ബീഫ്‌ കഴിക്കുന്നതും/അസുരാരാധന നടത്തുന്നതും രാജ്യദ്രോഹമാകുന്നതും പോലീസ്‌ കേസാകുന്നതും ഈ രാജ്യം ‘ജാതി ഇന്ത്യ’യിലെ ബ്രാഹ്മണാധിപത്യത്തിലാണെന്നതുകൊണ്ടാണ്‌

0
86
നാമൂസ് പെരുവള്ളൂർ
ബീഫ്‌ കഴിക്കുന്നത്‌/അസുരാരാധന നടത്തുന്നത്‌ ഒക്കെയും രാജ്യദ്രോഹമാകുന്നതും പോലീസ്‌ കേസാകുന്നതും ഈ രാജ്യം ‘ജാതി ഇന്ത്യ’യിലെ ബ്രാഹ്മണാധിപത്യത്തിലാണെന്നതുകൊണ്ടാണ്‌.
നേരത്തെ അഖ്ലാഖിനെതിരെയും പിന്നീട്‌ രോഹിത്‌ വെമുലക്കെതിരെയും ഇപ്പോൾ കന്നയ്യക്കെതിരെയും എല്ലാം പ്രയോഗിക്കപ്പെടുന്നത്‌ ഈ ബ്രാഹ്മ്മണ്യാധിപത്യ-നിയമവാഴ്ചയാണ്‌.
ഇന്ത്യയിൽ നാം ഫാഷിസത്തിനെതിരെ സംസാരിക്കുമ്പോൾ, അത്‌ ജാതീയതക്കെതിരെക്കൂടെ ആകേണ്ടത്‌ ഈയൊരു പശ്ചാത്തലംകൊണ്ട്‌കൂടിയാണ്‌.
കേവലം അഞ്ച്‌ ശതമാനംപോലുമില്ലാത്ത ഈ ജാതിവിഭാഗത്തിന്റെ മൂല്യബോധം എങ്ങനെയാണ്‌ നമ്മുടെ പൊതുജീവിതത്തിലും ഭരണതലത്തിലും ഇത്രമാത്രം പ്രഹരശേഷിയോടെ നിലനിൽക്കുന്നതെന്ന് പഠിക്കാതെയും തിരുത്താതെയും നമുക്ക്‌ ജനാധിപത്യം അനുഭവിക്കാനാവില്ല.
ഇന്ത്യയിലെ ഫാഷിസത്തിനെതിരെയുള്ള സമരം ജാതീയതെക്കെതിരെയുള്ള സമരമാകുന്നതോടൊപ്പം അത്‌ ഈ അധീശവർഗ്ഗത്തിന്റെ സാംസ്കാരികാധിപത്യത്തിനെതിരെക്കൂടെയാകേണ്ടതുണ്ട്‌.
അതുകൊണ്ടുതന്നെ, കേവലമായ ഒരു സ്വച്ഛ-സമാധാന രാഷ്ട്രീയാന്തരീക്ഷം സാധ്യമാക്കുക എന്ന നിഷ്കളങ്കമായ ഒരാലോചനയല്ല ഇന്ത്യൻ ഫാഷിസത്തിനുള്ള പ്രതിവിധി.
അത്‌ ജാതീയവും സാംസ്കാരികവുമായ അതിന്റെ ആധിപത്യപ്രവണതകൾക്കെതിരിലുള്ള വികേന്ദ്രീകൃത സാംസ്കാരികതയാൽ സാധിതമാകുന്ന വിശാല ജനാധിപത്യ ബദൽ സാധ്യമാക്കുക എന്നതാണ്‌.
അതിന്‌ ഇന്ത്യയിലെ ജാതിയെ തകർക്കേണ്ടതുണ്ട്‌. അതിന്റെ മൂല്യബോധത്തെ കണക്കിന്‌ പ്രഹരിക്കേണ്ടതുണ്ട്‌. ആ മൂല്യബോധം കാലങ്ങളായി സൂക്ഷിക്കുന്ന ജനാധിപത്യ വിരുദ്ധതയെ മനുഷ്യവിരുദ്ധതയെ ചോദ്യം ചെയ്യേണ്ടതുണ്ട്‌. നിലവിൽ ഫാഷിസ്റ്റ്‌ വിരുദ്ധ പക്ഷത്ത്‌ എന്ന് നിലപാട്‌ സ്വീകരിച്ചിട്ടുള്ളവർക്ക്‌ അതിനാകുമോ എന്നാണ്‌ ചോദ്യം.?
അല്ലെങ്കിൽ, ഒട്ടും കുറയാതെകണ്ട്‌ അധീശവർഗ്ഗത്തിന്നടിപ്പെട്ട ഇന്ത്യൻ പൊതുബോധത്തിൽനിന്നൊട്ടും മുക്തമല്ലാത്ത ഒരു മൂല്യബോധമാണ്‌ നിങ്ങളെയും നയിക്കുന്നതെന്നും അധികാര-രാഷ്ട്രീയത്തിലെ കേവല അടവ്‌നയത്തിനപ്പുറം ഒരാത്മാർത്ഥതയും ഫാഷിസ്റ്റ്‌ വിരുദ്ധ സമരത്തിൽ നിങ്ങൾക്കില്ലെന്നും മനസ്സിലാക്കേണ്ടി വരും.അത്‌കൊണ്ട്‌, സാഹചര്യവും ഇന്ത്യനനുഭവവും ആവശ്യപ്പെടുന്നത്‌. കൂടുതൽ സത്യസന്ധരാവുക, ബ്രാഹ്മണാധിപത്യ ‘ജാതി ഇന്ത്യ’ക്കെതിരിൽ അതിന്റെ മൂല്യ-സാംസ്കാരിക ബോധത്തിനെതിരിൽ ജാതി വിരുദ്ധ-മതനിരപേക്ഷ-മാനവികതയെ മുദ്രാവാക്യമാക്കിക്കൊണ്ട്‌ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന്‌ ആത്മാർത്ഥമായി പരിശ്രമിക്കുക എന്നതാണ്‌. ഇന്ത്യയിലെ ഫാഷിസ്റ്റ്‌ വിരുദ്ധ ചേരിക്ക്‌ അതിനാകേണ്ടതുണ്ട്‌. രാജ്യം അതാവശ്യപ്പെടുന്നുണ്ട്‌.
Advertisements