കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്താരം ഇവാന് കല്യൂഷ്നിയുടെ കാല്പാദത്തില് ചുംബിച്ച കമന്റേറ്റര് ഷൈജു ദാമോദരനെതിരെ രൂക്ഷവിമർശനവും ട്രോളുകളും. മലയാളികളുടെ പേരിൽ അത് ചെയ്തതാണ് പലരെയും ചൊടിപ്പിച്ചത്. ഇതിനോടകം അനവധി വിമർശങ്ങളും ട്രോളുകളും ആണ് ഈ വിഷയത്തിൽ വന്നിട്ടുള്ളത്. രണ്ടു പ്രതികരണങ്ങൾ വായിക്കാം
Nasarudheen Mannarkkad
മൂന്നരക്കോടി മലയാളികളെ പ്രതിനിധീകരിച്ച് ഒരു ഷൈജു ദാമോദരൻ ഫുട്ബോളറുടെ കാലു ചുംബിക്കുന്നത് കണ്ടപ്പോൾ ഒരു മലയാളിയെന്ന നിലയ്ക്ക് ഞാനും അപമാനിതനാവുകയാണ്. ഒരാൾ മറ്റൊരാൾക്ക് മുൻപിൽ ഇങ്ങനെ പാദ സേവ ചെയ്യുമ്പോൾ അപരന്റെ മനസ്സിൽ പാദ സേവകൻ എത്രയോ നിന്ദ്യനാവുകയാണെന്ന് അവർക്ക് മനസ്സിലാവുന്നില്ല.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമോർക്കുന്നു. രണ്ടു തൊഴിൽ രഹിതരായ ആഫ്രിക്കൻ വംശജർ ഒരിക്കൽ എന്റെ കമ്പനിയിൽ കയറി വന്നു .പട്ടിണിയാണ് , ജോലിയില്ല എന്നൊക്കെ പറഞ്ഞു. കേട്ടപ്പോൾ അലിവ് തോന്നിയ എന്റെ തൊഴിലുടമ രണ്ടാളോടും പാസ്സ്പോർട്ട് കോപ്പി ആവശ്യപ്പെട്ടു . ഒരാഴ്ചക്കകം ജോലിക്ക് വന്നോളൂ, അത് വരെ കമ്പനി മുറിയിൽ താമസിക്കാം, അത്യാവശ്യ ചെലവിനുള്ള പണം അക്കൗന്റ്സിൽ നിന്ന് വാങ്ങിക്കോളൂ എന്നും പറഞ്ഞു.
ഇത് കേട്ടതും ഇവർ രണ്ടു പേരും ഇയാളുടെ കാൽക്കൽ വീണു. അത് വരെ സൗമ്യമായി സംസാരിച്ച എന്റെ മാനേജർ ഉച്ചത്തിൽ അവരോട് ശകാരിച്ചു. ഇനിമേലിൽ ഇത് ചെയ്യരുത് എന്നും പറഞ്ഞു. പാവങ്ങൾക്ക് ഈ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാത്തത് കൊണ്ട് പിന്നെയും മൂപ്പരെ കാണുമ്പോഴൊക്കെ കാൽക്കൽ വീണു കൊണ്ടേയിരുന്നു. അപ്പോഴൊക്കെ മേല്പറഞ്ഞ ഡയലോഗുകൾ ആവർത്തിക്കപ്പെടും. എന്തിനാണ് തങ്ങളോട് ദേഷ്യപ്പെടുന്നത് എന്ന് പോലും മനസ്സിലാവാതെ ഇവർ രണ്ടു പേരും മിഴിച്ചു നിൽക്കും.
ഒരിക്കൽ ഞാനിവരെ വിളിച്ചു സംസാരിച്ചു. “നിങ്ങളെന്തിനാണ് കാൽക്കൽ വീണു സറണ്ടറാവുന്നത്. നിങ്ങളും അയാളും മനുഷ്യരാണ്. മനുഷ്യനെന്ന നിലയ്ക്ക് നിങ്ങൾക്കും അയാൾക്കും ഒരേ മഹത്വമാണ്. നിങ്ങളയാളുടെ കാൽക്കൽ അടിമകളെ പോലെ വീഴുന്നത് അയാൾക്ക് ഇഷ്ടമില്ല. അത് കൊണ്ടാണ് ദേഷ്യപ്പെടുന്നത്. തുല്യ മനുഷ്യരെ പോലെ നേർക്ക് നേർ നിന്ന് സംസാരിക്കുക. അപ്പോഴേ നിങ്ങളെ മറ്റുള്ളവർ ബഹുമാനിക്കൂ”
ഇത് കേട്ടപ്പോൾ അവർ അവരുടെ നാട്ടിലെ അവസ്ഥ പറഞ്ഞു. നൂറ്റാണ്ടുകളോളം കോളനിവത്ക്കരിക്കപ്പെട്ട അടിമ സമൂഹം അവരുടെ യജമാനന്മാരുടെ കാൽക്കൽ വീണു യാചിച്ച് ശീലിച്ചതാണ് . അടിമകളാക്കപ്പെട്ട ആദ്യ തലമുറ അങ്ങനെ ചെയ്തത് നിവൃത്തികേട് കൊണ്ടാണെങ്കിൽ അവരുടെ മക്കൾ ആ നിന്ദ്യത തങ്ങളുടെ പവിത്രമായ സംസ്കാരമായി കണ്ടു. ജീവിതത്തിൽ ആദ്യമായിട്ടാണ് വ്യത്യസ്തമായ ഒരു മാനവിക വീക്ഷണം അവർ കേൾക്കുന്നത് തന്നെ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും ആ ശീലം ഞാൻ നിറുത്തിച്ചു .
**
കാൽ മുത്തുന്നവർ
Noufal Hameed
ഷൈജു ദാമോദരൻ ഒരാളുടെ അല്ല, പത്തുപേരുടെ കാലുപിടിച്ച് മുത്തിയാലും എനിക്കൊന്നും ഇല്ല. അയാളുടെ ചുണ്ട്, വായ, തല, തലച്ചോർ, ആൾക്ക് ഇഷ്ടമുള്ളത് ചെയ്യാല്ലോ! നമ്മൾ അല്ലല്ലോ ചിലവിന് കൊടുക്കുന്നത്. കയ്യും കാലും ഒന്നും മുത്താത്ത ആൾക്കാരും അല്ല നമ്മളിൽ കുറെ പേരെങ്കിലും. ഷൈജു ദാമോദരൻ കളി പറച്ചിലുകാരൻ ആണ്. ഫുട്ബോൾ ആണ് ആളുടെ ജീവിതം. അങ്ങനെ നോക്കുമ്പോ ആൾ ചെയ്തതിൽ ആൾക്ക് ന്യായം തോന്നാം.
രണ്ടു കാര്യങ്ങൾ ആണ് ഇതിൽ പ്രശനം ആയി തോന്നിയത്. ഒന്ന്, സ്വാഭാവികമായും ഷൈജു കേരളത്തിന്റെ ഒരു പ്രതിനിധി ആയി സ്വയം അവരോധിക്കുന്നത് ന്യായമല്ല തന്നെ. ഐ എസ് എൽ എന്നല്ല, ലോകകപ്പും ഇ പി എല്ലും ല ലിഗയും ലീഗ് വന്നും, സീരീ ആയും ഒന്നിച്ചു വന്നു നിന്നാലും ഞാൻ ഒരു കളിക്കാരന്റെയും കാൽ എന്നല്ല കയ്യും മുത്തില്ല. കളി കാണും. നല്ലതെങ്കിൽ ആസ്വദിക്കും. അല്ല എങ്കിൽ നിർത്തി പോകും. അത്രയേ ഉള്ളു ഫുട്ബോൾ എനിക്ക്. തികച്ചും എന്റർടൈൻമെന്റ്. കാണുന്നതിൽ ആസ്വാദനം തോന്നിയില്ലെങ്കിലും കാണൽ ഇല്ല. അത്ര തന്നെ.
രണ്ടാമത്തെ വലിയ പ്രശ്നം എന്നത് മലയാളിക്ക് ഇപ്പോഴും തീരെ പരിചയമില്ലാത്ത കൺസെന്റ് ഇതിൽ പ്രതിഫലിക്കുന്നു എന്നതാണ്. ഒരുപക്ഷെ വിദേശീയരെ സംബന്ധിച്ച് ഇത്തരം രീതികൾ, കാലിൽ ഉമ്മ വക്കുന്നത് പോയിട്ട് കാൽ തൊട്ടു വർധിക്കുന്നത് വരെ വലിയ അസ്വസ്ഥത ഉണ്ടാക്കാവുന്ന ഒന്നാണ്. അത്തരം കാര്യങ്ങൾ അവർക്ക് ശീലം ഇല്ലാത്തതും ആണ്. ഇവാൻ കലിയൂഷ്നിക്ക് ഇതൊക്കെ അപരിചിതൻ ആകണം. അസ്വീകാര്യവും. എന്നിട്ടും ഷൈജു ദാമോദർ അത് ചെയ്തിട്ടുണ്ടെങ്കിൽ “എനിക്ക് ഇഷ്ടം ആയാൽ അത് എനിക്ക് ചെയ്യാം, മറ്റേ ആളുടെ സമ്മതം നോക്കേണ്ട ആവശ്യമില്ല” എന്ന കൺസെന്റ് കണക്കിലെടുക്കാതെ ഒരു പെരുമാറ്റം തന്നെയാണത്. ഇതിന്റെ വലിയ രൂപങ്ങൾ ആണ് പ്രണയാഭ്യര്ഥനക്ക് നോ പറഞ്ഞാൽ തീയിടുന്നത്, വീട്ടിൽ കയറി വെട്ടുന്നത്.
ആവേശം ആകാം, ആകാശം മുട്ടെ ആകാം. വ്യകതി സ്വാതന്ത്ര്യം ആണ്. പക്ഷെ ആകാശം എനിക്ക് വേറെ ഉണ്ട്. ഷൈജു ദാമോദർ അത് തീറെഴുതണ്ട. വെറും ആവേശത്തിൽ മറന്നു ചെയ്തതാണ് എന്ന് കരുതാനും വയ്യ. ഒട്ടും ഇഷ്ടമായില്ല/ എന്നിട്ട് ആളുടെ ന്യായീകരണം പുറകെ വന്നിട്ടുണ്ട്. മെസ്സിയെയോ റൊണാൾഡോയേയോ അടുത്ത് കണ്ടാൽ ഇതിലും വലുത് ചയ്യും മലയാളീ എന്ന്. ആ മലയാളിയിൽ ഞാൻ ഇല്ല.