നാറാണേട്ടൻറെ ടിക്കറ്റ്

 

നാറാണേട്ടൻ റെയിൽവേ ക്യാൻറിനിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു.മിതഭാഷി,സൗമ്യൻ എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു നല്ല മനുഷ്യൻ.നാറാണേട്ടന് ചില പ്രതേകതകളുമു ണ്ടായിരുന്നു.നമ്മുടെ രാജ്യത്തെ ഏതു പട്ടണത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റും റിസർവേഷനും നാറാണേട്ടൻ ഇഷ്യൂ ചെയ്യും.ഇന്ത്യൻ റെയിൽവേയിൽ ചെയർമാന് ചിലപ്പോൾ അത് സാധിച്ചു എന്ന് വരില്ല പക്ഷെ നാറാണേട്ടന് സാധിക്കും.ഒരിക്കൽ പോലും നാറാണേട്ടൻ കാൻറിൻ ജോലികൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല .മിതഭാഷിയും മിതമായ നിരക്കും നാറാണേട്ടൻറെ പ്രത്യകതയാണ്.എപ്പോഴെങ്കിലും പറ്റില്ല എന്ന് പറഞ്ഞ അനുഭവം അയാളിൽനിന്നും എനിക്ക് ഉണ്ടായിട്ടില്ല.കാലത്തുപറയുന്നു,നാറാണേട്ട,” ഒരു ബോംബെ ടിക്കറ്റ്”
“.ആറുമണിക്ക് വന്നു കളക്ട് ചെയ്തോളു.”
ബുക്കിങ്ങ് കഴിഞ്ഞു.നാറാണേട്ടൻ ” യെസ്” പറഞ്ഞാൽ യാത്ര പോകാൻ തയ്യാറായി വന്നാൽ മതി അത്രമാത്രം കൃത്യമായി കാര്യങ്ങൾ ചെയ്തുതരും.
നാറാണേട്ടൻ എൻ്റെ മാത്രം ബുക്കിങ്ങ് ഏജൻറ് ആയിരുന്നു എന്ന് തെറ്റിദ്ധരിക്കരുത് പട്ടണത്തിലെ എല്ലാ മലയാളികളുടേയും റെയിൽവേ റിസർവേഷൻ നാറാണേട്ടനാണ് നടത്തികൊടുത്തിരുന്നത് എന്ന് തോന്നുന്നു.
ഇടയ്ക്കു റെയിൽവേ വിജിലൻസിന്റെ ചെക്കിങ് ഉണ്ടാകും.ഒരിക്കൽ പോലും നാരാണേട്ടൻ പിടിക്കപ്പെട്ടില്ല. വേണ്ടപ്പെട്ട സ്ഥലങ്ങളിൽ അത്രമാത്രം സ്വാധീനം ഉണ്ടായിരുന്നു നാറാണേട്ടന്.എപ്പോൾ നോക്കിയാലും കാൻ റിനിലെ മാനേജരുടെ മേശക്കരികിൽ ഉണ്ടാകും മിക്കവാറും നാറാണേട്ടൻ.
.വർഷങ്ങൾ ഏതാനും കഴിഞ്ഞപ്പോൾ നഗരത്തിന്റെ ഹൃദയഭാഗത്തു മനോഹരമായ ഒരു ബംഗ്ളാവ് ഉയർന്നു വന്നു.അതിനുടമ ആരാണെന്ന് പറയേണ്ടതില്ല..ലക്ഷംങ്ങൾക്കു വിലയുള്ളകാലത്തു കോടികൾ മുടക്കി മനോഹരമായ ഒരു ബംഗ്ലാവ് പണിതീർത്തു നാറാണേട്ടൻ.അധികം താമസിയാതെ അവിടെ താമസവും തുടങ്ങി.ഇത്രയൊക്കെ സമ്പാദിച്ചെങ്കിലും നാറാണേട്ടൻ തന്റെ ജോലി ഉപേക്ഷിച്ചില്ല.ഞങ്ങൾക്കൊക്കെ അയാൾ പണിയിപ്പിച്ച കൊട്ടാരം ഒന്ന് കാണണമെന്നുണ്ടായിരുന്നു എങ്കിലും അത് സാധിച്ചില്ല.കൊട്ടാരത്തിന്റെ ഒരു തൂണിന്റെ സ്പോൺസർ ഞാനും സുഹൃത്തുക്കളുമാണന്നു ഞങ്ങൾ അഹങ്കരിച്ചു.
രണ്ടുമാസത്തിന് ശേഷം എനിക്ക് അടിയന്തരമായി ഒരു ബോംബെ ടിക്കറ്റ് ആവശ്യമായി വന്നു.റെയിവേ കാന്റീനിൽ ചെല്ലുമ്പോൾ നാരാണേട്ടൻ ഇല്ല..മാനേജരോട് അന്വേഷിച്ചപ്പോൾ ഒരു നിമിഷം അദ്ദേഹം നിശ്ശബ്ദനായി.എന്നിട്ട് പറഞ്ഞു,”നാറാണേട്ടൻ പോയി”
.ഒരുമാസം മുൻപ് നാരാണേട്ടൻ മരിച്ചു.പണിതീർത്ത ബംഗ്ലാവും കോടിക്കണക്കിനു രൂപയുടെ സ്വത്തും എല്ലാം ഉപേക്ഷിച്ചു ഒരു യാത്ര.
സമ്പാദിച്ചതെല്ലാം ആർക്കു ഉപകരിക്കും?റെയിൽവേ കാന്റീനിൽ വിജിലൻസിൽ നിന്നും രക്ഷപെട്ടു സമ്പാദിച്ച പണംകൊണ്ട് നാറാണേട്ടന് എന്ത് പ്രയോജനം ഉണ്ടായി?
നാറാണേട്ടൻ പണം ഉണ്ടാക്കാൻ കണ്ടുപിടിച്ച മാർഗ്ഗത്തെ ന്യായീകരിക്കുകയല്ല,എന്നാൽ ഇത്രയും റിസ്ക് എടുത്തു സമ്പാദിച്ച ധനംകൊണ്ട് അയാൾക്ക്‌ എന്ത് പ്രയോജനം ഉണ്ടായി എന്നതാണ് ചോദ്യം .
നാളെ ജീവിക്കാൻ വേണ്ടി കാത്തിരിക്കുന്നവർക്ക് നല്ല ഒരു ഉദാഹരണമാണ് നാറാണേട്ടൻ.
ഇന്നലെകൾ കഴിഞ്ഞുപോയിരിക്കുന്നു.നാളെകൾ ഉണ്ടാകുമെന്നു ഒരു ഉറപ്പുമില്ല. മുൻപിലുള്ളത് ഇന്ന് മാത്രം. കുറച്ചു കാലം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നു എന്ന ഒരു തോന്നലിനുവേണ്ടി എങ്കിലും ജീവിക്കുക.
ജനനവും മരണവും രണ്ടു വാതിലുകളാണ്.ഈ രണ്ടു വാതിലുകൾക്കും അപ്പുറവും ഇപ്പുറവും എന്താണന്നു നമുക്കറിയില്ല.മതങ്ങളും,,ശാസ്ത്രങ്ങളും,യുക്തി വാദങ്ങളും പലതും പഠിപ്പിക്കുന്നു.വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.പക്ഷെ,ഇന്നുകളിൽ ജീവിക്കുക.

Advertisements