ഉറക്കമെന്ന മരണം ; ഉണർവെന്ന ജീവിതം
Santhosh Iriveri Parootty
രാത്രികളിലെ അവ്യക്തമായ സ്വപ്നങ്ങളിൽ നിന്നും തന്നെ ഉണർത്തിയ ദൈവത്തിനും ചിത്രത്തിന്റെ ആശയത്തിന് വിത്ത് പാകിയ ഒരു പഴയ പരസ്യ ചിത്രത്തിനും സിനിമകളിൽ കഥാപാത്രങ്ങളായി മാറിയ അനേകം മനുഷ്യ ജന്മങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ പുതിയ ചിത്രം “നൻപകൽ നേരത്ത് മയക്കം” തുടങ്ങുന്നത്. ഒരർഥത്തിൽ ഇതെല്ലാം ചേർന്നത് തന്നെയാണ് 108 മിനുട്ട് മാത്രം ദൈർഘ്യമുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രം. “നായകൻ” എന്ന ചിത്രത്തിൽ തുടങ്ങി കഴിഞ്ഞ 12 വർഷങ്ങളിൽ ലിജോ ചെയ്തത് 10 സിനിമകളാണ്. എന്നാൽ അത് കൊണ്ട് മാത്രം തന്നെ മറ്റൊരു സംവിധായകനും സ്വന്തമാക്കാൻ കഴിയാത്ത ലിജോ ബ്രാൻഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രവും ആദ്യമായും അവസാനമായും ഒരു ലിജോ ചിത്രമാണ്, ലിജോ ചിത്രം മാത്രമാണ്.
ചിത്രത്തിന്റെ തുടക്കത്തിൽ പറയുന്ന തിരുക്കുറൾ വചനമാണ് തലക്കെട്ടായി കൊടുത്തത്. ഉറക്കം എന്നത് മരണമാണ്, അതിൽ നിന്നുമുള്ള ഉണർവ് ജീവിതവും. ഒരു പാട് അർഥതലങ്ങൾ കണ്ടെത്താവുന്ന ഈ ചിത്രം പതിവ് ലിജോ ചിത്രങ്ങളെ പോലെ ഒരു പാട് വ്യാഖ്യാനങ്ങൾക്കും വഴിമരുന്നിടാം. കാണുന്ന പ്രേക്ഷകന്റെ മനസ്സിലാണ് സിനിമ. ഓരോരുത്തരും കാണുന്ന കാഴ്ചകളും അവയുടെ വ്യാഖ്യാനങ്ങളും മാറിയിരിക്കും. വേറൊരു രീതിയിൽ പറഞ്ഞാൽ ലിജോയുടെ മുൻ ചിത്രമായ “ചുരുളി” യിൽ ഒരു അനിമേഷൻ sequence ആണ് പ്രേക്ഷകർക്ക് ക്ലൂ കൊടുക്കുന്നതെങ്കിൽ ഇവിടെ അത് തിരുക്കുറൾ വചനമാണ്.
വേളാങ്കണ്ണി യാത്ര കഴിഞ്ഞുള്ള ഒരു നാടക സംഘത്തിന്റെ മടക്കയാത്രയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അങ്ങേയറ്റം അരസികനും പിശുക്കനുമായ ജെയിംസ് (മമ്മൂട്ടി) ആണ് സംഘത്തലവൻ. ഭാര്യ സാലിയോടും മകനോടുമൊപ്പമാണ് അയാളുടെ യാത്ര. ഇടയ്ക്ക് വണ്ടിയിൽ എല്ലാവരും നാടൻ പാട്ട് പാടുമ്പോൾ അസ്വസ്ഥനായി അത് നിർത്താൻ പറയുന്ന, തമിഴ് പാട്ട് പ്ലേ ചെയ്യുമ്പോൾ മലയാളം പാട്ട് ഇല്ലേ എന്ന് ചോദിച്ചു ചൂടാവുന്ന, മലയാളം പാട്ട് പ്ലേ ചെയ്യുമ്പോൾ അത് വളരെ പഴയത് ആയിപ്പോയി എന്ന് പറഞ്ഞു ദേഷ്യപ്പെടുന്ന, ചായയിൽ മധുരം കൂടി എന്ന് പറഞ്ഞു തട്ടിക്കയറുന്ന, തമിഴ് സംസ്കാരത്തെ പുച്ഛിക്കുന്ന, വിശ്വാസങ്ങളെ അവഹേളിക്കുന്ന ഒരു തരം ചൊറിയൻ കഥാപാത്രം.
മടക്കയാത്രയിൽ സംഘത്തിലെ എല്ലാവരും ഉച്ചമയക്കത്തിലായിരിക്കേ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന ജെയിംസ് ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയാണ്. വിശാലമായ കൃഷിയിടത്തിനു നടുവിലെ വിജനപാതയിലാണ് വാഹനം നിർത്തുന്നത്. നിർത്തിയ വാഹനത്തിൽ നിന്നിറങ്ങുന്ന അയാൾ നേരേ അടുത്തുള്ള തമിഴ് ഗ്രാമത്തിലേക്ക് പോവുന്നു. അവിടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ടയാൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് കാണാതായ സുന്ദരം എന്ന തമിഴ് ഗ്രാമീണനായി പരകായപ്രവേശം നടത്തുകയാണ്. ജെയിംസ് എന്തെല്ലാമാണോ അതിനെല്ലാം നേരെ എതിർവശത്തുള്ള സ്വഭാവക്കാരനാണ് സുന്ദരം. വണ്ടിയിൽ യാത്രയ്ക്കിടെ സംഘംഗങ്ങൾ കാണുന്ന “പരമ്പര” എന്ന ചിത്രത്തിൽ വർഷങ്ങൾ കഴിഞ്ഞ് കണ്ടു മുട്ടുന്ന അച്ഛൻ – മകൻ കഥാപാത്രങ്ങളുടെ സീൻ ജെയിംസ് അടക്കമുള്ളവർ കാണുന്നുണ്ട്. മമ്മൂട്ടി തന്നെ അവതരിപ്പിച്ച ആ ഡബിൾ റോൾ സംവിധായകൻ അവിടെ കൊണ്ടു വന്നത് അത്യന്തം ബുദ്ധിപരമായ നീക്കം തന്നെയാണ്. പിന്നീട് ജെയിംസ്, സുന്ദരം എന്നീ രണ്ടാത്മാക്കൾക്കും സ്വന്തമായി ഒരു ശരീരം മാത്രമാണ്.
എടുപ്പിലും നടപ്പിലും സംസാരത്തിലുമെല്ലാം സുന്ദരമായി മാറുകയാണ് ജെയിംസ്. ഗ്രാമത്തിലെ ഓരോ ഇടവഴികളും ഓരോ വ്യക്തികളും അയാൾക്ക് സുപരിചിതമാണ്. സുന്ദരത്തിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളൊക്കെ ഇവിടെ അയാൾക്കറിയാം, ഒരു സ്റ്റേജ് വരെ. ഭാര്യയെ പൂങ്കുഴലീ എന്ന് വിളിക്കുന്ന അയാൾ പിന്നീട് ഓമനപ്പേരായ കുഴലീ എന്ന് വിളിക്കുന്നുണ്ട്. ഒരവസരത്തിൽ പൂങ്കുഴലി പോലും നിസ്സഹായയായി പോകുന്നുണ്ട്. അത് പോലെ അയാളുടെ അച്ഛനും അന്ധയായ അമ്മയും മകളും. ചുരുക്കത്തിൽ രൂപം കൊണ്ട് ജെയിംസും വ്യക്തിത്വം കൊണ്ട് സുന്ദരവുമായി മാറുന്ന ഈ കഥാപാത്രം അവിടെ സൃഷ്ടിക്കുന്ന കുഴപ്പങ്ങളും അയാളെ തിരിച്ചു കൊണ്ടുപോകാൻ കൂടെ വന്നവർ നടത്തുന്ന ശ്രമങ്ങളുമാണ് പിന്നീട് ചിത്രം പറയുന്നത്. മുന്നോട്ട് നയിക്കുന്നത്. ഇവിടെ ദുരന്തം പോലും ചിരിയായും കൗതുകമായും മാറുന്ന വിചിത്ര കാഴ്ചയും കാണാം.
ക്യാമറ കൊണ്ട് അഭ്യാസത്തിന് ഒന്നും മുതിരാതെ സ്റ്റാറ്റിക് ഷോട്ടുകളാണ് ഇത്തവണ ലിജോ തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാമറയും ഓൺ ചെയ്ത് വെച്ച് പുള്ളി എവിടെയോ പോയ പോലെ ഒരു ഫീലിംഗ് ആണ്. തേനി ഈശ്വറിന്റെ ക്യാമറ പുറംകാഴ്ചകൾ മനോഹരമായി പകർത്തുന്നു. ടെലിവിഷനിൽ നിന്നും റേഡിയോയിൽ നിന്നുമൊക്കെയുള്ള ഒരു പാട് പഴയകാല തമിഴ് പാട്ടുകളും സിനിമാ ഡയലോഗുകളും ചിത്രത്തിൽ ഉടനീളം ഉണ്ട്. അത് സ്വാഭാവികമായി നമ്മൾ ആസ്വദിച്ചു പോവും. അത് രംഗത്തിന്റെ അർഥത്തിനു ചേരുന്നതാണോ എന്നറിയില്ലെങ്കിലും.
കഥാപാത്രത്തിൽ കേന്ദ്രീകരിക്കാതെ കഥയെ പിന്തുടരുന്ന രീതി തന്നെയാണ് ലിജോ ഇവിടെയും സ്വീകരിക്കുന്നത്. അതേസമയം, പ്രമേയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് പകരുന്നുണ്ട് മമ്മൂട്ടി എന്ന മഹാനടൻ. കള്ള്ഷാപ്പിലെ രംഗങ്ങൾ, ഗ്രാമത്തിൽനിന്ന് തിരികെ കൊണ്ടുപോകാൻ ഭാര്യയും മകനും കൂടെയുള്ളവരും എത്തുമ്പോഴുള്ള “ഇത് നമ്മ ഊര് ” എന്ന് പറഞ്ഞുള്ള വികാര നിർഭരമായ ഇടവേളയ്ക്കു തൊട്ടുമുമ്പുള്ള സീൻ, ഒരു മരണവാർത്ത അറിയുമ്പോൾ കണ്ണാടിയിൽ നോക്കിയുള്ള അസാമാന്യ ഭാവപ്പകർച്ച, ഒടുവിൽ തിരിച്ചു നടത്തത്തിൽ ഭാര്യയോടും മകനോടും “പോവാം” എന്ന് പറയുന്ന രംഗങ്ങൾ ഒക്കെ അവിസ്മരണീയമാക്കിയിട്ടുണ്ട് അദ്ദേഹം. ജെയിംസ് എന്ന കഥാപാത്രത്തെ ഒതുക്കത്തോടെയും എന്നാൽ സുന്ദരത്തെ നാടകീയതയോടെയും മനോഹരമാക്കുന്നുണ്ട് മമ്മൂട്ടി. അശോകന്റെ കഥാപാത്രം ചിത്രത്തിൽ ഒട്ടേറെ നർമമുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. കൂടാതെ നിരവധി തമിഴ് നടീ നടന്മാരെയും എടുത്തു പറയണം. സുന്ദരത്തിന്റെ ഭാര്യയായി വരുന്ന നടി, അത് പോലെ അമ്മയായി വന്ന നടിയുടെ ഒടുവിലത്തെ ഭാഗത്തെ സീൻ ഒക്കെ ശ്രദ്ധേയമായിരുന്നു.
പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷിന്റെതാണ് കഥ.ഒരർഥത്തിൽ അസാധ്യവും നടക്കാൻ സാധ്യതയില്ലാത്തതുമാണ് കഥ എന്ന് പറയുമ്പോഴും എന്താണ് ഈ ചിത്രം പറഞ്ഞു വെച്ചത് എന്ന ചോദ്യം ഉയരാം. യഥാർഥത്തിൽ ഇങ്ങനെ നടന്നോ? ആരുടെയും സ്വപ്നമാണ് സുന്ദരം? അതോ ഇത് ഉച്ചമയക്കത്തിൽ ജെയിംസിന് തോന്നിയ ഒരു സ്വപ്നമാണോ? അതോ ഈ സിനിമ മൊത്തം പ്രേക്ഷകർക്കായി സംവിധായകൻ സ്റ്റേജിൽ നടത്തിയ ഒരു നാടകമാണോ? നാടകവണ്ടിയുടെ പിന്നിൽ എഴുതിക്കാണിക്കുന്ന “ഒരിടത്ത്” എന്ന നെയിം ബോർഡ് പോലെ. ആ അരവിന്ദൻ ചിത്രവും സംവിധായകനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചിരുന്നോ? ചോദ്യങ്ങൾ അനവധി. ഉത്തരങ്ങൾ കണ്ടെത്തേണ്ടത് ഓരോ പ്രേക്ഷകനുമാണ്.
എല്ലാ പ്രേക്ഷകരെയും ആകർഷിക്കണമെന്നില്ല ഈ ചിത്രം. ചില പ്രേക്ഷകർ തിയേറ്ററിൽ അക്ഷരാർത്ഥത്തിൽ “നൻ പകൽ നേരത്ത് മയക്കത്തിൽ” തന്നെയായിരുന്നു. കൂർക്കം വിളികൾ കേൾക്കുന്നുണ്ടായിരുന്നു. ഏതായാലും വ്യത്യസ്തമായ ചലച്ചിത്ര കാഴ്ച്ച ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു ദൃശ്യ വിരുന്നാണ് ഈ ചിത്രം. കാണുക, ആസ്വദിക്കുക.