അറിവ് തേടുന്ന പാവം പ്രവാസി
നന്ദനം എന്ന മലയാള സിനിമയിൽ കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം പറയാൻ ഓടിയടുത്ത കേശവൻ നായരെ നോക്കി കുമ്പിടി ഒരു ശ്ലോകം പറയുന്നുണ്ട്. ഈ ശ്ലോകത്തിന്റെ അർത്ഥം എന്ത്
?⭐
👉നന്ദനം സിനിമയിൽ കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം പറയാൻ ഓടിയടുത്ത കേശവൻ നായർ ഞെട്ടി. പകച്ചു! ശുഭ്രവസ്ത്ര ധാരിയായി ദാ ഇരിക്കുന്നു കുമ്പിടി വീടിന്റെ ഉമ്മറത്ത്. “എന്താ കേശവാ?” കുമ്പിടി ചോദിച്ചു. കേശവൻ നായർ അറിയാതെ കൈ കൂപ്പി പോയി. അടുത്ത് വന്ന കേശവനെ നോക്കി കുമ്പിടി ജപിച്ചു.
“ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത്
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!”
സാഹചര്യത്തിന് യോജിച്ച ഭീകര മന്ത്രം! കേശവൻ നായർ ബോധം കെട്ട് വീണു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കുമ്പിടി കിതച്ചു. ആഹ്!
എന്തായിരുന്നു നമ്മുടെ കുമ്പിടി ജപിച്ച ഭീകര മന്ത്രം?
അതൊരു കഥയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു കഥ.ഭോജരാജാവിന്റെ കൊട്ടാരം. സദസ്സ് ചർച്ചയിൽ മുഴുകിയിരിക്കുകയാണ്. തലേ ദിവസത്തെ ഒരു ചോദ്യത്തെപ്പറ്റിയാണ് ചർച്ച.’ക ഖ ഗ ഘ’ എന്ന് അവസാനിക്കുന്ന ഒരു ശ്ലോകം തയ്യാറാക്കണം ഇതാണ് ചോദ്യം. അപ്പോഴാണ് മഹാകവി കാളിദാസൻ സദസ്സിലേക്ക് കടന്നു വന്നത്. ചോദ്യം നൽകിയപ്പോൾ സ്ഥലത്ത് ഇല്ലാതിരു ന്ന കാളിദാസനോട് സമസ്യാ പൂരണത്തെപ്പറ്റി സൂചിപ്പിച്ചു.
( ചോദ്യകർത്താവ് ഒരു ശ്ലോകത്തിന്റെ അവസാന വരി തരും. അതിനനുസരിച്ചുള്ള ആദ്യ മൂന്ന് വരികൾ തയ്യാറാക്കൽ ആണ് സമസ്യാപൂരണം .സമസ്യാപൂരണങ്ങളിൽ ചിലപ്പോൾ ചോദ്യത്തിന് ഒരു യുക്തിയും ഉണ്ടാവില്ല. പക്ഷെ ഉത്തരത്തിനു നല്ല യുക്തി വേണം താനും . അതാണതിന്റെ സൗന്ദര്യം ).
കാളിദാസൻ ഒരു നിമിഷം ചിന്തിച്ചിട്ട്
മറുപടി നൽകി..
“കാ ത്വം ബാലേ? കാഞ്ചന മാലാ
കസ്യാ പുത്രീ? കനക ലതായാ
കിം തേ ഹസ്തേ? താളീ പത്രം.
കാ വാ രേഖാ? ക ഖ ഗ ഘ!”
മലയാളം ഇങ്ങനെ:
നീ ആരാണ് കുട്ടീ? കാഞ്ചന മാല.
ആരുടെ മകൾ? കനകലതയുടെ
കയ്യിലെന്താ? താളിയോല.
എന്താ എഴുത്ത്? ക ഖ ഗ ഘ.
ഉത്തരത്തിൽ നിന്നും ചോദ്യം ഉണ്ടാക്കിയ പോലെ ചേർന്നിരിക്കുന്ന വരികൾ! കാളിദാസന് മാത്രം പറ്റുന്നത്. സദസ്സ് എഴുന്നേറ്റു നിന്ന് കയ്യടിച്ചു. രാജാവ് 100 സ്വർണ്ണ നാണയം നൽകി അദ്ദേഹത്തെ ആദരിച്ചു. പിന്നെ രാജ്യകാര്യങ്ങളെ കുറിച്ച് ചർച്ച നടന്നു.
പക്ഷേ ഈ സമയത്തൊക്കെ കുറേക്കൂടി സങ്കീർണ്ണമായ ഒരു സമസ്യ ആലോചിക്കുകയായിരുന്നു ഭോജരാജൻ. ഒടുവിൽ രണ്ടു ഉഗ്രൻ സമസ്യകൾ രാജാവ് കണ്ടെത്തി.
1) ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!
2) ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!
രണ്ടും ശരിയാക്കി അടുത്ത ദിവസം പറഞ്ഞാൽ മതിയെന്ന് പറഞ്ഞു സഭ പിരിഞ്ഞു. കാളിദാസൻ മെനഞ്ഞെടുക്കുന്ന ഭാവന എന്തായിരിക്കും എന്ന് മാത്രമായിരുന്നു രാജാവിന്റെ സംശയം…
പിറ്റേന്ന് എല്ലാവരും ഹാജരായി. തലേന്നത്തെ സമസ്യ എന്തായി എന്ന് രാജാവ് ചോദിച്ചു. സഹകവികൾ എല്ലാം കാളിദാസനെ നോക്കി. കാളിദാസൻ പറഞ്ഞു ” “ഒന്നും നടന്നില്ല മഹാരാജൻ. ചിലതൊക്കെ വീണു”. കാളിദാസൻ സമസ്യ പൂരിപ്പിച്ചുവെന്നു രാജാവിന് മനസിലായി. “വീണതെന്താണെന്ന് കേൾക്കട്ടെ” രാജാവ് ആവശ്യപ്പെട്ടു.
“ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത്
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!”
കുസൃതിയും യുക്തിയും നിറഞ്ഞ ഒരു കുട്ടിക്കവിത!
അർത്ഥം ഇതാണ് :
പക്വാനി – പഴുത്ത
ജാംബൂഫലാനി – ഞാവൽപ്പഴങ്ങൾ,
വിമലേ ജലേ -ശുദ്ധജലത്തിൽ
പതന്തി – വീഴുന്നു
കപികമ്പിത – കുരങ്ങൻ കുലുക്കുന്ന
ശാഖാഭ്യാം – കൊമ്പുകളിൽ നിന്ന്
“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”.
കുരങ്ങൻ ഞാവൽമരത്തിൽ കയറിയിരുന്നു ശിഖരങ്ങൾ കുലുക്കിയപ്പോൾ പഴുത്ത ഞാവൽക്കായകൾ ജലത്തിലേയ്ക്ക് പതിക്കുന്ന ശബ്ദമായതിനെ മാറ്റി!
ലളിതം. സുന്ദരം!
💢 വാൽ കഷ്ണം 💢
രണ്ടാമത്തെ ശ്ലോകം ഇതാണ് :
രാജാഭിഷേകേ മദവിഹ്വലായാഃ
ഹസ്താച്ച്യുതോ ഹേമഘടോ യുവത്യാഃ
സോപാനമാര്‍ഗ്ഗേഷു കരോതി ശബ്ദം
ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!
അർത്ഥം ഇതാണ് :
രാജ-അഭിഷേകേ – രാജാവിന്റെ അഭിഷേകത്തിനു്
മദ-വിഹ്വലായാഃ യുവത്യാഃ – മദം കൊണ്ടു വലഞ്ഞ യുവതിയുടെ
ഹസ്താത് ച്യുതഃ ഹേമ-ഘടഃ – കയ്യില്‍ നിന്നു വീണ സ്വര്‍ണ്ണക്കുടം
സോപാനമാര്‍ഗ്ഗേഷു ശബ്ദം കരോതി – കൊണിപ്പടികളിലൂടെ
ഉണ്ടാക്കുന്ന ശബ്ദമാണു്
“ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട! ”
രാജാവിന്റെ അഭിഷേകത്തിനു് മദം കൊണ്ടു വലഞ്ഞ യുവതിയുടെ കയ്യില്‍ നിന്നു വീണ സ്വര്‍ണ്ണക്കുടം കൊണിപ്പടികളിലൂടെ
ശബ്ദമുണ്ടാക്കി ഉരുണ്ടു
“ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!