിന്ന് പിടിച്ചു മാറ്റപ്പെട്ട സമ്പത്തിനെ ചൊല്ലിത്തന്നെയാണ് അയാൾ കോപിഷ്ഠനായിരിക്കുന്നത്. ഓരോന്നിനും നയാപൈസയുടെ കണക്കു പറയുന്ന അയാൾ അകന്ന ബന്ധത്തിൽ അനന്തരവനായ രാമുവിനെ പഠിക്കാൻ പോലും വിടുന്നില്ല. മരുമക്കത്തായത്തെ പുനരുത്പാദിപ്പിക്കാൻ പെടാപ്പാടുപെടുകയാണ് അയാൾ. എന്നാൽ അതിനോടൊരു കലഹമൊന്നും നടത്താൻ രാമു തയാറല്ല. ഹൈന്ദവമായ ചട്ടങ്ങളെ ഒന്നും തന്നെ അവൻ നിഷേധിക്കുന്നില്ല എന്ന് മാത്രമല്ല അതിനൊക്കെ കീഴ്വഴങ്ങി നിൽക്കാൻ അവൻ സന്നദ്ധനുമാണ്. അതിനാലാണ് പാടത്തു പണിയെടുക്കുന്നതിനേക്കാൾ നല്ലത് ഒരിടത്തും ഒന്നിലും ഉറയ്ക്കാതെ നടക്കുന്ന ഉണ്ണി നമ്പൂതിരിക്കൊപ്പം നാടുവിടാൻ രാമു തയാറാകുന്നത്. അയാളുടെ കുശിനിക്കാരനാകാൻ നായരായ രാമുവിന് ഒരു പ്രശ്നവുമില്ല. നേരമ്പോക്കിന് ‘കൊള്ളാവുന്ന ഒരു വേലക്കാരിയെക്കൂടെ’ പാലക്കാട്ട് കൊണ്ടുവരാമായിരുന്നു എന്നാണ് ജയചന്ദ്രൻ അവതരിപ്പിക്കുന്ന ഉണ്ണി നമ്പൂതിരി പറയുന്നത്. അതായത് എല്ലാ കലകളിലും കമ്പമുള്ള അയാൾക്ക് കാമകലയും സ്ത്രീയും മറ്റൊരു കമ്പം മാത്രമാണ്; മറ്റുള്ള താത്പര്യങ്ങളെപ്പോലെ എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാൻ കഴിയുന്ന ഒന്ന്.

സാഹചര്യങ്ങളുടെ സവിശേഷതയാൽ രാമുവും ഗൗരിയും ഒരു ക്ഷേത്രത്തിൽ വെച്ച് വീണ്ടും കണ്ടു മുട്ടുന്നു. അവൾ ജോലിയ്ക്ക് നിൽക്കുന്ന വീട്ടിലെ വക്കീലിന്റെ മകളായ ലക്ഷ്മി ഊമയാണ്. വക്കീൽ വലിയ നായർ പ്രമാണിയാണ്. ആ വലിയ നായരുടെ വീട്ടിൽ അടുക്കളക്കാരനാകാൻ ചെറിയ നായരായ രാമുവിന് ഒരു പ്രശ്നവും ഇല്ല. എൺപതുകളിൽ കോളേജിൽ പഠിക്കുന്ന ഒരു ചെറുപ്പക്കാരൻ കാണിക്കേണ്ടുന്ന ഒരു കലഹവും അവൻ കാണിക്കുന്നില്ല എന്ന് മാത്രമല്ല വലിയ വിധേയത്വം കാട്ടുന്നതിലും അവൻ അഗ്രഗണ്യനാണ്. കോളേജിൽ ഒരു പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്താൻ വരുന്ന വക്കീൽ, രാമുവാണ് കോളേജ് സെക്രട്ടറി എന്നറിഞ്ഞു അന്തംവിടുന്നു. എന്നാൽ രാമു അവിടെ നടത്തുന്ന സ്വാഗതപ്രസംഗം വളരെ ശ്രദ്ധേയമാണ്. ‘ഞാൻ വ്യക്തിപരമായി അദ്ദേഹത്തെ ആദരിക്കുന്നത് മറ്റൊരു കാരണത്താലാണ്. കൗടില്യന്റെ അർത്ഥശാസ്ത്രത്തെക്കുറിച്ചും പ്രാചീനഭാരതത്തിലെ നീതിശാസ്ത്രത്തെക്കുറിച്ചും അദ്ദേഹം എഴുതിയ രണ്ടു ഗ്രന്ഥങ്ങൾ വൈജ്ഞാനിക സാഹിത്യത്തിലെ മുതൽക്കൂട്ടുകളാണ്’. വക്കീൽ എഴുതിയ ഗ്രന്ഥങ്ങളിൽ ഒന്ന് അർത്ഥശാസ്ത്രം, രണ്ടാമത്തേത് മനുസ്മൃതിയല്ലാതെ മറ്റെന്താണ്? രാമു ഈ രണ്ടു ഗ്രന്ഥങ്ങളെയും വൈജ്ഞാനിക സാഹിത്യത്തിലെ മുതൽക്കൂട്ടുകളാണെന്നു പറയുന്നു. വെണ്ടി ഡോണിഗെർ പറയുന്നത്, അർത്ഥശാസ്ത്രവും കാമസൂത്രവും മനുസ്മൃതിയുടെ പ്രച്ഛന്ന രൂപങ്ങൾ ആണെന്നാണ്. രാമു ശാഖയിൽ വടി കറക്കാൻ പോകുന്നതോ വേദാധ്യയനം നടത്തുന്നതോ കാണുന്നില്ല പക്ഷെ അവൻ പിന്തുടരുന്ന സാമൂഹ്യശാസ്ത്രവും സംസ്കാരവും എന്താണെന്ന് ഒറ്റയടിക്ക് മനസ്സിലാകുന്നു.

രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യുവത്വം ശക്തിപ്പെടുന്ന വേളയിൽ, നഖക്ഷതങ്ങൾ എന്ന സിനിമയിൽ നിറയെ ദുർബലരായ കഥാപാത്രങ്ങളാണ്. ഈ ദുർബലർ എല്ലാം മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കിയാൽ സംവരണവിരുദ്ധരും സംവരണം കൊണ്ടും ഭൂപരിഷ്കരണം കൊണ്ടും സമ്പത്ത് നഷ്ടപ്പെട്ടവരും ആണെന്ന് സ്വയം ഭാവിക്കുന്നവരുമാണ്. തിലകൻ അവതരിപ്പിക്കുന്ന അമ്മാവൻ ക്ഷുഭിതനാകാനുള്ള കാരണം നേരത്തെ സൂചിപ്പിച്ചു. എല്ലാറ്റിലും കടന്നു ചെന്നെങ്കിലും ഒന്നിലും ഉറയ്ക്കാത്ത ഒരു ദുർബല ഹൃദയനാണ് ഉണ്ണി നമ്പൂതിരി. ജീവിതത്തിൽ ഗുരുവായൂർ ഭജനം മാത്രമാണ് ബാക്കിയെന്ന് കരുതി ജീവിക്കുന്നവരാണ് വല്യമ്മ, അവരുടെ മകനായ വക്കീൽ സമ്പന്നനെങ്കിലും മകളുടെ ഭാവിയെച്ചൊല്ലി ദുഃഖിതനാണ്. വിലകുറഞ്ഞ നായന്മാരായ ഗൗരിയും രാമുവും അടുക്കളക്കാരെന്ന നിലയിൽ ദുർബലരാണ്. രാമുവിന് തന്റെ ബുദ്ധി കൊണ്ട് ഉയരാനും സാമ്പത്തികനേട്ടം വഴി വക്കീൽ ആകാനും കഴിയുമെന്ന് വക്കീൽ ചൂണ്ടിക്കാട്ടുന്നു. തന്റെ മകളെ വിവാഹം കഴിപ്പിക്കാൻ വേണ്ടിയാണത്. സാമ്പത്തികമായി ഉയരാൻ കഴിയാത്ത ഗൗരിയെ ബലി കൊടുക്കുന്നതിൽ ആർക്കും പ്രശ്നമില്ല. ലൈൻ ബസ്-ലെ ജയഭാരതിയെ പോലെയാണ് നഖക്ഷതങ്ങളിലെ രാമുവും. അവനു ഗൗരിയോടും ലക്ഷ്മിയോടും ലൈംഗികാഭിലാഷം ഉണ്ട്; അതിനെ നമ്മൾ ദിവ്യപ്രണയമായി കാണുന്നു എന്ന് മാത്രം. പക്ഷെ ഒരു തെരെഞ്ഞെടുപ്പിനു അവനു ശക്തിയില്ല. അതിനാൽ അവൻ പോയി ആത്മഹത്യ ചെയ്യുന്നു. ഗൗരിയും ലക്ഷ്മിയും തനിച്ചാകുന്നു.

ഒരു ആഖ്യാനത്തിൽ കഥാപാത്രങ്ങളെല്ലാം അനുവാചകരുടെ പിന്തുണയും അനുകമ്പയും സ്നേഹവും ഒക്കെ തേടുന്നുണ്ട്. വിക്രം എന്ന സിനിമയിൽ അവസാനരംഗത്ത് കമൽഹാസൻ ലിസിയെയും ഡിംപിൾ കപാഡിയയെയും മരുഭൂമിയിൽ ഉപേക്ഷിച്ചു ഓടിക്കളയുന്നുണ്ട്. ബഹുഭാര്യത്വം അനുവദിക്കാത്ത ഒരു സമൂഹത്തിൽ അത്തരത്തിൽ രണ്ടുപേരെയും പറ്റിച്ചു കൊണ്ട് മൂന്നാമതൊരാളെ സ്വീകരിക്കാനേ കമൽഹാസന് നിവൃത്തിയുള്ളൂ. അതൊരു ക്ലെവെർനെസ്സാണ്. എന്നാൽ നഖക്ഷതങ്ങളിൽ വിനീതിന് അത് ചെയ്യാനാകുന്നില്ല. രാമു ആത്മഹത്യ ചെയ്യുന്നു. അതൊരു താത്വിക പരിഹാരം ഒന്നുമല്ല അവന്. അതൊരു നിസ്സഹായതയാണ്. ആ നിസ്സഹായതയാണ് ആ സിനിമയിലെ ഓരോ കഥാപാത്രത്തെയും അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹവിഭാഗങ്ങളെയും അടയാളപ്പെടുത്തുന്നത്. സിനിമയിൽ കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന സഹതാപം സ്വാഭാവികമായും സമൂഹത്തിലെ ഇത്തരം വിഭാഗങ്ങൾക്ക് ലഭിക്കേണ്ടതാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. സാമ്പത്തികാധികാരത്തിൽ നിന്നുള്ള സവർണ്ണവിഭാങ്ങളിൽ ചിലരുടെ ഒഴിവാക്കപ്പെടൽ സമൂഹം അവരോടു ചെയ്ത ഒരു കുറ്റത്തിന്റെ ഭാഗമാണെന്നും അതിനാൽ ആ കുറ്റബോധം പേറേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്നും ഉള്ള അവബോധം ഉണ്ടാക്കപ്പെടുന്നു. അതാണ് പത്താം ക്ലാസ്സ് പാസായി ടൈപ്പിനു പോകുന്ന ശ്രീദേവി എന്ന നായർ പെൺകുട്ടി സഹതാപം അർഹിക്കുന്നവളും പത്താം ക്ലാസ്സ് പാസായി അണ്ടി ആപ്പീസിൽ അണ്ടി തല്ലാൻ പോകുന്ന ശോഭന എന്ന ദളിത് പെൺകുട്ടി അവളുടെ വിധി അനുഭവിക്കുന്നവളും ആയി പൊതുസമൂഹം കാണുന്നത്. ദുർബലരായ കുറെ മനുഷ്യരുടെ ദൗർബല്യത്തിന് പൊതുസമൂഹം ഒരുമിച്ചു പിഴയിടുന്ന സിനിമയാണ് നഖക്ഷതങ്ങൾ. അങ്ങനെ പിഴയടിയ്ക്കാൻ എം ടി വാസുദേവൻ നായർക്ക് കഴിയുകയും ചെയ്തു.

നഖക്ഷതങ്ങൾ കാണുമ്പോൾ നമ്മൾ അറിയാതെ അന്വേഷിക്കുന്നത് അദൃശ്യമാക്കപ്പെട്ട ഒരു ജനതയെയാണ്. സിനിമയുടെ ആഖ്യാനത്തിൽ ഉടനീളം രണ്ടേ രണ്ടു താഴ്ന്ന ജാതിക്കാരെയെ നമ്മൾ കാണുന്നുള്ളൂ. ഒന്ന് രാമുവിന്റെ വീട്ടിൽ മുറ്റമടിക്കാൻ വരുന്ന, ദളിത് എന്ന് കാഴ്ചയിൽ അടയാളപ്പെടുത്തപ്പെടുന്ന ഒരു സ്ത്രീ. ഒരു സീനിൽ മാത്രമേ അവൾ ഉള്ളൂ. രണ്ടാമത്തേത്, വക്കീലിന്റെ ബംഗ്ലാവിൽ ഉള്ള ഓഫീസിൽ ഒരാവശ്യവുമായി നിൽക്കുന്ന ഒരു സ്ത്രീ. അവർ ഔട്ട് ഓഫ് ഫോക്കസിൽ ആണ്. ക്യാമറ ഒന്ന് കടന്നു പോകുമ്പോൾ കാണുന്നു എന്നല്ലാതെ അവർക്ക് സിനിമയിൽ ഒന്നും ചെയ്യാനില്ല. എന്നാൽ സിനിമയിൽ അനേകം പ്രാവശ്യം വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങൾ കാണുന്നുണ്ട്. ആരാണ് ഈ നിലങ്ങളെല്ലാം ഒരുക്കിയത്, ആരാണ് നെല്ല് വിളയിച്ചത്? അവരാരും ഈ സിനിമയിൽ വന്നു പോകുന്നത് പോലുമില്ല. എന്നാൽ നഖക്ഷതങ്ങൾ കണ്ടു വിമ്മിക്കരഞ്ഞവരിൽ ഈ അദൃശ്യരാക്കപ്പെട്ടവരും ഉണ്ടാകും. പി കെ രാജശേഖരൻ തന്റെ സിനിമാനുഭവങ്ങൾ എന്ന പുസ്തകത്തിൽ സിനിമയുടെ കാണികളും സിനിമ കാണാൻ പോകുന്ന അനുഭവങ്ങളും കൂടിച്ചേർന്ന് ഒരു പൊതുമണ്ഡലം രൂപപ്പെടുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. ഈ പൊതുമണ്ഡലം തികച്ചും സ്ഫോടനാത്മകമായ ഒന്നായിരുന്നു. അതൊരു നിയന്ത്രിത കാഴ്ച്ചാ സമൂഹമായി വളർന്നു വരുന്നതിൽ യഥാർത്ഥത്തിൽ ദളിതരും പിന്നോക്കവിഭാഗങ്ങളും വലിയൊരു പങ്കാണ് വഹിച്ചത്. അവർ ചേർന്നുണ്ടാക്കിയ കാഴ്ചയുടെ പരിസരത്തിലേയ്ക്ക് സവർണ്ണനായ കാണി കടന്നു വരികയായിരുന്നു. എന്നാൽ വിചിത്രമെന്നത് കാഴ്ചയുടെ സമൂഹത്തെ രൂപപ്പെടുത്തിയ സമുദായങ്ങളുടെ അനുഭവങ്ങൾ സിനിമയിൽ ഇല്ലായിരുന്നു എന്നുള്ളതാണ്; ഉണ്ടായപ്പോഴൊക്കെ അത് പ്രശ്നഭരിതവുമായിരുന്നു (വിഗതകുമാരൻ/ പി കെ റോസി ചരിത്രം). നഖക്ഷതങ്ങൾ ഫ്രെയിം ടു ഫ്രെയിം ഹിന്ദു പ്രത്യയശാസ്ത്രത്തെ അടുക്കിവെച്ച് ഒരു സമൂഹത്തിന്റെ സമഗ്രാനുഭവത്തെയും അത് സൃഷ്ടിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ച ദളിത-പിന്നോക്ക സമുദായങ്ങളെയും അദൃശ്യമാക്കി ഒരു ക്ളീൻ സിനിമ എന്ന പേരെടുത്തു. ക്ളീൻ സിനിമ എന്നാൽ ഹിന്ദു മൂല്യങ്ങൾ മാത്രം ഉള്ള സിനിമ എന്നും ആയി. കേവലമായ വൈകാരികാനുഭവം എന്ന നിലയിൽ കാണിയെ ഉലയ്ക്കാൻ കഴിവുള്ള ഈ സിനിമ സവർണ്ണ പ്രത്യയശാസ്ത്രത്തെ അതിവിദഗ്ധമായി ഒളിച്ചു കടത്തുകയല്ല, മറിച്ച് ഒരു ഒളിവും മറവും കൂടാതെ നല്ലൊരു പാക്കേജാക്കി കാണികൾക്ക് നൽകുകയാണ് ചെയ്തത്. അങ്ങനെ നഖക്ഷതങ്ങൾ ഒരു സമ്പൂർണ്ണഹിന്ദു സിനിമയാകുന്നു.

 

Leave a Reply
You May Also Like

പുതിയ ചിത്രങ്ങളുമായി ആരാധകരുടെ മനംകവർന്ന് അനുപമ പരമേശ്വരൻ.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ നായികയായി അഭിനയിച്ച പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ തൻ്റെതായ ഇടം കണ്ടെത്തിയ നടിയാണ് അനുപമ പരമേശ്വരൻ.

തമിഴ് തെലുങ്ക് കന്നഡ സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ തീർത്ത സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ‘ബിഹൈൻഡ്ഡ്’; പുതിയ പോസ്റ്റർ

തമിഴ് തെലുങ്ക് കന്നഡ സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ തീർത്ത സോണിയ അഗർവാളും ജിനു ഇ തോമസും…

ഒടുവിൽ ആ വിശേഷ വാർത്ത പുറത്തുവിട്ട് നമിത. ആശംസകളുമായി ആരാധകലോകം.

ഒട്ടനവധി നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് നമിത. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്

ഗ്ലാമർ പ്രദർശനം, ചിരി, നൃത്തം -വിക്കി കൗശലിന്റെ ‘ഗോവിന്ദ നാം മേരാ’ ട്രെയ്‌ലർ

ശശാങ്ക് ഖെയ്‌താൻ രചനയും സംവിധാനവും നിർവഹിച്ച് യുവതാരവുമായ വിക്കി കൗശൽ നായകനായി എത്തുന്ന ‘ഗോവിന്ദ നാം…