ഗീതയിലെ അന്ധവിശ്വാസങ്ങള്‍

88

Narayanan Kutty

ഗീതയിലെ അന്ധവിശ്വാസങ്ങള്‍

1

ഗീതയിലെ ഭഗവാന്‍ മനുഷ്യനോ ദൈവമോ ??
[ Unscientific statements in Gita ].

പ്രാചീനമനുഷ്യര്‍ക്ക് പ്രപഞ്ചപ്രതിഭാസങ്ങളെ കുറിച്ച് ശരിയായ അറിവുണ്ടായിരുന്നില്ല.
വേദകാലഘട്ടത്തില്‍ സൂര്യന്‍, ചന്ദ്രന്‍ എന്നീ പ്രാപഞ്ചിക പ്രതിഭാസങ്ങളെ വ്യക്തിത്വവും ജീവനുമുള്ള ദേവന്മാരായിട്ടാണ് ഹിന്ദുക്കള്‍ മനസിലാക്കിയിരുന്നത്. വേദകാലത്തിലെ അത്തരം unscientific സങ്കല്പങ്ങള്‍ തന്നെയാണ് പുരാണങ്ങളിലും തുടര്‍ന്നുപോന്നിട്ടുള്ളത്. സൂര്യന്‍ നക്ഷത്രമാണെന്നും നിര്‍ജീവവസ്തുവാണെന്നും അവര്‍ക്ക് അറിയില്ലായിരുന്നു.
ബ്രഹ്മാവ് സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനായ മനുവില്‍ നിന്നാണ് മനുഷ്യജാതി മുഴുവനും ഉണ്ടായത് എന്ന് പുരാണങ്ങള്‍ പറയുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ഇന്നത്തെ ശാസ്ത്രഗവേഷണങ്ങള്‍ തെളിയിക്കുന്നു. ദീര്‍ഘമായ പരിണാമ പ്രക്രിയകളിലൂടെയാണ് ഇന്ന് കാണുന്ന രൂപത്തില്‍ നാം ഉണ്ടായത്.
ഗീതയിലെ കൃഷ്ണന്‍ യഥാര്‍ത്ഥത്തില്‍ ഈ ലോകം സൃഷ്ടിച്ച ഭഗവാന്‍ തന്നെ ആയിരുന്നെങ്കില്‍, അല്ലെങ്കില്‍ ലോകസ്രഷ്ടാവായ ഈശ്വരന്‍ തന്നെയാണ് കൃഷ്ണനിലൂടെ സംസാരിക്കുന്നതെങ്കില്‍, തന്റെ സൃഷ്ടിയെസംബന്ധിച്ച് ഇത്തരം മണ്ടത്തരങ്ങള്‍ അദ്ദേഹം ഒരിക്കലും പറയുകയില്ലായിരുന്നു.
ഗീത (4.1 ) –
”നാശമില്ലാത്ത ഈ യോഗം ഞാന്‍ സൂര്യനുപദേശിച്ചു, സൂര്യന്‍ അതിനെ മനുവിന് ഉപദേശിച്ചു , മനു അത് (തന്റെ പുത്രനും ഭൂമിയിലെ ആദ്യത്തെ രാജാവുമായ ) ഇക്ഷ്വാകുവിന് ഉപദേശിച്ചു ”.
ഗീത (10.21) –
” നക്ഷത്രങ്ങളില്‍ ചന്ദ്രന്‍ ഞാനാകുന്നു”.
ഓരോ വസ്തുക്കളിലും ഏറ്റവും ശ്രേഷ്ഠമായതെല്ലാം ഞാനാണ് എന്ന് വിവരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത് പറയുന്നത്. നക്ഷത്രങ്ങളില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രമായ ചന്ദ്രന്‍ ഞാനാകുന്നു എന്നാണിതില്‍ ഭഗവാന്‍ പറയുന്നത്. നക്ഷത്രങ്ങളും ചന്ദ്രനും തമ്മിലുള്ള വ്യത്യാസം ഗീത എഴുതിയ പ്രാചീനകാല മനുഷ്യന് അറിയില്ലായിരുന്നു എന്ന് വ്യക്തം. ഇതെല്ലാം മനുഷ്യര്‍ അവരുടെ ഭാവനയില്‍ എഴുതിയതാണ് എന്നും ഗീതോപദേശത്തിന്റെ കര്‍ത്താവ് പ്രപഞ്ചസ്രഷ്ടാവായ ഈശ്വരനല്ല എന്നും ഇതില്‍നിന്ന് തെളിയുന്നു.


2

  1. ”യുദ്ധത്തില്‍ ആര് മരിച്ചാലും അവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും.”(ഗീത).
  • നിങ്ങള്‍ ഏറ്റവും വലിയ പാപി ആയാല്‍പ്പോലും , അധര്‍മ്മത്തിനുവേണ്ടി യുദ്ധം ചെയ്യുന്നയാളായാല്‍പ്പോലും, നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും ! ഈ നിയമം ഈശ്വരന്‍ മനുഷ്യനുവേണ്ടി ഉണ്ടാക്കിയതാണോ ? അതോ രാജ്യക്കൊതിയന്മാരായ രാജാക്കന്മാര്‍ക്കുവേണ്ടി മരിച്ചുവീഴാന്‍ പാവങ്ങളായ പടയാളികളെ പ്രേരിപ്പിക്കുന്നതിനുവേണ്ടി ചിലര്‍ കെട്ടിച്ചമച്ച് ഉണ്ടാക്കിയ വിശ്വാസമാണോ എന്ന് വായനക്കാര്‍ തന്നെ തീരുമാനിക്കുക.
  1. ”ഭക്ഷണത്തില്‍ നിന്നാണ് ലോകത്തിലെ എല്ലാ ജീവജാലങ്ങളും ഉണ്ടാകുന്നത്. ”
    (ഗീത).

– ഭക്ഷണം കഴിക്കാത്ത വൈറസുകളെ കുറിച്ചോ മഴ ആവശ്യമില്ലാതെ ജീവിക്കുന്ന ബാക്ടീരികളെ കുറിച്ചോ പ്രപഞ്ചനാഥന്റെ അവതാരമായ പാവം ഗീതാദൈവത്തിന് അറിയില്ല. എല്ലാ ജീവികളും ഭക്ഷണത്തില്‍ നിന്ന് ഉണ്ടാകുന്ന രക്തത്തില്‍ നിന്നും ശുക്ലത്തില്‍ നിന്നും ഉദ്ഭവിക്കുന്നു എന്ന പ്രാചീനമനുഷ്യന്റെ വിശ്വാസവും അറിവുമാണ് ഗീതാദൈവത്തിനും ഉള്ളത്.
3. ”ഭക്ഷണം ഉണ്ടാകുന്നതാകട്ടെ മഴയില്‍ നിന്നാണ്. മഴ ഉണ്ടാകുന്നത് യജ്ഞത്താലുമത്രെ” (ഗീത).
– മനുഷ്യര്‍ യജ്ഞങ്ങള്‍ നടത്തി ദേവതകളെ പ്രീതിപ്പെടുത്തുന്നതുകൊണ്ടാണ് ഭൂമിയില്‍ മഴ പെയ്യുന്നതത്രെ !
യജ്ഞം ചെയ്യുന്ന ഹിന്ദുക്കള്‍ ഇല്ലാത്ത മറ്റു രാജ്യങ്ങളിലും കാടുകളിലും വനങ്ങളിലും മഴ പെയ്യുന്നത് എങ്ങിനെയായിരിക്കും ?!!
അതോ യജ്ഞം ചെയ്യുന്ന ഹിന്ദുക്കള്‍ ലോകത്തില്‍ ഇല്ലാതായിപ്പോയാല്‍ ലോകത്തിലെ മഴ മുഴുവനും നിന്നുപോകുമോ ?! !
”യാഗാഗ്നിയില്‍ അര്‍പ്പിക്കുന്ന ആഹുതി സൂര്യദേവനിലേക്ക് പോകുന്നു. സൂര്യദേവനില്‍ നിന്ന് അത് മഴയായി തിരിച്ചുവരുന്നു ” എന്ന പ്രാകൃത-പ്രാചീന ഹൈന്ദവ അന്ധവിശ്വാസമാണ് ഗീതാദൈവം ഇവിടെ പങ്കുവയ്ക്കുന്നത്.
4. ”യജ്ഞം ചെയ്ത് ജീവിക്കാത്തവര്‍ എല്ലാവരും ജീവിതകാലം മുഴുവനും പാപികളായി ജീവിക്കുന്നു. അവരുടെ ജീവിതം വ്യര്‍ത്ഥമത്രെ ” (ഗീത).
അപ്പോള്‍ ഇന്ത്യയില്‍ യജ്ഞം ചെയ്ത് ജീവിക്കുന്ന ഹിന്ദുക്കളൊഴിച്ച് ബാക്കി എല്ലാ രാജ്യക്കാരും പാപികളാണ് !.
ഇത്തരം ഘോരമായ അന്ധവിശ്വാസങ്ങള്‍ കാരണമാണ് ഇന്ത്യക്ക് പുറത്തുള്ളവരെ മ്ലേച്ഛരെന്നും അശുദ്ധരെന്നും മുദ്രകുത്തി, വിദേശയാത്രകള്‍ ബഹിഷ്ക്കരിച്ച്, സ്വന്തം പൊട്ടക്കിണറിനപ്പുറമുള്ള ലോകം കാണാത്തവരായി ഹിന്ദുവംശക്കാര്‍ അധഃപതിച്ചത്.
5. ”ജാതികള്‍ തമ്മില്‍ ചേര്‍ന്നാല്‍ സമൂഹം നശിച്ചുപോകും ” (ഗീത).
– മിശ്രവിവാഹം മനുഷ്യസമൂഹത്തെ നശിപ്പിക്കും എന്നാണ് ഗീതാദൈവം പറയുന്നത്. എല്ലാ ജാതികളും ലോകാവസാനം വരെയും വേര്‍തിരിഞ്ഞ് തന്നെ നില്‍ക്കണം. ജന്മത്തില്‍ അധിഷ്ഠിതമായ വര്‍ണവ്യവസ്ഥ ഇല്ലാതായാല്‍ സമൂഹം നശിച്ചുപോകും എന്ന് ഭഗവാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ശൂദ്രന്ററ മകന്‍ എപ്പോഴും ദാസ്യവേല തന്നെ ചെയ്യണം.. അയാള്‍ ഒരിക്കലും വേദമന്ത്രങ്ങള്‍ പഠിക്കുകയോ സ്വകാര്യസ്വത്ത് അമിതമായി സമ്പാദിക്കുകയോ ചെയ്യരുത്. ”ഈ വര്‍ണവ്യവസ്ഥ (ദൈവമായ) ഞാന്‍ ഉണ്ടാക്കിയാണ്” എന്നും ഗീതാദൈവം മറ്റൊരു ശ്ലോകത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ദൈവത്തിന്റെ കല്‍പനയാണ് വര്‍ണവ്യവസ്ഥ. [ ഈ വ്യവസ്ഥയുടെ മറ്റൊരു പേരാണ് ‘സനാതനധര്‍മ്മം’. ].
തൊഴില്‍ വൈദഗ്ധ്യവും സ്വഭാവമഹിമയും ജന്മാധിഷ്ഠിതമായ തലമുറകളിലൂടെയാണ് പകരുകയും വളരുകയും നിലനില്‍ക്കുകയും ചെയ്യുന്നത് എന്ന് പ്രാചീനഗോത്രസമൂഹത്തിലെ മനുഷ്യര്‍ വിശ്വസിച്ചിരുന്നു. അശാസ്ത്രീയമായ ആ അന്ധവിശ്വാസമാണ് ഗീതാദൈവവും ആവര്‍ത്തിക്കുന്നത്.
6. ”സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശം ഞാനാണ് ” (ഗീത 7.8).
– സൂര്യനെപ്പോലെ സ്വന്തമായി പ്രകാശിക്കുന്ന വസ്തുവാണ് ചന്ദ്രന്‍ എന്നാണ് ഗീതയിലെ ഭഗവാന്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. സൂര്യനെയോ ചന്ദ്രനെയോ സൃഷ്ടിച്ച സാക്ഷാല്‍ ദൈവമാണ് ഗീതയുടെ കര്‍ത്താവെങ്കില്‍ ഇത്രയും തെറ്റായ പ്രസ്താവന നടത്തുമായിരുന്നില്ല. ആകാശഗോളങ്ങളെ സംബന്ധിച്ച് പ്രാചീനമനുഷ്യന് ഉണ്ടായിരുന്ന അല്‍പജ്ഞാനവും അജ്ഞാനവും മാത്രമാണ് ഗീതോപദേശം ചെയ്യുന്ന ഭഗവാനിലും കാണുന്നത്. ഗീതോപദേശം ഈശ്വരീയമല്ല, മാനുഷികമാണെന്നതിന് ഇതിലധികം തെളിവ് ആവശ്യമാണെന്ന് തോന്നുന്നില്ല…


3

ഗീത എഴുതിയത് മനുഷ്യനോ ദൈവമോ ??
പ്രപഞ്ചസ്രഷ്ടാവായ ഭഗവാന്‍ പറയുന്നുഃ –
”ശബ്ദഃ ഖേ” (ഗീത 7.8)
= ആകാശത്തിലെ ശബ്ദം ഞാനാകുന്നു ! !
വായു ഇല്ലാത്ത ശൂന്യമായ സ്ഥലത്തെയാണ് ഹിന്ദു മിത്തോളജിയില്‍ ”ആകാശം” എന്ന് വിളിക്കുന്നത്.
കാറ്റടിക്കുന്നത് നമുക്ക് അറിയാന്‍ സാധിക്കും. അതിനാല്‍ അദൃശ്യമാണെങ്കിലും വായുവിന് ”സ്പര്‍ശം” എന്ന ഗുണമുണ്ടെന്ന് പുരാതനഹിന്ദുക്കള്‍ വിചാരിച്ചു. പക്ഷേ ശബ്ദം കേള്‍ക്കുന്നത് എങ്ങിനെയാണെന്ന് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. കാരണം കാറ്റ് തട്ടാത്തപ്പോഴും മനുഷ്യന് ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട് !
കേള്‍ക്കാന്‍ കഴിയുന്ന ശബ്ദങ്ങള്‍ക്ക് കാരണം വായുവിലെ തരംഗങ്ങളാണെന്ന് ഇന്ന് ശാസ്ത്രത്തിന് അറിയാം. വായു ഇല്ലാത്ത ശൂന്യതയിലൂടെ മനുഷ്യന് ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല. ഈ സത്യങ്ങളൊന്നും അറിയാത്ത പ്രാചീനഹിന്ദുക്കള്‍ക് ശബ്ദം ഒരു അദ്ഭുതവിഷയമായിരുന്നു. വായു ഇല്ലാത്ത ശൂന്യത ഒരു സൂഷ്മപദാര്‍ത്ഥമാണെന്നും അതാണ് ശബ്ദത്തിന് കാരണമെന്നും അവര്‍ വിശ്വസിച്ചു. ശുന്യതയില്‍ നിറഞ്ഞിരിക്കുന്ന ആ പദാര്‍ത്ഥത്തെ അവര്‍ ”ആകാശം” എന്ന് വിളിച്ചു. ആകാശത്തിന്റെ ഗുണമാണ് ശബ്ദം എന്ന നിഗമനത്തില്‍ അവരെത്തി. അതാണ് ഇവിടെ ഗീതയിലെ പ്രപഞ്ചസ്രഷ്ടാവായ ഭഗവാന്റെയും നിഗമനം!
പ്രപഞ്ചസ്രഷ്ടാവായ സാക്ഷാല്‍ ഭഗവാന് താന്‍ സൃഷ്ടിച്ച വസ്തുക്കളെ കുറിച്ച് ഇത്രയും ഘോരമായ അജ്ഞത ഉണ്ടാവുമോ ? !
അപ്പോള്‍ ഇത് പുരാതനഗോത്രമനുഷ്യന്റെ പ്രാകൃതഭാവനകള്‍ മാത്രമാണ്, ദൈവീകമായ യാതൊന്നും ഇതിലില്ല എന്ന് തെളിയുന്നു.
സൃഷ്ടികര്‍ത്താവായ സാക്ഷാല്‍ ഭഗവാന്‍ ഇങ്ങനെ മണ്ടത്തരം പറയുമ്പോള്‍, അന്നത്തെ വെറും സാധാരണമനുഷ്യരായ, ഭൗതികവാദികളായ ചാര്‍വ്വാകന്മാര്‍ ഈ വിഷയത്തെക്കുറിച്ച് എന്താണ് പറഞ്ഞത് എന്ന് നോക്കാം:~
”തത്ര പൃഥിവ്യാദീനി ഭൂതാനി ചത്വാരി തത്വാനി-
പൃഥിവ്യപ്തേജോവായുരൂപാണീത്യര്‍ത്ഥഃ. ആകാശസ്യ പ്രത്യക്ഷാഭാവേന പ്രത്യക്ഷൈകപ്രമാണവാദിഭിശ്ചാര്‍വ്വാകൈരാകാശം നാംഗീക്രിയതേ.” (സര്‍വദര്‍ശനസംഗ്രഹം – ചാര്‍വ്വാകദര്‍ശനം) = ചാര്‍വ്വാകന്മാര്‍ പഞ്ചഭൂതങ്ങളിലെ ആദ്യത്തെ നാലെണ്ണത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. തെളിവുള്ള കാര്യങ്ങളെ മാത്രം സ്വീകരിക്കുന്നവരായ അവര്‍ യാതൊരു തെളിവുമില്ലാത്ത അഞ്ചാമത്തെ ഭൂതമായ ആകാശത്തെ അംഗീകരിക്കുന്നില്ല.”
അറിയാത്ത വിഷയങ്ങള്‍ അറിയില്ല എന്നുതന്നെ ചാര്‍വ്വാകന്മാര്‍ തുറന്നു പറഞ്ഞു. അറിയാത്ത വിഷയങ്ങളില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയേണ്ടിവരുന്ന ഭഗവാന്റെ ഗതികേട് അവര്‍ക്കുണ്ടായില്ല.

NB-《《 പഞ്ചഭൂതസിദ്ധാന്തം ഭയങ്കര സംഭവമാണ്, ബിഗ്ബാങ് തിയറിയുടെ ഭാഗമാണ് എന്നൊക്കെ തള്ളിമറിക്കുന്ന വിശ്വാസികളുടെ അറിവിലേക്കായി അതിവിടെ ലളിതമായി വിവരിക്കുന്നുഃ –
കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ അവയങ്ങള്‍കൊണ്ടാണ് മനുഷ്യന്‍ പ്രപഞ്ചത്തെ മുഴുവനും അറിയുന്നത് എന്ന് പുരാതനഭാരതീയര്‍ നിരീക്ഷിച്ചു. ഈ പഞ്ചേന്ദ്രിയങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രപഞ്ചവസ്തുക്കള്‍ക് മുഴുവനും അഞ്ച് ഗുണങ്ങള്‍ കല്‍പിച്ചു. ഗന്ധം, രസം (സ്വാദ്), രൂപം, സ്പര്‍ശം, ശബ്ദം എന്നിവയാണ് ആ അഞ്ച് ഗുണങ്ങള്‍. ഏതൊരു വസ്തു എടുത്താലും ഇതിലേതെങ്കിലുമൊരു ഗുണം കാണാന്‍ സാധിക്കുമല്ലൊ. പക്ഷെ ശൂന്യതയില്‍ മാത്രം ആദ്യത്തെ നാല് ഗുണങ്ങളും അവര്‍ക് കാണാന്‍ സാധിച്ചില്ല. അതുകൊണ്ട് അവര്‍ അതിനെ അഞ്ചാമത്തേതായ ഒരു അജ്ഞാതപദാര്‍ത്ഥമാക്കുകയും, അവരുടെ മുന്നില്‍ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചിരുന്ന ശബ്ദമെന്ന ഗുണത്തെ എടുത്ത് ആ അഞ്ചാംപദാര്‍ത്ഥത്തില്‍ കെട്ടിവയ്ക്കുകയും ചെയ്തു. അങ്ങിനെയാണ് ആകാശവും അതിന്റെ ഗുണമായ ശബ്ദവും എന്ന സിദ്ധാന്തം രൂപീകരിച്ചത്. ഇതെല്ലാം പ്രാകൃതഗോത്ര മനുഷ്യന്‍ അവന്റെ സാധാരണമായ അറിവുകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ക്രോഡീകരിച്ച ആശയങ്ങള്‍ മാത്രമാണ് എന്ന് അറിയിക്കാനാണ് ഇത്രയും വിവരിച്ചത്. 》》