‘താൻ തുറക്കെടോ’ – മലയാള സിനിമ കണ്ട ഏറ്റവും മനോഹരമായ പ്രണയവാചകങ്ങളിലൊന്ന്

103

സൈക്കോളജിയും മന്ത്രവാദക്കളവും മാടമ്പള്ളിയിലെ നാഗവല്ലിയും കാരണവരും സണ്ണിയും എന്തിന് രാമനാഥൻ പോലും പൂണ്ടുവിളയാടുന്ന മണിച്ചിത്രത്താഴിൽ ആരും കാണാതെ പോയ ഒന്നുണ്ട്, ഗംഗയും നകുലനും തമ്മിലുള്ള പ്രണയം. Lal Chand ന്റെ ഈ കുറിപ്പ് വായിക്കൂ, ആ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് നിങ്ങളെയും കൊണ്ടുപോകും

Lal Chand

ചുമ്മാ ചാറ്റിനിടക്ക് ഐ ലവ് യു എന്ന് മെസ്സേജ് അയക്കുന്ന കൂട്ടുകാരനോ കൂട്ടുകാരിയോ നമുക്കുണ്ടാവും.ആത്മാർഥമായിട്ട് സ്നേഹിക്കുമ്പോഴും അങ്ങിനെ പറയാത്ത കാമുകനോ കാമുകിയോ ചിലപ്പോ ഉണ്ടാവും. പക്ഷേ ആദ്യത്തേതിൽ സൗഹൃദമാണെന്നും രണ്ടാമത്തേതിൽ പ്രണയമാണെന്നും നമുക്ക് മനസ്സിലാവാറുണ്ട്. പ്രണയമുള്ളത് വാക്കിലല്ല അതിന്റെ ഫീലിലാണ് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ അതീവവിചിത്രവുമാണ്.ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു സംഭാഷണത്തിനിടക്ക് ഭാര്യയുടെ ചോദ്യത്തിന് താൻ എഴുതുന്ന പുസ്തകത്തിൽ നിന്ന് കണ്ണ് പോലും ഉയർത്താതെ വളരെ നിസ്സാരമായി അലസമായി ഭർത്താവ് പറയുന്ന ഒരു മറുപടി. ഇങ്ങനൊരു രംഗത്തിൽ പ്രണയമുണ്ടെന്ന് പറഞ്ഞാൽ മിക്കവാറും ആളുകൾക്ക് അത് സമ്മതിച്ചു തരാൻ വഴിയില്ല. പക്ഷേ മലയാള സിനിമയിൽ തന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രണയരംഗങ്ങളിൽ ഒന്നാണത്.
“താൻ തുറക്കെടോ..”
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് എന്ന് പോലും വിലയിരുത്തപ്പെടുന്ന സിനിമ. ട്രോളന്മാരും സിനിമാകുതുകികളും സീൻ ബൈ സീൻ എടുത്തു അനേകായിരം തവണ വിലയിരുത്തപ്പെട്ട സിനിമ. ഇത്രയൊക്കെ ആയിട്ടും മണിച്ചിത്രത്താഴിലെ ശോഭനയും സുരേഷ് ഗോപിയും തമ്മിലുള്ള ഈ പ്രണയരംഗത്തെപ്പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല.

May be an image of 3 people, people standing and textപഴയതും അമൂല്യങ്ങളുമായ വസ്തുക്കളോട് വളരെയധികം കമ്പമുള്ള ഗംഗക്ക് തെക്കിനി തുറന്നു കാണാൻ വളരെയധികം ആഗ്രഹമുണ്ടാവുന്നു. എന്നാൽ ആ വീട്ടിൽ ഉള്ള ആളുകളുടെ കടുത്ത അന്ധവിശ്വാസവും അത് തുറന്നാൽ അവർ ഉണ്ടാക്കാനിടയുള്ള വലിയ പ്രശ്നങ്ങളെപ്പറ്റിയും അവൾ വളരെയധികം ബോധവതിയുമാണ്. എന്നാൽ തുറന്നു കാണാനുള്ള ആഗ്രഹം വളരെ കൂടുതലുമാണ്. അപ്പൊപ്പിന്നെ രണ്ടും കൽപ്പിച്ചു അതങ്ങ് തുറക്കുക തന്നെ. പക്ഷേ അവൾക്കതിനൊരു സപ്പോർട്ട് വേണം. ഞാൻ ആ മുറി തുറന്നാൽ എനിക്ക് നകുലേട്ടനിൽ നിന്ന് സപ്പോർട്ട് പ്രതീക്ഷിക്കാമോ എന്നാണ് എന്നാണ് തുറന്നോട്ടെ എന്ന ചോദ്യത്തിലൂടെ ഗംഗ നകുലനോട് പറയാതെ പറയുന്നത്.

വീട്ടിൽ ഭൂകമ്പം ഉണ്ടാക്കാൻ സാധ്യതയുള്ള സംഗതി ആണെന്ന് മനസ്സിലാക്കിയിട്ടും താൻ ജീവനോളം സ്നേഹിക്കുന്ന ഭാര്യയുടെ ആഗ്രഹത്തെ അംഗീകരിക്കാൻ അയാൾക്കൊരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല എന്നതാണ്. ചെയ്യുന്ന ജോലി നിർത്താതെ പുസ്തകത്തിൽ നിന്ന് കണ്ണുകളുയർത്താതെ ഒരിറ്റ് ശങ്ക പോലുമില്ലാതെ ആണ് നകുലനത് പറയുന്നത്.

.
അതു കേവലം ഒരു സമ്മതമല്ല. ഒരുറപ്പ് കൊടുക്കലാണ് നിന്റെ ഇഷ്ടം എന്റെയും കൂടെ ഇഷ്ടമാണ്. അതു ചെയ്താലുണ്ടാവുന്ന
ഏത് ഭവിഷ്യത്തായാലും നമ്മൾ ഒരുമിച്ച് നേരിടും.

നിനക്കതെന്നോട് ചോദിക്കാതെ തന്നെ ചെയ്യാമല്ലോ എന്നായിരുന്നു നകുലന്റെ ഉത്തരമെങ്കിൽ അതൊരു സമ്മതം കൊടുക്കൽ മാത്രമായിപ്പോയേനെ. ഇതങ്ങനെ അല്ല. തനിക്കിഷ്ടമുള്ള കാര്യം ചെയ്യാൻ പേടിച്ചു നിൽക്കുന്ന സ്വന്തം ഭാര്യക്ക് അതു ചെയ്യാനുള്ള ധൈര്യം കൂടി പകർന്നു കൊടുക്കുന്ന ഉത്തരം. ഇത്രയും പറയാൻ നകുലന് ഒരു നിമിഷം പോലും ആലോചിക്കേണ്ടിയും വന്നില്ല. ഇതിനേക്കാൾ മനോഹരമായി ഒരു ഭർത്താവിനെങ്ങിനെയാണ് സ്വന്തം ഭാര്യയെ സ്നേഹിക്കാനാവുക? ജീവനോളം സ്നേഹിക്കുന്ന പ്രിയതമയോട് തന്റെ പ്രണയം പറയാനാവുക?