(സ്പോയിലർ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നുണ്ട് അങ്ങനെ തോന്നിയാൽ ഉചിതമായത് ചെയുക.)
Jittin Jacob Kalathra
ഉച്ചക്ക് 2.15 ന്റെ ഷോയിക്ക്, കോട്ടയം ആശയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. സിനിമയ്ക്ക് കയറുമ്പോൾ പടം തുടങ്ങിയിരുന്നു, ഒന്ന്, രണ്ട് മിനിറ്റ് വൈകിയിരുന്നു.. ചെറിയ theatre ആണ് ആശാ. ഏതാണ്ട് എല്ലാ സീറ്റുകളും ഫുളാണ്. പലപ്പോഴും പല പരിപാടികളിലും ഒരു സദസിനെ മുഴുവൻ അഭിമുകീകരിച്ചു ക്ലാസും മറ്റും എടുത്തിട്ടുണ്ടെങ്കിലും, ഒരു ആൾകൂട്ടത്തിലേക്ക് തനിയെ എത്തുബോൾ എന്തോ വലാത്ത ഒരു അപകർഷതാ ബോധം പിടിച്ച് വലിക്കും. ആരൊക്കയോ നോക്കുന്നുണ്ട്, എന്നേ കുറിച്ച് അവർ പറയുന്നുണ്ട് ഇങ്ങനയൊക്കെ മനസ്സിന്റെ ഒഴിഞ്ഞ കോണിലിരുന്നു എനിലെ ഇൻട്രോവെർട്ട് ബഹളം വയ്ക്കും,കേട്ടില്ല എന്ന ഭാവത്തോടെ സീറ്റ് തപ്പി പിടിച്ച് ഇരുന്നു.
ചില ഉച്ച മയക്കങ്ങൾ ഉണ്ട്. നല്ല ചൂടുള്ള ചില ഉച്ചകളിൽ, ഉഷ്ണവും, ഫാനിന്റെ കാറ്റും കൊണ്ടും പെട്ടെന്ന് ഉറങ്ങി പോകും പിന്നേ എപ്പോഴോ ഉണരും, പക്ഷേ എഴുനേൽക്കാൻ നോക്കിയാൽ പറ്റില്ല. മനസ്സ് മാത്രമാണ് ഉണർന്നിരിക്കുന്നത്.. പലകുറി ഉണർന്ന് മുഖവും കഴുകി, കാപ്പിയിട്ട് കുടിച്ച് നോക്കുബോൾ ഞാൻ വീണ്ടും കട്ടിലിൽ തന്നെയാവും, അപ്പോഴും ഞാൻ എഴുന്നേറ്റിട്ട് ഉണ്ടാവില്ല, എഴുനേറ്റ് പോയി കാപ്പി ഇട്ട് കുടിച്ചത് മനസ്സ് മാത്രമാണ്. പിന്നെയും എഴുനേറ്റ് വീണ്ടും കാപ്പിയിടും, തിരിഞ്ഞു നോക്കുബോൾ ഞാൻ അപ്പോഴും കട്ടിലിൽ തന്നെയാണ്… ഏതാണ്ട് ഇതേ ലൂപ്പിൽ കുറേ കഴിയുബോൾ, മനസ്സിന് കാര്യം പിടികിട്ടും അത് ശരീരത്തെ കൂടെ കൂട്ടാൻ മൽപ്പിടുത്തം നടത്തും. ഒന്ന് രണ്ട് വട്ടം ആ ലൂപ്പ് ആവർത്തിക്കും, ഒടുവിൽ സഹികെട്ട് ശരീരവും കൂടെ പോരും. എന്റെ ചില ഉച്ച മയക്കങ്ങൾക്ക് ഇങ്ങനൊരു പ്രശ്നമുണ്ട്.
കണ്ടിട്ടില്ലാത്ത, അറിയാത്ത നാടുകളും സാഹചര്യങ്ങളും ഉള്ളിൽ അപരിചിതത്വം തീർക്കുന്നത് സ്വഭാവികമാണ്. ആ അറിവിലായ്മകൾ പലതും ആ നാടിനെ, നാട്ടാരെ കുറിച്ച് പല കഥകളും നെയ്യും. അവരെ പലപ്പോഴും ശത്രു പക്ഷത്ത് നിർത്തും ഏതാണ്ട് ഒരു താഴ്ന്ന കൂട്ടർ ചിന്തയാണ് അവരോട്. കോളോനിയൽ ഭരണകാലത്ത് ഇന്ത്യ കാണാത്ത സായിപ്പ് മാർ പോലും, ഇന്ത്യയെ കുറിച്ച് പുസ്തകങ്ങൾ എഴുതി കാഷ് ഒരുപാട് വാരിയതിനെ പറ്റി കേട്ടിട്ടുണ്ട്. ആ പുസ്തകങ്ങളുടെ ഉൽപ്പന്മായിരുന്നു ഒരു പരിധി വരേ ഇന്ത്യകാരൻ താഴ്ന്നവനാണ് എന്ന യൂറോപ്യൻറെ അഹങ്കാരത്തിന്റെ കാരണം.
തിരുക്കുറൽ, എന്തെന്ന് കേട്ടിട്ടിലാത്ത,തിരുവള്ളുവാർ ആരെന്ന് അറിയാത്ത, തമിഴ് പാട്ട് ആരോചകമായി തോനുന്ന,ജയിംസിന്റെ ( മമ്മുക്ക ) സ്വഭാവത്തിനും കാരണം മുകളിൽ പറഞ്ഞ ആ മുൻവിധികളാണ്. അയാൾ തികച്ചും ഒരു നാട്ടിൻ പുറത്ത് മലയാളിയാണ്. അതിലേറെ സ്വന്തം കാര്യം മാത്രം നോക്കുന്ന, കൂടെ ഉള്ളവരെ അത്രക്കണ്ട് പരിഗണിക്കാത്ത ഒരു പരുക്കൻ. പക്ഷേ മാന്യനാണ്. ഈ സ്വഭാവങ്ങൾ കൊണ്ട് അയാളെ കൂടെ ഉള്ളവർക്ക് പോലും കണ്ട് കൂടാ എന്നത് സ്വഭാവികമാണ്.
പക്ഷേ ആ യാത്രയയിലെ ഒരു ഉച്ച മയക്കം കഴിഞ്ഞു എഴുനേൽക്കുന്ന ആയാൾ മാറ്റൊരാളായി മാറുന്നത് അത്ര സ്വാഭാവികമല്ല. ആ ആസ്വഭാവികതയിലാണ് സിനിമയുടെ കഥ മുഴുവൻ ഇരിക്കുന്നത്. പിന്നേ അയാൾ മുന്നേ കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത, അറിയാത്ത ഒരു നാട്ട് കാരാനായി മാറുന്നു.അയാൾ ആ മറ്റൊരാളായി എത്തി ചേരുന്ന നാടിനും, അയാളുടെ കൂടെയുള്ള ആളുകൾക്കും അത് ഉണ്ടാക്കുന്ന വേദനയും, വയ്യാവേലിയും ചിലയിടത്ത് ചിരിപ്പിക്കുന്നുണ്ട്, പിന്നേ ചിന്തിപ്പിക്കുന്നുണ്ട്. ആസ്വഭാവികതകളെ, അത്രയ്ക്കും സ്വാഭാവികതയാക്കി മാറ്റുന്ന എൽ. ജെ. പ്പി. ടച്ച്.
ലിജോ എന്ന സംവിധായകനേ പറ്റി പറയാൻ ഞാൻ ആളല്ല. അയാൾ എങ്ങനെ ചിന്തിക്കുമെന്നോ, എങ്ങനെ പടം എടുക്കുമെന്നോ ഒരു പിടിത്തവും കിട്ടില്ല. കഴിഞ്ഞ സിനിമകൾ വരേ ഒരു വേഗത്തിൽ ഉള്ള ഓട്ടമായിരുന്നങ്കിൽ ഇത് പതിയെ പതിയെ ഉള്ള മയങ്ങി നടത്തമാണ്. പക്ഷേ ആ വേഗതയും, ഈ മയങ്ങി നടത്തവും ഒരു പ്രേഷകനെന്ന നിലയിൽ അത്രയ്ക്കും രസിപ്പിക്കുന്നുണ്ട് വ്യക്തിപരമായി എന്നേ. എല്ലാവർക്കും ഇഷ്ട രുചിയുള്ള ചായ ആവില്ല ഈ സിനിമ. അതിന് ഉത്തരം ലിജോ എന്ന സംവിധായാകൻ എന്നോ പക്ഷേ പറഞ്ഞു കഴിഞ്ഞു. അയാൾ ഒന്നിന് വേണ്ടിയും compromise ചെയ്യില്ല. അതാണ് അയാളെ വേറിട്ട് നിർത്തുന്നത് .
ജെയിംസിൽ നിന്നും ആ മറ്റൊരാളിലേക്കുള്ള ആ പരകായ പ്രവേശം. അത് പ്രേഷകനിലും സംഭവിക്കുന്നുണ്ട്, സ്വാഭാവികമായി തന്നെ.അതിന് കാരണം അത്രയ്ക്കും സ്വഭാവികമലാത്ത frame’s ഉം, പിന്നെ ബാക്ഗ്രൗണ്ട് സ്ക്കോർസുമാണ്. വണ്ടിയിൽ നിന്നിറങ്ങി ആ മറ്റൊരാൾ ആ നാട്ടിലേക്ക് തനിയെ നടന്ന് പോകുന്ന സീൻ മുതൽ പ്രേഷകനും ഒപ്പം മറ്റൊനിലേക്ക് പ്രവേശിക്കുകയാണ്. പിന്നേ പിന്നേ ഇനി എന്തെന്ന് ചിന്തിക്കേണ്ടി വരുബോൾ എല്ലാം പിന്നണിയിൽ ഒഴുകി നടക്കുന്ന തമിഴ് ഡയലോഗുകളും, പാട്ടുകളും ശ്രെദ്ദിച്ച്ചാൽ മതി അതൊക്കെയും അയാളുടെ അവസ്ഥകളിലേക്ക് ഉള്ള ചൂണ്ടു പലകയാണ്. അത്രമേൽ ഒഴുകി, ഇഴുകി ചേർന്ന് ഒരു ഹാലുസേഷനിൽ എത്തിക്കുന്നുണ്ട് അവ.ഒപ്പം കഥയുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് തമ്മിഴകത്തിന്റെ വല്ലാത്തൊരു അനുഭൂതി കാട്ടി തരുന്നുണ്ട് തേനി ഈശ്വർ എന്ന സിനിമട്ടോഗ്രാഫർ.
കഥാപാത്രങ്ങളിലേക്കുള്ള പാരകായ പ്രവേശം പലപ്പോഴും നടന്മാർ പറഞ്ഞു കേൾക്കാറുണ്ട്. അത് കുറേ കൂടി തെളിമയോടെ കാട്ടി തരുന്നുണ്ട് ഈ സിനിമയിൽ മമ്മൂട്ടി എന്ന ‘നടൻ ‘.ഒരു പക്ഷേ മുന്നേ കണ്ട് പരിചയിച്ച ഒരു വിഷയത്തിന്റെ, കുറേ കൂടി ഭയപെടുത്തി, ഹൊററോക്കെയാക്കി മാറ്റി എടുത്തിട്ടു അലക്കി കുടഞ്ഞ ഒരു വിഷയത്തിന്റെ, അതിപ്പോൾ ബാധ കൂടലോ, പരകായ പ്രവേശനമോ എന്തോ ആവട്ടെ.ഏറ്റവും സുന്ദരമായ ലളിതാവിഷ്കാരമാണ് എന്നതാണ് സിനിമയുടെ മറ്റൊരു സൗന്ദര്യം.ജീവിതം ഒരു നാടകമാണ്, അതിൽ പല വേഷം കെട്ടി ആടലാണ് നമ്മൾ ചെയ്യുന്നത് എന്ന പറഞ്ഞു പറഞ്ഞു തേഞ്ഞാ ഫിലോസഫി തന്നെയാണ്. അടിസ്ഥാന ആശയം. അപ്പോഴും സ്വഭാവികതകളേ , ആസ്വഭാവികതകളാക്കിയും നേരെ തിരിച്ചും LJP തീർത്തത് ഒഴുകുന്ന അത്രമേൽ തെളിഞ്ഞ ഒരു നീര് ഉറവയാണ്. ചുമ്മ അതിലേക്ക് നോക്കിയിരുന്നാൽ മയക്കം വരും, ഒപ്പം തെളിഞ്ഞ കാഴ്ചയുടെ നിറവും കിട്ടും. ഓരോ മയക്കത്തിനപ്പുറം മനസ്സിന് കിട്ടുന്ന ഒരു ഉണർവിലെ അത് പോലെ, ഒരു മെഡിറ്റേഷൻ effect.
താൻ ശരിക്കും താൻ അല്ല എന്ന ആ മറ്റൊരാൾ തിരിച്ചറിഞ്ഞു തുടങ്ങുന്ന ഇടത്തിന് ഇപ്പുറം ഒരു ഉച്ച മയക്കത്തിന് ശേഷം അയാൾ ജയിംസിലേക്ക് തിരിച്ച് വരുന്നുണ്ട്. പിന്നേ അയാൾ ആ നാട്ടിലേക്ക് വന്ന വഴിയേ തന്നെ തിരിച്ച് നടക്കുന്നുണ്ട് വണ്ടിയിലേക്ക്. അപ്പോൾ പക്ഷേ അയാൾ ഒറ്റയ്ക്കല്ല കൂടെ ഉള്ളവർ ‘ശരിക്കും’ ഇപ്പോൾ അയാളുടെ ഒപ്പം ഉണ്ട്. അയാൾക്ക് ഇനി അവരെ കൂടെ കൂട്ടാം , അവരുടെ കൂടെ നടക്കാം , കുറേ കൂടി അവരിൽ ഒരാളാവാം.പടം കഴിഞ്ഞു ഇറങ്ങുബോളാണ് ചിന്തിച്ചത്.എത്ര ഒറ്റയ്ക്ക് സിനിമ കാണാൻ തിയറ്ററിൽ എത്തിയാലും തിരിച്ച് ഇറങ്ങുന്നത്, കാണാത്ത,അറിയാത്ത,എത്രയോ ആളുകളുടെ കൂടെയാണ് എന്ന്. ആൾ കൂട്ടത്തിൽ കൂടെ നടന്നാലും, ഒറ്റയ്ക്ക് നടന്നാലും, ആൾക്കൂട്ടം വേണം എന്ന ബോധ്യം ഉറപ്പിക്കുന്നുണ്ടായിരുന്നു… ആ തിരിച്ചു നടത്തം.