സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റോടെ ഡിസംബർ 30 ന് റിലീസ് ചെയ്ത ഒമർ ലുലു ചിത്രമായിരുന്നു നല്ല സമയം. എന്നാൽ ചിത്രം ഇപ്പോൾ പേരുപോലെ നല്ല സമയമല്ല നേരിടുന്നത്. തികച്ചും മോശം സമയമാണ്. തിയേറ്ററിൽ നിന്നും ചിത്രം പിൻവലിച്ചിരിക്കുകയാണ്. എക്സൈസ് കേസിൽ പെട്ടതിന് പിന്നാലെയാണ് ചിത്രം പിൻവലിക്കാൻ തീരുമാനിച്ചത്. ഇനിയുള്ള കാര്യങ്ങൾ കോടതി വിധിക്കു ശേഷം തീരുമാനിക്കുമെന്നു ഒമർ ലുലു പറഞ്ഞു. സിനിമയുടെ ട്രെയ്ലറിൽ എംഡിഎംഎ ഉപയോഗം ഉൾപ്പെടുത്തിയതിനെ പേരിലാണ് കേസ്. കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരൻ ആണ് കേസെടുത്തത് . ഇതിനെ കുറിച്ച് ഒമർ ലുലുവിന്റെ പ്രതികരണം ഇങ്ങനെ.
മയക്കുമരുന്ന് ഉപയോഗം സിനിമയിൽ കാണിക്കുന്നത് ഇതാദ്യമല്ല. നല്ല സമയം എന്ന സിനിമയുടെ വിഷയത്തിൽ മാത്രം എന്തിന് ഇത്തരം നടപടികൾ എന്ന് മനസിലാകുന്നില്ല. ‘നല്ല സമയം’ സെൻസർ ബോർഡിന്റെ അനുമതിയിടെയാണ് പുറത്തിറങ്ങിയത് , ‘കെജിഎഫി’നോളം തന്നെ യൂത്തിനെ സ്വാധീനിച്ച സിനിമ വേറെയുണ്ടായിട്ടില്ല. കെജിഎഫ് കണ്ടിട്ട് ആരെങ്കിലും വഴിയേ പോകുന്നവരെ തല്ലാൻ പോകുന്നുണ്ടോ ? ” – ഒമർ ലുലു ചോദിക്കുന്നു.

ഇര്‍ഷാദ് അലിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം. നീന മധു, നോറ ജോണ്‍, ഗായത്രി ശങ്കര്‍, നന്ദന മഹാദേവന്, സുവൈബത്തുൽ അസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂർ, വിജീഷ്, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ എഴുതിയത്. രതിന് രാധാകൃഷ്ണന് എഡിറ്റിങ്ങും സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിന് ചിത്രത്തിന്റെ സംവിധായകന്, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ എക്സൈസ് വകുപ്പ് കേസ് എടുത്തിരുന്നു.