നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ക്വിയർ ഫോബിയയാണ് അഞ്ജനയെ കൊന്നത്

64

നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ക്വിയർ ഫോബിയയാണ് അഞ്ജനയെ കൊന്നത്”

Nandu Parvathy Pradeep എഴുതുന്നു

അഞ്ജന ആത്മഹത്യ ചെയ്തതല്ല.കൊന്നുകളഞ്ഞതാണ്!ക്വിയർ സ്വത്വം തുറന്നുപറഞ്ഞ അഞ്ജനയുടെ കുടുംബത്തിന്റെ ദുരഭിമാനമാണവളെ കൊന്നത്.സ്വന്തം മകളെ വീട്ടുതടങ്കലിൽ വയ്ക്കാനും, മാനസികാരോഗ്യ കേന്ദ്രത്തിലയച്ച് ആവശ്യമില്ലാതെ മരുന്നുകൾ കുത്തിവെച്ച് ‘ചികിത്സിപ്പിക്കാനും’ അവരെ പ്രേരിപ്പിച്ചത്, നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനില്ക്കുന്ന ക്വിയർഫോബിയ ആണു. അഞ്ജനയെക്കൊന്നത് കാലാകാലങ്ങളായ് ക്വിയർ സ്വത്വങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ ഹെറ്ററോനോർമറ്റിവ് സമൂഹമാണ്. അതിന്റെ അന്ധമായ പ്രെജുഡിസിന്റെയും അജ്ഞതയുടെയും അവസാനത്തെ ഇരയാണ് അഞ്ജന.

ഒരു വ്യക്തിയുടെ Gender Identity യും Sexual Orientation നുമൊക്കെ ചികിത്സിച്ചു മാറ്റാമെന്നു അവകാശപ്പെടുന്ന വ്യാജ മാനസികാരോഗ്യകേന്ദ്രങ്ങൾ കേരളത്തിൽ ഇപ്പോഴും ഒരുപാടു ഉണ്ട്.ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ മെഡിക്കൽ രംഗത്തെ അത്തരം പ്രവണതകളെ അടിയന്തരമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സമൂഹത്തിന്റെ വികലമായ ചിന്താഗതികൾക്ക് കൂട്ടുനിൽക്കുന്ന, അവയെ ‘ആധികാരികമെന്നു’ വിശ്വസിപ്പിക്കുന്ന ഇത്തരക്കാരെയാണു ആദ്യം ശിക്ഷിക്കേണ്ടത്.

ഏറ്റവും വേദനിപ്പിക്കുന്ന വസ്തുത എന്തെന്നാൽ, അഞ്ജനയുടെ യഥാർത്ഥ മരണകാരണം ചർച്ച ചെയ്യപ്പെടില്ല എന്നതാണ്.ഒരു മുഖ്യധാരാ മാധ്യമവും എന്തുകൊണ്ടവൾക്ക് മരിക്കേണ്ടി വന്നു എന്നു പറയില്ല. എന്താണ് അവളെ കൊന്നതെന്നു പറയില്ല. ക്വിയർഫോബിയയെക്കുറിച്ചു ചാനൽ ചർച്ചകളുണ്ടാകില്ല. രാഷ്ട്രീയ പ്രവർത്തകർ ഈ വിഷയം ഏറ്റെടുക്കില്ല.ക്യാമ്പസുകളിൽ ഇതു ചർച്ചയാവില്ല.കുടുംബങ്ങളിൽ ഇതു സംസാരിക്കേണ്ടതില്ല എന്നു തീരുമാനിക്കും. ഒരുപാടു പ്രതിസന്ധികൾക്കിടയിലും സ്വത്വം തുറന്നു പറഞ്ഞവൾ പൊരുതി ജീവിച്ചതും,സ്വന്തം രക്ഷിതാക്കളിൽ നിന്നു പോലും നേരിട്ട ക്രൂരതയും, അവളുടെ സാക്ഷ്യപ്പെടുത്തലുകളും അവളുടെ മരണം തന്നെയും തെളിവായ് പോരാതെ വരും, പലർക്കും.ഇനിയും എത്രനാൾ വേണ്ടിവരും? ഇനിയും എത്ര ജീവതങ്ങളില്ലാതെയാവും? ആദരാഞ്ജലികൾ..