നരേന്ദ്ര മോദി ഇന്ത്യക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന സർജിക്കൽ സ്ട്രൈക്ക്

151

രണ്ട് വർഷം മുൻപ് മന്‍സൂര്‍ പാറേമ്മല്‍ എഴുതിയ കുറിപ്പ് 

നരേന്ദ്ര മോദി ഇന്ത്യക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന സർജിക്കൽ സ്ട്രൈക്ക്.

നാട്ടിന്‍ പുറങ്ങളില്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി കഷ്ടകാലം വരുമ്പോള്‍ ഞങ്ങളൊക്കെ പറയാറുണ്ട് ഇടിവെട്ടിയവനെ പാമ്പും കടിച്ചു, എടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി തലയിലൊരു ചക്കയും വീണു എന്ന്. ഡീമോണിറ്റൈസേഷൻ തകർത്ത് തരിപ്പണമാക്കിയ ഇന്ത്യൻ സാമ്പത്തിക ഘടനയുടെ മേലേക്ക് ജി എസ് ടി കൂടി അടിച്ചേൽപ്പിച്ചതിനെ സൂചിപ്പിക്കാന്‍ ഇതിനേക്കാള്‍ ഉചിതമായ ഒരു വാചകം ഇല്ലെന്ന് തോന്നുന്നു.നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് ഒരു വിധം എല്ലാവരും കരുതിയിരുന്നത് ഒരു മണ്ടൻ പ്രധാനമന്ത്രിയുടെ എടുത്തുചാട്ടത്തിന്റെ ഫലമായി ഉണ്ടായ തീരുമാനം മാത്രമാണ് എന്നാണ് .എന്നാൽ അതിന് തുടര്‍ച്ചയായി GST കൂടി നടപ്പിലാക്കിയതോടെ ഇതിനുപിന്നിൽ കോർപറേറ്റ് അജണ്ടകൾ കൂടി ഉണ്ട് എന്ന് സംശയം ബലപ്പെടുന്നുണ്ട്.

കുറേക്കാലമായി ഇന്ത്യയിൽ വിവിധ സര്‍ക്കാറുകള്‍ നടപ്പിലാക്കി വരുന്ന നിയോ-ലിബറൽബറൽ സാമ്പത്തിക നയങ്ങളിൽനിന്ന് വഴുതി മാറിയിരുന്ന രണ്ട് മേഖലകളായിരുന്നു ചെറുകിട കൃഷിയും ചെറുകിട വ്യവസായങ്ങളും. വളരെ ചെറിയ സംരംഭകരും ഒരു വ്യവസ്ഥയും ഇല്ലാതെ ഇന്ത്യ ഒന്നാകെ ചിതറിക്കിടക്കയും ചെയ്യുന്ന യാതൊരു ഏകീകരണ സ്വഭാവവും ഇല്ലാത്ത ഒരു കൂട്ടര്‍ ആയതിനാൽ ആവാം നിയോലിബറൽ നയങ്ങളുടെ പിടിയില്‍ നിന്നും വലിയ പരിക്കേൽക്കാതെ വഴുതിമാറിയിരുന്നു ഈ രണ്ടും .

ഇന്ത്യയിലെ കോർപ്പറേറ്റുകൾ കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ് ഇതിന്റെ അസ്ഥിവാരം മാന്താന്‍. എന്നാൽ വലിയൊരളവുവരെ അതിനെയൊക്കെ അതിജീവിച്ച് കിതച്ചു കൊണ്ടെങ്കിലും മുന്നോട്ട് നടക്കുകയും ഏതാണ്ട് മുക്കാല്‍ ഭാഗം ഇന്ത്യക്കാരന്‍റെയും കഞ്ഞിയുമായിരുന്ന ഈ രണ്ടു മേഖലകളെ ഒരു പഴുതും ഇല്ലാതെ തകർക്കുക എന്ന ലക്ഷ്യം കൂടി ഡീമോണിറ്റൈസേഷനും GST യും നടപ്പാക്കിയതിനുണ്ട് എന്നാണ് മനസ്സിലാവുന്നത്. കാരണം രാജ്യത്തെ ജനതയുടെ അത്ര തന്നെ വലിയ മേഖലകളിലാണിത് രണ്ടും.

കാർഷിക മേഖലയുടെ കാര്യമെടുത്താൽ ഇന്ത്യയിലെ 50 ശതമാനം തൊഴില്‍ ശക്തിയും 15% GDP യും സംഭാവന ചെയ്യുന്ന മേഖലയാണ് ഇത്. ഒരു പരിധിവരെ കോർപ്പറേറ്റ് വൽക്കരണം സാധ്യമായെങ്കിലും 80 ശതമാനത്തോളം കർഷകർ എപ്പോഴും ചെറുകിട/ ഇടത്തരം കര്‍ഷകര്‍ തന്നെയാണെന്നതാണ് വസ്തുത. ഇന്ത്യയിലെ കൃഷി ഭൂമിയുടെ കാര്യമെടുത്താല്‍ ഏകദേശം 70 ശതമാനത്തോളം കൃഷിഭൂമിയും ചെറുകിടക്കാരുടെ കയ്യില്‍ തന്നെ. ഏകദേശം 1.1 ബില്യൺ ജനങ്ങൾ ചെറുകിട കൃഷിയെ ആശ്രയിച്ചു കഴിയുകയാണ് നമ്മുടെ രാജ്യത്ത്. ഇന്ത്യയിലെ കൃഷി ഭൂമിയുടെ ഏകദേശം 48 ശതമാനവും ഇത്തരം ചെറുകിട കർഷകരുടെ കൈയിലാണ്, 40 ശതമാനത്തോളം കൃഷിഭൂമി ഇടത്തരം കർഷകരുടെ കൈയിലും. ബാക്കിയുള്ള വളരെ കുറച്ച് ശതമാനം മാത്രമാണ് കോർപ്പറേറ്റുകളുടെ കൈയിലുള്ളത് . തങ്ങള്‍ക്ക് ഇതുവരെ കെെവെക്കാന്‍ കഴിയാത്ത ഈ കൃഷി ഭൂമിയിലാണ് കോർപ്പറേറ്റുകളുടെ നോട്ടം .ഒരു ഗതി ഉണ്ടെങ്കിൽ കൃഷിഭൂമി വില്ക്കാത്ത,കൃഷിയെ വിശ്വാസവുമായൊക്കെ ചേര്‍ത്ത് നിര്‍ത്തുന്ന കർഷകരാണ് ഇന്ത്യയിൽ ഭൂരിഭാഗവും. ഇവരുടെ കൈയിൽനിന്ന് കൃഷിഭൂമി മൊത്തത്തില്‍ തട്ടിയെടുക്കാന്‍ ഒരു മാർഗ്ഗമേയുള്ളൂ; ഗത്യന്തരമില്ലാതെ കൃഷിഭൂമി വില്‍ക്കാൻ നിർബന്ധിക്കപ്പെടുത്തുക.ഏകദേശം 70% ഇന്ത്യൻ കർഷകർ അവരുടെ മുടക്കുമുതലിന്റെ താഴെമാത്രം ലാഭത്തിൽ കൃഷി ചെയ്യുന്നവരാണ് എന്ന വസ്തുത ഇവിടെയുണ്ട് .അതായത് കൃഷിയില്‍ ലാഭമുള്ളവര്‍ വളരെ കുറവാണിവിടെ.
കൂടാതെ കർഷക ആത്മഹത്യയുടെ 80 ശതമാനവും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എടുത്ത ബാങ്ക് ലോണും വട്ടി പലിശയും തിരിച്ചടക്കാന്‍ കഴിയാതെ ഉള്ളതാണ് .

കര്‍ഷക ആത്മഹത്യകളുടെ 70 ശതമാനവും ഒരു ലക്ഷം രൂപയിൽ താഴെ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യയുടെ കാരണം എന്നാണ് ഈ അടുത്ത് വന്ന പഠനങ്ങള്‍ പറയുന്നത് എന്ന കാര്യവും ഇതിനോട് ചേർത്തു വായിക്കുക.ഇനിയാണ് കോർപ്പറേറ്റുകൾ നരേന്ദ്ര മോഡിയെന്ന നെറികെട്ട പ്രധാനമന്ത്രിയുമായി ചേർന്ന് നടത്തിയ നീക്കങ്ങളുടെ ഉള്ളുകളികളിലേക്ക് കുഴിച്ചു നോക്കേണ്ടത്.
ഇന്ത്യയിലെ പ്രധാന കൃഷി രീതികളാണ് ഖാരിഫും റബ്ബിയും എന്ന് നമുക്ക് അറിയാമല്ലോ. നവംബർ മാസത്തിലാണ് ഖാരിഫ് വിളകളുടെ വിളവെടുപ്പ് സമയം. അതേ നവംബർ മാസത്തിലാണ് റബ്ബി വിളകളായ ഗോതമ്പ്, കടുക്, കടല മുതലായവയുടെ വിത്തിടുന്ന സമയവും. അതായത് ഈ മാസം ഇന്ത്യൻ കർഷകരെ സംബന്ധിച്ച് അതീവ നിർണായകമായ മാസമാണ്.
കഴിഞ്ഞവർഷത്തെ കടം തിരിച്ചടയ്ക്കാൻ ഉണ്ട് ,അതിന് ഇത്തവണ വിളവെടുത്തിട്ട് വേണം കൊടുത്തുവീട്ടാൻ എന്നതാവും നവംബറില്‍ ഓരോ ഖാരിഫ് കര്‍ഷകനും ചിന്തിക്കുക. അതേ സമയം ഓരോ റബ്ബി കര്‍ഷകന് വിത്തിടാനായി കടം വാങ്ങണം. വിത്തിട്ടില്ലേല്‍ കുടുംബം പട്ടിണിയാവും എന്ന് ഉറപ്പാണ്. ഒരുഭാഗത്ത് കടം വാങ്ങണം വേറൊരു ഭാഗത്ത് കടം വാങ്ങിയത് തിരിച്ചു കൊടുക്കണം

112 മെട്രിക് ടണ്‍ വിളവെടുക്കേണ്ട റബ്ബി വിളകളുടെ വിത്തിറക്കേണ്ട സമയമാണ് നവംബർ മാസം. 263 മില്യൺ ഇന്ത്യൻ കർഷകർ ഈ കൃഷിയെ ആശ്രയിച്ചു കഴിയുകയാണ്. പണം ആത്യാവശ്യമായി വേണ്ട സമയത്ത് കള്ളപ്പണം പിടിക്കാന്‍ എന്ന പേരില്‍ വിപണിയില്‍ നിന്ന് 85% നോട്ടുകളും പിന്‍വലിച്ചതിനാല്‍ കർഷകർക്കു വിത്ത് വാങ്ങാനോ വളം വാങ്ങാനോ പൈസയില്ലാതെ നെട്ടോട്ടമോടേണ്ട അവസ്ഥ വന്നു. ഇന്ത്യൻ കാർഷിക മേഖലയിലെ ഒരുവിധം എല്ലാ ഇടപാടുകളും നോട്ടിലാണ് നടക്കുന്നത്.
ചെക്ക് പോലും സ്വീകാര്യമല്ല ഫലമോ 2016 നവംബറിൽ 79 ലക്ഷം ഹെക്ടർ റബ്ബി വിളകൾ വിതയ്ക്കേണ്ട സമയത്ത് അതിന്റെ 20 ശതമാനം മാത്രമാണ് പൂർത്തിയായത്.അതേ സമയം ഖാരിഫ് വിളകളുടെ വിളവെടുപ്പ് സമയത്ത് തന്നെ നടന്ന ഡീമോണിറ്റെസേഷന്‍ കാരണം കര്‍ഷകരില്‍ നിന്ന് വിളകള്‍ ശേഖരിക്കേണ്ട ഇടത്തരം സംരംഭകരുമായുള്ള കര്‍ഷകരുടെ കെെമാറ്റ ചങ്ങല ബ്രേക്ക് ആയി.
ഇന്ത്യയിലെ കര്‍ഷക മേഖലയില്‍ ഏകദേശം 100% ഇടപാടുകളും നടക്കുന്നത് നോട്ടുകള്‍ കൊണ്ട് ആണെന്നതിനാല്‍ നോട്ട് നിരോധനം കൊണ്ട് നശിച്ചത് സ്വപ്നം കാണുന്നതിനേക്കാള്‍ കൂടുതല്‍ വിളകളാണ്. ഫലമോ ഖാറിഫിനെയും റബ്ബിയും ആശ്രയിച്ച് കഴിഞ്ഞ വര്‍ഷത്തെ വായ്പ്പ അടക്കാമെന്ന് കണക്ക് കൂട്ടിയ കര്‍ഷകര്‍ക്ക് മുന്നില്‍ രണ്ട് സാധ്യത മാത്രം തുറന്ന് കിട്ടും.
ഒന്ന് ആത്മഹത്യയും രണ്ട് കൃഷി ഭൂമി വില്‍പ്പനയും.

കര്‍ഷക ആത്മഹത്യയുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 2016-17 ല്‍ 2015-16 നേക്കാള്‍ ആത്മഹത്യാ നിരക്ക് 40% കണ്ട് വര്‍ധിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. മഹാരാഷ്ട്രയും കര്‍ണാടകയും ആണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്.
2017 ജനുവരി മുതല്‍ മെയ് വരെ മാത്രം മഹോരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 1129 കര്‍ഷകരാണ് .ഇതേ കാലയളവില്‍ 900 കര്‍ഷകര്‍ കര്‍ണാടകയിലും ആത്മഹത്യ ചെയ്തു.ആത്മഹത്യ ചെയ്യാത്ത കര്‍ഷകരുടെ രണ്ടാമത്തെ മാര്‍ഗ്ഗം കൃഷി ഭൂമിയുടെ വില്‍പ്പനയാണ്. ഇങ്ങനെ ഇടത്തരം കര്‍ഷകര്‍ വില്‍ക്കുന്ന കൃഷി ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് വളരെ തുച്ഛമായ വിലക്ക് വാങ്ങി കൂട്ടാന്‍ വളരെ എളുപ്പത്തില്‍ കഴിയും. ആത്മഹത്യക്ക് മുമ്പ് കൃഷി ഭൂമി വില്‍പ്പനയല്ലാതെ ഗതികെട്ട കര്‍ഷകരുടെ മുമ്പില്‍ വേറെ എന്ത് സാധ്യതയാണ് ഉള്ളത്…? മന്‍മോഹന്‍ സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും കോര്‍പ്പറേറ്റ് വല്‍ക്കരണത്തില്‍ നിന്ന് ഒരു പരിധി വരെ വഴുതി മാറിയിരുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഒരു സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തിയാണ് നരേന്ദ്രമോഡിയെന്ന കോര്‍പ്പറേറ്റ് ദല്ലാള്‍ വളരെ എളുപ്പത്തില്‍ കോര്‍പ്പറേറ്റുകളുടെ കയ്യിലെത്തിച്ചത്…..!!

ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക് കുറേ കാലമായി നോട്ടമുള്ള മറ്റൊരു മേഖലയാണ് ചെറുകിട വ്യവസായ മേഖല. നിയോ ലിബറല്‍ നയങ്ങള്‍ മൂലം മറ്റു പലതും തകര്‍ന്ന് തരിപ്പണമായപ്പോഴും അതിനിടയില്‍ കൂടി വലിയ പരിക്കൊന്നുമില്ലാതെ കുറച്ച് തട്ടലും മുട്ടലുമായി ഊളിയിട്ട് നടന്നിരുന്നതായിരുന്നു ചെറുകിട വ്യാവസായിക രംഗം. ഇന്ത്യയുടെ പ്രെെമറി ഗ്രോത്ത് ഡ്രെെവര്‍ എന്ന് വിളിക്കാവുന്ന മേഖല,ഏകദേശം മൂന്ന്‍ മില്യണ്‍ ചെറുകിട വ്യവസായങ്ങള്‍ ഉണ്ട് ഇവിടെ. ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനത്തിന്‍റെ 50%വും ആകെ കയറ്റുമതിയുടെ 42%വും ഇവിടെ നിന്നാണ്. വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവും എന്നതിനാല്‍ ഒരു പരിധി വരെ കോര്‍പ്പറേറ്റ് മേഖലയുടെ ചൂഷണങ്ങളില്‍ നിന്നും ഇന്ത്യന്‍ ജനതയെ രക്ഷിച്ച് നിര്‍ത്തിയിരുന്നതും ഇവരാണ്. ഈ മേഖലയുടെ തകര്‍ച്ചയെന്നത് കോര്‍പ്പറേറ്റുകള്‍ കുറേ കാലമായി ലക്ഷ്യമിടുന്നതാണ്. ചെറുകിട വ്യാവസായിക മേഖലയെ തകര്‍ക്കാനുള്ള ഒരേയൊരു മാര്‍ഗം അവരെ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ അനുവധിക്കാതിരിക്കുക എന്നതാണ്. അതിന് കണ്ടെത്തിയ മാര്‍ഗമാണ് GST. ഒരേ വിലക്ക് വന്‍ കിട കമ്പനികളുടെയും ചെറുകിട വ്യവസായങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടിവന്നാല്‍ ചെറുകിടക്കാര്‍ തകരുമെന്ന് ഉറപ്പോണ്. മുമ്പായിരുന്നെങ്കില്‍ 1.5 കോടി വരെ ടേണ്‍ ഓവറുള്ള ചെറുകിട വ്യവസായങ്ങളൊന്നും എക്സെെസ് ഡ്യൂട്ടിയുടെ പരിധിയില്‍ വരില്ലായിരുന്നു. എക്സെെസ് ഡ്യൂട്ടി ഇല്ലാത്തതിനാല്‍ വളരെ കുറഞ്ഞ റെയ്റ്റില്‍ ഉല്‍പ്പാദകര്‍ക്ക് പ്രൊഡക്റ്റുകള്‍ വില്‍ക്കാം .അത് കൊണ്ട് സാമാന്യം കുഴപ്പമില്ലാത്ത വ്യവസായ ശാലകളൊക്കെ വലിയ നഷ്ടമില്ലാതെ നടന്നു പോവും എന്നാല്‍ GST ചെറുകിട വ്യവസായങ്ങളുടെ കടയ്ക്കലാണ് കത്തി വെച്ചത്. 1.5 കോടി വിറ്റുവരവെന്നത് വളരെ കുറച്ച് 20 ലക്ഷം രൂപ വരെ ടേണോവര്‍ ഉള്ള കമ്പനികളെ വരെ എക്സെെസ് ഡ്യൂട്ടിയുടെ പരിധിയില്‍ പെടുത്തി. ഫലമോ ചെറിയ വിലയ്ക്ക് സാധനങ്ങള്‍ വിറ്റിരുന്നത് കൊണ്ട് മാത്രം കഴിഞ്ഞു പോയിരുന്നവര്‍ക്കെല്ലാം വില വര്‍ധിപ്പിക്കേണ്ട അവസ്ഥ വരും.വില വര്‍ധിപ്പിക്കേണ്ട അവസ്ഥ വരുമ്പോള്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് മല്‍സരിക്കേണ്ടിവരിക വന്‍കിടക്കാരോടാണ്. അപ്പോള്‍ ചെറുകിട മേഖല തകര്‍ന്ന് തരിപ്പണമാവും.രണ്ടാമത് ഒരു പ്രശ്നം കൂടിയുണ്ട്. ചെെനയില്‍ നിന്ന് ഇന്ത്യയുടെ ഇറക്കുമതി എല്ലാ വര്‍ഷവും വര്‍ധിച്ച് വരികയാണ്.
GST വന്ന ശേഷം ഉയര്‍ന്ന ഉല്‍പ്പാദന ചിലവുള്ള ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ ചിലവ് കുറഞ്ഞ രീതിയില്‍ നിര്‍മിച്ച ചെെനീസ് ഉല്‍പ്പന്നങ്ങളോടും മല്‍സരിക്കേണ്ടിവരും. ഒരേ സാധനങ്ങള്‍ രണ്ട് വിലയില്‍ വരുമ്പോള്‍ ജനം ചെെനീസ് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്. ചെറുകിട മേഖലക്ക് പിന്നെ എരിഞ്ഞ് അടങ്ങുകയല്ലാതെ വേറെ മാര്‍ഗം കാണില്ല.

ചുരുക്കത്തില്‍ മന്‍മോഹന്‍സിങിന്‍റെ ഭരണത്തിലെ കോര്‍പ്പറേറ്റ് പ്രീണനത്തിന്‍റെ തുടര്‍ച്ചയാണ് ഡീമോണിറ്റെസേഷനും GST യും.
മറ്റ് പല ലക്ഷ്യങ്ങളോടെയാണ് ഇവ രണ്ടും അവതരിപ്പിക്കപ്പെട്ടതെങ്കിലും അത്യന്തികമായി കോര്‍പ്പറേറ്റുകള്‍ക്ക് ഇതുവരെ തകര്‍ക്കാന്‍ കഴിയാതിരുന്ന ചെറുകിട കാര്‍ഷിക മേഖലയുടെയും ചെറുകിട വ്യവസായങ്ങളുടെയും അടിപടലെയുള്ള തകര്‍ച്ചക്ക് വഴിവെക്കുന്ന സര്‍ജിക്കല്‍ സ്ട്രെെക്ക് തന്നെയാണ് നരേന്ദ്ര മോഡി നടപ്പിലാക്കിയത്.ഈ രണ്ട് മേഖലകള്‍ കൂടി കെെപ്പിടിയില്‍ ഒതുങ്ങിയാല്‍ ഉണ്ടാകുന്ന ലാഭത്തിന്‍റെ കണക്ക് ഇന്ത്യാ മഹാ രാജ്യത്തേക്കാള്‍ വലുതാണെന്ന് കോര്‍പ്പറേറ്റുകളെ ആരും പഠിപ്പിക്കേണ്ടതില്ല… !