സുലൈമാനിയ്ക്ക് ആ പേര് എങ്ങനെ വന്നു ?

അറിവ് തേടുന്ന പാവം പ്രവാസി

‘സുലൈമാനി’ എന്ന പേരിന് പുയ്യാപ്ല ചന്തം ഉണ്ട്. മലബാറിൽ കട്ടൻചായയും, കട്ടൻ ചായയിൽ നാരങ്ങാ നീരു ചേർത്ത പാനീയവും സുലൈമാനിയാണ്. പക്ഷേ, ഈ പേരെങ്ങനെ വന്നു എന്നതിന് കൃത്യമായ തെളിവൊന്നുമില്ല. സോളമൻ രാജാവിന്റെ സദസ്സിൽ വിതരണം ചെയ്തിരുന്ന പാനീയമായതിനാലാകാം സുലൈമാനി എന്നു വിളിച്ചതെന്ന് പറയുന്നു.ആദ്യകാലങ്ങളിൽ സുലൈമാനിക്ക് അനുഷ്ഠാനപരമായ പരിവേഷം ഉണ്ടായിരുന്നു. മുസ്ലിം മതവിശ്വാസികളുടെ മൗലൂദ് പോലുള്ള ചടങ്ങുകളിൽ നൽകിയിരുന്ന പാനീയമായിരുന്നു അന്നത്. പിന്നീടാണ് കല്യാണ വീടുകളിലേക്കും മറ്റും എത്തുന്നത്. അതു കൊണ്ടു തന്നെ മറ്റു പാനീയങ്ങളെ അപേക്ഷിച്ച് സാമൂഹിക ശാസ്ത്രപരമായ സവിശേഷതയുണ്ട് സുലൈമാനിക്ക്.
പൂണൂലും, തൊപ്പിയുമൊക്കെ പോലെ ജാതീയവും, സാംസ്കാരികവുമായ ചില അടയാളപ്പെടുത്തലുകൾ പണ്ട് ഭക്ഷണത്തിലും ഉണ്ടായിരുന്നു. ഹൈന്ദവ കല്യാണങ്ങളില്‍ സദ്യയ്ക്കൊടുവിൽ പായസമായിരുന്നു വിളമ്പുന്നത്. ക്രിസ്ത്യൻ കല്യാണങ്ങളിലാവട്ടെ ഐസ്ക്രീമും, ഡിസർ‌ട്ടുകളുമായിരുന്നു. മുസ്‌ലിം വിവാഹങ്ങളിൽ ബിരിയാണി ക്കൊടുവിൽ നൽകിയിരുന്നത് സുലൈമാനിയായിരുന്നു. അന്നൊന്നും അവർ‌ ഭക്ഷണത്തി നൊടുവിൽ ഡിസർട്ടുകൾ ഉപയോഗിക്കാറില്ല.

ഇതു കൊണ്ടൊക്കെ തന്നെ നാരങ്ങാവെള്ളമോ, ചായയോ പോലെ വെറുമൊരു ഡ്രിങ്ക് എന്ന രീതിയിൽ മാത്രം സുലൈമാനിയെ കാണണ്ട. മലയാള സാഹിത്യത്തിലും, സംസ്കാരത്തിലുമെല്ലാം സുലൈമാനി മധുരം വീണു കിടക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ നിന്നെത്തിയ ഡോ. ക്രിസ്റ്റി സായിപ്പ് നീലഗിരിയുടെ കുളിരറിഞ്ഞപ്പോള്‍ മനസ്സിലേക്ക് ഒരു ചായച്ചൂട് പാറിപ്പോയി. അങ്ങനെ 1832 ൽ സായിപ്പ് നീലഗിരിയിൽ തേയില നട്ടു. പിന്നെപ്പിന്നെ നമ്മുടെ മൂന്നാറിലേയും, മറ്റും മൊട്ടക്കുന്നുകൾ തണുക്കാതിരിക്കാൻ
തേയിലച്ചെടിയുടെ പുതപ്പിടാൻ തുടങ്ങി.തേയില എത്തും മുന്നേ മല്ലിക്കാപ്പിയായിരുന്നത്രെ മല യാളികൾക്ക് പ്രിയം. ചുക്കും, മല്ലിയുമൊക്കെ ഇട്ട കാപ്പി കഴിഞ്ഞ തലമുറയുടെ നാവിൽ എരിവോർമയായുണ്ട്. ആ രുചിയിലേക്കാണ് സായിപ്പ് ചായപ്പാത്രം കയറ്റി വച്ചത്. പക്ഷേ, അത്രവേഗം മല്ലിക്കാപ്പിയെ ഓടിച്ചു വിട്ട് ചായ കുടിക്കാൻ മലയാളികൾ തയ്യാറായില്ല. ഒടുവിൽ ഫ്രീയായി ചായവിതരണം ചെയ്യാൻ സായിപ്പും, സംഘവും തയ്യാറായി. അങ്ങനെ മാനാഞ്ചിറ മൈതാനത്തും, തൃശൂർ റൗണ്ടിലുമെല്ലാം ആളുകളെ വിളിച്ചു വരുത്തി സൗജന്യമായി ചായ കുടിപ്പിച്ചു. അങ്ങനെ ചായ വിതരണം ചെയ്താണ് മലയാളികളുടെ രുചിയിടത്തിലേക്ക് അവർ ചായക്കപ്പ് വച്ചത്.

സി. അച്യുതമേനോന്റെ പുസ്തകത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ ഈ ചായ വിതരണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. പ്രണയത്തിന്റേയും, സ്നേഹത്തിന്റേയും, ആരാധനയുടേയുമൊക്കെ തുള്ളികളിറ്റിയ എത്രയോ സുലൈമാനികൾ മലയാളികളുടെ മനസ്സിൽ രുചിയിടറാതെ നിൽക്കുന്നുണ്ടാകും.ബിരിയാണി കഴിച്ച് തോളിൽ കൈയിട്ടു പിരിയുന്നതു മാത്രമല്ല മലബാറിലെ പല കല്യാണങ്ങളും. പലപ്പോഴും വലിയ പിണക്കങ്ങളും മറ്റും തീരുന്നത് ഒരു സുലൈമാനി ഊതിക്കുടിച്ചു കൊണ്ട് കൈ കൊടു ത്തു പിരിയും.

കലാകാരന്മാരുടെ സദസ്സുകളിൽ സുലൈമാനി ഒരു നിറസാന്നിധ്യമായിരുന്നു. സുലൈമാനി എന്ന വാക്ക് ആദ്യമായി കേൾക്കുന്നതിനും, അനുഭവിക്കുന്നതിനുമുള്ള കാരണക്കാരൻ വൈക്കം മുഹമ്മദ് ബഷീറാണ്. സുലൈമാനിയുടെ ബ്രാൻ‍ഡ് അംബാസിഡർ . മാങ്കോസ്റ്റിൻ മരം വിരിച്ചിട്ട തണലിനു താഴെ ചാരുകസേരയിൽ കിടക്കുമ്പോൾ കൈ നീട്ടി തൊടാവുന്ന അകലത്തിലുണ്ടായിരുന്നു ആ ഫ്‌ളാസ്ക്. അതിൽ നിറയെ സുലൈമാനിയും. അത് നാരങ്ങ പിഴിഞ്ഞ ഇപ്പോഴത്തെ സുലൈമാനിയല്ല. ഉഷാർ കട്ടൻ ചായയായിരുന്നു.

സുലൈമാനി എന്ന വാക്ക് കേരളത്തിൽ പ്രചരിപ്പിച്ചതിന്റെ പ്രധാന കാരണം ബഷീറാണ്. അദ്ദേഹത്തിന്റെ കഥകളിൽ, സംസാരത്തിൽ, അതുമായി നടക്കുന്ന വർത്തമാനത്തിൽ ഒക്കെ കഥാപാത്രമായി സുലൈമാനി വരുന്നുണ്ട്. സുലൈമാനിക്ക് ‘വിധേയനായ’ ആളായിരുന്നു അദ്ദേഹം.ഫ്ളാസ്കിൽ നിന്ന് ഇടയ്ക്കിടയ്ക്ക് അരഗ്ലാസു വീതം എടുത്തു കുടിക്കും.പൊതുവെ കട്ടൻചായയ്ക്കാണ് മലബാറിൽ സുലൈമാനി എന്നു പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ, സുലൈമാനി എന്ന് കോഴിക്കോട്ടെ ഹോട്ടലുകളിലും പറയുന്നത് നാരങ്ങാനീരൊഴിച്ച കട്ടൻ ചായയ്ക്കാണ്. ചിലയിടങ്ങളിൽ ഇതിനെ കരിഞ്ചായ എന്നാണു പറഞ്ഞിരുന്നത്. പണ്ട് ചായക്ക് ആവശ്യമായ സാധനങ്ങൾ സിലോണിൽ നിന്നാണ് വന്നിരുന്നത്.സിലോണിൽ നിന്നു വന്നത് എന്നർഥത്തിൽ സിലോനി എന്ന് അറബികളിൽ ചിലർ അതിനെ വിളിച്ചു. അതിൽ നിന്നാവാം സുലൈമാനി എന്നു മൊഴി മാറ്റിയെടുത്തത്.

സുലൈമാനി എന്നു പറഞ്ഞു തന്നത് കട്ടൻ ചായ. അപ്പൊ സുലൈമാനി ‘വേ’ ലൈംടി ‘റേ’. പിന്നീട് സോഷ്യൽ മീഡിയ ആണ് സുലൈമാനിയേയും, ലൈംടീയേയും ഒന്നാക്കി കളഞ്ഞത്. കോഴിക്കോട്ടെ പഴയ ആൾക്കാരുടെ കടകളിൽ ചെന്ന് സുലൈമാനി എന്നു പറഞ്ഞാൽ നേർപ്പിച്ച കട്ടൻ‌ ചായയേ തരൂ, മലബാറു വിട്ടാലേ ലെമൺടീ സുലൈമാനി ആവുകയുള്ളു. ഇപ്പോ ചില ഹോട്ടലുകാർ സുലൈമാനീനേം ലെമൺടീയേയും ഒന്നാക്കി കളഞ്ഞു.സുലൈമാനീന്നു പറഞ്ഞാ ലെമൺടീയും, മസാല ചായയും, ഏലയ്ക്കാ ചായയും, മിന്റ് ചായയും പോലുള്ള നിരവധി ചായകൾ. വെള്ളം തിളയ്ക്കുമ്പോൾ ഏലക്ക ചതച്ചിട്ട് തേയില ഇട്ടാലത് ഏലക്കാ ചായ. അത് കട്ടനാകാം പാലൊഴിച്ചതാകാം. കറുവാപ്പട്ട, ഗ്രാംപൂ, ഏലയ്ക്കാ എന്നിവ ചേർത്ത ചായയാണ് മസാല ചായ. നാരങ്ങാനീരും, ഇഞ്ചിയുമൊക്കെ ചേർത്ത ചായ ദഹനത്തിനു നല്ലതാണ്. ശരീരത്തിൽ മെറ്റബോളിക് റേറ്റ് അതു കൂട്ടുന്നു.

You May Also Like

കുടുംബപ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ‘റാഹേല്‍ മകന്‍ കോര’ 13ന് തിയേറ്ററുകളില്‍

കുടുംബപ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ‘റാഹേല്‍ മകന്‍ കോര’ 13ന് തിയേറ്ററുകളില്‍ ഒരമ്മയുടേയും മകന്റെയും ജീവിതത്തിലെ രസങ്ങളും കുസൃതികളുമായെത്തുന്ന…

അരവിന്ദന്റെ അതിഥികൾ… മനസ്സ് നിറയെ സന്തോഷം നൽകുന്ന സിനിമ

അരവിന്ദന്റെ അതിഥികൾ… മനസ്സ് നിറയെ സന്തോഷം നൽകുന്ന സിനിമ രാഗീത് ആർ ബാലൻ “എന്റെ അമ്മ…

ശശി ശങ്കർ എന്ന ശുദ്ധനായ സംവിധായകൻ (എന്റെ ആൽബം- 67)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

സൽമാൻ ഖാന്റെ അവിസ്മരണീയമായ കഥാപാത്രം സുൽത്താൻ

Eldhose Mathew അലി അബ്ബാസ് സഫർ സംവിധാനം ചെയ്‌ത സ്പോർട്സ്, ഡ്രാമ ചിത്രമാണ് 2016 ൽ…