രാഗേഷ് അഥീന (m3db)
കൊച്ചിൻ ബിനാലെയിലെ ചില ഇൻസ്റ്റലേഷനുകൾ കണ്ട പ്രതീതിയാണ് ‘നൻ പകൽ നേരത്ത് മയക്കം ‘ എന്ന സിനിമ എനിക്ക് സമ്മാനിച്ചത്. ഒരു പക്ഷെ വിശദീകരിക്കാനാവാത്ത ഈ സങ്കീർണ്ണതയാവാം ഈ സിനിമയുടെ ഭംഗിയും. വേളാങ്കണ്ണിയിൽ നിന്ന് തിരിച്ചു വരുന്ന വഴി ഉച്ചഭക്ഷണത്തിന് ശേഷം എല്ലാവരും മയങ്ങുമ്പോൾ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് വളരെ അകലെയുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് നാടകവാനിൽ നിന്ന് ഇറങ്ങിപ്പോകുന്ന ജെയിംസ് എന്ന പ്രധാന കഥാപാത്രം വിചിത്രമായ ഒരു സ്ഥിതി വിശേഷത്തിലേക്ക് അകപ്പെടുന്നു.
(Spoilers ahead)
വാനിൽ നിന്ന് ഇറങ്ങി നടക്കുന്ന ജെയിംസിന് ആ ഗ്രാമത്തിലെ എല്ലാ മുക്കും മൂലയും അറിയാം . ഇടുങ്ങിയ തെരുവുകളിലൂടെ നടന്ന് അയാൾ ഒരു പഴയ വീട്ടിലെത്തുന്നു. വസ്ത്രം മാറ്റി ആ വീട്ടിലേക്ക് പ്രവേശിക്കുന്ന അയാൾ ആ വീട്ടിലെ ഒരന്തേവാസിയെ പോലെ പെരുമാറുന്നു. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ വർഷങ്ങൾക്ക് മുൻപ് ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സുന്ദരം എന്ന കുടുംബനാഥനായി അയാൾ മാറുന്നു.രണ്ട് വർഷം മുമ്പാണ് സുന്ദരം അപ്രത്യക്ഷനായതെന്നും പിന്നീട് എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നും ഗ്രാമവാസികൾ പറയുന്നു. സുന്ദരം മരിച്ചുവെന്ന നിഗമനത്തിലാണ് വീട്ടുകാരും ഗ്രാമവും. രമ്യ പാണ്ഡ്യൻ അവതരിപ്പിക്കുന്ന സുന്ദരത്തിന്റെ ഭാര്യയുടെ ശൂന്യമായ നെറ്റിയും സങ്കടം നിറഞ്ഞ മുഖവും ഒരു വിധവയുടെ കഥ പറയുന്നു. ഭർത്താവിൻ്റെ വിയോഗത്തിൽ നിന്നും അവൾ ഇത് വരെ മുക്തയായിട്ടില്ല. ഈ സാഹചര്യത്തോട് ജെയിംസുമായും സുന്ദരവുമായും ബന്ധപ്പെട്ടവർ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് സിനിമയുടെ ബാക്കി ആഖ്യാനം.
ഗ്രാമം മാത്രമല്ല പ്രേക്ഷകർ പോലും സാഹചര്യം മനസ്സിലാക്കാൻ അൽപ്പം പ്രയാസപ്പെടും. പക്ഷേ, എസ്.ഹരീഷിന്റെ എഴുത്ത് നമുക്ക് വ്യാഖ്യാനിക്കാൻ ഒരുപാട് ഇടം നൽകുന്ന തരത്തിലുള്ളതാണ്.ലിജോ ജോസ് പെല്ലിശ്ശേരി, സീൻ ബൈ സീൻ, ഗ്രാമത്തിന്റെ ജീവിതരീതിയെ ചുറ്റിപ്പറ്റിയാണ് നമ്മുടെ അനുഭവത്തെ നിർമ്മിക്കുന്നത്.സുന്ദരമാണെന്ന് കരുതി എല്ലാവരോടും പരിചിതമായി പെരുമാറുന്ന ജെയിംസിന്റെ യഥാർത്ഥ വ്യക്തിത്വം ചോദിച്ചറിയാൻ ഗ്രാമത്തിലെ ആളുകൾ മെനക്കെടുന്നില്ല. അവന്റെ ജാതിയും മതവും ഭാഷയുമൊന്നും വേവലാതിപ്പെടുത്താതെ അവർ അവന്റെ സംസാരവും അവൻ്റെ സൗഹൃദവും ആസ്വദിക്കുന്നു. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളിലേക്കുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം പ്രത്യേകം പരാമർശിക്കേണ്ടതാണ്. മറ്റ് അഭിനേതാക്കളും അവരുടെ ഭാഗങ്ങൾ അനശ്വരമാക്കി.
ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിലെ പ്രോഗ്രാമുകളിൽ നിന്ന് ഉയർന്നുവരുന്ന ശബ്ദം ഗ്രാമത്തിന്റെ നിശബ്ദതയെ നിരന്തരം അസ്വസ്ഥമാക്കുന്നു. സിനിമയുടെ പശ്ചാത്തലം വിവരിക്കുന്നതിന് / പശ്ചാത്തല സംഗീതമായി ലിജോ ജോസ് തമിഴ് സിനിമയിലെ ഡയലോഗുകളും പാട്ടുകളും ഉപയോഗിച്ചിരിക്കുന്നു. ഒരു പക്ഷെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്ന ഈ സിനിമകളും ഗാനങ്ങളും പരിചിതരായ പ്രേക്ഷകർക്ക് ഈ സിനിമ കുറെ കൂടി ആസ്വാദ്യമായിരിക്കും. ഛായാഗ്രാഹകൻ തേനി ഈശ്വറിന്റെ ക്യാമറ ഗ്രാമത്തിന്റെ ഭംഗിയും ശാന്തതയും മനോഹരമായി പകർത്തിയിട്ടുണ്ട്. ഓരോ ഫ്രെയിമും ഒന്നിലധികം കഥകൾ പറയുന്നു. സിനിമയുടെ അന്ത്യത്തോടടുത്ത് ഒരൊറ്റ ഷോട്ട് ജെയിംസിന്റെ ഭാര്യയെയും സുന്ദരത്തിന്റെ ഭാര്യയെയും ഒരുമിച്ച് ഫ്രെയിം ചെയ്യുന്നുണ്ട്. ഭർത്താവിനെ നഷ്ടപ്പെട്ട അവർ വ്യത്യസ്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും സംസ്കാരങ്ങളിലും വളർന്ന് വിവിധ ഭാഷകൾ സംസാരിക്കുന്നവരാണ്. പക്ഷെ ഓരോരുത്തരും അനുഭവിക്കുന്ന ദുഃഖം ഒന്നുതന്നെയാണ്. അത് എല്ലായിടത്തും ഒരു പോലെയാണ്. സിനിമയിൽ ഏറ്റവും അനുകമ്പയുണ്ടാക്കുന്ന നിമിഷവുമാണിത്.
ഒരു പകൽ മയക്കവും കഴിഞ്ഞ് പുറപ്പെടുന്ന നാടകവണ്ടിയിൽ അവരവതരിപ്പിക്കുന്ന നാടകത്തിൻ്റെ പേര് പ്രദർശിപ്പിച്ചിരിക്കുന്നത് ഒരിടത്ത് എന്നാണ്. അത് വരെ നടന്നത് ഒരു നാടകമായിരുന്നോ സ്വപ്നമായിരുന്നോ എന്നൊന്നും വിശദീകരിക്കപ്പെടുന്നില്ല . വിശദീകരിക്കപ്പെടാത്ത ഈ സങ്കീർണ്ണത തന്നെയാണ് ഈ സിനിമയുടെ ഭംഗിയും. ‘ഉറക്കം മരണമാണ്, ഉണർവ് ജീവിതവും’ (തിരുക്കുറൽ)