മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിച്ച് ചരിത്രം സൃഷ്ടിച്ച യുഎസിന്റെ നേതൃത്വത്തിൽ വീണ്ടും പുതിയൊരു ദൗത്യം അണിയറയിൽ ഒരുങ്ങുകയാണ്- ആർട്ടെമിസ്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക അവിടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ച നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ 5 ആയിരുന്നു ലോകത്ത് ഇതുവരെ ഉണ്ടാക്കിയതിൽവച്ച് ഏറ്റവും വലിയ റോക്കറ്റുകൾ. ഇന്നുവരെ, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് മനുഷ്യരെ എത്തിച്ചിട്ടുള്ള ഒരേയൊരു വിക്ഷേപണ വാഹനവും സാറ്റേൺ 5 തന്നെ. ആർട്ടിമിസ് ദൗത്യത്തിന്റെ ആശയം വന്നപ്പോൾ ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് തുടങ്ങി പല മുൻനിര സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും നാസ പരിഗണിച്ചെങ്കിലും ഒടുവിൽ സാറ്റേൺ 5 നൊരു പിൻഗാമിയെ സ്വന്തമായി തന്നെ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് SLS അഥവാ സ്‌പേസ് ലോഞ്ച് സിസ്റ്റം പിറന്നത്. ഇതുവരെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതില്‍വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണ് SLS. Saturn V നെക്കാൾ 15% കൂടുതൽ ശക്തിയുണ്ടിതിന്.32 നില കെട്ടിടത്തിന്റെ ഉയരവും 2600 ടൺ ഭാരവുമുണ്ട് SLS ന്. 2.82 ലക്ഷം കോടി രൂപയാണ് നിർമാണച്ചെലവ്.
ഈ റോക്കറ്റിൽ ഘടിപ്പിക്കുന്ന ‘ഓറിയൺ’ എന്ന പേടകത്തിലാകും യാത്രികർ ഇരിക്കുക. ആര്‍ട്ടെമിസ് ബഹിരാകാശ പര്യവേക്ഷണ പരിപാടിയുടെ ഭാഗമായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഒരു പക്ഷേ, ദീർഘമായ ബഹിരാകാശ യാത്രയിൽ മറ്റു വിദൂര സ്ഥാനങ്ങളിലേക്ക് വരെ സമാനതകളില്ലാത്ത പേലോഡുകൾ വഹിക്കാൻ പാകത്തിന് രൂപകൽപ്പന ചെയ്ത ഒരു ഹെവി-ഡ്യൂട്ടി വിക്ഷേപണ വാഹനം തന്നെയാണ് SLS. മറ്റേതൊരു ബഹിരാകാശ റോക്കറ്റിൽ നിന്നും വ്യത്യസ്തമായി വികസിക്കുന്ന സാങ്കേതികവിദ്യക്കൊപ്പം വികസിപ്പിക്കാവുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പന. മോഡുലാർ ഡിസൈനും പരസ്പരം മാറ്റാവുന്ന ഭാഗങ്ങളും അർത്ഥമാക്കുന്നത് വളരുന്ന സാങ്കേതികവിദ്യകൾക്കും വ്യത്യസ്‌ത ദൗത്യ ലക്ഷ്യങ്ങൾക്കുമൊപ്പം ഇതിന് വികസിക്കാൻ കഴിയും എന്നാണ്.
വാഹനം ആളുകളെയാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചരക്കുകളാണോ വഹിക്കേണ്ടത് എന്നതിനെ ആശ്രയിച്ച് വികസിപ്പിക്കുകയും മാറ്റുകയും ചെയ്യുന്ന ഘടകങ്ങളുടെ ഒരു നിരയിലാണ് SLS ൽ വരുന്നത്. ബ്ലോക്ക് 1, ബ്ലോക്ക് 1B, ബ്ലോക്ക് 2. എന്നിങ്ങനെ മൂന്ന് പ്രധാന വേരിയന്റുകൾ ഈ റോക്കറ്റിനുണ്ട്.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ട വലിയ റോക്കറ്റ് എഞ്ചിനുകളിൽ ഒന്നാണ് SLS ന്റേത്.
ഓരോ ബൂസ്റ്റർ റോക്കറ്റിന്റെയും അടിത്തട്ടിലുള്ള നാല് ലിക്വിഡ്-പ്രൊപ്പല്ലന്റ് എഞ്ചിനുകളും 61 മീറ്റർ ഉയരമുള്ള കോർ സ്റ്റേജിലെ നാല് എഞ്ചിനുകളും ചേര്‍ന്ന് 8 മിനിറ്റ് കൊണ്ട് SLS നെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനാവും. സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച്, സോളിഡ്-റോക്കറ്റ് ബൂസ്റ്ററുകളും കൂടുതൽ മികച്ച ബൂസ്റ്ററുകൾക്കായി മാറ്റപ്പെടും. 2011 മുതൽ നാസ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അമേരിക്കൻ സൂപ്പർ ഹെവി-ലിഫ്റ്റ് എക്സ്പെൻഡബിൾ ലോഞ്ച് വെഹിക്കിളിന്റ ആദ്യത്തെ ലക്ഷ്യസ്ഥാനം ചന്ദ്രനാണ്. ആർടെമിസ് ദൗത്യങ്ങളെ കുറിച്ച് കൂടുതൽ അറിയൂ ..