പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ..!!
നാരായണൻ
ഒരു ഹോട്ടലിൽ കയറി ക്യാഷ് കൊടുത്ത് food കഴിച്ചിട്ട് അത് ഇഷ്ടമാകാതെ വരികയും അത് പറയുകയും ചെയ്യുമ്പോൾ ഹോട്ടൽ ഉടമ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയുണ്ടാകും.നിങ്ങൾ ഞങ്ങളുടെ ഭക്ഷണത്തെ വിമർശിച്ചോളൂ. പക്ഷേ കൊല്ലരുത്. വിമർശിക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കേണ്ടത് എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ്. ഞാൻ ഒരു ബിരിയാണിയോ, നെയ്ച്ചോറോ വെച്ചിട്ടുണ്ടോ, പിന്നെ ഞാൻ ആരാണ്. അതോ എനിക്ക് നല്ല ഫുഡ് ഉണ്ടാക്കാൻ കഴിയാത്ത ഫ്രസ്ട്രേഷൻ ആണോ ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രെയും കാര്യങ്ങൾ ഒന്ന് ചിന്തിക്കണം. കൂടാതെ ഭക്ഷണം ഉണ്ടാക്കുന്നത് ഒരുപാട് പേരുടെ വിയർപ്പും കഷ്ടപ്പാടും നിറഞ്ഞതാണ്. അതിനെ വിമർശിക്കുന്നതിലൂടെ അവരുടെ കഷ്ടപ്പാടിനെ നിങ്ങൾ വിലകുറച്ചു കാണുകയാണ്.
– ഹോട്ടൽ ഉടമ
ഇങ്ങനെ കേട്ടാൽ എങ്ങനെയുണ്ടാകും? സിനിമയും ഭക്ഷണവും താരതമ്യം ചെയ്യാനാകുമോ എന്ന് ചോദിക്കാം. അല്ലേ? രണ്ടും ഒരു കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ആവശ്യപ്പെടുന്നവയാണ്. അത് പോലെ ഫ്രീ ആയി നൽകുന്നതല്ല. ഒരുപോലെ ക്രിയേറ്റിവിറ്റി ഉൾപ്പെടുന്നതുമാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനും നല്ല ക്രീറ്റിവിറ്റിയും അത് പ്രേസേന്റ് ചെയ്യുന്നതിൽ ഒരു കഴിവും ഒക്കെ വേണം. ഒരു സിനിമ ചെയ്യുന്നത് സമൂഹത്തിന്റെ നന്മക്കായി അല്ലല്ലോ. വാണിജ്യപരമായ ലാഭത്തിനു വേണ്ടി തന്നെയല്ലേ. ചെയ്യുന്ന സംവിധാന ജോലിക്ക് നല്ല ക്യാഷ് ശമ്പളം വാങ്ങി അല്ലേ ഒരു സിനിമ താങ്കൾ ഉണ്ടാക്കുന്നത്? അതൊരു ഉൾപ്പന്നം ആണ്. അത് മോശമായാൽ കാശ് കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് വിമർശിക്കാം. വിമർശിക്കും. ഒരു സിനിമ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന കഷ്ടപ്പാടുകളും പ്രശ്നങ്ങളും ഒക്കെ നമുക്കറിയാം. അതിനെയൊക്കെ ബഹുമാനിക്കുകയും ചെയ്യുന്നു.
സ്വന്തം കയ്യിലെ കാശ് കൊടുത്ത് വാങ്ങുന്ന സാധനത്തിന്റെ ക്വാളിറ്റി മോശമായാൽ അത് ചോദ്യം ചെയ്യാനുള്ള അവകാശം അതിനു കാശ് മുടക്കിയവർക്കുണ്ട്. ബേസിക് നിയമമാണ് അത്. ഫുഡ് മോശമായാൽ കംപ്ലയിന്റ് കൊടുക്കാൻ ഇവിടെ കസ്റ്റമർ കോർട്ട് എങ്കിലും ഉണ്ട്. എഡിറ്റിംഗ് അറിഞ്ഞാൽ മാത്രമേ എഡിറ്റിംഗിനെ വിമർശിക്കാൻ പറ്റുള്ളൂ, ക്യാമറ ആംഗിൾ അറിഞ്ഞാലേ ക്യാമറ വർക്കിനെ കുറ്റം പറയാൻ പറ്റുള്ളൂ. നിങ്ങളൊക്കെ ആരാണ് ഇങ്ങനെ ഒക്കെ ഓർഡർ ഇടാൻ? സിനിമ നല്ലതാണെങ്കിൽ അതിന്റെ നല്ല വശങ്ങൾ ഞങ്ങൾ പറയുമ്പോൾ ഇതൊന്നും പറയാറില്ലല്ലോ. കയ്യടിച്ചും ചിരിച്ചും ഷെയർ ചെയ്തും നിങ്ങൾ ആ അഭിപ്രായത്തെ മാനിക്കുമല്ലോ. ആ സമയത്ത് എഡിറ്റിംഗും ക്യാമറയും ഒന്നും അറിഞ്ഞില്ലെങ്കിലും ഒരു പ്രശ്നവുമില്ല.
അടിസ്ഥാനപരമായ പ്രശ്നം വിജയം വരുമ്പോൾ സന്തോഷിക്കുന്നതുപോലെ ഒരു പരാജയം വന്നാൽ അത് അക്സപ്റ്റ് ചെയ്യാൻ സാധിക്കാത്തതാണ്. “തങ്ങളുടെ സൃഷ്ടി ആര് എന്തൊക്കെ പറഞ്ഞാലും നല്ലതാണ്, തങ്ങൾ വിമർശനങ്ങൾ ഏൽക്കേണ്ടവരല്ല” എന്നുള്ള ഒരു ആത്മവിശ്വാസം ഉണ്ട് ചിലർക്ക്. അത് സ്വന്തം സൃഷ്ടിയിൽ ഉള്ള അതിരുകവിഞ്ഞ ധാർഷ്ട്യം ആണ്. അങ്ങനെയുള്ളവർ ആണ് വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും ഒക്കെ അതിർവരമ്പുകൾ സൃഷ്ടിക്കാൻ ഇറങ്ങിത്തിരിക്കുന്നത്. ആത്യന്തികമായി പ്രേക്ഷകൻ ആണ് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്നത്. പ്രേക്ഷകൻ സിനിമ ഇഷ്ടപെട്ടാൽ അത് നല്ലതെന്ന് കരുതുക. അവർ മോശം പറഞ്ഞാൽ അത് അക്സപ്റ്റ് ചെയ്യാനുള്ള മനസ്സ് കാണിക്കുക.
“Paid reviews” ഒരുപാട് നമുക്ക് ചുറ്റുമുണ്ട്. അവയെ തെറ്റെന്നു പറയാം. എന്നാൽ ഒരു സിനിമ കണ്ട് അതിനെക്കുറിച്ചു പറയാൻ ഒരു സിനിമ യൂണിവേഴ്സിറ്റിയിൽ നിന്നും എഡിറ്റിംഗും ക്യാമറയും ഒന്നും പഠിക്കേണ്ട സാർ. ഒരു സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോൾ വേണ്ടാത്ത എഡിറ്റിംഗ് പഠിത്തം മോശം പറയുമ്പോഴും വേണ്ട. ഒരു സിനിമയെക്കുറിച്ച് മോശം അഭിപ്രായം വന്നാൽ അത് തിരുത്തി അടുത്ത സിനിമ മനോഹരമാക്കും എന്ന് പറയുന്നതിലും അപ്പുറത്തെ വാല്യൂ ഒന്നും വേറൊന്നിനും ഇല്ല. അങ്ങനെ പറഞ്ഞാൽ അതിനെ ഒരു ബലഹീനത ആയല്ല, നല്ല കട്ട ഹീറോയിസം ആയിട്ടേ മലയാളി പ്രേക്ഷകർ കാണുകയുള്ളൂ…
പിന്നെ കൊറിയയിൽ ആരും സിനിമയെ വിമർശിക്കാറില്ല എന്നൊക്കെ വെച്ച് കാച്ചുന്നത് കാണുമ്പോൾ മിന്നാരത്തിൽ ജഗതി ബോബി കൊട്ടാരക്കരയോട് പറയുന്ന ഡയലോഗ് മാത്രമേ ഓർമ വരുന്നുള്ളു..
“ജപ്പാനിൽ അച്ഛനെ അളിയാന്നാണ് വിളിക്കണത്…………”. ഇത്രേം പറഞ്ഞുകൊണ്ട്,എഡിറ്റിംഗും ക്യാമറയും അറിയാത്ത ഒരു സാധാരണ പ്രേക്ഷകൻ
ഒപ്പ്
– നാരായണൻ