കഴിഞ്ഞ ഓണത്തിന് വാങ്ങിയ ബ്രൗൺ നിറത്തിലുള്ള നിക്കറും, ഓറഞ്ചും വെള്ളയും ചേർന്ന കള്ളി ഷർട്ടുമിട്ട് അവൻ അമ്പലത്തിലേക്ക് ഓടുകയാണ്.ചന്തയിൽ നിന്നും ലാലേട്ടന്റെ മീശ പിരിച്ച ചിത്രമുള്ള പോസ്റ്റുകാർഡ് വാങ്ങാൻ ചില്ലറ നാണയങ്ങളും കീശയിൽ തിരുകിയിട്ടുണ്ട്.ഓട്ടത്തിനിടെ ഇടയ്ക്കിടെ താഴെ കാലുകളിലേക്ക് നോക്കി പുഞ്ചിരിക്കുന്നുണ്ട്.അച്ഛനോടൊപ്പം ടൗണിലെ കടയിൽ പോയി വാങ്ങിയ ബാറ്റ കമ്പനിയുടെ പുതിയ ചെരുപ്പ് നോക്കിയായിരുന്നു പുഞ്ചിരി.

അമ്പലത്തിലേക്കുള്ള റോഡിനിരുവശവും പച്ചോലത്തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.മരക്കൊമ്പുകളിലും ഇലക്ട്രിക്ക് പോസ്റ്റുകളിലുമായി റോഡിലങ്ങോളമിങ്ങോളം ഘടിപ്പിച്ചിട്ടുള്ള ട്യൂബ് ലൈറ്റുകൾ പ്രദേശമാകെ ഉത്സവശോഭ നൽകുന്നുണ്ട്.അമ്പലത്തിൽ പഞ്ചവാദ്യം ആരംഭിച്ചു കഴിഞ്ഞു.
തിമിലയുടേയും,മദ്ദളത്തിന്റേയും, ഇടയ്ക്കയുടെയുമൊക്കെ മാറി മാറി വരുന്ന ത്രസിപ്പിക്കുന്ന നാദം കോളാമ്പി സ്പീക്കറുകളിലൂടെ നാട് മുഴുവൻ അലയടിക്കുന്നുണ്ട്.

അമ്പലത്തിനടുത്തുകൂടി പോകുന്ന താറിട്ട പ്രധാന റോഡ് കടന്ന് അവൻ അമ്പലത്തിന്റെ കിഴക്കെ നട വരെ നീളുന്ന വീതി കുറഞ്ഞ മൺപാതയിലേക്കെത്തി.മുന്നോട്ട് നടക്കുന്തോറും കൊമ്പു വിളിയുടെ മാസ്മരികത ഉയർന്ന് വരുന്നുണ്ട്.വിരലിലെണ്ണാവുന്ന കുറച്ചുപേർ റോഡിനിരുവശവും തുണി വിരിച്ച്,കളിപ്പാട്ടങ്ങൾ നിരത്തി ഉത്സവചന്തയൊരുക്കിയിട്ടുണ്ട്.പൂവിന് ചുറ്റും പൂമ്പാറ്റകളെന്ന പോലെ കുട്ടികൾ ചന്തയ്ക്ക് ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ട്. മിക്കവരുടെയും കൈകളിൽ നേർത്ത റബ്ബർ ചരട് കൊണ്ട് കോർത്ത് കെട്ടിയ ആപ്പിൾ രൂപത്തിലുള്ള ബലൂണുകൾ കാണാം.

അവനിതിനകം തന്നെ അയൽപക്കത്തുള്ളതും കൂടെ പഠിക്കുന്നതുമായ കൂട്ടുകാരുടെ സംഘത്തോടൊപ്പം കൂടിയിട്ടുണ്ട്.അവരിൽ പലരും അവന്റെ പുതിയ ചെരുപ്പ് നോക്കി അസൂയപ്പെടുകയും ‘സൂപ്പറായിട്ടുണ്ട് ‘ എന്ന് അടക്കം പറയുന്നുമുണ്ടായിരുന്നു.
ആനക്കൊട്ടിലിൽ നിന്നും നേർത്ത കാറ്റിനൊപ്പം ഒഴുകി വരുന്ന ആനപിണ്ടത്തിന്റേയും,ശ്രീകോവിലിനുള്ളിൽ നിന്നും വരുന്ന എണ്ണയുടെയും,ചന്ദനത്തിന്റേയുമൊക്കെ വായുവിലിഴുകിച്ചേർന്ന ഭക്തിയുടെ ഗന്ധം നന്നായി ആസ്വദിച്ചുകൊണ്ട് അവൻ കൂട്ടുകാരോടൊപ്പം കിഴക്കേനടയിലേക്കെത്തി.

നാലമ്പലത്തിനുള്ളിൽ പഞ്ചവാദ്യം പൊടിപൊടിക്കുകയാണ്.ചുറ്റുമതിലിന്റെ വലതു ഭാഗത്തായുള്ള കൊത്തുപണികളോട് കൂടിയ സിമന്റ് തൂണിന് താഴെ ചെരുപ്പുകൾ അഴിച്ച് വച്ച് അവർ കൂട്ടമായി അമ്പലത്തിനുള്ളിലേക്ക് കയറി.നെറ്റിപ്പട്ടം കെട്ടി,പഞ്ചവാദ്യത്തിന്റെ താളത്തിനൊത്ത് ചെവിയാട്ടി തിടമ്പേറി നിൽക്കുന്ന ആനയേയും,ഇവയൊന്നും കണ്ടഭാവം പോലും നടിക്കാതെ തൊട്ടുകളി കളിക്കുന്ന ചില കൂട്ടുകാരേയും,എന്നാൽ വാദ്യത്തിൽ മുഴുകി തല വട്ടം വച്ച് നിൽക്കുന്ന ചില മുത്തശ്ശന്മാരേയും മുത്തശ്ശിമാരെയും അവനവിടെ കണ്ടു.

ചന്തയിൽ നിന്നും ലാലേട്ടന്റെ പോസ്റ്റുകാർഡ് വാങ്ങാനുള്ള ധൃതിയിൽ നാലമ്പലത്തിനു ചുറ്റും ഓട്ടപ്രദക്ഷിണവും വച്ച് ചന്ദനക്കുറി തൊട്ട് അവൻ കൂട്ടുകാരോടൊപ്പം അമ്പലത്തിന് പുറത്തേക്കിറങ്ങി.ചെരുപ്പിടാനായി നേരെ സിമന്റ് തൂണിനടുത്തേക്ക് നടന്നു.അവന്റേതു മാത്രം കാണുന്നില്ല,ഒരു നിമിഷം സ്തബ്ധനായി!കമിഴ്ന്നും ചെരിഞ്ഞും കിടന്നിരുന്ന ഓരോ ചെരുപ്പും മലർത്തി നോക്കി,പക്ഷെ അതിലൊന്നും അവന്റേത് മാത്രമുണ്ടായിരുന്നില്ല.മനസ്സ് പതറി,സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു.ഒരുപാട് നാളത്തെ കെഞ്ചലിന് ശേഷം അച്ഛൻ ആദ്യമായി വാങ്ങി നൽകിയ ബാറ്റ കമ്പനിയുടെ ചെരുപ്പായിരുന്നു അത്.

കൂട്ടുകാർ ഓരോരുത്തരായി അവരുടെ ചെരുപ്പുമിട്ട് ചന്തയിലേക്കോടാൻ തുടങ്ങി.അവൻ തനിച്ചായി; ഇനിയെന്തു ചെയ്യും…? ചിന്തകൾ മാറിമറിഞ്ഞു.ചെരുപ്പ് പോയത് തന്നെ; ഇനി കൂട്ടത്തിൽ നല്ലത് നോക്കി മറ്റൊരെണ്ണം ആരുമറിയാതെ ഇട്ടുകളയാം. മനസ്സില്ലാമനസ്സോടെ അവനുറപ്പിച്ചു.സിമന്റ് തൂണിന് ചുറ്റുമുണ്ടായിരുന്ന ചെരുപ്പുകളിലെല്ലാം ആരും ശ്രദ്ധിക്കാത്ത രീതിയിൽ നിരീക്ഷണം നടത്തി.അവിടെയുണ്ടായിരുന്നതിൽ നല്ലത് നോക്കി കാലിനു ചേരുന്ന ഒരു ചെരുപ്പുമിട്ട് ചന്തയിലേക്കൊരോട്ടം.നേരെ ചെന്ന് കീശയിലുണ്ടായിരുന്ന ചില്ലറ കൊടുത്ത് ലാലേട്ടന്റെ മീശ പിരിച്ച പോസ്റ്റുകാർഡും വാങ്ങി അവൻ വീട്ടിലേക്ക് നടന്നു.ഓരോ അടി മുന്നോട്ട് വയ്ക്കുന്തോറും ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു.കുറ്റബോധം മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.

അച്ഛനോടും അമ്മയോടും നടന്ന സംഭവങ്ങൾ പറയാമൊ? അഥവാ പറഞ്ഞില്ലെങ്കിൽ എത്ര കാലം മറച്ചുവയ്ക്കാനാവും?കാര്യങ്ങൾ അച്ഛനറിഞ്ഞാൽ തല്ല് കൊണ്ടതു തന്നെ.ഭയചികതനായി, പലവിധ ചിന്തകളാലുള്ള പരവേശത്തോടെ അവൻ വീട്ടിലേക്കെത്തി.ആത്യന്തികമായി മനസ്സ് കൊണ്ട് സത്യസന്ധനായതിനാലാവണം ചെരുപ്പ് നഷ്ടപ്പെട്ടു എന്ന ദുഃഖത്തേക്കാളുപരി ചെയ്ത തെറ്റിന്റെ മുഖലക്ഷണം അവനിൽ കൂടുതൽ പ്രകടമായത്.

അമ്പലത്തിൽ നിന്ന് മടങ്ങിയെത്തിയ മകന്റെ മുഖത്തെ തെളിവില്ലായ്മ കണ്ട് ‘എന്തുപറ്റി’ എന്ന അച്ഛന്റെ ആംഗ്യത്തിന് ‘ഒന്നുമില്ല’ എന്ന മറു ആംഗ്യം മാത്രമായിരുന്നു മറുപടി.അമ്മയെ കാണാനായി അവൻ അടുക്കളയിലേക്ക് ചെന്നു.മകനെ കണ്ടമാത്രയിൽ എന്തോ ഒരു പന്തികേടുള്ളതായി അവർക്കനുഭവപ്പെട്ടു.

“എന്താ നിനക്കൊരു വിഷമം? അമ്പലത്തിൽ വല്ലവരുമായി വഴക്ക് കൂടിയോ?” വേവലാതിയോടെ അമ്മ ചോദിച്ചു.

മറുപടിയൊന്നും പറയാതെ തന്നെ അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.മകന്റെ കണ്ണീര് കണ്ട അമ്മയ്ക്കും വല്ലാതായി.അവർ നേരെ അവന്റെ അച്ഛനോട് ചെന്ന് കാര്യം പറഞ്ഞു.അച്ഛൻ സ്നേഹഭാവത്തിൽ തലങ്ങും വിലങ്ങും കാര്യങ്ങൾ തിരക്കി.അമ്മയുടെ സാമീപ്യവും ദേഷ്യപ്പെടാതെയുള്ള അച്ഛന്റെ മുഖഭാവവും കാരണം നടന്ന കാര്യങ്ങളെല്ലാം ഒന്നൊന്നായി അവൻ അവതരിപ്പിച്ചു.ചെയ്തു പോയ തെറ്റിനെ ഓർത്ത് വിങ്ങുന്ന മകന്റെ മനസ്സിനെ അവർ ആശ്വസിപ്പിച്ചു.നഷ്ടപെട്ടത് പോലെയുള്ള ഒരു ചെരുപ്പ് വീണ്ടും ടൗണിലെ കടയിൽ നിന്നും വാങ്ങാമെന്നുറപ്പ് നൽകി.നമ്മുടെ നഷ്ടം നികത്തേണ്ടത് മറ്റുള്ളവരുടേത് മോഷ്ടിച്ചിട്ടാകരുതെന്ന് ഉപദേശിച്ചു.

തെറ്റ് മനസ്സിലാക്കിയ അവൻ പിന്നീടൊരോട്ടമായിരുന്നു അമ്പലത്തിലേക്ക്.എടുത്ത ചെരുപ്പ് ആരുമറിയാതെ യഥാസ്ഥാനത്ത് തിരികെ വച്ച് അമ്പലത്തിനുള്ളിലേക്ക് കയറി. തൊഴുത് പ്രാർത്ഥിച്ചതിന് ശേഷം ചെരുപ്പിടാതെ നൽവഴിയിലൂടെ വീട്ടിലേക്ക് നടന്നു.

You May Also Like

‘ശ്രീനാരായണായ’ ആത്മീയവിപ്ലവത്തിന്റെ വഴികാട്ടിനക്ഷത്രം

-ശൈലേഷ് നായര്‍ ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ സര്‍ഗാത്മകവും കലാപരവുമായ ചരിത്രസംഭവമാണ് ‘ശ്രീനാരായണായ’ എന്ന് നോവലിന്റെ പിന്‍കുറിപ്പില്‍…

സായാഹ്നത്തില്‍ – രഞ്ജിത്ത് തവനൂര്‍

പിന്നെയവള്‍ വളരെ ശ്രദ്ധിച്ചേ എല്ലാകാര്യങ്ങളും ചെയ്തിരുന്നുളളൂ… കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വളരെ താല്പര്യത്തോടെ വായിക്കുന്നത് ഞാന്‍ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്.

പെന്‍സില്‍ ഡ്രോയിംഗ് പഠിച്ചിട്ടില്ലാത്തവര്‍ക്കായി

വരയ്ക്കാന്‍ പഠിച്ചിട്ടില്ലാത്ത; എങ്കിലും വെറുതെ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ വരയ്ക്കുന്ന, എല്ലാ മല്ലു ‘amateur’ പെന്‍സില്‍ ഡ്രോയിംഗ്കാര്‍ക്കുമായിട്ട് ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു.

എന്തുകൊണ്ടാണ് കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം നിരോധിക്കാനിടയായത് ?

എന്തുകൊണ്ടാണ് കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം നിരോധിക്കാനിടയായത് ? അറിവ് തേടുന്ന പാവം പ്രവാസി 1923-ൽ…