ലോഹിതദാസ് തിരക്കഥകളിലെ മമ്മൂട്ടിയും മോഹൻലാലും

0
171

Narayanan Nambu

ലോഹിതദാസ് തിരക്കഥകളിലെ മമ്മൂട്ടിയും മോഹൻലാലും…

മലയാള സിനിമ ചരിത്രത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത അടയാളമാണ് അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ. കെ ലോഹിതദാസ് സൃഷ്ടിച്ചെടുത്ത ചിത്രങ്ങൾ. മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ഡോക്ടർ സണ്ണി, ബ്രഹ്‌മദത്തൻ തിരുമേനിയോട് പറയുന്ന ഒരു വാചകമുണ്ട് : ” മനുഷ്യ മനസുകളെ തിരുമേനിയോളം അടുത്ത് കണ്ടിട്ടുള്ളവരെ ആണ് ഞാൻ ഗുരുക്കന്മാരായി കാണുന്നത് ”
അതുപോലെ മനുഷ്യ മനസ്സുകളെയും അവയുടെ വികാരങ്ങളെയും ഇത്രത്തോളം തീവ്രമായി മനസിലാക്കിയിട്ടുള്ള, അവയെ അത്രെയും മനോഹരമായി തിരശീലയിൽ അവതരിപ്പിച്ചിട്ടുള്ള ലോഹിയെപ്പോലെ മറ്റൊരു തിരക്കഥാകൃത് ഉണ്ടോ എന്നത് സംശയമാണ്. അത്രമേൽ സൗന്ദര്യം ഉണ്ടായിരുന്നു ലോഹിയുടെ അക്ഷരങ്ങൾക്ക്.

‘മാസ്റ്റർക്ലാസ്’ എന്നൊക്കെ പറയുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം തിരക്കഥകളും. കാലത്തിവർത്തിയായി ഈ തിരക്കഥകൾ ഒരു പാഠപുസ്തകമായി നിലനിൽക്കുന്നു. പദ്മരാജനും, അടൂരിനും, കെ. ജി ജോർജിനും,എം. ടി വാസുദേവൻ നായരോടും ഒപ്പം മലയാള സിനിമയെ അതിന്റെ ഔന്നിത്യത്തിൽ എത്തിക്കാൻ ലോഹിതദാസ് വഹിച്ച പങ്ക് ചെറുതല്ല. പദ്മരാജന്റെ തിരക്കഥകൾ വ്യത്യസ്തതയും, പരമ്പരാഗത രീതികളിൽ നിന്ന് മാറിയും ആയിരുന്നു സഞ്ചരിച്ചത്. എം. ടി വാസുദേവൻ നായരുടെ സൃഷ്ടികൾ കലാപരമായും സാമൂഹ്യപരമായും ചിന്തിക്കുന്ന ദൃഷ്ടാന്തങ്ങൾ ആയി രൂപപ്പെട്ടു. ഈ സമയം സാധാരണ മധ്യവർത്തി ജനങ്ങളുടെയും ഒപ്പം അരികു വൽക്കരിക്കപ്പെട്ടവരുടെയും കുടുംബകഥകൾ ലോഹിതദാസ് തിരക്കഥകളുടെ മുഖമുദ്രയായി. മൂവരും ചേർന്നെഴുതിയ സിനിമകൾ ഭൂരിഭാഗവും വമ്പൻ പ്രേക്ഷകപ്രീതി നേടിയിരുന്നു എന്നതും ഓർക്കണം.

മമ്മൂട്ടി – മോഹൻലാൽ എന്ന താരദ്വയങ്ങളെ ഇന്നും മലയാളി നെഞ്ചോടടക്കികൊണ്ട് നടക്കുന്നുണ്ടെങ്കിൽ അതിൽ ലോഹിതദാസിന്റെ തിരക്കഥകൾ വഹിച്ച പങ്ക് വളരെ വളരെ വലുതാണ്. പല വേഷങ്ങളിലും ഭാവങ്ങളിലും അവർ ലോഹിതദാസ് തിരകഥകളിൽ നിറഞ്ഞാടി. ഒരുപാട് സിനിമകളിൽ ഒറ്റപ്പെടലിന്റെ, വേട്ടയാടപെടലിന്റെ, അവഗണനയുടെ പ്രതീകങ്ങളായി മമ്മൂട്ടിയും മോഹൻലാലും ലോഹിയുടെ സ്നേഹബന്ധത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ലോഹി സൃഷ്ടിച്ച കുടുംബങ്ങളിൽ എല്ലാം ഇടക്കാലത്തു ഉണ്ടാകുന്ന പിരിമുറുക്കങ്ങൾ ആണ് വിഷയമായിട്ടുള്ളത്. അത് നായകൻ എങ്ങനെ തരണം ചെയ്യുന്നു, അത് നായകനിൽ എന്ത് സ്വാധീനം ചെലുത്തുന്നു എന്നതായിരുന്നു ലോഹി തിരകഥകളുടെ ‘ട്രേഡ് മാർക്ക്‌’. മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു ഈ സിനിമകളിൽ ഭൂരിഭാഗവും ലോഹിയുടെ നായകന്മാർ. ലോഹി സൃഷ്‌ടിച്ച കുടുംബങ്ങളിൽ അവർ ചേട്ടനായി, അനിയനായി, ഭർത്താവായി, കൂട്ടുകാരനായി, അച്ഛനായി..
മുരളിയും, തിലകനും, ജയറാമും, ആയിരുന്നു ലോഹിയുടെ നായകന്മാരിൽ മറ്റ് പ്രധാനികൾ. മുരളിയുടെ ആധാരവും, വളയവും, ചാകോരവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. എങ്കിലും മമ്മൂട്ടിയിലെയും മോഹൻലാലിലെയും ‘നടനെ’ വാർത്തെടുക്കുന്നതിൽ ലോഹിതദാസ് തിരക്കഥകൾ വഹിച്ച പങ്ക് അതിരുകൾക്കും അപ്പുറമാണ്. അത്രെയും ചൂഴ്ന്നെടുത്തിട്ടുണ്ട് അവരിലെ അഭിനേതാക്കളെ എന്ന് വേണം പറയാൻ. ലോഹിതദാസ് ഇല്ലായിരുന്നുവെങ്കിൽ അവരുടെ എണ്ണം പറഞ്ഞ പല അഭിനയമുഹൂർത്തങ്ങളും നമുക്ക് കാണാനാകില്ലായിരുന്നു എന്നതൊരു സത്യമാണ്.

മമ്മൂട്ടിയായിരുന്നു ലോഹിതദാസിന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ എന്ന് തോന്നിയിട്ടുണ്ട്. തന്റെ കരിയറിൽ മറ്റേതൊരു നടനെക്കാളും ഉയരെ 16 സിനിമകളിൽ നായകനക്കിക്കൊണ്ട് ലോഹി മമ്മൂട്ടിയെ സ്നേഹിച്ചു. ലോഹിതദാസ് സിനിമയിൽ എത്തിയപോൾ ഉള്ള മമ്മൂട്ടിയുടെ സിറ്റുവേഷൻ പറയാം. മമ്മൂട്ടി തന്റെതായ എക്സ്പീരിയൻസ് കൊണ്ട് പിഴവുകൾ ഇല്ലാത്ത ഇരുത്തം വന്ന നടൻ ആയിക്കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ മമ്മൂട്ടി എന്ന നടനെ പരീക്ഷിക്കാൻ തക്കവണ്ണം challenging ആയ വേഷങ്ങൾ കുറഞ്ഞുവരുന്ന കാലം. ഒട്ടും ഇല്ലായിരുന്നു എന്നല്ല. എങ്കിലും കുറവായിരുന്നു. അങ്ങനെ പോയിരുന്നെങ്കിൽ മമ്മൂട്ടിയുടെ അഭിനയ ശൈലിയിൽ പോലും ഇന്ന് കാണുന്ന മാറ്റവും റേഞ്ചും ഉണ്ടാകില്ലായിരുന്നു. ലോഹി ‘തനിയാവർത്തനം’ മുതൽ ഇങ്ങോട്ട് നൽകിയ സിനിമകളിലെ Challenging ആയ വേഷങ്ങൾ മമ്മൂട്ടി എന്ന നടനെ മിനുക്കി എടുത്തിട്ടുണ്ട്. വിജയമാകാതെപോയ അല്ലെങ്കിൽ അധികമായി പുകഴ്ത്താതെ പോകുന്ന സാഗരം സാക്ഷിയും ഉദ്യനപാലകനും പോലും മമ്മൂട്ടിയിലെ നടനെ ചൂഷണം ചെയ്ത സിനിമകൾതന്നെയാണ്. സാഗരം സാക്ഷിയിലെ ഒക്കെ മമ്മൂട്ടിയുടെ അഭിനയം അതി ഗംഭീരമാണ്.

തനിയാവർത്തനത്തിലെ ബാലൻ മാഷ്, മുക്തിയിലെ ഹരിദാസൻ,മുദ്രയിലെ ജയിൽ വാർഡ്ൻ, വിചാരണയിലെ അഡ്വക്കേറ്റ്, മഹായനത്തിലെ ചന്ദ്രുവും, മൃഗയയിലെ വാറുണ്ണി, കുട്ടേട്ടൻ, കനൽകാറ്റിലെ നത്ത് നാരായണൻ, അമരത്തിലെ അച്ചൂട്ടി, കൗരവറിലെ ആന്റണി, വാത്സല്യത്തിലെ മേലെടത്ത് രാഘവൻ നായർ, പാഥേയത്തിലെ ചന്ദ്രദാസ്, സാഗരം സാക്ഷിയിലെ ബാലചന്ദ്രൻ, ഉദ്യാനപാലകനിലെ എക്സ് മിലിറ്ററി സുധാകരൻ നായർ, ഭൂതക്കണ്ണാടിയിൽ വിദ്യാധരൻ, അരയന്നങ്ങളുടെ വീടിലെ രവീന്ദ്രനാഥ്/രവി. പതിനാറു ചിത്രങ്ങളിലെ പതിനാറ് വ്യത്യസ്ത കഥാപാത്രങ്ങൾ. മൃഗയയും മഹായനവും വാത്സല്യവും മമ്മൂട്ടിയെ ഏറ്റവും മികച്ച നടനുള്ള 1989,1993 കേരള സംസ്ഥാനപുരസ്‌കാരങ്ങൾക്ക് അർഹനാക്കി. അമരം (1991), ഭൂതകണ്ണാടി (1997), അരയന്നങ്ങളുടെ വീട് (2000) എന്നീ ചിത്രങ്ങൾ ഏറ്റവും മികച്ച നടനുള്ള ആ വർഷങ്ങളിലെ ഫിലിംഫെയർ അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു.

ഒരു നടൻ – തിരക്കഥാകൃത് എന്ന നിലയിൽ അഭിനയപ്രാധാന്യം വെച്ചു നോക്കുമ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ലോഹിതദാസ് – മമ്മൂട്ടി ആണെന്ന് പറയേണ്ടിവരും. പതിനാറ് സിനിമകളും മമ്മൂട്ടി എന്ന നടനെ പരീക്ഷിക്കുന്ന വെല്ലുവിളി നിറഞ്ഞ വേഷങ്ങളായിരുന്നു. അത് കൊണ്ട് തന്നെയാകണം താൻ ഒരു സംവിധായകൻ ആയപ്പോൾ ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ ആകാനും ലോഹി മമ്മൂട്ടിയെ ക്ഷണിച്ചത്.
മോഹൻലാലിനും ഒരുപിടി നല്ല കഥാപാത്രങ്ങൾ നൽകാൻ ലോഹിതദാസിനു കഴിഞ്ഞിട്ടുണ്ട്. എട്ട് മനോഹരമായ സിനിമകളിൽ ലോഹിതദാസിന്റെ തൂലികയിലെ നായകനായി മോഹൻലാൽ. ലോഹിതദാസ് വരുമ്പോൾ ഉള്ള മോഹൻലാൽ situation പറയാം. മലയാളത്തിൽ ‘മമ്മൂട്ടിക്കൊപ്പം ആര്’ എന്ന ചോദ്യത്തിന് ഉത്തരമായി മോഹൻലാൽ ഉയർന്നു വന്നുകഴിഞ്ഞു. Challenging ആയ വേഷങ്ങൾ മോഹൻലാലിനെ ഏൽപ്പിക്കാൻ എല്ലാവരും ധൈര്യം കാണിച്ചുവരുന്ന സമയംകൂടിയായിരുന്നു അത്. തമാശ കലർന്ന അഭിനയവും, ഇടക്ക് മീശപിരിച്ചും മോഹൻലാൽ വൻ ജനപ്രീതിയിൽ നിൽക്കുന്നു. ‘Sure-bet’ ചിത്രങ്ങൾ ആയിരുന്നു അന്ന് ലാൽ കൂടുതലും അഭിനയിച്ചിരുന്നത്. പ്രിയദർശനും ഫാസിലും മോഹൻലാലിലെ അഭിനേതാവിന്റെ ഒരു ഭാഗം രാഗി മിനുക്കിയെടുത്ത് കഴിഞ്ഞു. കമർഷ്യൽ വാല്യൂവിൽ മോഹൻലാൽ മുന്നിലേക്ക് കടന്ന് വരുന്ന കാലംകൂടിയായിരുന്നു അത്. അവിടെയാണ് ലോഹിതദാസ് ബന്ധങ്ങളുടെ തീവ്രത പറഞ്ഞു ഫലിപ്പിക്കാൻ മോഹൻലാലിനെ ഉപയോഗിക്കാൻ തുടങ്ങിയത്.

ലോഹിയുടെ തിരക്കഥകളിൽ മോഹൻലാൽ ശെരിക്കും ജീവിക്കുകയായിരുന്നു. ലാലിന്റെ അഭിനയജീവിതത്തിലെ lifetime എന്ന് പറയാവുന്ന വേഷങ്ങൾ ഏറെയും ലോഹിയുടെ തിരക്കഥയിൽ പിറന്നവയായിരുന്നു. മോഹൻലാലിന് മാത്രം സാധിക്കുന്ന അഭിനയശൈലിയിലൂടെ അദ്ദേഹം അതെല്ലാം അവിസ്മരണീയമാക്കിമാറ്റി. മോഹൻലാലിൻറെ ‘അഭിനയത്തിലെ മെയ്‌വഴക്കം’ ലോഹിതദാസ് സിനിമകളിലൂടെ മൂർച്ച കൂടി. ബന്ധങ്ങളിലെ പിരിമുറുക്കങ്ങളിൽ പെടുന്ന തിളയ്ക്കുന്ന യൗവ്വനം ആയി മോഹൻലാൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പടർന്നു കേറി.

കിരീടത്തിലെയും ചെങ്കോലിലെയും സേതുമാധവൻ, ദശരഥത്തിലെ രാജീവ്‌ മേനോൻ, ഹിസ് ഹൈനെസ്സ് അബ്ദുല്ലയിലെ അബ്ദുള്ള, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, ധനത്തിലെ ശിവൻ, കമലദളത്തിലെ കലാമണ്ഡലം നന്ദഗോപൻ, കന്മദത്തിലെ വിശ്വനാഥൻ/വിശ്വം. എട്ട് കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചമാണ്. കിരീടത്തിലെ അഭിനയത്തിന് 1989ൽ മികച്ച നടനുള്ള ദേശീയ സ്പെഷ്യൽ mention ലഭിച്ചപ്പോൾ ഭരതത്തിലെ പ്രകടനത്തിലൂടെ ലാൽ 1991ൽ ഭാരതത്തിലെ ഏറ്റവും മികച്ച നടനായി. വ്യക്തിപരമായി കിരീടവും ഭരതവും മോഹൻലാലിൻറെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മലയാള ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രസൃഷ്ടികൾ എടുത്താൽ അതിലൊന്ന് കിരീടത്തിലെ “സേതുമാധവൻ” ആയിരിക്കും.

മലയാളിയുടെ സിനിമ ആസ്വാദനത്തിൽ വൈകാരികതയുടെ വേലിയേറ്റങ്ങൾ ആവോളം അനുഭവിപ്പിച്ച കലാകാരനായിരുന്നു ലോഹിതദാസ്. നടൻമാർ സൂപ്പർ താരങ്ങൾ ആയപ്പോൾ അവരുടെ സെറ്റിൽ പോയി ഇരുന്ന് അവർക്ക് മുന്നിലിരുന്ന് കഥകൾ പറയാൻ ലോഹിതദാസ് മടിച്ചിരുന്നു എന്ന് സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു. താൻ ഒരു മധുരമാണെന്നും ആ മധുരം തേടി ആവശ്യക്കാരായ ഉറുമ്പുകൾ തന്നെ തേടി വരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. ശെരിയല്ലേ? ഒരു സിനിമയുടെ ഏറ്റവും പ്രധാനഭാഗം അതിന്റെ തിരക്കഥയാണ്. ആ തിരക്കഥയുടെ മധുരം തേടി ഉറുമ്പുകൾ ഇങ്ങോട്ട് വരുക തന്നെയാണ് വേണ്ടത്.

മരണശേഷം അദ്ദേഹം മമ്മൂട്ടിയോടും മോഹൻലാലിനോടും ഒപ്പം ചില ചിത്രങ്ങൾ പ്ലാൻ ചെയ്തിരുന്നു എന്ന് കേട്ടിരുന്നു. “ഭീഷ്മർ” പോലെയുള്ള പ്രൊജക്ടുകൾ നിലവിലുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരുപക്ഷെ കാലഘട്ടം 2005ലേക്കൊക്കെ എത്തിയപ്പോൾ മമ്മൂട്ടിയിലെയും മോഹൻലാലിലെയും അഭിനേതാക്കൾ വീണ്ടും പരീക്ഷിക്കപ്പെടാനായി ലോഹിയുടെ തൂലിക ചലിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ എഴുതാൻ ഒരുപാട് ബാക്കിവെച്ചുകൊണ്ട്, എന്നാൽ എഴുതിയ തിരക്കഥകളെല്ലാം മലയാളിക്ക് സമ്മാനിച്ചുകൊണ്ട് അദ്ദേഹം ജീവിതത്തോട് ‘pack-up’ പറഞ്ഞു.
തീരങ്ങൾക്കും അപ്പുറം ലോഹിതദാസ് ഇരിക്കുന്നുണ്ട്. തന്റെ സിനിമകൾ ഇപ്പോഴും പ്രേക്ഷകരെ ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടുകൊണ്ട് അയാൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട്…!!