Nasarudheen Mannarkkad എഴുതുന്നു

സംഘ്പരിവാർ ബിൽക്കീസ് ബാനുവിന്റെ കാര്യത്തിൽ ചെയ്ത വലിയ പിഴവ് അവർ കൊല്ലപ്പെട്ടു എന്ന് കരുതി ഉപേക്ഷിച്ചു പോയതാണ്. മറ്റു പലരെയും കൊന്നു എന്ന് ഉറപ്പു വരുത്താൻ നടത്തിയ അവസാനത്തെ ആ കുത്തുണ്ടല്ലോ, അത് കൊടുക്കാൻ മറന്നു പോയി.

Nasarudheen Mannarkkad
Nasarudheen Mannarkkad

ബിൽക്കീസ് ബാനു കിടന്നു. സ്വബോധം തെല്ലുമില്ലാതെ. ഉടയാടയില്ലാതെ. കുടുംബത്തിലെ 14 പേരുടെ കബന്ധങ്ങൾക്ക് മധ്യേ. ചോരയുറഞ്ഞു കിടന്ന ആ മണ്ണിൽ തലച്ചോറ് ചിതറി പോയ പിഞ്ചു കുഞ്ഞുമുണ്ട്. ഏതാനും മിനിട്ടുകൾക്ക് മുൻപ് ആ കുഞ്ഞിനെ നരാധമന്മാർ ആകാശത്തേക്ക് ചുഴറ്റിയെറിഞ്ഞു കൊന്നു കളഞ്ഞതാണ്.

മൂന്ന് മണിക്കൂറിനു ശേഷം ബിൽക്കീസ് ബാനു കണ്ണ് തുറന്നു. മരണത്തിൽ നിന്നെന്ന പോലെ. നിർജ്ജീവരായി കിടക്കുന്ന ഓരോരുത്തരെയും വിളിച്ചു നോക്കിയെങ്കിലും ആരും കണ്ണ് തുറന്നില്ല.

അവൾ വേച്ച് വേച്ച് നടന്നു. ഒരു ചെറിയ വസ്ത്രകഷ്ണം കൊണ്ട് ദേഹം മറച്ചു. ആളുകളെ കാണുന്നത് തന്നെ പേടിയാണ്. വീട്ടിൽ നിന്ന് പാല് വാങ്ങാൻ വരുന്ന നല്ല അയൽക്കാരനാണല്ലോ ഇന്ന് ഉഗ്ര രൂപം പൂണ്ടു കൂട്ടക്കൊലക്കും മാനഭംഗത്തിനും നേതൃത്വം നൽകിയത്. അവൾ മല കയറി. നല്ലവരായ ആദിവാസികൾക്കിടയിൽ അഭയം തേടി.

ബിൽക്കീസ് ബാനു നിരക്ഷരയാണ്. ഗർഭിണിയാണ്. അതിന്റെ എല്ലാ ലക്ഷണങ്ങളും ചടപ്പും അവളെ മുച്ചൂടും മൂടി നിന്നിരുന്നു. പക്ഷെ അവൾ പോരാടി. പോലീസിൽ പരാതി നൽകി. കേസിൽ സിബിഐ അന്വേഷണം നടന്നു. നീതിമാനായ മോഡിയുടെ ഗുജറാത്തിൽ അതോടെ ജീവിക്കാൻ സുരക്ഷയില്ലാതെ 20 തവണയാണ് അവൾ 2 വർഷത്തിനിടെ വീട് മാറിയത്.

ഭീഷണിയും നിയമം കൊണ്ടുള്ള കണ്ണുരുട്ടലും എമ്പാടുമുണ്ടായി. അവസാനം കേസ് ഗുജറാത്തിൽ നിന്ന് മാറ്റണമെന്ന അവളുടെ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചു. കേസ് നീതിമാനായ നല്ലവനായ മോഡിയുടെ ഗുജറാത്തിന് പുറത്ത് മുംബൈയിയിലാണ് വിചാരണ പൂർത്തിയാക്കിയത്. പ്രതികൾക്ക് ജീവപര്യന്തം.

ബിൽക്കീസ് ബാനു അവിടെയും അവസാനിപ്പിച്ചില്ല. നഷ്ടപരിഹാരം തേടി അവൾ വീണ്ടും കോടതിയിൽ പോയി. പ്രതിവാദങ്ങളുമായി ഗുജറാത്ത്‌ സർക്കാരും. ഒടുവിൽ ഇന്നലെ അവൾക്ക് 50 ലക്ഷം രൂപയും സർക്കാർ ജോലിയും വിധിച്ച് കൊണ്ട് സുപ്രീം കോടതി വിധിയായി.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.