Anoop Nair

രണ്ട് നിലകള്‍ തകര്‍ത്ത് വീടിനുള്ളില്‍ വീണ വസ്തു ബഹിരാകാശ നിലയത്തിലേതെന്ന് സ്ഥിരീകരിച്ച് നാസ

മനുഷ്യന്‍ ബഹിരാകാശത്തേക്ക് വിടുന്ന ഒരോ റോക്കറ്റും ബഹിരാകാശത്ത് അത്രയും മാലിന്യമാണ് നിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഈ മാലിന്യങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഭീഷണിയാണെന്ന് ശാസ്ത്ര ലോകം തന്നെ മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെയാണ് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്നും അടര്‍ന്ന് വീണ ഒരു വസ്തു തന്‍റെ ഫ്ലോറിഡയിൽ ഉള്ള വീടിന് കേട് പാട് പറ്റിയെന്ന് ആരോപിച്ച് കൊണ്ട് അമേരിക്കക്കാരനായ അലജാന്ദ്രോ ഒട്ടെറോ എന്നയാള്‍ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ മാസമാണ് സംഭവമെങ്കിലും കഴിഞ്ഞ ദിവസം അത് തങ്ങളുടെ ബഹിരാകാശ നിലയത്തില്‍ നിന്നുള്ളതാണെന്ന നാസ അറിയിച്ചു.

ഭൂമിയില്‍ നിന്നും ഏതാണ്ട് 330 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയില്‍ ബഹിരാകാശത്താണ് നാസയുടെ സ്പേസ് സ്റ്റേഷന്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നത്. ഇത്രയും ഉയരത്തില്‍ നിന്നും ഭൂമിയിലേക്ക് പതിച്ച ലോഹം, അലജാന്ദ്രോ ഒട്ടെറോയുടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് അകത്ത് വീണു. ഒന്നല്ല, രണ്ട് നിലകളുടെയും സീലിംഗിനെ തുളച്ച് ലോഹ വസ്തു കടന്ന് പോയെന്ന് അലജാന്ദ്രോ ഒട്ടെറോ പറയുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം സാമൂഹിക മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. മാർച്ച് 16 ന് ആയിരുന്നു സംഭവം.

ഒടുവില്‍, കഴിഞ്ഞ ദിവസമാണ് നാസ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയത്. 2021 ൽ ഓർബിറ്റൽ ഔട്ട്പോസ്റ്റിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട പഴയ ബാറ്ററികൾ വഹിക്കുന്ന കാർഗോ പാലറ്റിന്‍റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുകയും കത്തിയമരുകയും ചെയ്തെന്ന് നാസ പറയുന്ന സമയവുമായി, അലജാന്ദ്രോ ഒട്ടെറോയുടെ വീട്ടില്‍ അജ്ഞാത വസ്തു വീണ സമയം പൊരുത്തപ്പെടുന്നതാണെന്ന് ബഹിരാകാശ നിരീക്ഷകർ അറിയിച്ചു. പഠനത്തിനായി ഒട്ടെറോയിൽ നിന്ന് ശേഖരിച്ച വസ്തുവിൽ നടത്തിയ പഠനത്തിന് ശേഷമാണ് നാസയുടെ വിശദീകരണം.

കാർഗോ പാലറ്റിൽ ബാറ്ററികൾ ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന നാസ ഫ്ലൈറ്റ് സപ്പോർട്ട് ഉപകരണങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളാണെന്ന് അലജാന്ദ്രോ ഒട്ടെറോയുടെ വീട്ടില്‍ വീണതെന്ന് നാസ വ്യക്തമാക്കി. ക്രോമിയം ലോഹം ഉപയോഗിച്ച് നിര്‍മ്മിച്ച 700 ഗ്രാം ഭാരവും 10 സെന്‍റിമീറ്റർ ഉയരവും 4 സെന്റീമീറ്റർ വ്യാസവുമുള്ള ലോഹ വസ്തു ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമരാതെ എങ്ങനെ അതിജീവിച്ചുവെന്നതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും നാസയുടെ അറിയിപ്പില്‍ പറയുന്നു. ഈ ബാറ്ററികള്‍ നാസ വിക്ഷേപിച്ച ജപ്പാനിലെ ബഹിരാകാശ ഏജൻസിയുടെ ഒരു പാലറ്റ് ഘടനയുടേതാണെന്ന് ആദ്യറിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

You May Also Like

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Basheer Pengattiri ബഹിരാകാശ നിലയങ്ങൾ ——————————————— ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും…

ചന്ദ്രനെ നോക്കുമ്പോൾ, അത് നമ്മുടെ ഭൂതകാലത്തിന്റെ പ്രതീകം മാത്രമല്ല, നമ്മുടെ ഭാവിയിലേക്കുള്ള വഴി തെളിയിക്കുന്ന ഒരു വിളക്കുമാടവുമാണ്

free thinker കടപ്പാട് : നമ്മുടെ പ്രപഞ്ചം മനുഷ്യചരിത്രത്തിലുടനീളം എണ്ണമറ്റ കഥകൾക്കും കെട്ടുകഥകൾക്കും ശാസ്ത്രീയ അന്വേഷണങ്ങൾക്കും…

ചരിത്രത്തിലെ ഓരോ വിശുദ്ധനും പാപിയും ഈ ബിന്ദുവിൽ താമസിച്ചിരുന്നു

കാൾ സാഗന്റെ വാക്കുകൾ തർജ്ജമചെയ്തു ഉദ്ധരിച്ചുകൊണ്ട് വിദ്യ വിശ്വംഭരൻ തയ്യാറാക്കിയ പോസ്റ്റ് . ഈ പോസ്റ്റിൽ…

ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ യാത്ര തുടങ്ങിയ വീഡിയോ പുറത്തുവിട്ട് ഇസ്രോ

ചന്ദ്രയാന്റെ വിജയം രാജ്യവും ലോകവും ആഘോഷിക്കുമ്പോൾ പുതിയ പുതിയ അപ്‌ഡേറ്റുകൾക്ക് കാതോർക്കുകയാണ് ലോകം. ചന്ദ്രയാന്‍ മൂന്നിലെ…