കുടുംബ സ്വത്തെടുത്ത് വിൽക്കുന്ന പോലെയാണ്, പൊതുമേഖലാ സ്ഥാപനങ്ങളെ വിൽപ്പന ചരക്കാക്കി നിർത്തിയിരിക്കുന്നത്

3061

നമിത സത്യരൂപിണി

കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ പ്രചരണ സമയത്ത് ഏറെ പ്രചരിച്ച ഒരു വാക്യമായിരുന്നു ഇനിയൊരു ഇലക്ഷൻ ഉണ്ടാകില്ല എന്ന്.ആ വാക്യങ്ങളെ അന്യർത്ഥമാക്കുന്ന വാർത്തകളാണ് ഈ അടുത്തകാലത്തായി കേൾക്കാൻ കഴിയുന്നതും.നാളെ ഞാനും നിങ്ങളും ജീവിക്കുന്ന നമ്മുടെ വീടും നാടും ഒക്കെ ആർക്കൊക്കെ തീറെഴുതി കൊടുക്കില്ല എന്നതിന് എന്തുറപ്പാണുള്ളത് ?

നമ്മളെ ഭരിക്കാനായി തിരഞ്ഞെടുത്തു വിടുന്ന ഭരണകർത്താക്കൾക്ക് നൽകുന്ന സെക്യൂരിറ്റിയുടെ പകുതിയെങ്കിലും വില എന്റെയും നിങ്ങളുടേയും ജീവന് ഉണ്ടോ ? കുടുംബത്തെ സ്വത്തെടുത്ത് വിൽക്കുന്ന പോലെയാണ്. രാജ്യത്തെ നെടും തൂണായി നിൽക്കുന്ന സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ നികുതി പണം കൊണ്ട് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിൽപ്പന ചരക്കാക്കി നിർത്തിയിരിക്കുന്നത്.

2018-19 ൽ 95035 കോടി രൂപ നികുതി അടച്ച BPCL കമ്പനിയെ വെറും 60,000 കോടിയോളം രൂപയ്ക്ക് മുതലാളിമാർക്ക് വിൽക്കുവാൻ പോകുന്നത്. ഇത്രയധികം ഗുരുതരമായ ഒരു പ്രശ്നം നടക്കാൻ പോകുന്നു എന്നറിഞ്ഞിട്ടും ഒരു മുഖ്യധാര വാർത്താ ചാനലുകളും ചർച്ച ചെയ്യുന്നില്ല. ഇതിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നില്ല. എന്തുകൊണ്ട് ? കാരണം വ്യക്തം രാജ്യത്തെ നിയമ നീതിന്യായ വ്യവസ്ഥയെ പോലും കൈവെള്ളയിലിട്ടമ്മാനമാടുന്ന കോർപ്പറേറ്റ് മുതലാളിമാർക്ക് ചാനലുകാരുടെ വായടപ്പിക്കാനാണോ പ്രയാസം.

വിൽക്കാൻ പോകുന്നത് നിസ്സാരമായ ഒരു സംരംഭം അല്ല.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ നെടുംതൂണായി നിൽക്കുന്ന ഒരു പ്രസ്ഥാനത്തെയാണ്.പെട്രോളിയം വിപണന ശൃംഖലയുടെ 25% സ്വന്തമായുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ. കൊച്ചി റിഫൈനറി അടക്കം രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ 38.8 ദശലക്ഷം ക്രൂഡോയിൽ ശുദ്ധീകരണ ശേഷിയുള്ള 4 റിഫൈനറികൾ ഉള്ള കോർപ്പറേഷൻ. ആറായിരത്തിൽപരം ഏക്കർ ഭൂമിയും, 14802 പെട്രോൾ പമ്പുകളും, 5907 എൽപിജി വിതരണ കേന്ദ്രങ്ങളും, 52 എൽപിജി ബോട്ടിലിംഗ് പ്ലാന്റുകളും, 11 സബ്‌സിഡിയറി കമ്പനികളും, 23 സംയുക്ത സംരംഭങ്ങളും, 7.8 ദശലക്ഷം എൽപിജി ഉപഭോക്താക്കളുമുള്ള സ്ഥാപനം
ഇതിന് കണക്കാക്കപ്പെടുന്ന ആസ്തി 8 ലക്ഷം കോടിയിലധികം രൂപയാണ്.

കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ലാഭം 7132 കോടി രൂപയായിരുന്നു.കഴിഞ്ഞ വർഷം സർക്കാരിന് നികുതിയായി നൽകിയത് 95,035 കോടി രൂപയും.203 കോടി രൂപ CSR ഫണ്ടായി ജനത്തിനു വേണ്ടി പ്രാദേശിക വികസനത്തിനം എന്ന പേരിൽ മാറ്റി വയ്ക്കുന്നുമുണ്ട്. കരുതൽ ധനമായിമാത്രം 34,470 കോടി രൂപ കമ്പനിവശം.കൊച്ചിയിൽ അടക്കം 48182 കോടി രൂപയുടെ പുതിയ വികസന പ്രവർത്തനങ്ങൾ.മുംബൈയിൽ ഒരു സെന്റിന്‌ ഏതാണ്ട്‌ ഒരു കോടിക്ക്‌ മുകളിൽ വിലയുള്ള 650ഏക്കർ(65000 സെന്റ്‌)സ്ഥലം. അതിന്റെ വില മാത്രം 70000 കോടിക്കു മുകളിൽ, കൊച്ചിയിൽ 2000 ഏക്കർ കൂടാതെ മധ്യപ്രദേശിലും ആസ്സാമിലും റിഫൈനെറികൾ. BPCL കരുതൽധനം മാത്രം 34470 കോടി രൂപ.48182 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നു.ഇത് വിൽപനയ്ക്ക്‌ വച്ചിരിക്കുന്നത് വെറും 60,000 ഓളം കോടി രൂപയ്ക്ക്. ഇതെന്തു കച്ചവടം.

BSNL ,ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് , ആകാശവാണി, ദൂരദർശൻ, ഈ സ്ഥാപനങ്ങളുടേയുമൊക്കെ ഗതി ഇതൊക്കെ തന്നെ പക്ഷേ ,ഇന്ത്യൻ റെയിൽവേയും ഇന്ത്യൻ പോസ്റ്റൽ സർവീസും മാത്രം ഇത്തരത്തിൽ വിൽക്കൽ ഭീഷണി നേരിടേണ്ടി വരികയുള്ളൂ.ബാക്കിയുള്ളവ അടച്ചുപൂട്ടൽ ഭീഷണിയിലും എന്നു മാത്രം.പൊതുമുതൽ വിറ്റ് വിറ്റ് എല്ലാം കോർപ്പറേറ്റുകൾ ഏറ്റെടുത്ത് നാട് മുടിക്കും.ആദ്യം നമ്മൾ എന്ത് കഴിക്കണം എന്നവർ പറഞ്ഞു.അഭിപ്രായ സ്വാതന്ത്യത്തെ ചോദ്യം ചെയ്തു.നീതിന്യായ വ്യവസ്ഥിതിയെ വിലയ്ക്കെടുത്ത പോലെയുള്ള വിധികൾ. അതേ ഈ നാട് ജീവിക്കാൻ കൊള്ളാതായി. ഇത് പറഞ്ഞിട്ടൊന്നും കാര്യമില്ല കാരണം അവര് തിരിച്ച് പറയുന്നത് ഇങ്ങനെയായിരിക്കും. “മിണ്ടാതെ അനങ്ങാതെ വേണമെങ്കിൽ ഇവിടെ ജീവിച്ചോളൂ.അല്ലെങ്കിൽ കേസെടുക്കും ആരും ചോദിക്കാൻ വന്നിട്ട് കാര്യമില്ല കാരണം ഇത് ഞങ്ങളുടേതാണ് ഇവിടെ ഭരിക്കുന്നത് ഞങ്ങൾ കോർപ്പറേറ്റ് മുതലാളിമാരാണ്. വിധിന്യായങ്ങൾ ഞങ്ങളുടേത് മാത്രമാണ്.”

Advertisements