അടുത്ത കാലത്തായി നമ്മുടെ സംസ്ഥാനത്ത് എല്ലാവിധ തിന്മകളും ഭയാനകമാംവിധം അധികരിച്ചിരിക്കുന്നു !

194

Näsar Mahin

മതങ്ങളും മാമലകളും മാനുഷിക മൂല്യങ്ങളും ചേർന്ന് മനോഹരമാക്കിയ മലയാള നാട് ഭൂമിയിലെ ഒരു സ്വർഗം തന്നെയാണ്.

ലോകത്തെ മൂന്ന് പ്രബല മതങ്ങളും ഒപ്പം കമ്മ്യൂണിസവും മുഖ്യധാരയിൽ തന്നെ തോളോട് തോൾ ചേർന്ന് അധിവസിക്കുന്ന ഭൂമിയിലെ ഒരേയൊരിടം ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു കേരളമായിരിക്കും.

ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ സഹിഷ്ണുതയോടെയും സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് നമ്മളിവിടെ സഹവർത്തിക്കുന്നത്! അതുകൊണ്ടൊക്കെ തന്നെയാവാം ഈ വശ്യമനോഹരമായ നാടിനെ
ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ മലയാളികൾ ഏറെ അഭിമാനത്തോടെ വിളിച്ചു പോരുന്നത്. മലയാളിയിലെ മനുഷ്യത്വത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും തീവ്രത രണ്ട് മഹാമാരികളിലൂടെ നമ്മൾ കണ്ടതാണ്.

എന്നാൽ, ഖേദകരമെന്ന് പറയട്ടെ…
അടുത്ത കാലത്തായി നമ്മുടെ സംസ്ഥാനത്ത് എല്ലാവിധ തിന്മകളും ഭയാനകമാംവിധം അധികരിച്ചിരിക്കുന്നു!

പൊതുവെ തിന്മകൾക്കെതിരെയുള്ള ബോധവത്‌കരണ ക്ലാസ്സുകളിലും മറ്റും പങ്കെടുക്കുന്നത് നേരെചൊവ്വേ നടക്കുന്നവരാണ്! വഴി വിട്ട് നടക്കുന്നവർ അപ്പോഴും അവരുടെ അപഥ സഞ്ചാരത്തിലായിരിക്കും!

തിന്മകളുമായി ബന്ധപ്പെട്ട ചർച്ചകളും ബോധവത്കരണങ്ങളും അവ എത്തേണ്ടവരിലേക്ക് എത്തുന്നില്ല, എത്തിയാൽ തന്നെ അതൊന്നും അത്തരക്കാർക്ക് ഏശുന്നുമില്ല! അതിന് ഉത്തമ ഉദാഹരണമാണ് സിഗരറ്റ് പാക്കറ്റിന്മേലുള്ള മുന്നറിയിപ്പ്. ആ മുന്നറിയിപ്പ് കണ്ടത് കൊണ്ട് മാത്രം ഇന്ന് വരെ ആരും സിഗരറ്റ് വലി തുടങ്ങാതിരുന്നിട്ടില്ല; തുടങ്ങിയവർ നിർത്തിയിട്ടുമില്ല! പിന്നെ എന്താ സംഭവിക്കുന്നത്….
ഈ ബോധവത്കരണത്തിനിടയിൽ ഇത്തരം തിന്മകളിലെ ചില നൂതന രീതികൾ അന്ന് വരെ അതേകുറിച്ച് ഒന്നും അറിയാത്തവരിലേക്കും എത്തുന്നു! പ്രായത്തിന്റെ ചാപല്യത്തിൽ അതൊന്ന് പരീക്ഷിച്ചു നോക്കുന്നു!!😒 അതിന്റെ ഇരയായി മാറുന്നു!!! അതായത് ബോധവത്കരണം വഴി വിപരീതഫലമുണ്ടാവുന്നു എന്നതാണ് നഗ്നയാഥാർത്ഥ്യം!😒

നമ്മുടെ വാർത്താ ചാനലുകൾ കുറ്റകൃത്യ വാർത്തകൾക്കായി പ്രത്യേകം സ്ലോട്ട് കൊടുത്തിരിക്കയാണല്ലോ. ആദ്യ കാലങ്ങളിൽ ഞാൻ അവ വീക്ഷിക്കാറുണ്ടായിരുന്നു; പിന്നീട് നിർത്തി. കുറ്റകൃത്യങ്ങളുടെ തോത് കൂടാനേ അവയൊക്കെ ഉപകരിക്കൂ.

തിന്മകൾ ചെയ്യാനുള്ള അവസരങ്ങളും സാഹചര്യങ്ങളും പരമാവധി ഇല്ലാതാക്കുക, തങ്ങളുടെ നേതാക്കളോ അണികളോ കുറ്റകൃത്യങ്ങളിൽ ഉൾപെട്ടാൽ അവരുടെ മേൽ നടപടി എടുക്കാനും യാതൊരുവിധ സംരക്ഷണം നൽകാതിരിക്കാനും രാഷ്ട്രീയ മത സംഘടനകൾ പ്രതിജ്ഞാബദ്ധരാവുക, കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സത്വരമാക്കി കാലതാമസമില്ലാതെ വിധി നടപ്പിലാക്കുക, തുടങ്ങി നന്മ നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കാൻ വേണ്ട ഒരു മാസ്റ്റർ പ്ലാൻ സർക്കാർ തലത്തിൽ തന്നെ രൂപം കൊടുക്കേണ്ടിയിരിക്കുന്നു.

നമ്മൾ തിന്മകളെ കുറിച്ച് ഒട്ടും സംസാരിക്കാതെ നന്മകളെ കുറിച്ച് മാത്രം സംസാരിച്ച് നന്മകളെ അധികരിപ്പിച്ച് തിന്മകൾ സ്വാഭാവികമായി ഇല്ലാതാവുന്ന ഒരു തലത്തിലേക്ക് കാര്യങ്ങൾ എത്തേണ്ടിയിരിക്കുന്നു. മനുഷ്യ ശരീരത്തിലെ ചീത്ത കൊളെസ്റ്ററോൾ ആയ LDL നെ കുറയ്ക്കാൻ നല്ല കൊളെസ്റ്ററോൾ ആയ HDL കൂട്ടുന്നപോലെ! HDL കൂട്ടാൻ നന്നായി വ്യായാമം ചെയ്‌താൽ മതി. LDL കൂടാൻ കാരണമാകുന്ന കൊതിയൂറും വിഭവങ്ങളെ കുറിച്ച് പറഞ്ഞാൽ അവ കഴിക്കാനുള്ള പൂതി വരും, കഴിക്കും; വീണ്ടും LDL കൂടും!

“തിന്മകൾക്കെതിരെ” എന്നതിന് പകരം “നന്മകൾക്കൊപ്പം” എന്ന ഒരു മുദ്രാവാക്യമാണ് ഇന്നിന്റെ ആവശ്യം. മത ദർശനങ്ങൾക്ക് ഇതിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയും. ഓരോ മതങ്ങളും ഒറ്റയ്ക്കോ കൂട്ടായോ നന്മകൾ മാത്രം കാണുന്ന, കേൾക്കുന്ന, അവ വാർത്തകൾ ആവുന്ന ഒരു പുതിയ കേരളത്തെ പടുത്തുയർത്താൻ തങ്ങളാലാവുന്ന ആത്മാർത്ഥ പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കട്ടെ….

പ്രകൃതി ദുരന്തങ്ങളെ ഒത്തൊരുമയോടെ നേരിട്ട് അതിജയിച്ച നമുക്ക് ഈ സാമൂഹ്യ വിപത്തുകളെയും അതിജയിക്കാൻ കഴിയും.

അറുപത്തിമൂന്നാം കേരള പിറവി ദിന ആശംസകളോടെ….
Näsar Mahin

Previous articleചപ്പാത്തിമാമൻ ‘സൈക്കിൾ മാമൻ’ ആയ കഥ
Next article“ടാ ബിനീഷേ കേറി വാടാ…”
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.