തോന്നിവാസികളും അഹങ്കാരികളുമാണ് ചില നാടുകളിൽ കോവിഡ് പടർത്തിയത്

0
39

Näsar Mahin

കോവിഡ് 19 ഉം അനുബന്ധ ലോക്ക്ഡൗണിന്റെയും പാശ്ചാത്തലത്തിൽ നമ്മുടെ ജീവിത രീതികൾ ഏറെ മാറിയിരിക്കുന്നു! നമ്മിൽ പലരും വകതിരിവോടെയും വീണ്ടുവിചാരത്തോടെയും ജീവിക്കാൻ പഠിച്ചിരിക്കുന്നു.രോഗികളുമായുള്ള സമ്പർക്കത്തിനിടയിൽ രോഗം ബാധിച്ചവരും മരണപെട്ടവരുമായ ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും മറ്റ് ഹെൽത്ത് വർക്കേഴ്സിന്റെയും അത്പോലെ നിയമപാലകരുടെയും വാർത്തകൾ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ദിനേന വന്ന് കൊണ്ടിരിക്കുന്നു!

സമ്പർക്കത്തിലൂടെയുള്ള ഇതിന്റെ വ്യാപന സാധ്യതയുടെ ഗൗരവം അത് നമ്മെ ഓർമപ്പെടുത്തുന്നു! എന്നാൽ, നിരാശാജനകമെന്ന് പറയട്ടെ, ചിലയാളുകൾക്ക് ഇപ്പോഴും ഇതിന്റെ ഗൗരവം ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല! നിയമത്തെയും നിയന്ത്രണങ്ങളെയും നിഷ്പ്രഭമാക്കി കൊണ്ട് അവർ തങ്ങൾക്ക് തോന്നിയപോലെ ജീവിക്കുന്നു! മറ്റ് സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് വിവിധങ്ങളായ കാരങ്ങളാൽ നിലവിൽ നമ്മുടെ സംസ്ഥാനം സുരക്ഷിതമാണെങ്കിലും ഇത്തരം ആളുകൾ കാരണമായിരിക്കും ഇവിടെ എല്ലാം കൈവിട്ട് പോവുക! ഇതിനകം ഇതൊരു ദുരന്തമായി മാറിയ രാജ്യങ്ങളിലൊക്കെയും ഇത്തരം തോന്നിവാസികളും അഹങ്കാരികളുമാണ് പ്രധാന കാരണമെന്ന് നാം ഓർക്കുന്നത് നന്ന്.

ആരാധനാലയങ്ങൾ അടച്ചും ഉറ്റവർ മരണപ്പെട്ടാൽ സംസ്കാര ചടങ്ങുകളിൽ നിന്ന് വിട്ട് നിന്നുമൊക്കെയുള്ള ഈ ഒരവസ്ഥയിലും തിരിച്ചറിവ് ലഭിക്കാത്ത ഇവരോടൊക്കെ ഏറെ പുച്ഛവും അവരുടെ കുടുബാംഗങ്ങളോട് സഹതാപവും തോന്നുന്നു.
ഇതിന്റെ വ്യാപനത്തെ കുറിച്ച് ചെറിയൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

ഇന്നലെ (21.04.2020) നമ്മൾ ഒരു വാർത്ത കേട്ടു… ചെന്നൈയിൽ നിന്നും അധികൃതരുടെ ശ്രദ്ധ വെട്ടിച്ച് നാട്ടിലെത്താൻ ശ്രമിക്കവേ പാലക്കാട്ട് പോലീസ് പിടിയിലായ 18 വയസ്സ്ക്കാരൻ! പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ്! കൂടെയുണ്ടായിരുന്നവൻ എവിടെയും പിടിക്കപെടാതെ അവന്റെ വീട്ടിൽ എത്തി! ഇന്ന് പോലീസ് അവനെയും പിടിച്ചു കൊണ്ട് പോയി. ഇനി ഇവർ അധികൃതരുടെ ശ്രദ്ധയിൽ പെടാതെ സ്വന്തം വീട്ടിൽ എത്തി നാട്ടിൽ കറങ്ങി നടക്കുന്നുവെന്ന് അനുമാനിക്കുക. എന്റെ നാടായ കൂട്ടിലങ്ങാടിയിൽ നിന്നുള്ള അവരുടെ ഒരു സുഹൃത്ത് അവരടുത്ത് പോകുന്നു; അടുത്തിടപഴകുന്നു. അതുവഴി ആ കൂട്ടിലങ്ങാടിക്കാരനും വൈറസ് ബാധിക്കുന്നു!

കൂട്ടിലങ്ങാടിക്കാരൻ പിന്നീട് തന്റെ അയൽവാസി സുഹൃത്തക്കളുമായി കോഴി ചുട്ട് തിന്നാൻ ഒത്ത് കൂടുന്നു, അടുത്തിടപഴകുന്നു; അവരിലും ആ വൈറസ് കുടിയേറുന്നു! അവർ ഒരു പക്ഷെ വൈറസ് ബാധിച്ചിട്ടും രോഗത്തെ അതിജീവിക്കുന്നു. എന്നാൽ തങ്ങളുടെ വീട്ടിലെ പ്രായം ചെന്നവരും ഇളയവരുമായ ഇമ്മ്യൂണിറ്റി ശക്തി കുറഞ്ഞവർ അതിനെ അതിജീവിക്കാൻ കഴിയാതെ അതിന്റെ ഇരകളാകുന്നു! ഇവിടെയാണ് സാമൂഹിക അകലം പാലിക്കലിന്റെ പ്രാധാന്യവും പ്രസക്തിയും നാം മനസ്സിലാക്കേണ്ടത്. അത്കൊണ്ട് ഓരോ വീട്ടുക്കാരും തങ്ങളുടെ വീട്ടിലുള്ളവർ പ്രത്യേകിച്ച് യുവാക്കളായ മക്കൾ അത്യാവശ്യങ്ങൾക്കല്ലാതെ എവിടെയും പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

നിയമം വഴി നിയന്ത്രണങ്ങളും നിബന്ധനകളും നമ്മിൽ അധികാരികൾ അടിച്ചേൽപ്പിക്കും മുമ്പ് തന്നെ നിയമം അനുശാസിക്കും വിധം പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യാൻ ഈ ഒരു മഹാമാരിയുടെ കാര്യത്തിൽ പോലും നമുക്ക് കഴിയുന്നില്ലായെങ്കിൽ നമ്മൾ ലജ്ജിച്ച് തല താഴ്ത്തേണ്ടിയിരിക്കുന്നു!