പഴയ കാലത്തെ ഒരു നടുവിരൽ : സ്മാർത്ഥവിചാരം, പരിണയം… !!

96

Narayanan Nambu

പഴയ കാലത്തെ ഒരു നടുവിരൽ : സ്മാർത്ഥവിചാരം, പരിണയം… !!

എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ മാസ്റ്റർ ഡയറക്ടർ ഹരിഹരൻ സംവിധാനം ചെയ്ത് 1994ൽ പുറത്തിറങ്ങിയ ചിത്രമാണ് പരിണയം. പണ്ട് കാലത്ത് നമ്പൂതിരി/ബ്രാഹ്മണ സമുദായത്തിൽ നില നിന്നിരുന്ന അനാചാരങ്ങളെ അതിശക്തമായി വിമർശിച്ചു കൊണ്ട് പുറത്തുവന്ന ചിത്രം കൂടിയായിരുന്നു പരിണയം. ‘സ്മാർത്ഥവിചാരം’ എന്ന ആചാരത്തെ ഇത്രെയും ആഴത്തിൽ സാമൂഹ്യ വിചാരണ ചെയ്ത ചിത്രം അന്നുവരേയും പിന്നെ ഇന്നുവരെയും പുറത്തു വന്നിട്ടില്ല. എന്താണ് ‘സ്മാർത്ഥവിചാരം’?

വലിയ ബ്രാഹ്മണ കുടുംബങ്ങളിൽ ‘ജാരബന്ധം’ ആരോപിക്കപ്പെടുന്ന സ്ത്രീകളെ വിചാരണ നടത്തുന്ന ദുരാചാരം ആയിരുന്നു ‘സ്മാർത്ഥവിചാരം’. ‘ഭട്ടതിരി’ കുടുംബത്തിൽ പെടുന്ന ‘സ്മാർത്തന്മാർ’ ആണ് ഈ വിചാരണ നടത്തുക. പട്ടചോമയറത്ത് മന, മൂത്തമന, വെള്ളക്കാട്ട് മന തുടങ്ങിയ കുടുംബങ്ങളിൽ നിന്നാണ് സ്മാർത്തന്മാർ എത്തുക. തിരുവിതാംകൂറിൽ മൂത്തമനക്കാരും, മലബാറിൽ വെള്ളക്കാട്ട് മനക്കാരും ആണ് ‘സ്മാർത്ഥവിചാരം’ ചെയ്യാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്. ചോമയറത്ത് മനക്കാർ കേരളത്തിൽ എവിടെയും ‘സ്മാർത്ഥവിചാരം’ നടത്താൻ അര്ഹതപെട്ടവർ ആയിരുന്നു. പ്രദേശത്തെ രാജാവിന്റെ സമ്മതത്തോടെയും, അറിവിലൂടെയും മാത്രമേ ‘സ്മാർത്ഥവിചാരം’ ചെയ്യാനാകൂ.ആറ് വിഭാഗങ്ങളിലായാണ് ‘സ്മാർത്ഥവിചാരം’ നടത്തുക.

 1. ദാസി വിചാരം
  കുറ്റം ആരോപിക്കപ്പെട്ട അന്തർജനത്തിന്റെ ദാസിയോട് (വേലക്കാരി) കാര്യങ്ങൾ ചോദിച്ചറിയുന്ന പ്രക്രിയ.
 2. അഞ്ചാംപുരയിലാക്കൽ
  ഇല്ലത്തോട് ചേർന്ന്, മറ്റുള്ളവരോട് മിണ്ടാനോ കാണാനോ കഴിയാത്ത വിധം ഒരു ചായ്പ്പിൽ കുറ്റാരോപിതയായ അന്തർജ്ജനത്തെ താമസിപ്പിക്കുക.
 3. സ്മാർത്ഥ വിചാരണ
  മനകളിൽ നിന്ന് വന്ന ‘സ്മാർത്തന്മാർ’ കുറ്റാരോപിതയോട് ചോദ്യങ്ങൾ ചോദിക്കുന്ന പ്രക്രിയ. കടുത്ത വിചാരണയാണ് ഇത്. ദേഹോപദ്രവം ഏൽപ്പിക്കുകയോ, മാനസികമായി തകർക്കുകയോ, അങ്ങനെ ഏത് വിധവും സത്യം തെളിയിക്കാനായി സ്മാർത്തന് പരീക്ഷിക്കാൻ അവകാശവും സ്വാതന്ദ്ര്യവും ഉണ്ട്. കടുത്ത മാനസിക സംഘർഷത്തിലൂടെ ആകും കുറ്റാരോപിത ഈ അവസ്ഥയിൽ കടന്നു പോവുക. ചൂരൽ പ്രയോഗം, ചട്ടുകം പഴുപ്പിക്കുക, തീയിൽ മുഖം ചേർത്ത് പൊള്ളിക്കുക, പട്ടിണിക്കിടുക, തുടങ്ങിയ കടുത്ത ശിക്ഷാരീതികളിലൂടെ ആകും ഈ ദിനങ്ങൾ മുന്നോട്ട് പോവുക. ആഴ്ചകളോ മാസങ്ങളോ നീണ്ടു നിന്നേക്കാവുന്ന പ്രക്രിയയാണ് ‘സ്മാർത്ത വിചാരണ’.
 4. സ്വരൂപം ചൊല്ലൽ
  സ്മാർത്തവിചാരത്തിന്റെ വിധി സ്മാർത്തന്മാർ രാജാവിന്റെ മുഖദധാവിൽ അറിയിക്കുന്ന പ്രക്രിയ.
 5. ദേഹവിച്ഛേദം
  കുറ്റാരോപിതയായ സ്ത്രീയെയും പുരുഷനെയും ‘ഭ്രഷട്’ കല്പ്പിച്ചു കുടുംബത്തിൽ നിന്നും പടി അടച്ചു പിണ്ഡം വെക്കുന്ന പ്രക്രിയയാണ് ദേഹവിച്ഛേദം.
 6. ശുദ്ധഭോജനം
  സ്മാർത്തവിചാരത്തിനു ശേഷം സ്മാർത്തന്മാർ ശുദ്ധിയായി ഒന്നിച്ചിരുന്നു ഊണ് കഴിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ആരോപണവിധേയരായവർ കുറ്റക്കാരല്ല എന്ന് കണ്ടാൽ അവരെയും ഒപ്പം ഇരുത്തിയാകും സ്മാർത്തന്മാർ ശുദ്ധഭോജനം ചെയ്യുക.
  1905ൽ ചെമ്മൺതട്ട കുറിയേടത് രാമൻ നമ്പൂതിരിയുടെ ഭാര്യ കുറിയേടത് താത്രിയുടെ (സാവിത്രി) ‘സ്മാർത്ഥവിചാരം’ ആയിരുന്നു കേരളത്തിൽ നടന്ന അവസാനത്തെ വിചാരണ. തൃശൂർ ജില്ലയിലെ മുകുന്ദപുരം എന്ന സ്ഥലത്ത് ആയിരുന്നു കുറിയേടത് താത്രിയുടെ സ്മാർത്ഥവിചാരം നടന്നത്. ‘പരിണയം’ കുറിയേടത് താത്രിയുടെ കഥയായി പറയപ്പെടാറുണ്ട്.

പരിണയം (1994) സ്മാർത്ഥവിചാരത്തെ ഓരോ വിഭാഗങ്ങളായി വ്യക്തമായി വരച്ചിടുന്നുണ്ട്. ഒപ്പം ആചാരത്തിനെതിരെ അന്ന് സമുദായത്തിനുള്ളിലും പുറത്തും ഉയർന്നുപൊങ്ങിയ പ്രതിഷേധങ്ങളും ചിത്രം തുറന്നു കാണിക്കുന്നു. ആരോപണവിധേയയായ ഉണ്ണിമായ അന്തർജ്ജനം ആയി മോഹിനിയും, കാരണക്കാരനായ മാധവൻ ആയി വിനീതും, പ്രധാന സ്മാർത്തൻ ആയ മൂത്തേടം ആയി തിലകനും, സമൂദായത്തിനുള്ളിൽ നിന്ന് ആചാരത്തിനെതിരെ വിപ്ലവം നടത്തുന്ന കുഞ്ഞുണ്ണി നമ്പൂതിരി ആയി മനോജ്‌ കെ ജയനും വേഷമിട്ടു. ആ വർഷത്തെ മികച്ച സാമൂഹ്യ സിനിമക്കും, ഏറ്റവും മികച്ച തിരക്കഥയ്ക്കും, മികച്ച സംഗീതത്തിനും ഉള്ള ദേശീയ പുരസ്‌കാരങ്ങൾ പരിണയം കരസ്ഥമാക്കി. ബോംബെ രവിയുടെ ഗാനങ്ങളും യൂസഫലി കേച്ചേരിയുടെ വരികളും സിനിമയുടെ ഭംഗി കൂട്ടി. “സാമജ സഞ്ചാരിണി “, “അഞ്ചു ശരങ്ങളും”, “വൈശാഖ പൗര്ണമിയോ”, “പർവണേന്ദു മുഖി” തുടങ്ങിയ ഗാനങ്ങളെല്ലാം അതിഗംഭീരം ആയിരുന്നു.

അതിശക്തമായ ക്‌ളൈമാക്‌സ് പരിണയത്തിന്റെ മാറ്റ് കൂട്ടി. അന്നേവരെ നില നിന്നിരുന്ന കീഴ്‌വഴക്കങ്ങളെ അട്ടിമറിക്കുന്ന മനോഹരമായ ക്ലൈമാക്സ് ആണ് പരിണയത്തിന്റേത്. ആൺമേൽക്കോയ്മയെയും, സന്താപ-സഹതാപങ്ങളെയും തട്ടി തെറുപ്പിച്ചുകൊണ്ട് ഉണ്ണിമായ ക്‌ളൈമാക്‌സിൽ മാധവന്റെ മുഖത്തു നോക്കി പറയുന്ന സംഭാഷണങ്ങളിലൂടെ എം. ടി. വാസുദേവൻ നായർ ഒരു സാമൂഹിക വിപ്ലവം തന്നെയാണ് അന്ന് നടത്തിയത്. പല അനാചാരങ്ങൾക്കും എതിരെയുള്ള ശക്തമായ ഒരു നടുവിരൽ തന്നെയായിരുന്നു എം. ടി. യുടെ പരിണയം.. !

ആ ക്‌ളൈമാക്‌സ് ഡയലോഗുകൾ ഒന്നുകൂടി ഓർക്കാം..

കുറ്റക്കാരനായ മാധവൻ (വിനീത് ) പെങ്ങളെയും കൂട്ടി അവസാനം ഭ്രഷ്ട് കല്പ്പിച്ചു പുറത്താക്കപ്പെട്ട ഉണ്ണിമായയെ തേടി എത്തുകയാണ്.

പെങ്ങൾ : ” ഇവിടുന്ന് ഏട്ടന് മാപ്പ് കൊടുക്കണം. ഭ്രഷ്ട് ആയി അവസരമൊന്നും കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരുമെന്ന് പേടിച്ചിട്ടാണ് ഏട്ടൻ.. ”
കുഞ്ഞുണ്ണി : ” ഏറ്റുപറഞ്ഞ് ഇപ്പോളെന്തിന് പേരും പെരുമയും വേണ്ടെന്ന് വെക്കണം..? ”
മാധവൻ : ” അരങ്ങത്ത് ഞാനൊരു വിഡ്ഢിവേഷം ആയിത്തുടങ്ങി ഉണ്ണി നമ്പൂരി.. ഇപ്പൊ അരങ്ങില്ല.. ജീവിതമില്ല.. അതാണിപ്പോഴത്തെ എന്റെ അവസ്ഥ.. എനിക്ക് മനസ്സിൽ ഇന്നും അവരോട് സ്നേഹമാണ്.. ! ”
പെങ്ങൾ : ” വീട്ടിലേക്ക് വിളിച്ചോണ്ട് പോവാനാ ഞങ്ങൾ വന്നിരിക്കണത്. ഏട്ടൻ അമ്മയോടെല്ലാം പറഞ്ഞു.. ”
മാധവൻ : ” പിന്നെ.. അവരോട് ആദ്യം തെറ്റ് പറയണം. പിറക്കാൻ പോണ കുട്ടീടെ അച്ഛൻ ഞാനാണെന്ന് എവിടെ വേണേലും ഞാനിനി വിളിച്ചു പറയാം.. ”
ഉണ്ണിമായ : ” അതിന്.. അച്ഛനില്ല.. അച്ഛന്റെ പേര് പറയണമെന്ന് എന്നെങ്കിലും നിർബന്ധം വരുമ്പോൾ പറഞ്ഞേക്ക് കുഞ്ഞുണ്ണി.. ‘നളൻ.. അല്ലെങ്കിൽ അർജുനൻ.. അല്ലെങ്കിൽ ഭീമൻ.. സ്നേഹത്തിന്റെ കാര്യം കുറച്ചു മുമ്പേ പറയണത് കേട്ടു. എനിക്കും സ്നേഹം തോന്നിയിരുന്നു. അത് അരങ്ങത്ത് കണ്ട ഏതോ വീരനായകനോടായിരുന്നു. പിന്നെയാണത് മനസിലായത്. ഈ മാധവനോടായിരുന്നില്ല.. നിശ്ചയം.. കുഞ്ഞുണ്ണി.. ഇവർക്ക് പോകാം.. ”

വാൽകഷ്ണം : ഈയിടെ പ്രമാദമായ ഒരു പീഡന കേസിൽ മധ്യപ്രദേശ് ഹൈ കോടതിയുടെ ഒരു വിധി ഉണ്ടായിരുന്നു. പീഡിപ്പിക്കപ്പെട്ട ഇരയുടെ വീട്ടിലേക്ക് വേട്ടക്കാരൻ മധുര പലഹാരങ്ങളും, കുറച്ചു സമ്മാനങ്ങളും ആയി പോയി ഒരു രാഖിയും കെട്ടി വരണമത്രേ.. !! ഇത്തരം ഒരു വിധി അപൂർവങ്ങളിൽ അപൂർവങ്ങൾ ആണ് എന്ന് മനസിലാക്കുന്നു. വേട്ടക്കാരന് മൃദു സമീപനം നൽകുന്ന കോടതിയുടെ ഇത്തരം ‘സമർത്ഥ വിചാരങ്ങൾക്ക് ‘ എതിരെ എന്നെങ്കിലും ഒരു പ്രക്ഷോഭം വരട്ടെ എന്ന് ഉള്ള് കൊണ്ട് പ്രത്യാശിക്കുന്നു..