കോവിഡ് കാലത്ത് ലൈംഗിക തൊഴിലാളികള്‍ എങ്ങനെ ജീവിക്കുന്നു?

147

കോവിഡ് കാലത്ത് ലൈംഗിക തൊഴിലാളികള്‍ എങ്ങനെ ജീവിക്കുന്നു?

നളിനി ജമീല 

കോവിഡ് കാലത്ത് സഹായമായി ലൈംഗിക തൊഴിലാളികൾക്ക്​ ലഭിക്കുന്നത് റേഷനരിയും, അയല്‍പക്കങ്ങളിലുള്ളവര്‍ കൊടുക്കുന്ന പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന കിറ്റും മാത്രമാണ്. അതുപോലും ലൈംഗിക തൊഴിലാളി താമസിക്കുന്ന സ്ഥലത്തിനു അടുത്തെങ്കിലും എത്തിച്ചു കൊടുക്കാന്‍ ആളുകള്‍ക്ക് മടിയാണ്. ഇതുവരെ ഒരു ലൈംഗിക തൊഴിലാളിയും പട്ടിണികിടന്നു മരിച്ചു എന്ന വാര്‍ത്ത ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയിതിട്ടില്ല. അങ്ങനെ ഉണ്ടാകല്ലേ എന്ന് പ്രതീക്ഷിച്ചു ജീവിക്കുകയാണ്. മറക്കരുത്, ഞങ്ങളും വിശക്കുന്ന മനുഷ്യര്‍ തന്നെയാണതൊഴില്‍ പ്രതിസന്ധി എന്നത്തേക്കാളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പൊതു ജീവിതത്തെ, ലിംഗവിചാരങ്ങളുടെ മാനങ്ങളിലൂടെ മാത്രം വിശദീകരിക്കാനാവില്ല.

അതേസമയം, ലൈംഗിക തൊഴില്‍ മേഖലയും ലൈംഗിക തൊഴിലാളികളായ സ്ത്രീകളും നേരിടുന്ന കോവിഡ് കാല ദുരിതങ്ങളെ ലിംഗ ബോധ്യങ്ങളിലൂടെയും നമ്മുടെയൊക്കെ ലൈംഗിക സങ്കല്‍പങ്ങളിലൂടെയും തന്നെയാണ് കാണേണ്ടത്. അതിരുവല്‍ക്കരിക്കപ്പെട്ട പെണ്‍സമൂഹത്തിന്റെ ദൃശ്യമായ കൂട്ടായ്മയാണ് ലൈംഗിക തൊഴിലാളികള്‍. ശാരീരിക അകലമെന്ന കോവിഡ് നിയന്ത്രണം ഒരു പക്ഷെ ഏറ്റവും അധികം ബാധിക്കപ്പെട്ട ഇടം ഇവിടമാണ്. പറയാനും അറിയാനും കാണാനും തൊടാനും ഇരുട്ടിന്റെ മറവില്‍ മാത്രം ശക്തമായി ആഗ്രഹിക്കുന്ന പുരുഷന്റെ ലോകമാണ് അവരുടെ ജോലിസ്ഥലം.

അപരിചിതത്വം ഒട്ടും അംഗീകരിക്കപ്പെടാത്ത കോവിഡ് കാലം ഈ സ്ത്രീകളെ നിസ്സാരമായൊന്നുമല്ല ബാധിച്ചത്. ആര്‍ക്കും വേണ്ടാതെ, നോക്കാതെ, ഇടപെടാതെ, ഭക്ഷണത്തിനും കിടപ്പാടത്തിനും ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ക്കും മറുകൈ ഇല്ലാതെ നമുക്കിടയില്‍ ലൈംഗിക തൊഴിലാളികളും ജീവിക്കുന്നു.

എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ നളിനി ജമീല ഇപ്പോള്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നില്ലെങ്കിലും, ഈ വിഷയത്തില്‍ അവരുടെ കാഴ്ചപ്പാടുകള്‍ പൊതുസമൂഹത്തിന്റെ കോവിഡ് കാല ചര്‍ച്ചകളിലേക്കെത്താന്‍ ഈ അഭിമുഖം സഹായകമാവും.
പുതിയ സാധാരണത്വം കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക അവസ്ഥകളെ ബാധിക്കുമ്പോള്‍ മലയാളികളുടെ ഇതുവരെയുള്ള ജീവിതവീക്ഷണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

തൊഴിലെന്ന പ്രധാന സമസ്യയോടൊപ്പം വ്യത്യസ്തമായ ജീവിതരീതികളും നമ്മുടെ പരിചിതമായ നിയന്ത്രണത്തിന് അതീതമായി കൊണ്ടിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ലൈംഗിക തൊഴില്‍ മേഖലയിലെ കോവിഡ് ഇടപെടല്‍ എത്രത്തോളമാണ്?
കോവിഡ് എല്ലാ മേഖലയെയും വ്യത്യസ്ത രീതികളില്‍ ബാധിച്ചിട്ടുണ്ട്. അതിജീവനം പഠിച്ച മനുഷ്യന്റെ, എല്ലാത്തിനും ഒരു ബദല്‍ മാര്‍ഗം കാണുവാനുള്ള ശ്രമം ഒരു പരിധി വരെ വിജയിച്ചു എന്നത് ആശ്വാസമാണ്. പക്ഷേ മറ്റു തൊഴില്‍ മേഖലയില്‍ ഓണ്‍ലൈന്‍ സാധ്യത നിലനില്‍ക്കുമ്പോള്‍ അതൊന്നും ഇല്ലാത്ത ലൈംഗിക തൊഴിയില്‍ മേഖല ഏറെ പ്രതിസന്ധിയിലാണ്.

ലൈംഗികത ആസ്വദിക്കുന്നത് രണ്ടു വ്യക്തികള്‍ ഒന്നിച്ചു ചേര്‍ന്നിരുന്നുകൊണ്ടാണ്. അതിനായി രണ്ട് ഇടങ്ങളില്‍ നിന്നുള്ള അപരിചിതരായ ആ രണ്ടു വ്യക്തികള്‍ ഒരുമിച്ചു വരേണ്ട സാഹചര്യം അവിടെയുണ്ട്. വ്യത്യസ്ത സ്ഥലങ്ങളും വ്യക്തികളും ഒന്നിച്ചു ചേരുന്നത് ഏറെ കോവിഡ് സാധ്യത നിലനിര്‍ത്തുന്ന ഒന്നാണ്.ഇക്കാരണങ്ങളാല്‍ പലരും ഇന്ന് ലൈംഗിക ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ സമീപിക്കാന്‍ ഭയപ്പെടുന്നു. അതുമാത്രമല്ല, യാത്ര ചെയ്യേണ്ട ആവശ്യകത ഈ മേഖലയ്ക്ക് ഉള്ളതിനാല്‍ വീണ്ടും പ്രതിസന്ധി കൂടുകയാണ്. ലോക്ക്ഡൗണ്‍ മൂലം വാഹനസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ clients-നെ നേരില്‍ കണ്ടെത്തുന്നതിനു ഒരുപാട് ബുദ്ധിമുട്ടുണ്ട്, അല്ല, കണ്ടെത്താനേ കഴിയുന്നില്ല എന്നു തന്നെ പറയണം.

ലൈംഗികതയെ തുറന്നുപറയാന്‍ പോലും ഇത്രയും ഉന്നതിയില്‍ എത്തിയെന്നു വാദിക്കുന്ന നമ്മുടെ സമൂഹം എന്തുകൊണ്ടാണെന്ന് മടിക്കുന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതുവെ ലൈംഗികതയെ മറ്റു തൊഴില്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ മാറ്റിവെക്കേണ്ട ഒന്നായിട്ടാണല്ലോ നമ്മളില്‍ പലരും കണക്കകുന്നത്. ഇക്കാരണങ്ങള്‍ കൂട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകുന്നപോലെ, ഒരു പരസ്യമായ സത്യം പോലെ, ലൈംഗിക തൊഴിലാളികള്‍ ഏറെ അവശനിലയില്‍ തങ്ങളുടെ ജീവിതം ഈ മഹാമാരിയോടൊപ്പം തള്ളി നീക്കുകയാണ്. ലൈംഗിക മേഖലയില്‍ തൊഴില്‍രാഹിത്യം നല്‍കുന്ന ഭീതിദമായ സാഹചര്യത്തെ അതിജീവിക്കുന്നതിനായി മറ്റൊരു തൊഴില്‍ തേടുന്നത് എത്രത്തോളം ഉചിതമാണ്?ആദ്യമായി പറയട്ടെ, കോവിഡ് കാലഘട്ടത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷ പോലും പാടില്ല. സാധാരണ സാഹചര്യങ്ങളില്‍ പോലും ലൈംഗിക തൊഴിലാളി ആണെന്നുള്ള ഒറ്റ കാരണം കൊണ്ട് തന്നെ വീട്ടുജോലിക്കോ ഹോം നേഴ്‌സിങ്ങിനോ അല്ലെങ്കില്‍ മറ്റൊരു ജോലിക്കു പോലും ആരും അവരെ പരിഗണിക്കുന്നില്ല. നിലവിലെ സാഹചര്യങ്ങളില്‍, അവരെ കൂടുതല്‍ കോവിഡ് റിസ്‌ക് ഉള്ളവരായിട്ടാണ് കണക്കാക്കുന്നത്. അവര്‍ക്ക് ഒരുതരത്തിലും മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. ഏറെ ദുരിതങ്ങള്‍ അവര്‍ ഇതുവരെ അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്. പ്രതീക്ഷയില്ലാത്തതിനാല്‍ തന്നെ, മറ്റൊരു തൊഴില്‍ തേടിയവരെയും എന്നിക്കൂ പരിചയവുമില്ല.

പരസ്പര സഹായങ്ങളാണല്ലോ മനുഷ്യന്റെ അതിജീവനത്തിനു തണലാകുന്നത്. ലൈംഗിക തൊഴിലാളികളെ സഹായിക്കാനായി നിലകൊള്ളുന്ന സന്നദ്ധ സംഘടനകളോ സര്‍ക്കാര്‍ അധിഷ്ഠിതമായ സ്ഥാപനങ്ങളോ മറ്റു സാമൂഹ്യ പ്രവര്‍ത്തകരോ ഇത്തരം ഒരു സാഹചര്യത്തില്‍ എന്തൊക്കെ സഹായങ്ങള്‍ ആണ് നല്‍കിയിട്ടുള്ളത്?അതെ, പരസ്പര സഹായങ്ങള്‍ മാത്രമാണ് എവിടെയും ആശ്വാസമാകുന്നത്. പക്ഷേ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. സഹായങ്ങളായി ആകെ അവര്‍ക്ക് ലഭിക്കുന്നത് കുറച്ച്​ റേഷനരിയും, അയല്‍പക്കങ്ങളിലുള്ളവര്‍ കൊടുക്കുന്ന പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന കിറ്റും മാത്രമാണ്. (‘അവര്‍’ എന്ന് പറയാന്‍ കാരണം ഞാന്‍ ഈ ഫീല്‍ഡില്‍ ഇപ്പോള്‍ ഇല്ലാത്തതുകൊണ്ടാണ്). പക്ഷേ വിതരണം ചെയ്യുമ്പോള്‍ അതുപോലും ലൈംഗിക തൊഴിലാളി താമസിക്കുന്ന സ്ഥലത്തിനു അടുത്തെങ്കിലും എത്തിച്ചു കൊടുക്കാന്‍ ആളുകള്‍ക്ക് മടിയാണ്.

മറ്റൊരുകാര്യം, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ കൂടുതലും പുരുഷന്മാരാണ്. ആയതുകൊണ്ടുതന്നെ അവരില്‍ പലര്‍ക്കും, ലൈംഗിക തൊഴിലെടുക്കുന്നവര്‍ എവിടെയാണെന്നും, അവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കണമെന്നും മറ്റുള്ളവരോട് പറയാന്‍ പോലും മടിയാണ്. ഇനി ഒരു വിധം പറയുവാന്‍ തയാറായാല്‍ തന്നെ, ‘നീ എങ്ങനെയാണ് അതെല്ലാം അറിയുന്നത്’ എന്ന ചോദ്യം അവരെ ഒരുപാട് പിന്നിലേക്കു വലിക്കുന്നുണ്ട്. വളരെ വിശാലമാനസര്‍ എന്ന് പറയുന്നവര്‍ പോലും ലൈംഗിക തൊഴിലാളിയോടുള്ള ബന്ധം പുറത്തുപറയാന്‍ തയ്യാറാകാത്ത കാലമാണിത്. പക്ഷേ അവിടെയും വ്യത്യസ്തരായ വ്യക്തികളുണ്ട്.

അടുത്ത കാലത്ത് എന്റെ രണ്ടു പെണ്‍സുഹൃത്തുക്കള്‍ക്ക് മരുന്നിന് ആവശ്യം വന്നപ്പോള്‍ ഞാന്‍ എന്റെ ഒരു ഉത്തമ പുരുഷസുഹൃത്തിനെ ബന്ധപ്പെടുകയും, അദ്ദേഹം വഴി മരുന്ന് അവരുടെ താമസസ്ഥലത്ത് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ പലരെയും പേടിച്ചിട്ടു എന്റെ സ്ത്രീ സുഹൃത്തുകള്‍ മറ്റൊരു സ്ഥലം പറയുകയും, ശേഷം ഇവര്‍ അവിടെ എത്തിയാണ് മരുന്ന് വാങ്ങികൊണ്ടുപോയത്. അത് എന്നെ ഏറെ വേദനപ്പെടുത്തി.

ഈ സന്നിഹിത ഘട്ടത്തില്‍ പോലും ഇവരുടെ വീട്ടിലേക്ക് ഒരു പുരുഷന്‍ കടന്നുവന്നാല്‍, സാദാചാര സംരക്ഷകര്‍ വിചാരിക്കുന്നത്, ഈ സമയത്തുപോലും അവന്‍ എന്തിനു വേണ്ടി അവളെ തേടി എന്നാണ്. ഇത് ആക്രമണങ്ങളിലേക്ക് വരെ കൊണ്ടെത്തിക്കുമോ എന്ന് ഭയക്കുന്നു. കാരണം എത്തിയ വ്യക്തിക്ക് കോവിഡ് ഉണ്ടാകാന്‍ സാധ്യത നിലനിക്കുന്നതിനാല്‍ ഇവരെ ആക്രമിച്ചു എന്നുവരെ ന്യായം പറയാം. ഇവര്‍ക്ക് കോവിഡ് ഒരു വടി പോലെയാണ്.

ഇത്രയും ബുദ്ധിമുട്ടുന്നത് കാണുമ്പോള്‍ ഞാന്‍ എന്റെ സാഹിത്യ ലോകത്തെ സുഹൃത്തുക്കളോട് സഹായം ചോദിക്കാറുണ്ട്. അവരില്‍ പലരും ആവശ്യകരുടെ അക്കൗണ്ട് നമ്പര്‍ ചോദിക്കുകയും, അതിലേക്ക് പണം അയക്കാം, നേരില്‍ അവിടെ പോകുന്നതില്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ട് എന്നാണ് മറുപടി പറയുന്നത്. പക്ഷെ പലര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ അടുത്തുള്ളവരുടെ അക്കൗണ്ട് നമ്പര്‍ കൊടുത്തിട്ടാണ് സഹായം വാങ്ങുന്നത്.

മഹാമാരി വരുത്തി വെച്ച തൊഴില്‍ പ്രതിസന്ധി കോവിഡിനു ശേഷവും പൂര്‍ണമായി മാറുമെന്നു തോന്നുന്നുണ്ടോ? കോവിഡാനന്തര കാലഘട്ടത്തില്‍ ലൈംഗിക തൊഴില്‍മേഖല നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ എന്തെല്ലാമായിരിക്കും? അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്?

കോവിഡിനുശേഷവും ഏറെ വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്. ഈ മഹാമാരി വിട്ടുപോയ ശേഷം മറ്റൊരു ബോധവല്‍കരണത്തെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ഈ പകര്‍ച്ചവ്യാധി വിട്ടുപോയെന്നും ലൈംഗിക തൊഴിലാളിയില്‍ നിന്ന് ഇനി മറ്റാരിലേക്കും ഈ അസുഖം പകരില്ലയെന്നും എല്ലാവര്‍ക്കും തിരിച്ചറിവ് ഉണ്ടാകണം. ഒപ്പം ഇവര്‍ക്ക് കോവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടെ കൊണ്ടുനടക്കണമോ എന്നുകൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. അത്രത്തോളം പ്രശ്‌നങ്ങള്‍ ഇതുകഴിഞ്ഞും ഇവര്‍ നേരിടേണ്ടി വരും. വല്ലാത്തൊരു വിവേചനം തന്നെയാണ് നിലനില്‍ക്കുന്നത്. ഈ കാലയളവില്‍ ഇന്ത്യക്കാര്‍ സൗകര്യ പൂര്‍വ്വം മറക്കുന്ന ഒരു ചരിത്രമുണ്ട്. ഞങ്ങള്‍ ഈ സമൂഹത്തിനുവേണ്ടി ചെയ്ത ഒരു വലിയ സേവനത്തിന്റെ ചരിത്രം.

1995-96 കാലഘട്ടത്തിലാണ് ലൈംഗിക തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആദ്യമായി ചര്‍ച്ച വരുന്നത്. HIV എന്ന അസുഖമായി ബന്ധപെട്ടാണത് തുടങ്ങുന്നത്. എന്നാല്‍ അത് ഒരിക്കലും ലൈംഗിക തൊഴിലാളികടെ ആരോഗ്യത്തിനു മുന്‍ഗണന കൊടുക്കുന്നതല്ലായിരുന്നു. HIV ബോധവല്‍ക്കരണവും കോണ്‍ഡം വിതരണവും ഒന്നിച്ചുവന്നപ്പോള്‍ ആരോഗ്യ മേഖലയിലുള്ള പുരുഷന്മാരെല്ലാവരും പറഞ്ഞത്, ഇത് ലൈംഗിക അവയവവുമായി ബന്ധമുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെന്നാണ്. ശേഷം ഇത് സന്നദ്ധ സംഘടനകള്‍ എറ്റെടുത്തു.
അവിടെയും സമാന പ്രശ്‌നം. പിന്നീട് ഇവര്‍ ബോധവല്‍കരണം എന്ന ആശയത്തില്‍ പുരുഷ്യനോട് പറഞ്ഞതെന്തന്നാല്‍ HIV നിനക്ക് ലൈംഗിക തൊഴിലാളിയില്‍ നിന്ന് കിട്ടുമെന്നും അത് നീ ഭാര്യക്ക് കൊണ്ടുപോയി കൊടുക്കുമെന്നുമാണ്. പക്ഷെ ലൈംഗിക തൊഴിലാളികള്‍ ഒരു പരിധിക്കപ്പുറം യാത്ര ചെയ്യാത്തവരായതിനാല്‍ HIV ആദ്യം കിട്ടിയിട്ടുണ്ടാവുക പുരുഷ്യനില്‍ നിന്നായിരിക്കുമെന്നാണ് എന്റെ നിഗമനം. ലൈംഗിക തൊഴിലാളി എന്ന സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യക്കുവെളിയില്‍ പോയിട്ടുള്ളത് ഞാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണ്.
പുരുഷന്‍ HIV കൊണ്ടുവന്ന് ലൈംഗിക തൊഴിലാളിക്ക് കൊടുത്തുവെന്നും അതുവഴി മറ്റു പുരുഷന്മാര്‍ അവരുടെ ഭാര്യമാര്‍ക്ക് കൊടുത്തു എന്നൊന്നും ആരും ചിന്തിക്കുകയോ പറയുകയോ ചെയ്തില്ല. മറിച്ച്, ഞങ്ങള്‍ വഴി ഇതു പടരാന്‍ സാധ്യയുള്ളതുകൊണ്ട് ഞങ്ങള്‍ പുരുഷന്മാര്‍ക്ക് ബോധവല്‍ക്കരണം നടത്തണം എന്നു ഒരു ഉത്തരവാദിത്തം പോലെയാണ് ഈ പ്രൊജക്റ്റ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ഇതിലെ പ്രശ്‌നം എന്താന്നെന്നാല്‍ ഞങ്ങള്‍ കുറ്റക്കാരായി ചിത്രീകരിക്കപ്പെടുകയും ആയതുകൊണ്ട് ഇത് ഏറ്റുറ്റെടുക്കാന്‍ ബാധ്യസ്ഥരാണെന്നു വരുത്തിതീര്‍ക്കുകയും ചെയ്തു.

പക്ഷെ ഞങ്ങള്‍ ചിന്തിച്ചത് മറിച്ചാണ്. ഞങ്ങളുടെ client ആരോഗ്യവാനായിരിക്കുക എന്നത് ഞങ്ങള്‍ക്കും ഞങ്ങളുടെ തൊഴിലിനും ഒരേപോലെ ആവശ്യമയതുകൊണ്ട് ഞങ്ങള്‍ HIV ബോതവല്‍ക്കരണവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ലൈംഗികത സംസാരിക്കാന്‍ തക്ക തരത്തില്‍ തങ്ങളുടെ നാവ് വളര്‍ന്നിട്ടില്ല എന്ന മട്ടിലാണ് ഞങ്ങളെ പോലെ തന്നെ സംസാരശേഷിയുള്ള ബാക്കി മനുഷ്യരുടെ ചിന്ത.
അതെന്തുമായികൊള്ളട്ടെ, ചരിത്രം പരിശോധിച്ചാല്‍ മനസിലാകും, ഞങ്ങള്‍ ബോധവല്‍കരണം നടത്തിയ മേഖലകളില്‍ എല്ലാം HIV കുറഞ്ഞുവെന്നു. അതുപോലെ തന്നെ ഞങ്ങള്‍ ലൈംഗിക തൊഴിലാളികളുടെ ഇടയിലാണ് ഇത് ഏറ്റവും കുറവും. ഇത് മനസ്സിലാക്കി കോവിഡ് ബോധവല്‍ക്കരണത്തിനും ഞങ്ങളെയും ഉപയോഗിക്കാവുന്നതിന്റെ സാധ്യത എന്തുകൊണ്ട് ഈ ഗവണ്മെന്റ് ചിന്തിക്കുന്നില്ല. ഞങ്ങള്‍ കോവിഡ് ബോധവല്‍ക്കരണ രംഗത്തേക്ക് വരുന്നത് വഴി ഞങ്ങളുടെ ദാരിദ്ര്യവും മാറിക്കിട്ടും, ഒപ്പം താനൊരു ലൈഗിക തൊഴിലാളിയാണെന്ന് പുറത്തുപറയാന്‍ മടിക്കുന്നവരും അഭിമാനത്തോടെ തുറന്നു പറയുന്ന നിലയിലേക്ക് എത്തുകയും ചെയ്യും.
HIV ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നളിനി ജമീലയെന്ന വ്യക്തിയെ സ്വാധീനിച്ചിരുന്നു? ഈ സേവനങ്ങളെ സമൂഹം മാനിക്കാനും അര്‍ഹിക്കുന്നതരത്തില്‍ ആദരിക്കാനും വൈകിപ്പോയിരുന്നോ?

ഞാന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകയെയും എഴുത്തുകാരിയെയും വാര്‍ത്തെടുത്തതും ഒപ്പം ഇന്നും അഭിമാനത്തോടെ ഞാനൊരു ലൈംഗിക തൊഴിലാളിയാണെന്ന് പറയുവാനുമുള്ള കെല്‍പ്പ് തന്നതും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഞങ്ങളെ എത്തിച്ചതും HIV ബോധവല്‍ക്കരണം തന്നെയാണ്. എങ്കിലും ഇതിനോടൊപ്പം ഒന്നുടെ കൂട്ടി ചേര്‍ക്കട്ടെ, ആ സമയത്ത് ഇറങ്ങിയ എന്റെ ഒരു പുസ്തകം ഇന്ത്യയിലെ 10 ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ നളിനീ ജമീല എന്ന എഴുത്തുകാരിക്ക് അര്‍ഹമായ അംഗീകാരം, അത്തരം ഒരു പുരസ്‌കാരം കിട്ടിയിട്ടും, ഒരിടത്തുനിന്നും ലഭിച്ചിട്ടില്ല. അതില്‍ എനിക്ക് ദുഃഖമുണ്ട്. മുന്‍നിരയില്‍ നിന്നിരുന്ന എനിക്ക് ഇത്തരം അനുഭവം ആണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലലോ.
സമൂഹം ഞങ്ങളെ അംഗീകരിക്കാന്‍ മടിക്കൂന്നുണ്ട്. എങ്കിലും സത്യം എന്തെന്നാല്‍ മുംബൈയിലെ ധാരാവി എന്ന വലിയ പട്ടണത്തില്‍ HIV ബോധവല്കരണം നടത്തിയപ്പോള്‍ അവിടുത്തെ HIV ബാധ കുറഞ്ഞു. National sex workers forum എന്ന സംഘടനയുടെ പ്രവര്‍ത്തനം അവിടെ സ്തുത്യര്‍ഹമായി നടത്തുവാന്‍ കഴിഞ്ഞു. കേരളത്തിന് പുറത്ത് പല സ്ഥലത്തും അവര്‍ പല സാമൂഹ്യപ്രവര്‍ത്തനങ്ങളും നടത്തി. അവിടെല്ലാം ഒരു പരിധിവരെ അവര്‍ക്ക് അംഗീകാരം ലഭിച്ചു. പക്ഷെ കേരളം എന്നും ഈ കാര്യത്തില്‍ ഏറെ പിന്നിലാണ്.
ഇപ്പോഴും National sex workers forum ഈ കോവിഡ് കാലഘട്ടത്തിലും അവരാല്‍ കഴിയുന്നപോലെ ദുരിതത്തിലായവര്‍ക്ക് പണവും മറ്റും നല്‍കി സഹായിച്ചു വരുന്നു. അങ്ങനെയെല്ലാം ഉണ്ടെങ്കിലും കേരളത്തില്‍ ഞങ്ങളോടുള്ള വിവേചനം ഇപ്പോഴും വ്യക്തമാണ്. കേരളത്തില്‍ ലൈംഗിക തൊഴിലാളിക്ക് പബ്ലിക് ആയി ഒരു വീട് പോലും വാടകയ്ക്ക് കൊടുക്കുന്നില്ല. ലൈംഗിക തൊഴിലാളിയും ആവശ്യക്കാരനും ഇരുട്ടില്‍ നിന്നുകൊണ്ടാണ് തൊഴില്‍ ചെയ്യുന്നത്. ഇരുട്ടില്‍ കിട്ടിയാല്‍ മാത്രം അനുഭവിക്കാവുന്ന ഒന്ന് മാത്രമായി ലൈംഗികതയെ തെറ്റായി വ്യാഖ്യാനിക്കുന്ന അവസ്ഥ ഏറെ ദുഃഖകരമാണ്.

കോവിഡിന് ഒരു മുഖം മൂടി, അതുപോലെ മാന്യതയ്ക്കും ഒരു മുഖം മൂടി! മുഖംമൂടി അണിഞ്ഞെങ്കിലും ഞങ്ങളെ പോലുള്ളവരെ സഹായിച്ചുകൂടെ? കാരണം കോവിഡിന് ശേഷവും അവര്‍ക്ക് ഈ ആവശ്യവുമായി ഇറങ്ങുമ്പോള്‍ ലൈംഗിക തൊഴിലാളികള്‍ ഇവിടെ ജീവനോടെ വേണമല്ലോ.
കോവിഡിനുശേഷവും ലൈംഗിക തൊഴിലാളികളുടെ ആവശ്യം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. അപ്രതിക്ഷിത വെല്ലുവിളിയായി വന്നു ചേര്‍ന്ന ഈ കോവിഡ് കാലയളവിലെ ലൈംഗിക തൊഴിലാളികളുടെ അസാനിദ്ധ്യം എത്രത്തോളം clients-നെ ബാധിച്ചിട്ടുണ്ടാകും?
കോവിഡ് കാലയളവില്‍ മദ്യം കിട്ടാതെ പലരും വിഷമിക്കുകയും ആത്മഹത്യ ചെയുകയും ചെയ്തപോലെ കുറെ പുരുഷന്മാരും ലൈംഗിക തൊഴിലാളികളെ കിട്ടാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. തമാശയല്ല ഞാന്‍ പറയുന്നത്. ഒരു ആവശ്യക്കാരന്‍ ഞങ്ങളില്‍ ഒരു സ്ത്രീയെ സമീപിക്കുമ്പോള്‍ സെക്‌സ് മാത്രമല്ല അവിടെ നടക്കുന്നത്. അവര്‍ പരസപരം സംസാരിക്കാറുണ്ട്.

ഭാര്യമാരോടോ സുഹൃത്തുക്കളോടോ മറ്റാരോടും തന്നെ തുറന്നു പറയാന്‍ പറ്റാത്ത പലതും അവിടെ ചര്‍ച്ച ചെയൂന്നു. ലൈംഗികതയുടെ ബാലപാഠങ്ങള്‍ അവിടെ അവര്‍ സംസാരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ അവിടെ സെക്‌സ് വര്‍ക്ക് മാത്രമല്ല പകരം ഒരു കൗണ്‍സലിങ് കൂടെ മനോഹരമായി നടന്നുപോകുന്നു. എന്റെ അനുഭവത്തിലും ഞാന്‍ ഇത്തരത്തിലുള്ള കൗണ്‍സലിങ് നടത്തിയിട്ടുണ്ട്. ഒരു ബെഡ് റൂം പങ്കിടുമ്പോള്‍ രണ്ടു മനുഷ്യര്‍ തമ്മിലുള്ള അകലം ഇല്ലാതാവുകയാണ്. ശരീരത്തിനു മാത്രമല്ല മനസ്സിനും സുഖം ലഭിക്കുന്നു. അതും ഒരു ആവശ്യകതയണല്ലോ.
കോവിഡ് മനുഷ്യന്റെ സാമൂഹ്യ ജീവിതം ഇല്ലാതാക്കി, സഞ്ചാരങ്ങളെ ചുരുക്കി, കാഴ്ചകളെയും കേള്‍വികളെയും വീടിന്റെ ഉള്ളിലേക്ക് ഒതുക്കി. ഈ സാഹചര്യത്തില്‍ കുടുംബങ്ങളില്‍ കഴിയുന്ന സ്ത്രീകളുടെ ജീവിതങ്ങളെ എങ്ങനെ നോക്കി കാണുന്നു?
കോവിഡ് കാലത്തെ ലിംഗബോധങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ മറന്നുപോകാന്‍ പാടില്ലാത്തവരാണ് കുടുംബങ്ങളില്‍ കഴിയുന്ന വിവാഹിതരായ സ്ത്രികള്‍. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ കാരണം ഭര്‍ത്താക്കന്മാരുടെ എല്ലാവിധ കാര്യങ്ങളും ഒരു അടിമയെ പോലെ അവര്‍ ചെയ്യേണ്ടി വരുന്നു. ഓഫീസ് ജോലി ഇല്ലാത്ത ഭര്‍ത്താക്കന്മാര്‍, ഓഫീസില്‍ ഓരോന്ന് ആവശ്യപ്പെടുന്നപോലെ ഭാര്യമാരോടാണ് എല്ലാം ചോദിക്കുന്നത്, അല്ല ആജ്ഞാപിക്കുന്നത്. ഒപ്പം മുഴുവന്‍ സമയവും വീട്ടില്‍ ഇരിക്കുന്ന മക്കളെ പറ്റിയുള്ള പരാതി വേറെയും. വിശ്രമിക്കാന്‍ ഒരിടവേളയും അവര്‍ക്ക് കിട്ടുന്നില്ല.

സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള സംസാരങ്ങളില്‍ പലപ്പോഴും ഇടം കുറഞ്ഞു പോയിരുന്നവയാണ് സ്വവര്‍ഗ്ഗ ലൈംഗികത. ഇത്രയും കാലത്തെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍, നളിനീ ജമീല മനസിലാക്കിയ സ്വവര്‍ഗ്ഗ ലൈംഗികതെ എന്താണെന്നു പങ്കുവെക്കാമോ?
സ്വവര്‍ഗാനുരാഗികള്‍ക്ക് അമിത ലൈംഗിക താല്‍പര്യമാണെന്ന് പലരും പറയുന്നുണ്ട്, പക്ഷെ അങ്ങനെയല്ല എന്നുമാത്രമല്ല അവര്‍ക്ക് ലൈംഗികതയല്ല പ്രധാന വിഷയം. അവരുടെ രതിക്കും താല്‍പര്യങ്ങള്‍ക്കും വ്യത്യാസം ഉണ്ടെന്നല്ലാതെ അവരും മറ്റുള്ളവരുമായി യാതൊരു വ്യത്യാസവും ഇല്ല. കാരണം ആയിരം പേരെ എടുത്താല്‍ ആയിരത്തിയൊന്നു രതികളാണുള്ളത്. വ്യത്യസ്തങ്ങളായ രതികളാണ് എല്ലാം.

ദൃഢശരീരമുള്ള ഒരു പുരുഷനോട് എനിക്ക് താല്‍പര്യം തോന്നിയതുകൊണ്ട് മറ്റൊരാളോടും എനിക്ക് തോന്നാന്‍ പാടില്ല എന്നില്ലലോ. അതാണ് എന്റെ രതി, ഒപ്പം എന്റെ തൊഴിലും. സാമ്പാറും അവിയലും തമ്മില്‍ ചേരുവകളില്‍ വലിയതോതിലുള്ള വ്യത്യാസം ഇല്ലാത്ത പോലെ തന്നെയാണ് വ്യത്യസ്ത രതികളും. എനിക്ക് സെക്‌സ് ഒരുപാട് ആസ്വദിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. ഒരു എഴുത്തുകാരനായ എന്റെ ഒരു ക്ലയന്റ് ഒരിക്കല്‍ ഒരു സ്റ്റുഡിയോയില്‍ വെച്ച് ഇങ്ങനെ പറയുകയുണ്ടായി, നളിനിയെ നിങ്ങള്‍ ഒരു സെക്‌സ് ബോംബ് ആയി കാണേണ്ട ആവശ്യം ഇല്ല. കാരണം നളിനിയില്‍ രതി വളരെ കുറവാണ്.
മറ്റുള്ളവരും ലൈംഗിക തൊഴിലാളികളും തമ്മിലുള്ള ഒരു വ്യത്യാസം എന്താണെന്നാല്‍ ഞങ്ങള്‍ക്ക് ലൈംഗികതയുടെ ബാല പാഠങ്ങള്‍ അറിയാം എന്നതാണ്. അമ്പതു കഴിഞ്ഞവരും എന്റെ അടുക്കല്‍ വന്ന് ഭാര്യയെ തൃപ്തിപ്പെടുത്തേണ്ടത് എങ്ങനെയെന്നു ചോദിച്ചറിഞ്ഞിട്ടുണ്ട്. ഒരു കാര്യം കൂട്ടി ചേര്‍ക്കാനുള്ളത്, ഒരേ കട്ടിലില്‍ കിടന്നുറങ്ങിയിട്ടും ഒരേ കാറില്‍ യാത്ര ചെയ്തിട്ടും എന്നോട് രതി ആവശ്യപ്പെടാത്ത കുറെ പുരുഷ സുഹൃത്തുക്കള്‍ എനിക്കുണ്ട് എന്നതാണ്, എന്റെ ശരീരം ആവശ്യമില്ലാത്തവര്‍.
ചോദ്യം:

നളിനീ ജമീലയെന്ന വ്യക്തി ഇപ്പോള്‍ അറുപതുകളിലാണ്. ലോക്ക്ഡൗണ്‍ പരിമിതികള്‍ അറുപതുകഴിഞ്ഞവരെ പുറത്തിറങ്ങാനോ ജോലിക്ക് പോകണോ അനുവദിക്കുന്നില്ല. മുതിര്‍ന്ന പൗരന്മാരുടെ അതിജീവനം എങ്ങനെ നോക്കി കാണുന്നു?
മുതിര്‍ന്ന പൗരന്മാരെ കുറിച്ചു സംസാരിക്കുമ്പോള്‍ പലരും മറക്കുന്ന കാര്യമാണ്, അവരിലും സ്വയം അധ്വാനിച്ചു ജീവിക്കുന്നവരും ഉണ്ട് എന്നത്. പുറത്തിറങ്ങാതെ അവര്‍ എങ്ങനെ ജീവിക്കുന്നു എന്നുപോലും സര്‍ക്കാരോ മറ്റാരും അന്വേഷിക്കുന്നില്ല. മറ്റുള്ള വീടുകളില്‍ ജോലിക്ക് പോയി കുടുംബം നോക്കുന്ന അല്ലെങ്കില്‍ സ്വന്തം കാര്യം നോക്കുന്ന പ്രായമായവര്‍ക്ക് ഇപ്പോള്‍ വരുമാനം നിലച്ചു. മുന്നോട്ട് എങ്ങനെ എന്നത് വലിയ ഒരു ചോദ്യമാണ്.

സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും പരിഗണന ലഭിക്കണം. ജീവിതമാര്‍ഗം തടയപ്പെട്ടവരെയും അത്യാവശ്യ സഹായങ്ങള്‍ ലഭിക്കേണ്ടവരുടെ കൂട്ടത്തില്‍ ചേര്‍ത്ത് സഹായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കില്‍ മാത്രമേ അവര്‍ക്കും തുടര്‍ന്നു ജീവിക്കാന്‍ കഴിയൂ. ഞാനും തൊഴില്‍ ചെയ്ത് ജീവിച്ചിരുന്ന വ്യക്തിയാണ്, പക്ഷെ ഇപ്പോള്‍ കഴിയുന്നില്ല.
ഞാന്‍ ആവര്‍ത്തിക്കുന്നു, ലൈംഗിക തൊഴിലും തൊഴിലാളികളും ഏറെ പ്രതിസന്ധിയിലാണ്. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ പെട്ടന്നാവട്ടെ. ഇതുവരെ ഒരു ലൈംഗിക തൊഴിലാളിയും പട്ടിണികിടന്നു മരിച്ചു എന്ന വാര്‍ത്ത ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയിതിട്ടില്ല. അങ്ങനെ ഉണ്ടാകല്ലേ എന്ന് പ്രതീക്ഷിച്ചു ജീവിക്കുകയാണ്. മറക്കരുത്, ഞങ്ങളും വിശക്കുന്ന മനുഷ്യര്‍ തന്നെയാണ്.

(ഡി.സി ബുക്‌സിനുവേണ്ടി ഡോ. റ്റിസി മറിയം തോമസ് എഡിറ്റ് ചെയ്യുന്ന കോവിഡുകാലത്തെ ലിംഗവിചാരങ്ങള്‍ എന്ന പുസ്തകത്തിനുവേണ്ടി തയ്യാറാക്കിയത്)

Previous articleഇന്ത്യക്ക് വിശക്കുന്നു.
Next articleഇനി പെട്രോൾ വില കൂട്ടിയാൽ നമുക്കൊന്നുമില്ല
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.