സൗരയൂഥത്തിന് പേരിടല്‍

155

lulu-zainyi

സൗരയൂഥത്തിന്റെ വിദൂര മേഖലകളില്‍, പ്ളൂട്ടോയ്ക്കും അപ്പുറം, സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന അനേക കോടി (10,000 കോടിയോളം) ഗോളങ്ങള്‍ , അവയ്ക്കൊക്കെ വെറുതെ ഒരു പേരിട്ട് കളയാം എന്ന് കരുതി തുടങ്ങിയപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്.

‘ഹലോ ലുലു അല്ലേ ?’

‘അതേ ……’

സാര്‍, ഞാന്‍ ‍ XYZ പബ്ലിഷിംഗ് കമ്പനിയില്‍ നിന്നാണേ, ഞങ്ങളുടെ ഒരു പുസ്തകം പരിചയപ്പെടുത്താനായിരുന്നു , സാറ് തിരക്കിലാണോ?

‘അല്പം തിരക്കിലാണ്’ .. (എത്ര സീരിയസ് ആയ പണി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിളിച്ചത് എന്ന് ഇവന്‍ അറിയുന്നുണ്ടോ ഞാന്‍ മനസ്സില്‍ പറഞ്ഞു)

‘സാര്‍, ഒരു രണ്ട് മിനിറ്റ് മതി, ഞാന്‍ പെട്ടെന്ന് പറയാം’

ഒരു രണ്ട് മിനിറ്റ് സഹിക്കേണ്ട കാര്യമല്ലേയുള്ളൂ , ആലോചിച്ചിട്ട് പിന്നെ പറയാം എന്ന മറുപടി മുന്‍‌കൂട്ടി മനസ്സിലുറപ്പിച്ച് ഞാന്‍ ‘ശരി’ എന്ന് പറഞ്ഞു.

നിരവധി രണ്ട് മിനിറ്റുകള്‍ കടന്നു പോയി, മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം ഹോര്‍ത്തുസ് മലബാറിക്കസ് മുതല്‍ ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ  നിനക്ക് തട്ടമിട്ടു കൂടെ പെണ്ണേ വരെയുള്ള പുസ്തകങ്ങള്‍ ഒറ്റശ്വാസത്തില്‍ അവന്‍ പറഞ്ഞു നിര്‍ത്തി.

‘ഇത്രയും പുസ്തകങ്ങളുടെ പ്രസാധകര്‍ നിങ്ങളാണോ?’

‘അല്ല ഇത്രയും പുസ്തകങ്ങളാല്‍ സമ്പന്നമായ മലയാള ഭാഷയ്ക്ക്‌ ഒരു പുസ്തകം കൂടി ഞങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നു ‘

‘ങേ, ഏതു പുസ്തകം’

‘പതിനായിരത്തി ഒന്ന് പേരുകള്‍’ ….’ ജനിച്ച ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും വ്യത്യസ്തവും അര്‍ത്ഥപുഷ്ടവുമായ പേരുകള്‍.. വെറും അഞ്ഞൂറ് രൂപ സാര്‍’

ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയില്ലന്നേയുള്ളൂ, പതിനായിരം കോടി ഗോളങ്ങള്‍ക്ക് പേരിടാനുള്ളതാണ് … ഒരു പതിനായിരം പേരിന്‍റെ കാര്യം OK ആയി. ബാക്കിയുള്ളത് രമേശന്‍ 1, രമേശന്‍ 2 എന്ന രീതിയില്‍ അക്കങ്ങളാക്കി പേരിടാം. പെട്ടെന്ന് പേരിട്ടില്ലെങ്കില്‍ വല്ല അമേരിക്കക്കാരും അതിന് മുന്‍പ് പേരിട്ടാല്‍ ‘KUIPER’ ‘ CERES’ ‘NIBIRU’ എന്നൊക്കെയുള്ള വായില്‍ക്കൊള്ളാത്ത പേരൊക്കെ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടി വരും

‘ഒരെണ്ണം എത്രയും പെട്ടെന്ന് എത്തിക്കണം’

എന്‍റെ കിതപ്പ് കേട്ടിട്ട് മറുതലക്കല്‍ നിന്ന് അടുത്ത ചോദ്യം

‘എന്താ സാര്‍ എമര്‍ജന്‍സി, കുട്ടി ജനിച്ചോ?’

‘അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല. നീ ഒരെണ്ണം എത്രയും പെട്ടെന്ന് എത്തിക്ക്’

ഫോണ്‍ വച്ചതും. റൂമിന്റെ പുറത്ത്‌ ഒരു കാല്‍ പെരുമാറ്റം. ഒരു നിഴല്‍ അനങ്ങിയത് ഞാന്‍ കണ്ടു. ആ നിഴലില്‍ നിന്ന് തന്നെ ആളെ മനസ്സിലായി ‘ഡിക്രൂസ് സായിപ്പ്’. മാതൃനക്ഷത്രമില്ലാതെ അലഞ്ഞുതിരിയുന്ന ‘നാഥനില്ലാഗ്രഹം’ ( rogue planet ) എന്ന എന്‍റെ പ്രബന്ധം കൈക്കലാക്കാനുള്ള വരവാണെന്ന് എനിക്ക് മനസ്സിലായി.

സോഫയുടെ മറവുപറ്റി ഞാന്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഡിക്രൂസ് സായിപ്പിന്റെ തോക്ക് എന്‍റെ തലയില്‍ അമര്‍ത്തപ്പെട്ടിരിക്കുന്നു. ഇനി ഒരു രക്ഷയുമില്ല. എന്‍റെ അവസാനത്തെ വാചകം എന്നോണം ഞാന്‍ ഡിക്രൂസ് സായിപ്പിനോട് അഭ്യര്‍ഥിച്ചു

‘Dear Decruiz, A solitary star like our Sun, with a life span of ten billion years, is much smaller than a spark compared to Existernity, our life is nothing, there is no gain nor loss, The planet of ours will changes states of matter and probably will become food for the black holes, So Decruiz, let me enjoy my small life, leave me .. leave me..’

ഞാന്‍ നെഞ്ചു പൊട്ടി പറഞ്ഞിട്ടും ഡിക്രൂസിനു ഒരു കുലുക്കവുമില്ല. അല്ലെങ്കിലും അമേരിക്കക്കാര്‍ അങ്ങനെയാണ്, നമുക്ക് വാചകമടിച്ചു വീഴ്ത്താന്‍ പറ്റില്ല

അപ്പോഴേക്കും കോളിംഗ് ബെല്‍ ശബ്ദം കേട്ടു. പുസ്തകക്കാരന്‍ ആയിരിക്കും. ഡിക്രൂസിന്‍റെ ശ്രദ്ധ ഒന്ന് പാളി. ഞാന്‍ ഡിക്രൂസിന്‍റെ തോക്ക് തട്ടി തെറുപ്പിച്ചു.

‘ആആ ……… ‘ എന്ന വലിയ അലര്‍ച്ചയോടെ ഞാന്‍ ഞെട്ടി എഴുന്നേറ്റു. ഡിക്രൂസിന്‍റെ തോക്കിനു പകരം ബെഡ് ലാമ്പ് ഭിത്തിയില്‍ ഇടിച്ചു തകര്‍ന്നു കിടക്കുന്നു.

അപ്പുറത്ത് ഉറങ്ങുകയായിരുന്ന ഭാര്യ

‘എന്തുപറ്റി മനുഷ്യാ ‘

‘അത് പിന്നെ ഡിക്രൂസ് .. തോക്ക് ..’

‘ഇത് തീര്‍ക്കാന്‍ ഡിക്രൂസിന്‍റെ ആവശ്യം വരില്ല … ഹും .. ഈശ്വരാ, എത്രയോ ഉല്‍ക്കകള്‍ ആര്‍ക്കും ഉപയോഗം ഇല്ലാതെ വെറുതെ നശിച്ച് പോകുന്നു’

ങേ, ഉല്‍ക്ക എന്‍റെ ബുദ്ധിപ്രവര്‍ത്തിച്ചു

‘നിനക്കറിയുമോ ഭൂമിയില്‍ ജീവന്‍ എത്തിയത് ഉല്‍ക്കകള്‍ വഴിയാണെന്നാണ് പഠനം’

‘ഠിം’

ഉല്‍ക്ക വീണത്‌ പോലെ ഒരു ശബ്ദം. അതേ ആ വെട്ടി ഇട്ടത് പോലെയുള്ള കിടപ്പ് കണ്ടാല്‍ സൗരയൂഥം പോലും സഹിക്കില്ല

Advertisements