ദേവാങ്കണങ്ങൾ നൽകുന്ന ‘യൂഫോറിയ’ : പത്ത് കൗതുകങ്ങൾ

നമ്പു

മലയാള സിനിമയിൽ ജനിച്ചിട്ടുള്ള പാട്ടുകളിൽ ഏറ്റവും മനോഹരമായ സംഗീതം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഏറ്റവും മുൻപന്തിയിൽ വരുന്ന ഗാനങ്ങളിൽ ഒന്നാണ് “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം” എന്ന അത്ഭുത സൃഷ്ടി. പദ്മരാജൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിലെ മലയാളി എന്നും നെഞ്ചിലേറ്റുന്ന ഗാനം ആണ് “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം”

അനേകായിരം മെലഡികൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ജോൺസൺ മാസ്റ്ററുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. തന്റെ തനത് സംഗീതത്തിൽ നിന്നും വ്യത്യസ്തം ആയ ഗാനം ആയതിനാൽ അതിസൂക്ഷ്മമായി ആണ് ജോൺസൺ ഈ ഗാനം കോമ്പോസിഷൻ ചെയ്തിട്ടുള്ളത് എന്നത് വ്യക്തം. ജോൺസണോടൊപ്പം അനവധി ഹിറ്റുകൾ നൽകിയ കൈതപ്രം ആണ് ദേവാങ്കണങ്ങൾക്ക് വരികൾ തുന്നിയത്.

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം എന്നാ ഗാനത്തെക്കുറിച്ചു കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതും, ഗാനത്തിന്റെ ആസ്വാദനത്തിലൂടെ അനുഭവിച്ചതും ആയ ചില കാര്യങ്ങൾ വിശകലനം ചെയ്യാം.

1. ഞാൻ ഹിന്ദുസ്ഥാനി ചെയ്യാനോ? വേറെ ആളെ നോക്ക്

ഇന്നലെ എന്ന ചിത്രത്തിന് ശേഷം വിണ്ണിലിറങ്ങിയ ദൈവ ഗന്ധർവ്വൻറെ കഥ പറയാൻ പദ്മരാജൻ തീരുമാനിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ സംഗീതം : ജോൺസൺ തന്നെയായിരുന്നു. പദ്മരാജന് മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ജോൺസൺ മാഷ് ആയിരുന്നു. ഗന്ധർവാന്മാർ ദൈവ ഗായകർ കൂടി ആകുമ്പോൾ സംഗീതത്തിന് അത്രമേൽ പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. കുറച്ചു eccentric fantasy വിഷയം ആയതിനാൽ സാധാരണ സംഗീതത്തിൽ നിന്ന് മേലെ നിൽക്കുന്ന ഒരു ആസ്വാദനം സിനിമയിലെ ഗാനങ്ങൾക്ക് നൽകണം എന്ന് പദ്മരാജന് ബോധ്യമുണ്ടായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉള്ള ഗാനങ്ങളാണ് തനിക്ക് വേണ്ടത് എന്ന് പദ്മരാജൻ ജോൺസനോട് പറയുമ്പോൾ ജോൺസൺ അത് നിരസിച്ചു. “എനിക്ക് ഹിന്ദുസ്ഥാനി സംഗീതം അറിയില്ല, ഞാൻ പഠിച്ചിട്ടില്ല, വേറെ ആരെയെങ്കിലും ഏൽപ്പിക്കുകയാകും നല്ലത് ” എന്ന ജോൺസന്റെ വാക്കുകൾക്ക് പദ്മരാജൻ നൽകിയ മറുപടി പ്രശസ്തമാണ്. “അതിന് താൻ കർണാടക സംഗീതവും പഠിച്ചിട്ടില്ലല്ലോ. അതു കൊണ്ട് കുഴപ്പമില്ല”. മറുപടി കേട്ട് ജോൺസൺ ഒത്തിരി ചിരിച്ചു. ശെരിയാണ്, താൻ കർണാടക സംഗീതം പഠിച്ചിട്ടില്ല, എന്നിട്ടും കർണാടക സംഗീതത്തിന്റെ രാഗത്തിൽ ഊന്നി എത്ര പ്രശസ്ത ഗാനങ്ങൾ താൻ ഉണ്ടാക്കിയിരിക്കുന്നു. പദ്മരാജന്റെ ആ മറുപടിയിൽ നിന്നുമാണ് ദൈവങ്കണങ്ങളും, ദേവിയും, പാലപ്പൂവും ജോൺസൺ മാസ്റ്ററുടെ ഹാർമോണിയത്തിൽ നിന്നും പിറന്നത്.

2. ആർക്കും വേണ്ടാത്ത ഗാനം

ഏകദേശം ഏഴ് മിനിറ്റിന് അടുത്താണ് ദേവാങ്കണങ്ങൾ എന്ന ഗാനത്തിന്റെ നീളം. അതിനാൽ തന്നെ ആ ഗാനം സിനിമയിൽ ഉൾപെടുത്തുന്നത് സംബന്ധിച്ച് ചെറിയ ധാരണ പിശകുകൾ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. സിനിമയുടെ duration കൂടുതൽ വരുന്നതിനാൽ ഈ ഗാനം ചേർത്താൽ സിനിമ ഇഴഞ്ഞു പോകും എന്നൊരു സംശയം നിർമാതാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു എന്നും, എന്നാൽ അത് കട്ട്‌ ചെയ്യാൻ പദ്മരാജൻ സമ്മതിച്ചില്ല എന്നുമോക്കെ എവിടെയോ വായിച്ചിട്ടുണ്ട്. എന്നാൽ സിനിമ റിലീസ് ചെയ്തതിന് ശേഷം സിനിമയുടെ ദൈർഘ്യം കൂടുതൽ ഉണ്ടെന്ന് response വന്നപ്പോൾ ഗാനം ചിലയിടങ്ങളിൽ കട്ട്‌ ചെയ്യേണ്ടതായി വന്നിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്. ഗാനം കട്ട്‌ ചെയ്യേണ്ടിവരും എന്ന ഘട്ടത്തിൽ പദ്മരാജനും ജോൺസണും ഒപ്പം നിർമാതാവ് മോഹനും വല്ലാതെ വിഷമിച്ചിരുന്നു.

അതുപോലെ പാട്ടിന്റെ കോമ്പോസിഷൻ കഴിഞ്ഞ് പദ്മരാജന് ഗാനം ഇഷ്ടമായെങ്കിലും സിനിമയുടെ പിന്നണിയിൽ ഉള്ള ചിലരുടെ നിർബന്ധ പ്രകാരം പാട്ടിനു വേറെ ഈണങ്ങൾ ചേർക്കേണ്ടി വന്നു എന്നും അതൊന്നും ശെരിയാകാത്തതിനാൽ ഒറിജിനൽ ട്യൂൺ തന്നെ അവസാനം ഉപയോഗിക്കുകയാണ് ഉണ്ടായത് എന്നും കേട്ടിട്ടുണ്ട്. തന്നോട് ദേവാങ്കണങ്ങളുടെ ട്യൂൺ മാറ്റി ചെയ്യാൻ പറഞ്ഞത് ജോൺസൺ മാഷിന് ഒത്തിരി വിഷമം ഉണ്ടാക്കി എന്ന് വായിച്ചിട്ടുണ്ട്.

3. ഹിന്ദുസ്ഥാനി രാഗത്തിൽ ഒരു സാധനങ്ങട് അലക്കി

പൂർണമായും ഹിന്ദുസ്ഥാനി ഗാനം അല്ലെങ്കിൽപോലും ഹിന്ദുസ്ഥാനി രാഗത്തിൽ ഊന്നി ആണ് ദേവാങ്കണങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘യമൻ കല്യാണി’ രാഗത്തിലാണ് ഗാനം ആരംഭിക്കുന്നത്. കുത്തിയൊലിചൊഴുകുന്ന പുഴ പോലെ തുടങ്ങി മെലഡിയുടെ ഊഷ്മളതയിലേക്ക് മെല്ലെ ഒഴുകുന്ന ശാന്തമായ ഓളങ്ങൾ പോലെ മാറുന്ന രാഗമാണ് യമൻ കല്യാണി. ജോൺസൺ മാഷിന്റെ തന്നെ “അനുരാഗിണി ഇതാ എൻ” തുടങ്ങി പല ഗാനങ്ങളും കല്യാണിയിൽ ആണ് ചെയ്തിരിക്കുന്നത്. അതിൽ നിന്നും കുറച്ചുകൂടി ഹിന്ദുസ്ഥാനിയുടെ ഉള്ളിലേക്ക് ഇറങ്ങിപോകുന്ന ‘പുരിയധനശ്രീ’ രാഗത്തിലേക്ക് ഗാനം മാറുന്നു. അതോടെ ഗാനത്തിന്റെ ഭംഗി പതിന്മടങ് വർധിക്കുന്നതായി തോന്നിയിട്ടുണ്ട്. ഗാനത്തിനായി ആറോളം ട്യൂൺ-കൾ ജോൺസൺ മാസ്റ്റർ ചിട്ടപ്പെടുത്തിയതിൽ നിന്നും പദ്മരാജന് ഏറ്റവുമധികം ഇഷ്ടമായ ട്യൂണ് ആണ് ദേവാങ്കണങ്ങൾ ആയി നമ്മുടെ മുന്നിൽ എത്തിയത്.

4. മാധുര്യം കൂടിയ ചരണ ഭാഗം

ഏഴ് മിനിറ്റിന് അടുത്ത് വരുന്ന ഗാനത്തിന്റെ ഏറ്റവും ഭംഗി ചരണം തന്നെയാണ്. “ആലാപമായി സ്വര രാഗ ഭാവുകങ്ങൾ ” എന്ന വരികൾ ഗാന ഗന്ധർവ്വൻ പാടുമ്പോൾ ശെരിക്കും ഒരു ഗന്ധർവ്വൻ ആലപിക്കുന്ന പോലെ ശ്രോതാക്കൾക്ക് അനുഭവവേദ്യമാകുന്നുണ്ട്. മൃദുവായി തുടങ്ങി സ്വരങ്ങളിലൂടെയും ആലാപിലൂടെയും കടന്നുപോകുന്ന ചരണം തന്നെയാണ് ദൈവങ്കണങ്ങളിലെ ഏറ്റവും മനോഹരമായ ഭാഗം എന്ന് നിസ്സംശയം പറയാം. “വരവല്ലകി തേടും.. ആ.. ആ..” എന്ന വരികൾ യേശുദാസ് അത്രെയും improvise ചെയ്താണ് ആലപിച്ചിരിക്കുന്നത്. ‘അതിഗംഭീരം’ എന്ന വാക്കിൽ കുറഞ്ഞൊന്നും ഇല്ല അതിനെക്കുറിച്ചു പറയാൻ. വളരെ ആയസകരമായ ആലാപനശൈലി.

5. കൈതപ്രം : വരികളിലെ കാവ്യഭംഗി

‘ഇന്നലെ’ എന്ന ചിത്രത്തിലൂടെ ആണ് കൈതപ്രം പദ്മരാജനുമായി ആദ്യം സഹകരിക്കുന്നത്. പദ്മരാജൻ എന്ന സംവിധായകനെ വളരെ ബഹുമാനിച്ചിരുന്ന കൈതപ്രം തെല്ലു ആശങ്കയോടെ ‘ഇന്നലെ’ എന്ന ചിത്രത്തിൽ work ചെയ്യാൻ എത്തുകയും അതിലെ വരികൾ എഴുതാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ‘നീ വിൺപൂ പോൽ ഇതളായ് തെളിയും’ എന്ന ഗാനം ട്യൂണിന് ഇണങ്ങുന്ന രീതിയിൽ കൃത്യമായി എഴുതിയതിനു പദ്മരാജൻ അഭിനന്ദിച്ചതും കൈതപ്രം ഒരു പരിപാടിയിൽ സൂചിപ്പിച്ചിരുന്നു. ഇന്നലെ കഴിഞ്ഞ് അടുത്ത സിനിമ വന്നപ്പോൾ പദ്മരാജൻ കൈതപ്രത്തിനെ തന്നെ വരികൾ എഴുതാനുള്ള ചുമതല ഏൽപ്പിക്കുകയായിരുന്നു. അതും ജോൺസണോടൊപ്പം. 80-90കളിൽ ജോൺസൺ – കൈതപ്രം ജോഡി സൃഷ്‌ടിച്ച ഹിറ്റുകൾ മലയാളിയുടെ നൊസ്റ്റാൾജിയ ആണ്. ഞാൻ ഗന്ധർവനിലും സ്ഥിതി മാറിയില്ല. ജോൺസന്റെ ഈണങ്ങൾക്ക് അതിമനോഹരമായ വരികൾ ആണ് കൈതപ്രം തുന്നിയത്. ഒരുപക്ഷെ “ദേവദുന്ദുഭി സാന്ദ്രലയം” എന്ന ഗാനത്തിന് ശേഷം അദ്ദേഹം എഴുതിയ ഏറ്റവും മനോഹര ഗാനം ദേവാങ്കണങ്ങൾ തന്നെ ആകും.

“സല്ലാപമേറ്റുണർന്ന വാരിജങ്ങളും..
ശുഭരാഗരൂപിയാം നവനീതചന്ദ്രനും…
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും..
മേളമേകുമിന്ദ്രനീലരാത്രി തേടവേ..”

ആ കൊല്ലത്തെ ദേശീയ പുരസ്കാരത്തിന്റെ അവസാന റൗണ്ടിൽ ദേവാങ്കണങ്ങളുടെ വരികളിലൂടെ കൈതപ്രവും ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം കൈവിട്ട് പോയി.

6. ഹിമാലയവും മഞ്ഞുമൂടിയ താഴ്‌വാരകളും

ദേവാങ്കണങ്ങൾ എന്ന ഗാനം പലർക്കും നൽകിയത് ഒരു പ്രത്യേകതരം വൈബ്രേഷൻ ആയിരുന്നു. സാധാരണ ഏതൊരു മികച്ച ഗാനം നൽകുന്ന ‘kick’നെക്കാളും വേറെ തലത്തിൽ നിൽക്കുന്ന ഒരു ‘യൂഫോറിയ'(Euphoria) തരാൻ ദേവാങ്കണങ്ങൾ എന്ന ഗാനത്തിന് കഴിയുന്നുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ട് കേട്ടിട്ടുണ്ട്. വേറെ ഒരു ലോകത്തേക്ക് പോകുന്നപോലെ ഒരു ഫീൽ.

“ആലാപമായി..സ്വരരാഗ ഭാവുകങ്ങൾ..
ഹിമബിന്ദു ചൂടും.. സമ്മോഹനങ്ങൾ പോലെ..”

പ്രത്യേകിച്ചും ഈ വരികളിലേക്കൊക്കെ എത്തുമ്പോൾ ഏതോ ആജ്ഞാത ശക്തി നമ്മളെ വന്ന് തഴുകി കൊണ്ടുപോകുന്നത് പോലെ അനുഭവപ്പെടും. അത് ജോൺസൺന്റെയും കൈതപ്രത്തിന്റെയും മിടുക്ക് തന്നെ. “ഞാൻ ഗന്ധർവ്വൻ” എന്ന സിനിമയുടെ കഥയോട് അത്രെയും ചേർന്നു നിൽക്കുന്നുണ്ട് ‘ദേവാങ്കണങ്ങൾ’.

7. പിന്നണിയിലെ കലാകാരന്മാർ

ഹിന്ദുസ്ഥാനി സ്റ്റൈൽ ഗാനം ആകുമ്പോൾ അതിനനുസരിച്ചുള്ള വാദ്യോപകരണങ്ങളും orchestration ഉം അത്യാവശ്യമാണ്. ജോൺസൺ മാഷിന്റെ ഏറ്റവും അടുത്ത ശിഷ്യനും മലയാളത്തിലെ എക്കാലത്തെയും പ്രഗത്ഭനായ പശ്ചാത്തല സംഗീതഞനും ആയ രാജമണി സാർ ആയിരുന്നു ഗാനത്തിന്റെ കണ്ടക്ടർ ആയി പ്രവർത്തിച്ചത്. ചെന്നൈയിൽ ആയിരുന്നു ഗാനത്തിന്റെ റെക്കോർഡിങ്. റെക്സ് ഐസക് വയലിനും ബാല തബലയും കൈകാര്യം ചെയ്തു. ഹിന്ദുസ്ഥാനിയുടെ ഫീൽ ആവോളം നൽകുന്ന സിതാർ വായിച്ചത് പ്രശസ്തനായ പണ്ഡിറ്റ്‌ ജനാർദ്ദനൻ ആയിരുന്നു. പിന്നെയും പേരറിയാത്ത പലരും ദൈവങ്കാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെയെല്ലാം വിയർപ്പിന്റെ കൂടി ഫലമാണ് ദൈവങ്കണങ്ങളുടെ വിജയം. ഗാനത്തിന്റെ അവസാന ഭാഗത്തിലേക്ക് എത്തുമ്പോൾ തബലയുടെ അസാധ്യമായ ഒരു മേളപെരുപ്പം ഉണ്ട്. ബാബുരാജിന്റെ പഴയ ഹിന്ദുസ്ഥാനി ഗാനങ്ങളിൽ ഉള്ളപോലെ ഒരു ഇമോഷണൽ attachement ദേവാങ്കണങ്ങളോട് തോന്നാൻ അതും കാരണമാകുന്നു.

8. ദേവാങ്കണം : 2013

ജോൺസൺ മാസ്റ്ററുടെ ഓർമയ്ക്കായി ജോൺസൺ മാസ്റ്റർ ഫൌണ്ടേഷന്റെ ഭാഗമായി മലയാളത്തിലെ ഗായകരും, അഭിനേതാക്കളും എല്ലാം ചേർന്ന് നടത്തിയ പരിപാടി ആയിരുന്നു “ദേവാങ്കണം”. 2013ൽ തൃശ്ശൂരിൽ ആയിരുന്നു പ്രോഗ്രാം നടന്നത്. ജോൺസൺ മാസ്റ്ററുടെ അതുല്യതയെ “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം” എന്ന ഏറ്റവും മികച്ച ഗാനത്തിന്റെ ആദ്യവാക്ക് തന്നെ കടമായി എടുത്ത് പരിപാടിയുടെ പേര് നൽകി ആദരിച്ചിരിക്കുന്നു. ഗായകരായ യേശുദാസ്, ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, വേണുഗോപാൽ തുടങ്ങി ഒട്ടനവധി പേരും, മമ്മൂട്ടി, ദിലീപ്, ഇന്നസ്ന്റ് അടക്കമുള്ള നടന്മാരും ജോൺസൺ മാസ്റ്റർക്ക് ആദരം അർപ്പിച്ച പരിപാടിക്ക് നേതൃത്വം നൽകിയത് ജോൺസൻ മാസ്റ്ററുടെ സുഹൃത്തും സംഗീത സംവിധായകനും ആയ ഔസേപ്പച്ചൻ ആയിരുന്നു.
ഇതേ സദസ്സിൽ വെച്ച് ജോൺസൺ മാസ്റ്ററുടെ ഓർമ്മകൾക്ക് മുൻപിൽ ദാസേട്ടൻ പാടിയ ഗാനം “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം” ആയിരുന്നു. തനിക്ക് വേണ്ടി ജോൺസൺ നൽകിയ ഏറ്റവും മനോഹരമായ ഗാനം എന്ന ആമുഖത്തോട് കൂടി ആണ് ദാസേട്ടൻ ആ ഗാനം ആലപിച്ചത്.

9. നിതീഷ് ഭരധ്വാജും അക്ഷര സ്പഫുടതയും

‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിലെ നായകനായ നിതീഷ് ഭരദ്വാജും, നായിക സുപർണയും, മുത്തശ്ശിയായ ഫിലോമിനയും ആയിരുന്നു ഗാനത്തിന്റെ ചിത്രീകരണത്തിൽ ഉണ്ടായിരുന്നത്. നോർത്ത് ഇന്ത്യൻ ആയ നിതീഷ് വളരെ ഭംഗിയായി ഗാനത്തിന് ചുണ്ടനക്കിയിട്ടുണ്ട്. അതിന് പിന്നിൽ അദ്ദേഹം നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തം. ഗാനത്തിന്റെ ചിത്രീകരണത്തിൽ കൂടുതലും ക്ലോസ്-അപ്പ് ഷോട്ടുകൾ ആണ് പദ്മരാജൻ ഉപയോഗിച്ചിട്ടുള്ളത്. വരികളിലെ അർത്ഥവ്യാഘ്യനം ഒട്ടും ചോരാതെ അഭിനയിക്കാൻ നിതിനു സാധിച്ചിട്ടുമുണ്ട്. സാധാരണ മലയാള ഗാനങ്ങളെക്കാൾ ബുദ്ധിമുട്ടുള്ള വരികൾ ആയതിനാൽ തന്നെ അതിനെ നിതീഷ് കാണാതെ പഠിച്ചു പാടാൻ നല്ല ഹോംവർക് ചെയ്തുകാണണം.

10. ആഷിക്ക് അബു പ്രഖ്യാപിച്ച “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം”

2020ന്റെ തുടക്കത്തിൽ സൗബിൻ ഷാഹിറിനെ നായകൻ ആക്കി ആഷിക് അബു തുടങ്ങനിരുന്ന ചിത്രത്തിന് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തോടും ഗാനത്തോടും ഉള്ള സ്മരണർത്ഥം ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ എന്നായിരുന്നു പേര് നൽകിയിരുന്നത്. ഫാന്റസി genre ൽ ആയിരുന്നു ചിത്രം പ്ലാൻ ചെയ്തിരുന്നത് എന്നും മുഹ്സിൻ പരരി, ഉണ്ണി ആർ എന്നിവർ ചേർന്നാണ് തിരക്കഥ രചന എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ആഷിക് അബുവിന്റെ ഭാഗത്തു നിന്നും ചിത്രത്തെപറ്റി ഒരു conformation വന്നിട്ടില്ലാത്തതിനാൽ മുഘ്യധാര മാധ്യമങ്ങളിൽ ഈ സിനിമയെപറ്റി അധികം ചർച്ചകൾ മുന്നോട്ട് പോയില്ല. പുതു സംവിധായകരുടെയും, ഗായകരുടെയും മനസ്സുകളിൽ ഇന്നും എവർഗ്രീൻ ആയി ആ ഗാനം നിലനിൽക്കുന്നതിനെയാണ് ഈ ചർച്ചകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്.

“ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം” ഒരുപാട് ഗന്ധർവന്മാർ ചേർന്ന് ഉണ്ടാക്കിയ മനോഹരമായ ഗാനമാണ്. തിരകൾക്ക് അപ്പുറത്തിരുന്ന് ജോൺസണും പദ്മരാജനും കരയിലേക്ക് നോക്കുമ്പോൾ ദാസേട്ടനും കൈതപ്രത്തിനും ഒപ്പം നമ്മളും അവരെ നോക്കി പുഞ്ചിരിക്കും. ആ വിണ്ണിലിറങ്ങിയ ഗന്ധർവന്മാർ ശെരിക്കും ഇവർ തന്നെയല്ലേ?

 

You May Also Like

അദൃശ്യമായ ആൺവർഗ്ഗ പൊതുബോധമാണ് ജിംസി പറഞ്ഞ ആ ‘പ്രാന്ത്’

Niran S “ഈ ആണുങ്ങൾക്കൊക്കെ പ്രാന്താ ല്ലേ അമ്മച്ചീ..?” “പിന്നല്ലാണ്ട്….” രണ്ട് തലം ചിന്തകൾ കയ്യാളുന്ന,…

സ്വപ്നഭൂമി എന്ന ഗ്രാമത്തിലെ കിണർ കുഴിക്കലും ചില മനോഹര ഗാനങ്ങളും

അജയ് പള്ളിക്കര കിനാവൂർ എന്ന ദേശത്തെ സ്വപ്നഭൂമി എന്ന ഗ്രാമത്തിൽപ്പെട്ടവർ.എല്ലാം കൂട്ടി 403 കുടുംബങ്ങൾ.അവിടെയുള്ള മനുഷ്യർ…

ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ ആണ് ‘ദി ക്രഷ് ‘

The Crush (1993)???????????????? ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ പരിചയപ്പെടാം. എഴുത്തുകാരനായ നിക്ക് എലിയറ്റ്…

‘കട്പുട്‌ലി’യും കൈവിട്ടു, ചിത്രത്തിന് നാണംകെട്ട റെക്കോർഡ് കൂടി

തെന്നിന്ത്യൻ ഭാഷകളിൽ വൻ വിജയം നേടിയ ചിത്രമാണ് രാക്ഷസൻ . ചിത്രം ഹിന്ദിയിൽ കട്പുട്‌ലി എന്ന…