സ്ഫടികം രണ്ടാമത് വരുമ്പോൾ എന്തുകൊണ്ട് അത് തീയേറ്ററിൽ കാണണം ?
Nandu Krishna
സ്ഫടികം എന്ന എക്കാലത്തെയും മികച്ച മലയാളം സിനിമകളിൽ ഒന്ന് 4K Dolby Atmos സാങ്കേതികവിദ്യയിൽ ഫെബ്രുവരി 9 ന് റീ റിലീസ് ചെയ്യുകയാണല്ലോ.”ഒരുപാട് തവണ ടിവിയിൽ കണ്ട പടമല്ലെ, റീ റിലീസ് ചെയ്യുമ്പോൾ എന്തിന് വീണ്ടും തീയേറ്ററിൽ പോയി കാണണം?”പലർക്കും ഉണ്ടായ സംശയമാണ്. ഒരു ഉത്തരമായി കാണുക:
ആദ്യമേ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ ഈ 4K റീമാസ്റ്റർ എന്ന് വച്ചാൽ ഇപ്പൊ യൂട്യൂബിൽ അല്ലെങ്കിൽ ടിവി യിൽ വരുന്ന പ്രിൻ്റ് ഏതെങ്കിലും സോഫ്റ്റ്‌വെയറിൽ ഇട്ട് 4K ആക്കി upscale ചെയ്ത് ഇറക്കുകയല്ല. സിനിമയുടെ ഫിലിം നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് ആദ്യം മുതൽ കളർ ഗ്രേഡിംഗ് ഉൾപ്പെടെ നടത്തി അതിൻ്റെ പൂർണ്ണമായ മിഴിവിൽ ആണ് തീയേറ്ററിൽ എത്തിക്കുന്നത്.
അതേപോലെ 1995 ൽ മോണോ ട്രാക്കിൽ തീയേറ്ററിൽ ഇറങ്ങിയ സിനിമയിലെ സൗണ്ട് ട്രാക്കിൽ നിന്നും ഡയലോഗുകൾ മാത്രം വേർതിരിച്ച് എടുത്തിട്ട് മുഴുവൻ ബാക്ഗ്രൗണ്ട് മ്യൂസിക് Dolby Atmos മിക്സിങ്ങിനുവേണ്ടി എസ്‍പി വെങ്കിടേഷ് സർ തന്നെ രണ്ടാമത് റീ റെക്കോർഡിങ് നടത്തിയാണ് എടുത്തത്. സ്ഫടികം പോലെ ആദ്യാവസാനം ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു സിനിമയിൽ Dolby Atmos നിലവാരത്തിൽ വരുന്ന 3D ഓഡിയോ ഔട്ട്പുട്ട് അതിഗംഭീരമായിരിക്കും. അതുകൊണ്ട് തന്നെ അത് നിങ്ങളുടെ അടുത്തുള്ള ഏറ്റവും നല്ല തീയേറ്ററിൽ, 4K Dolby Atmos equipped ആയ സ്ക്രീനിൽ തന്നെ കണ്ടും കേട്ടും അനുഭവിച്ചറിയേണ്ടതാണ്.
മികച്ച ഒരു തീയേറ്ററിൽ കിട്ടുന്ന അനുഭവം ഒരിക്കലും നമുക്ക് ഫോണിലോ ടിവിയിലോ കിട്ടില്ല എന്നതാണ് സത്യം. കാരണം Dolby Atmos അതിൻ്റെ പൂർണമായ മികവിൽ ആസ്വദിക്കാൻ അത്രയ്ക്ക് മികച്ച സൗണ്ട് സിസ്റ്റം നിർബന്ധമാണ്. ഒരു സാധാരണ സ്റ്റീരിയോ സ്പീക്കർ കൊണ്ടോ സാധാരണ വീടുകളിൽ വെക്കാറുള്ള 5.1 സറൗണ്ട് സൗണ്ട് ഹോം തീയേറ്റർ സിസ്റ്റം കൊണ്ടോ പോലും Atmos audio nalla രീതിയിൽ ആസ്വദിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ ഒരു ഗംഭീര തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്യാതെ ഇരിക്കുക.
1995 ൽ ഒറിജിനൽ റിലീസിന് പോലും ഈ സിനിമയുടെ ക്വാളിറ്റി അതിൻ്റ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാൽ അന്നത്തെ പോലെയല്ല ഇന്ന് തീയേറ്ററുകൾ. എല്ലാം മികച്ച നിലവാരത്തിൽ ഉള്ളവയാണ്. അതുകൊണ്ട് അതിൻ്റെ പൂർണ്ണമായ രൂപത്തിൽ ആസ്വദിക്കാൻ സാധിക്കും.
മാത്രമല്ല 1995 ൽ ഇറങ്ങിയ സിനിമയേക്കാൾ 8 മിനിറ്റോളം കൂടുതൽ ദൈർഘ്യമുണ്ട് ഇപ്പോൾ ഇറങ്ങാൻ പോകുന്ന 4K റീമാസ്റ്റേർഡ് വേർഷന് . അന്ന് ആഡ് ചെയ്യാൻ പറ്റാതെ പോയ നിരവധി ഷോട്ടുകൾ (സീനുകൾ അല്ല)റീ ഷൂട്ട് ചെയ്തതും, അന്ന് കട്ട് ചെയ്ത സീനുകളും ഒക്കെ ഇതിൽ ഉൾപ്പെടും.അതുകൊണ്ട് തന്നെ രണ്ടാം വരവിലും ഒരു പുതിയ സിനിമാറ്റിക് അനുഭവം തന്നെയാകും പ്രേക്ഷകനെ കാത്തിരിക്കുക എന്നത് തീർച്ചയാണ്.
പലതവണ കണ്ട സിനിമയാണ് സ്ഫടികം. അന്നൊക്കെ ഉണ്ടായ വിഷമം ഇത് തീയേറ്ററിൽ കാണാൻ കഴിഞ്ഞില്ല എന്നാണ്. ഇന്ന് ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിൽ റീ റിലീസ് ചെയ്യുമ്പോൾ ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിലും, സർവ്വോപരി ഒരു സിനിമാപ്രേമി എന്ന നിലയിലും എനിക്കും അഭിമാനത്തോടെ, സന്തോഷത്തോടെ പറയാം; ഞാനും തോമാച്ചായനെ ബിഗ് സ്ക്രീനിൽ കണ്ടിട്ടുണ്ടെന്ന്! കാത്തിരിക്കുന്നു, ആടുതോമായെ 4K-യിൽ കാണാൻ! ❤️