യുഎസ് ബഹിരാകാശ ഏജൻസിയായ ‘നാസ’യുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന എൻജിനീയർമാർ കപ്പലണ്ടി കൊറിക്കുന്നത് എന്തിന് ?
അറിവ് തേടുന്ന പാവം പ്രവാസി
യുഎസ് ബഹിരാകാശ ഏജൻസി ‘നാസ’യുടെ ദൗത്യങ്ങൾ കടുകിട പിഴയ്ക്കാതെ വിജയിക്കുന്നതിന്റെ കാരണമെന്ത്? തങ്ങളുടെ മികവു മാത്രമല്ല, കപ്പലണ്ടിയുടെ രുചിയും ഇതിനു പിന്നിലുണ്ടെന്നാണ് നാസയിലെ എൻജിനീയർമാർ വിശ്വസിക്കുന്നത്. ഞെട്ടണ്ട. നാസയുടെ ഈ കപ്പലണ്ടി ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല . അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറൻസ് ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ വിജയകരമായി ഇറങ്ങിയതിനു പിന്നാലെ കപ്പലണ്ടിക്കഥ വീണ്ടും ചർച്ചയാകുകയാണ്.
ദൗത്യവിജയത്തിനു പിന്നാലെ എൻജിനീയർമാർ കപ്പലണ്ടിപ്പൊതിയുമായി ഗ്രൂപ്പ് ഫോട്ടോയുമെടുത്തതോടെ സംഗതി വൈറലായി.1964ലെ റേഞ്ചർ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും ഒരുമിക്കുന്നത്. നേരത്തേ 6 റേഞ്ചർ ദൗത്യങ്ങളും പരാജയമായിരുന്നതിനാൽ നാസയുടെ സതേൺ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഏഴാം ദൗത്യത്തിനു എൻജിനീയർമാർ അൽപം നെഞ്ചിടിപ്പോടെയാണ് എത്തിയത്. അപ്പോഴാണ് മിഷൻ ട്രജക്ടറി എൻജിനീയർ ഡിക് വാലസിന്റെ ‘മനസ്സിൽ കടല പൊട്ടി’യത്!
ദൗത്യം വിജയിക്കണമെങ്കിൽ എൻജിനീയർമാരുടെ ടെൻഷൻ കുറയ്ക്കണം. അതിനോ? എന്തെങ്കിലും കൊറിക്കാൻ കൊടുക്കണം. അങ്ങനെയാണ് നാസയിലേക്കു കപ്പലണ്ടിയുടെ കടന്നുവരവ്. എൻജിനീയർമാർക്കു കൊറിക്കാൻ കപ്പലണ്ടി നൽകാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ , വൈകുകയോ ചെയ്തത്രേ.
40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവിൽ യാഥാർഥ്യമായത് എൻജിനീയർമാർക്കു കപ്പലണ്ടി കൊടുത്ത ശേഷമാണ്. ബഹിരാകാശദൗത്യം വിജയിക്കണമെങ്കിൽ റോക്കറ്റ് സയൻസിലെ അറിവു മാത്രം പോരാ, കുറച്ചു കപ്പലണ്ടിയും അകത്താക്കണമെന്ന വിശ്വാസം ഇതോടെ നാസയിൽ വേരുപിടിച്ചു. ദൗത്യങ്ങളുടെ ചെക്‌ലിസ്റ്റിൽ കപ്പലണ്ടി ഒഴിവാക്കാനാകാത്തതായി മാറി; ഒടുവിലത്തെ പെഴ്സിവീയറൻസ് ദൗത്യം വരെ.